മരിക്കാൻ നല്ല പ്രായമേതാണ്.?
തുളസിത്തറയുള്ള മുറ്റo വൃത്തിയാക്കുന്നതിനിടയിൽ ഭാസ്ക്കരൻ ചോദിച്ചു , കുട്ടികളുടെ ഡോക്ടറായ നന്ദഗോപനോട് .
വിശാലമായ ആ പറമ്പും നാല്കെട്ടോളം വലിപ്പമുള്ള വീടും നന്ദന് ഭാഗത്തിൽ കിട്ടിയതാണ്. വർഷങ്ങളായി ഭാസ്കരൻ്റെ പ്രധാനതൊഴിലിടവും ഇതാണ്. അടയ്ക്കാമരം അതിരിട്ടവിസ്തൃതമായ തെങ്ങുംപുരയിടത്തിൻ്റെ ഒരു കോണിൽ പ്രകൃതി ഒരുക്കിയ മിയാവാക്കി വനം പോലെ വിവിധ ഇനം ഫലവൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന് നിൽക്കുന്നു,
അതിൽ സ്വൈര്യമായി വസിക്കുന്ന കിളികളും അണ്ണാറക്കണ്ണൻന്മാരും. തലപോയ തെങ്ങിൻ പൊത്തിൽ
ഒരു തത്തക്കൂട്. നാട്ടുചെടികൾ പൂവിട്ട് നിൽക്കുന്ന തൊടിയിൽ പൂമ്പാറ്റകൾ നൃത്തം വെയ്ക്കുന്നു, അതിനെ ചാടി പിടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടികൾ.
കൊടുംവേനലിലും ഉറവ വറ്റാത്ത, ചെങ്കല്ല് ചെത്തി ആൾമറ കെട്ടിയ വലിയ കിണർ,
ഓട് പാകിയ നീളമുള്ള തൊഴുത്ത് അതിൽ ഒരു സുന്ദരി പശുവും കിടാവും, കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്ന കുളം.
ഗതകാല പ്രതാപത്തിൻ്റെ ശേഷിക്കുന്ന അടയാളപ്പെടുത്തലുകൾ.
കിഴക്ക് ദിശയിൽ നിന്ന് പഴയ നാട്ട് വഴി ഇപ്പോഴുമുണ്ട് വീട്ടിലേക്ക്, സ്വന്തം വയൽ വരമ്പിലൂടെ.
കതിരണിയാൻ പാകത്തിൽ വളർന്ന് നിൽക്കുന്ന പച്ചപ്പാടം മനോഹരം!
സൂര്യാoശു പുൽകി വദനം ചുവന്ന പുലരി തൂമഞ്ഞ് തുള്ളികൾ അതിമനോഹരം !!
അവിടെ ഇപ്പോൾ താമസം ഡോക്ടർ നന്ദ ഗോപൻ മാത്രം.
ഭക്ഷണം ശീതീകരണിയിൽ വച്ച് കഴിക്കാൻ ഇഷ്ടമില്ലാത്ത നന്ദൻ സ്വയം പാചകം ചെയ്യുന്നു.
പുറം പണിക്കും സഹായത്തിനുമായി ഭാസ്കരൻ ഉണ്ടാകും, എപ്പോഴും. സമയക്രമം പാലിച്ചുള്ള ചികിത്സ കുറച്ച് നാളായി അവസാനിപ്പിച്ചിരിക്കുന്നു. നാട്ടുകാർ വന്നാൽ തിരിച്ചയക്കില്ല.
വരാന്തയിൽ ചൂരൽക്കസേരയിൽ ഇരുന്ന നന്ദഗോപൻ, ഭാസ്കരൻ്റെ അപ്രതീക്ഷിതമായ ചോദ്യത്തിൽ അതിശയം കൂറി മന്ദഹസിച്ചു കൊണ്ട് ചോദിച്ചു,
"നിനക്കെത്ര വയസ്സായി"
നന്ദൻ്റെ മറു ചോദ്യം ഭാസ്കരൻ പ്രതീക്ഷിച്ചതല്ലെന്ന് ഭാവം കണ്ടാൽ അറിയാം.
"നീ ബുദ്ധിമുട്ടെണ്ട ഞാൻ പറയാം. എന്നെക്കാൾ നാല് വയസ്സിനിളയതാണ് ഭാസ്ക്കരൻ.ഇപ്പോൾ എഴുപത്തി മൂന്ന് "
ഡോക്ടർ പറഞ്ഞത് കേട്ട് ഭാസ്ക്കരൻ മിഴി തള്ളിയിരുന്നു.
"നന്ദേട്ടനെങ്ങനെ കൃത്യമായിട്ടറിയാം എൻ്റെ വയസ്സ് "
"നിനക്ക് ഓർമ്മയില്ലെ, നീ ആദ്യമായിട്ട് സ്കൂളിൽ പോയത് എനിക്കൊപ്പമാണ്, അന്ന് ഞാൻ നാലാം ക്ലാസ്സിൽ "
ഭാസ്കരൻ്റെ ഓർമ്മയിൽ നിന്ന് മായാത്ത മറ്റൊന്ന് കൂടിയുണ്ട്, അവൻ്റെ അമ്മ വിളിച്ചത് കേട്ട് ആദ്യമായി നന്ദൻകുഞ്ഞേ എന്ന് വിളിച്ചപ്പോൾ ഒരഞ്ച് വയസ്സ് കാരനെ ചേർത്ത് നിർത്തി തിരുത്തിയത്,
"നന്ദേട്ടൻ നീ അങ്ങനെ വിളിച്ചാൽ മതി''
അന്ന് മുതൽ ഏട്ടനായിട്ടെ കണ്ടിട്ടുള്ളു.
"ഏതായാലും നിനക്ക് മരിക്കാനുള്ള പ്രായമായിട്ടില്ല.നഷ്ടപ്പെട്ട യൗവ്വനം
തിരികെ കിട്ടില്ലെങ്കിൽ ദീർഘായുസ്സ് എന്തിന്പ,റഞ്ഞിരുന്നാൽ നിൻ്റെ പണിനടക്കില്ല,ഞാനൊന്ന്കിടക്കട്ടെ "
നന്ദൻ വരാന്തയിൽ നിന്ന് അകത്തളത്തിലേക്ക് നടന്നു.
ഭാസ്കരൻ അയാളെ നോക്കിനിന്നു,അല്പനേരം.
വെള്ളികെട്ടിയ വടി കൈയ്യിൽ പിടിച്ചിരിക്കുന്നത് നടക്കാൻ പ്രയാസമുണ്ടായിട്ടല്ല. ആത്മധൈര്യത്തിനാണ്,
"എൻ്റെ അച്ഛൻ ഉപയോഗിച്ചിരുന്നതാണ്, ഇനി ഞാൻ വീഴാതെ ഇത് കാത്ത്കൊള്ളും, വിശ്വസിക്കാം''
അഞ്ച് വർഷം മുൻമ്പ് ഭാര്യ മരിച്ച് എഴാം നാൾ സഞ്ചയനം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോൾ ആദ്യമായി വടി കൈയ്യിലെടുത്ത് നന്ദൻ ആത്മഗതമായി അല്പം ഉറക്കെ പറഞ്ഞത് അടുത്ത് നിന്ന ഭാസ്കരൻ കേട്ടു .
അകത്തളത്തിലേക്ക് കയറും മുൻപ് നന്ദൻ തിരിഞ്ഞ് പറഞ്ഞു
" ഭാസ്ക്കര, നിനക്ക് വിശക്കുമ്പോൾ എന്നെയും വിളിക്ക്, ഉച്ചയൂണ് നമ്മുക്കൊരുമിച്ചാവാം "
ഭാസ്ക്കരൻ ആ മുഖത്തേക്ക് ഒന്നുകൂടി നോക്കി.അതെ, സന്തോഷത്താൽ തെളിഞ്ഞ മുഖം.
കാരണമുണ്ട്, വിദേശത്ത് ഉപരിപഠനത്തിന് പോയ കൊച്ചുമകൾ നാളെ തിരികെ എത്തുന്നു.
മകളുടെ മകൾ തേജസ്വിനി.
മുൻകൂട്ടിതന്നെ അപ്പൂപ്പനെഅറിച്ചിരുന്നു.
പുതുതലമുറയിലെപെൺകുട്ടിയായതുകൊണ്ടാകണം, ഹിന്ദിക്കാരനായ കൂട്ട് കാരനും തനിക്കൊപ്പമുണ്ടെന്ന് ധൈര്യപൂർവ്വം പറഞ്ഞത്.
ഭാസ്ക്കരനോട് നന്ദൻഅത് പറയുമ്പോൾ, ഭൂതകാലത്തിലെ പൊള്ളുന്ന ഒരോർമ്മയുടെ നീറ്റലിൽ നിന്നാകണം, ഒന്നുകൂടി പറഞ്ഞു,
" കുട്ടിയുടെ ഇഷ്ടം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ, അല്ലെ ഭാസ്ക്കരാ, ഈ മുറ്റത്തൊരു പന്തലിട്ട് ഞാൻ നടത്തി കൊടുക്കാം. അവൾ വരട്ടെ സംസാരിക്കട്ടെ " അപ്പോൾ ആ മുഖത്ത് ഭാസ്ക്കരൻ കണ്ടു,വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം മാഞ്ഞ് പോയ അതേ തിളക്കം.
നരച്ച മുടിയും, താടിയും നീട്ടി വളർത്തിയ ഈ മുഖം എത്ര സുന്ദരമായിരുന്നു.
നല്ല ഉയരവും ഉറച്ച ശരീരവുമുള്ള സുമുഖനായ ഡോക്ടർ നന്ദഗോപൻ. നാട്ടിലും പുറത്തും പ്രശസ്തനായ കുട്ടികളുടെ ഡോക്ടർ.
മരുന്നിന് പുറമേ കളിപ്പാട്ടവും മിഠായിയും കൊണ്ട് കുട്ടികളെ ചികിത്സിച്ചിരുന്ന എല്ലാവർക്കും പ്രിയപ്പെട്ട ഡോക്ടർ.
ആർക്കും അസഭ്യം പറയാനോ, കൈയ്യേറ്റം ചെയ്യാനോ ഒരവസരവും ഒരിക്കലും കൊടുത്തിട്ടില്ലാത്ത
സൗമ്യ ശീലൻ.
പ്രിയദർശിനി, സഹധർമ്മിണി എന്ന പദം അന്വർത്ഥമാക്കിയ കുലീനയായ കുടുംബിനി.
അവരുടെ പ്രേമസുരഭിലവും ശാന്തസുന്ദരവുമായ ദാമ്പത്യവല്ലരിയിൽ ഒരു മൊട്ട് വിരിയാൻ എട്ട് വർഷങ്ങൾ കാത്തിരിക്കേണ്ടതായി വന്നു.
നീണ്ട കാലത്തെ ചികിത്സക്കും പ്രാർത്ഥനയ്ക്കും ഫലമുണ്ടായി.
പ്രിയംവദ പിറന്നു.
നന്ദഗോപൻ്റെയും പ്രിയദർശിനിയുടെയും ജീവിതത്തിൽ വസന്തത്തിൻ്റെ നിറഭേദങ്ങൾ വിരിഞ്ഞു.ശിശിരത്തിൻ്റെ കുളിരും ഗ്രീഷ്മത്തിൻ്റെ ചൂടും അവരറിയാതെ കടന്ന് പോയി.
പ്രിയംവദയുടെ പാൽ പല്ലുകൾ കൊഴിഞ്ഞു.
പഠനത്തിൽ സമർത്ഥയായ പ്രിയംവദ. അദ്ധ്യാപികയാകണമെന്നതായിരുന്നു അവളുടെ മോഹം.
ചിത്രശില്പകലയിൽ, സ്കൂൾ കോളജ് തല മത്സരങ്ങളിൽ അവൾ സമ്മാനിതയായി.
നല്ല വായനാശീലമുള്ള പ്രിയംവദ സാഹിത്യ രാഷ്ടിയ സംവാദങ്ങളിൽ ആൺകുട്ടികളെ പിൻതള്ളിശോഭിച്ചു.
സമകാലിക സംഭവങ്ങളെ അധികരിച്ച് ഏകാങ്കനാടകങ്ങൾ എഴുതി അവതരിപ്പിച്ച് യൂണിവേർസിറ്റി കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി.
അച്ഛനായിരുന്നു അവളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപദേശകനും എല്ലാം. അമ്മയെ അടുക്കളയിൽ സഹായിക്കാനും മകൾ കൂടാറുണ്ട്, ചില രാത്രികളിൽ അമ്മയ്ക്കൊപ്പമാണ് ഉറക്കവും. എങ്കിലും അച്ഛനെയാണ് അവൾക്ക് കൂടുതൽ ഇഷ്ടം.
അച്ഛന് മകളാണ് ലോകം.
വാക്കിലും പ്രവർത്തിയിലും ദീനാനുകമ്പ പ്രകടിപ്പിച്ചിരുന്ന മകളെക്കുറിച്ച് അച്ഛൻ അതിയായി അഭിമാനിച്ചിരുന്നു.
പക്ഷേ .....
പ്രിയംവദയുടെ ആഗ്രഹ പ്രകാരമായിരുന്നു, ബിരുദാനന്തര പഠനത്തിന്, നഗരത്തിലെ പ്രശസ്തമായ കലാലയത്തിൽ ചേർന്നത്.
അവിടെയും പെൺകുട്ടികൾക്കിടയിലെ വേറിട്ട നക്ഷത്രമായി അവൾ തിളങ്ങി. കലാ സാഹിത്യ രംഗത്ത് ആൺകുട്ടികളോട് മത്സരിക്കാനും അവളുടെ ഇശ്ചാശക്തിയും പ്രതിഭയും തുണയായി.
വിദ്യാർത്ഥി രാഷ്ടിയത്തിലെ മൂല്യച്ചുതി യിൽ അവൾ ശക്തമായി പ്രതികരിച്ചു. സഹപാഠികളുടെ ആവശ്യപ്രകാരം
യൂണിയൻ തിരഞ്ഞെടുപ്പിൽ, ചെയർമാൻ സ്ഥാനത്തേക്ക് അവൾ സ്വതന്ത്രയായി മത്സരിച്ചു.
അവളുടെ പ്രതിയോഗി അനിരുദ്ധൻ എന്ന ആദിവാസി വിദ്യാർത്ഥിയായിരുന്നു. വിപ്ളവത്തിൻ്റെ ഇരമ്പം കാതിൽ കേട്ട് തെറ്റിദ്ധരിച്ച് കാടിറങ്ങിവന്നവൻ.
വിപ്ളവം കുടിയിറക്കപ്പെട്ടതും പകരം മാലിന്യങ്ങൾ കെട്ടി നിറഞ്ഞതും അവനറിഞ്ഞില്ല. അവനെ മുന്നിൽ നിർത്തിയ മുഖംമൂടികളേയും കാടിൻ്റെ നിഷ്ക്കളങ്കത നിറഞ്ഞ അവൻ തിരിച്ചറിഞ്ഞില്ല.
വനത്തിൽ വച്ച് ആനയുടെ ആക്രമണത്തിൽ അച്ഛൻ നഷ്ടപ്പെട്ട അവൻ്റെ ഊരിൽ അമ്മയും രണ്ട് സഹോദരിമാരും.
ശാന്തനായ അനിരുദ്ധൻ ഒരു ഗായകനുമായിരുന്നു.
ഗോത്രഗാഥകൾ പാടിയും, ചെറിയ വാക്കുകളിൽ സംസാരിച്ചും അവൻ വോട്ട് അഭ്യർത്ഥിച്ചൂ. പരസ്പരം സൗഹൃദവും ബഹുമാനവും പുലർത്തിയ പ്രചാരണം.
ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിച്ചത് പ്രിയംവദയാണ്.
അനിരുദ്ധന് പരാജയം അപ്രതീക്ഷിതമായിരുന്നു, വേദനിപ്പിക്കുന്നതും.
വിജയത്തിൽ കൈ പിടിച്ച് അനുമോദിക്കുമ്പോഴും അവൻ്റെ കണ്ണകൾ നനയുന്നത് പ്രിയംവദ കണ്ടു.
അവർക്കിടയിലെസൗഹൃദംസുദൃഡമായി.
കോളജിലെ സംഭവ വികാസങ്ങൾ
അച്ഛനുമായി സവിസ്തരം സംസാരിക്കുന്നത് പ്രിയംവദയുടെ പതിവ് രീതിയാണ്. അനിരുദ്ധനുമായിട്ടുള്ള മത്സരവും സൗഹൃദവും അച്ഛനും അറിവുള്ളതാണ്.
ആ നിഷ്ഠൂര സംഭവം ആരുടെയൊക്കെ ജീവിതത്തിൻ്റെ ഗതി മാറ്റിമറിച്ചു?
പ്രിയംവദക്കൊപ്പം, കോളജിലെ ഭക്ഷണശാലയിലേക്ക് നടന്ന് പോകുമ്പോഴാണ്, പുറത്ത് നിന്ന് ഇരുചക്രവാഹനങ്ങളിലെത്തിയവർ, മാരകായുധങ്ങളുമായി അനിരുദ്ധനെ ആക്രമിക്കുന്നത്.
ആരുടെയും ശത്രുവല്ലാത്ത അവനെ !
ആര് ?എന്തിന് ?
നിരാലംബനായ ഒരാദിവാസി യുവാവിൻ്റെ നെഞ്ചിൻകൂട്തകർത്തത്.
പ്രതികരിക്കാൻ കാടിറങ്ങി വരുന്ന ഒരമ്മയുടെ ദുർബലമായ നിലവിളി മാത്രമേ കാണൂ എന്ന നീച വിശ്വാസം.
രക്തത്തിൽ മുങ്ങി ബോധമറ്റ് കിടന്ന അനിരുദ്ധനെ പ്രിയംവദയും കൂട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിനു വെളിയിൽ അവർ ഉത്കണ്ഠയോടെ കാത്തിരുന്നു.
സന്ധ്യയോടെ മറ്റ് പെൺകുട്ടികൾ വീട്ടിലേക്ക് മടങ്ങി.അവശേഷിച്ച ആൺകുട്ടികൾക്കൊപ്പം പ്രിയംവദ ആശുപത്രിയിൽ തന്നെ ഇരുന്നു. അച്ഛൻ്റെ അറിവോടെ.
സൗഹൃദത്തിൻ്റെ ആത്മബന്ധവും അനുതാപവും അവളെ പോകാൻ അനുവദിച്ചില്ല.
നെഞ്ച് പൊട്ടി നിലവിളിച്ചെത്തിയ അനിരുദ്ധൻ്റ അമ്മക്ക് മുന്നിൽ അവർ സ്തബ്ദരായി നിന്നു. കരയാൻ മാത്രമറിയാവുന്ന ആ അമ്മയെ പ്രിയംവദ ആശ്വസിപ്പിച്ച് തിരികെ അയച്ചു.
" അമ്മയുടെ മകനെ ഞാൻ തിരികെ കൊണ്ട് തരും"
അപ്പോൾ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.
ആര് പറയിപ്പിച്ചു!
മൂന്നാം നാൾ അനിരുദ്ധൻ അപകടനില തരണം ചെയ്തു.
അക്രമികളിൽ ചിലർ പോലീസിൻ്റെ പിടിയിലായി. അപ്പോഴും പ്രധാന പ്രതി ഒളിവിൽ.
ഒരു മാസം കഴിഞ്ഞ് അനിരുദ്ധൻ ആശുപത്രി വിട്ടു.
വീട്ടിലേക്ക്, പ്രിയംവദയും കൂട്ട് കാരും അവനൊപ്പം പോയി.
അമ്മയെ ഏൽപ്പിച്ചു.
അവൻ്റെ തുടർ ചികിത്സയും ചിലവുകളും പ്രിയംവദയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ഏറ്റെടുത്തു.
ഭാഗികമായി സുഖപ്പെട്ട അനിരുദ്ധൻ
കോളജ്ഹോസ്റ്റലിൽ തിരിച്ചെത്തി.
ഗുരുതരമായിരുന്ന പരുക്കിൻ്റെ അസ്വസ്ഥത അവനെ അപ്പോഴുo
അലട്ടുന്നുണ്ടായിരുന്നു.
പ്രിയംവദ പതിവായി ഹോസ്റ്റലിൽ എത്തി ക്ഷേമം അന്വേഷിക്കുകയും പഠിക്കാൻ സഹായിക്കയുംചെയ്തിരുന്നു.
പ്രിയംവദയുടെ സാമിപ്യം അവന് വലിയ ആശ്വാസമായി.
അവർക്കിടയിലെ സൗഹൃദത്തിൻ്റെ ആഴവും ഉറപ്പും കൂടിയോ?
വൈകി ജനിച്ച മകളുടെ വിവാഹം നന്ദ ഗോപൻ്റെ സുന്ദര സ്വപ്നമായിരുന്നു.
തൻ്റെ കുടുംബ സുഹൃത്തായ ഡോക്ടർ ആനന്ദ്, മകൻ ഡോക്ടർ കിഷോറിന് വേണ്ടി പ്രിയംവദയെ ചോദിച്ചത് യാദൃശ്ചികമായിരുന്നെങ്കിലും, അത് നന്ദൻ്റെ ഉള്ളിലെ പറയാത്ത മോഹമായിരുന്നു.
മകളെ പൂർണ്ണമായി വിശ്വസിച്ചിരുന്ന അച്ഛൻവിവാഹബന്ധത്തിന്സമ്മതംമൂളി.
പ്രിയദർശിനിക്കും മറിച്ചൊരഭിപ്രായം ഇല്ലായിരുന്നു.
പ്രിയംവദയും കിഷോറും പരസ്പരം അറിയുന്നവർ. അവൾക്കും സമ്മതം. നിശ്ചയത്തിന് ദിവസം തീരുമാനിച്ചു.
വിവാഹം പഠനം പൂർത്തിയാക്കിയതിന് ശേഷം.
പ്രിയംവദ വിവാഹത്തെക്കുറിച്ച് അനിരുദ്ധനെ അറിയിച്ചു. അവൻ്റെ മുഖം മങ്ങുന്നതും, മറുപടി മൗനത്തിൽ മുങ്ങിയ മൂളലിൽ മുറിഞ്ഞ് പോകുന്നതും അവൾ ശ്രദ്ധിച്ചു.
ആൺപെൺ സൗഹൃദത്തിനിടയിലെ അതിർവരമ്പ് ലോലമാകുന്നുവോ?
വിവാഹ നിശ്ചയത്തലേന്ന് പ്രിയംവദ അനിരുദ്ധനെ ഹോസ്റ്റലിൽ എത്തികണ്ടു. ഇനി ഇവിടെ ഇങ്ങനെ വരാൻ കഴിയില്ലെന്നും, വിവാഹം ഉറപ്പിച്ച ഒരു പെൺകുട്ടിക്ക് ചില പരിമിതികൾ ഉണ്ടെന്നും അവൾ പറഞ്ഞു.
ചടങ്ങിന് അവനെ ഒരിക്കൽ കൂടി ക്ഷണിച്ച് മടങ്ങുമ്പോൾ, പെട്ടെന്ന് അവളുടെ വലത് കൈത്തലം അവൻ്റെ രണ്ട് കൈകൾ കൊണ്ടും നെഞ്ചോട് ചേർത്ത് പിടിച്ച് ദൈന്യതയോടെ പറഞ്ഞു
" പ്രിയംവദ നീ എന്നെ ഉപേക്ഷിക്കരുത്, പിന്നെ ഞാനില്ല, എൻ്റെ ശക്തിയും പ്രതീക്ഷയും നീയാണ് "
കൈത്തലം പിൻവലിക്കാനാകാതെ അവൾ നിന്നു.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയതിൻ്റെ നിസ്സഹായവസ്ഥ അവൻ്റെ കണ്ണുകളിൽ അവൾ കണ്ടു.
അനുകമ്പ യാചിക്കുന്ന നോട്ടം!
അവൻ്റെ നെഞ്ചിടിപ്പിൻ്റെ വേഗം അവളുടെ ഹൃദയത്തിലേക്ക്പടർന്നു.
സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം ഒരാത്മബന്ധത്തിൻ്റെ ശക്തി അവൾ തൊട്ടറിഞ്ഞൂ.
അവളുടെ കണ്ണുകളിൽ ഒരു കാമുകിയുടെ മിഴിത്തിളക്കം കണ്ടുവോ?
അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഡോക്ടർ ആനന്ദാണ്, നന്ദനെ ഉളളുലക്കുന്ന ആ വിവരം അറിയിച്ചത്.
വിവാഹ നിശ്ചയത്തലേന്ന് മകൾ അവളുടെ ആൺ സുഹൃത്തിനൊപ്പം പോയി എന്നറിഞ്ഞ നന്ദൻ പകച്ച് നിന്നു. ജീവശ്വാസം പോലെ സ്നേഹിച്ച് വിശ്വസിച്ചിരുന്ന മകൾ അങ്ങനെ.....
"പ്രിയംവദ നേരിട്ട് കിഷോറിനെ വിളിച്ചറിയിക്കുകയായിരുന്നു,അച്ഛനോട് പറയാനുള്ള ധൈര്യം അവൾക്കില്ലാ എന്ന് പറഞ്ഞു "
ആനന്ദ് അത് കൂടി അറിച്ചപ്പോൾ നന്ദൻ്റെ മുഖം രോഷം കൊണ്ട് ചുവന്നു.
മകളുടെ ചതിക്ക്മുന്നിൽ അയാൾ
പതറാതെ നിന്നു.
" ഇപ്പോൾ പോലീസിൽ അറിയിച്ചാൽ ഈ രാത്രി തന്നെ നമുക്കവളെ തിരികെ എത്തിക്കാം. ഒരു പക്ഷെ ഇതൊരു കെണിയാവാം, ഇൻസ്പെക്ടർ നന്ദേട്ടൻ്റെ
സുഹൃത്തല്ലേ "
ആനന്ദിൻ്റെ നിർദ്ദേശത്തെ നന്ദൻ പാടെ എതിർത്തു.
"എന്നിട്ടെന്തിന്,മംഗലത്ത്കുറുപ്പ്ചേട്ടനെ പ്പോലെ ഞാനും അപമാനിതനാകണോ വീണ്ടും, അന്ന് അതേ രാത്രിയിൽ പോലീസ് തേടിപ്പിടിച്ച് കൊണ്ടുവന്ന മകൾ അച്ഛൻ്റെ തലയിൽ കൈവച്ച് സത്യം ചെയ്തതല്ലെ,അടുത്തദിവസം
കോടതിയിൽ ഹാജരാക്കുമ്പോൾ കാമുകനൊപ്പം പോകാതെ അച്ഛനൊപ്പം പോരാമെന്ന്, എന്നിട്ടെന്തായി, പൊതുജന മദ്ധ്യത്തിൽ അദ്ദേഹം അപമാനിതനായി.
അവൾ കെണിയിൽ വീഴാൻ മാത്രം പക്വതയില്ലാത്തവളല്ല, അവളെ അവളുടെ വഴിക്ക് വിട്ടേക്ക് "
അയാളുടെ ഉറച്ച തീരുമാനത്തെ തിരുത്താൻ ശ്രമിച്ച പ്രിയദർശിനിയെ നന്ദൻ താക്കീത് ചെയ്തു.
"ഈ വീട്ടിലോ, എൻ്റെ മനസ്സിലോ ഇനി അവൾക്ക് സ്ഥാനമില്ല"
മകളോടുള്ള അച്ഛൻ്റെ അതിരറ്റ സ്നേഹം വെറുപ്പിന് വഴിമാറിയ
അഭിശപ്തനിമിഷങ്ങൾ.
ആ ദിവസം നന്ദൻ്റെ മുഖത്തെ തിളക്കം മാഞ്ഞു പോകുന്നത് ഭാസ്കരൻ അടുത്ത് നിന്ന് കണ്ടു. നിശബ്ദം.
നന്ദൻ മകളെ ശപിച്ചില്ല,
സ്വയം തളർന്നതുമില്ല.
" അവൾ സ്വന്തമായി തിരഞ്ഞെടുത്ത ജീവിതം അവൾ സ്വയം ജീവിച്ച് തീർക്കട്ടെ"
അയാളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ മറ്റുള്ളവർ മൂകസാക്ഷികളായി നിന്നു.
പ്രിയംവദയുടേയും അനിരുദ്ധൻ്റയും വിവാഹം സഹപാഠികളുടെ സാന്നിദ്ധ്യത്തിൽനടന്നു.പ്രിയംവദ
വനിതഹോസ്റ്റലിൽ താമസമായി.
"അവളുടേതായതൊന്നും ഈ വീട്ടിൽ അവശേഷിക്കരുത് "
വീട്ടിലെത്തിയ കൂട്ട്കാർ വശം അമ്മ അവളുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കൈമാറി.
വീട്ടിൽ വന്ന് മടങ്ങിയ മകളുടെ സഹപാഠികളോടായി നന്ദൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു,
"പോകുമ്പോൾ ആ ഗേറ്റ് അടച്ചിരിക്കണം, ഇനി മേലിൽ നിങ്ങളോ അവളോ ഈ പടി കടന്ന് വരരുത് "
നന്ദൻ്റെ ഉഗ്രശാസനത്തിനു മുന്നിൽ പ്രിയദർശിനി മൗനത്തിൽ നിന്നു. വിങ്ങുന്ന അമ്മ മനസ്സുമായി .
പഠനം പൂർത്തിയായി, പരീക്ഷ കഴിഞ്ഞു, ഫലം വന്നു.മലയാള സാഹിത്യത്തിൽ പ്രിയംവദ ഒന്നാം റാങ്കോടെ വിജയിച്ചു.
പരുക്കിൻ്റെ അനന്തര അസ്വസ്ഥ്യം കാരണം അനിരുദ്ധന് പരീക്ഷൾ പൂർണ്ണമായി എഴുതാൻ കഴിഞ്ഞിരുന്നില്ല.
പ്രിയംവദ ഒരുപ്രമുഖപത്രസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു.
അവർ വാടക വീട്ടിലേക്ക് താമസം മാറി.
ദാമ്പത്യ ജീവിതംആരംഭിച്ചു.
മണിയറയിൽ അരമണി നാണം മറന്നു.
അവർക്ക് മകൾ ജനിച്ചു, തേജസ്വിനി.
അച്ഛനും അമ്മയും അപ്പോഴും അന്യരായി തന്നെ നിന്നു.
പ്രിയദർശിനിക്ക് നന്ദനെ ധിക്കരിക്കാൻ കഴിയുമായിരുന്നില്ല.
തേജസ്വിനിയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾ ഇല്ലാതെ കടന്ന് പോയി.
അച്ഛനറിയാതെ അമ്മ മകളെ വിളിച്ചിരുന്നു, ആദ്യമായി,
" അച്ഛൻ്റെ അനുവാദമില്ലാതെ എനിക്ക് വരാൻ കഴിയില്ല, ധിക്കരിച്ച് വരാം തടയില്ല, തല്ലുകയുമില്ല, പക്ഷെ അത് നിൻ്റെ അച്ഛനെ വല്ലാതെ വേദനിപ്പിക്കും, അതിനെനിക്ക് കഴിയില്ല, നീ അച്ഛൻ്റെ ആത്മാവിനെയാണ് മുറിവേൽപ്പിച്ചത് "
അമ്മയുടെ മനസ്സ് മകൾ അറിയുന്നു.
"അറിയാം അമ്മ, പക്ഷെ എനിക്കതൊരു തെറ്റായിരുന്നില്ല അമ്മ, കൈവിട്ടിരുന്നുവെങ്കിൽ അനിരുദ്ധൻ്റെ ജീവിതം മുറിഞ്ഞ് പോകുമായിരുന്നു എന്ന് ഞാൻ ഭയപ്പെട്ടു, അത്രമേൽ അരക്ഷിതബോധത്തിലായിരുന്നു, കൈവിടാൻ മനസ്സനുവദിച്ചില്ല "
"നിൻ്റെ സുഖവും സ്വപ്നങ്ങളും ത്യജിച്ചിട്ട് വേണമായിരുന്നോ മോളെ, നിൻ്റെ ശരി നിനക്ക് ധൈര്യo നൽകട്ടെ "
അമ്മ പറഞ്ഞവസാനിപ്പിച്ചു.
സ്നേഹനിധിയായ അച്ഛനെ വേദനി -
പ്പിച്ചതിലുള്ള മാനസിക സംഘർഷo പ്രിയംവദയിൽ കെടാകനലായി നീറി നിന്നു.തൻ്റെ ശബ്ദംപോലുംഒഴിവാക്കാൻ അച്ഛൻ ഫോൺ നമ്പർ മാറ്റിയത് പ്രിയംവദ പ്രതീക്ഷിച്ചതല്ല.
അപ്രതീക്ഷിതമായി അനിരുദ്ധൻ മരണപ്പെട്ടു. ഗുരുതരമായ പരുക്കിൻ്റെ പാർശ്വഫലങ്ങൾഅവൻ്റെജീവനെടുത്തു.
അച്ഛൻ്റെ മനസ്സിളകിയില്ല. അമ്മയുടെ മനസ്സ് പിടഞ്ഞു, പക്ഷെ നന്ദനെ ധിക്കരിക്കാൻ അവൾ തയ്യാറായില്ല.
" മക്കളുടെ സന്തോഷമല്ലേ അച്ഛനമ്മമാർക്ക് പ്രധാനം, അവളുടെ തെറ്റ് നമുക്ക് ക്ഷമിച്ച് കൂടെ "
പ്രിയദർശിനി നന്ദനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
"ആര് പറഞ്ഞു വച്ചത് ഈ തത്വശാസ്ത്രം, അച്ഛനമ്മമാരുടെ സന്തോഷവും മക്കൾക്ക് പ്രധാനമാവണം, ചില തീരുമാനങ്ങൾ എടുക്കുമ്പോഴെങ്കിലും "
നന്ദൻ്റെ വാക്കുകൾക്ക് മറുവാക്കില്ലാതെ പ്രിയദർശിനി കണ്ണ് നിറഞ്ഞ് നിന്നു.
പ്രിയംവദയ്ക്ക് മാതാപിതാക്കളോട് അമർഷം തോന്നിയില്ല. അവരുടെ മനസ്സിനേൽപ്പിച്ച മുറിവ് അത്ര വേഗം പൊറുക്കുന്നതല്ലെന്ന് അവൾക്ക് ബോധ്യമുണ്ട്.
സങ്കടപ്പെരുമഴയിൽ നനഞ്ഞ് നിന്ന പ്രിയംവദ തളരാതിരിക്കാൻ ശ്രമിച്ചു.
മകളെ കുട്ടികളുടെ പരിചരണ കേന്ദ്രത്തിലേൽപ്പിച്ച് അവൾ
ജോലിക്ക് പോയി.
തീഷ്ണമായ ജീവിതദശാസന്ധിയിൽ
ദിശയറിയാതെ, തുണയില്ലാതെ അവൾ തനിച്ച് നിന്നു.
മനസ്സും ശരീരവും തളർന്ന് തുടങ്ങിയോ?
തേജസ്വിനിയുടെ രണ്ടാം പിറന്നാൾ ദിനം സാധാരണ പോലെ കടന്ന് പോയി. സന്തോഷിക്കാനും ആഘോഷിക്കാനും ആരുമില്ലാതെ !
ഓഫീസിൽ ജോലിക്കിടയിൽ പ്രിയംവദ തളർന്ന് വീണു.
ആർജ്ജിച്ച ധൈര്യവും സ്വരൂപ്പിച്ച ആത്മവിശ്വാസവും ചോർന്ന് പോകുന്നു, മനസ്സും ശരീരവും പതറി നിന്നു, ആശയും ആശ്രയവും അറ്റ നിലയിൽ !
കീഴടങ്ങുക?
മരണത്തിന് മുന്നിൽ ?
പ്രിയംവദ നിഷ്കളങ്കത നിറഞ്ഞ മകളുടെ മുഖത്തേക്ക് നോക്കി .... ശാന്തം, പാപം
അച്ഛന് മുന്നിൽ ?
മുട്ടിയാൽ തുറക്കാതിരിക്കില്ല ആ മനസ്സിൻ്റെ വാതിൽ, വീടിൻ്റെയും.
തൻ്റെ അച്ഛനത് കൊട്ടിയടക്കാനാവില്ല.
അവൾ ഉറപ്പിച്ചു.
വാടക വീട് പൂട്ടി പുറത്തിറങ്ങി.
ചോരവാർന്ന മുറിവ്പോലെസന്ധ്യാമ്പരം, ചിലമ്പിച്ച്പെയ്യുന്നചാറ്റൽമഴഅവഗണിച്ച് പ്രിയംവദമകളുമായിഇരുചക്ര
വാഹനത്തിൽ സ്വന്തം വീട്ടിലേക്ക് യാത്ര തിരിച്ചു, തനിക്കായി മാത്രം തുറന്നിട്ട രാജവീഥിയിലൂടെ, ഒരു സ്വപ്ന സഞ്ചാരിണിയെപ്പോലെ,
ആശ്വാസത്തിൻ്റെ തണുപ്പ് പതിയെപ്പൊതിയുന്നു.
ആർത്തി അടങ്ങാത്ത വേട്ടക്കാരനെപ്പോലെ ദുർവിധി വീണ്ടും അവളെ പിൻതുടർന്നു !
പോലീസ് സ്റ്റേഷനിൽ നിന്നുള്ള സന്ദേശം നന്ദഗോപനെ നടുക്കി!
റോഡപകടത്തിൽ പ്രിയംവദ മരണമടഞ്ഞു. മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു!
മകളുടെ ആകസ്മിക വേർപാടിൽ നന്ദൻ്റെ മനസ്സുലഞ്ഞു.
മകളുടെ അന്ത്യകർമ്മങ്ങൾ സ്വന്തം വീട്ടിൽ നടത്തി.
മകളുടെ മകളെ നെഞ്ചോട്
ചേർത്ത്പിടിച്ചു.
രക്തം രക്തത്തെ തൊട്ടറിഞ്ഞ നിമിഷങ്ങൾ.
നന്ദനും പ്രിയദർശിനിയും വീണ്ടും അച്ഛനും അമ്മയുമായി.
മകൾക്ക് നൽകാൻ കഴിയാതെ ഉറഞ്ഞ് പോയ സ്നേഹത്തിൻ്റെ ഉറവ വീണ്ടും ഉർവരമായി.ആ വാത്സല്യത്തണലിൽ തേജസ്വിനി വളർന്നു.
ഉപരിപഠനം കഴിഞ്ഞ് നാളെ അവൾ എത്തുന്നു, വ്യഗ്രതയോടെ കാണാൻ കാത്തിരിക്കുന്ന അപ്പൂപ്പന് സന്തോഷത്തിൻ്റെ നാളുകൾ സമ്മാനിക്കാൻ.
ഉച്ചയായിട്ടും സൂര്യൻ ഉഗ്രപ്രതാപത്തിൽ തിളങ്ങാത്ത ദിവസം.
മഴക്കാറ് മൂടി വിളറി നിന്ന പകൽ. ഭാസ്ക്കരൻ പണി നിർത്തി, ഉച്ചയൂണിനായികൈകാൽകഴുകി,
നന്ദനെ വിളിക്കാൻ അകത്തളത്തിലേക്ക് കയറി.
ചാര് കസേരയിൽ തലചായ്ച്ച്
ഉറങ്ങുന്ന നന്ദൻ.
"നന്ദേട്ടാ എഴുന്നേൽക്ക് ഊണ് കഴിക്കാം"
ഉണർന്നില്ല!
ഭാസ്ക്കരൻ അടുത്ത് ചെന്ന് തട്ടി വിളിച്ചു,
"നന്ദേട്ടാ നന്ദേട്ടാ... കണ്ണ് തുറന്നില്ല!
ഭാസ്ക്കരൻ്റെ നിലവിളി അകത്തളം നിറഞ്ഞ് പുറത്തേക്ക് പടർന്നു.