മൂവടി
മുഖത്തേറ്റ അടി
മൂർദ്ധാവിൽ
തൃക്കാൽസ്പർശം
അഖണ്ഡാനന്ദം
കുടവയറും
ഓലക്കുടയും
ആത്മാവിനുമേൽ
ഒരു വച്ചുകെട്ട്
പരാൽപരൻ
പരബ്രഹ്മത്തിന്റെ വേല
പൂക്കളും
ഓണക്കോടിയും
ഓണച്ചോറും കറികളും
ഊഞ്ഞാലാട്ടവും
ഓണത്തല്ലും
ഇഹത്തിൽ
പരമാനന്ദപ്രദം
ചിങ്ങത്തിലെ വരവ്
കണ്ണാൽ നേരിട്ട് കാണാൻ
ഒഴുക്കിനൊപ്പം മദിച്ചുപോകാൻ
നൂറായി പിരിഞ്ഞതിനെ ഐശ്വര്യത്തിൽ
ഒന്നാക്കി കാണിച്ച്
സമഗ്രവും സമ്പൂർണ്ണവുമാകാൻ
ചുരുക്കിപ്പറഞ്ഞാൽ
ഒരുക്കത്തിനും തിടുക്കത്തിനും
പാച്ചിലിനുമിടെ
തൽക്കാലമൊന്നു കൂടിപ്പിരിയാൻ
ചിലർക്കിതു ഓണച്ചോറിറങ്ങാത്ത
പൊന്നിൻ തിരുവോണം
ചിലർക്കിതരച്ചാൺ നിറയ്ക്കാനുള്ള
മാരത്തോണോണം
ചിലർക്കിതു ഒഴിവോണം
ചിലർക്കിതു കിഴിവോണം
ചിലർക്കിത് മിഴിവോണം
ചിലർക്കിതു തിമിർത്തോണം
ചിലർക്കിതു തകർന്നോണം
ചിലർക്കിത് പൂത്താലം
ചിലർക്കിത് താലോലം
ചിലർക്കിതു ആലോലം
ചിലർക്കിതു ലഹരിക്കോലാഹലം
നിയതിപാലനത്തിന്റെ
അദൃശ്യസൂക്ത പ്രകാരം
ഓണമുണ്ടും കണ്ടും മടങ്ങും
വീണ്ടും പ്രവാസപാതാളത്തിലേക്ക്;
അടുത്ത കൊല്ലം
നേരത്തേയും കാലത്തെയും
വരാൻ കാമനയുണ്ടെങ്കിലും
ശ്രാവണത്തിലേ
ഈ തുമ്പിക്ക് ചിറക് വിരിയൂ!
2
നിന്റെ മായികപ്പൊൻതഴുകലിൽ
കൃഷ്ണാ,എന്റെതാണെന്ന് കരുതി
കയ്യിൽ ഞാൻ ഭദ്രമായ്
പിടിച്ചോരോണപ്പുടവ,
അവിടത്തേതായതു ശരിക്കും
മഹാശ്ചര്യം അവർണ്ണനീയം
ഉള്ള് തുറന്നൊന്നു നോക്കവെ!