ഞാനൊരു തൃശൂർക്കാരിയാണ്... അച്ഛൻ കാർഷിക സർവകലാശാലയിൽ അധ്യാപകനായിരുന്നു. മുക്കാട്ടുകര എന്ന ദേശത്തായിരുന്നു താമസം.ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അച്ഛന് തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി. കൂടുവിട്ട് കൂട് മാറുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഉള്ള ഹോളി ഏഞ്ചൽസ് കോൺവെന്റ് എന്ന സ്കൂളിൽ ഞാൻ ചേർക്കപ്പെട്ടു. താമസം വെള്ളായണി കാർഷിക കോളേജിലെ ക്വാർട്ടേഴ്സിൽ.
ക്വാർട്ടേഴ്സിൽ നിന്ന് നോക്കിയാൽ വിശാലമായി പരന്നുകിടക്കുന്നവെള്ളായണി കായൽ കാണാം.സന്ധ്യാസമയങ്ങളിൽ ടെറസിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. അമ്മയുടെ കണ്ണുവെട്ടിച്ച് ഞങ്ങൾ( ഞാനും എന്റെ 2 അനിയത്തിമാരും ) വീട്ടിൽ നിന്ന് പുറത്ത് കടക്കുകയും കായൽ തീരങ്ങളിൽ അലഞ്ഞു നടക്കുകയും ചെയ്തിരുന്നു.. കായലിൽ കരിമീനുകളെ തപ്പി നടക്കുന്ന ഒറ്റാലുകാർ ഉണ്ടായിരുന്നു അക്കാലത്ത്. കായലിൽ നിറയെ വെള്ളാമ്പലുകൾ വിടർന്നു നിന്നിരുന്നു. കായലിന്റെ അങ്ങേക്കരയിൽ മുക്കുന്നിമല തലയുയർത്തി നിന്നിരുന്നു,പച്ച പുതച്ച്, മനോഹരിയായി. ഡിസംബർ മാസങ്ങളിൽ പുലർകാലങ്ങളിൽ മുക്കുന്നി മലയ്ക്ക് മുകളിൽ മഞ്ഞു മൂടുകയും അവിടമാകെ ഒരു അഭൗമിക ലോകം പോലെ കാണപ്പെടുകയും ചെയ്തിരുന്നു.
ഇത്രയൊക്കെ ഉണ്ടായിട്ടും അവിടെയെങ്ങും,എന്തുകൊണ്ടെന്നറിയില്ല മുക്കുറ്റിപ്പൂക്കളെ കാണാൻ ഉണ്ടായിരുന്നില്ല.. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ miss ചെയ്തത് രണ്ടുകാര്യങ്ങൾ ആയിരുന്നു.... 1.. മുക്കുറ്റി പൂക്കളും 2.. കുമ്മാട്ടി പ്പാട്ടുകളും..
മുക്കാട്ടുകര ഉള്ള ഞങ്ങളുടെ വീട്ടിൽ തൊടി നിറയെ മുക്കുറ്റികൾ ഉണ്ടായിരുന്നു.. മഴപെയ്യുമ്പോഴേക്കും തൊടിയിലും ഗേറ്റിലേക്കുള്ള ഇടവഴിയിലും ഒക്കെ ചെറിയ ചെറിയ മുക്കുറ്റികൾ മുളച്ചു പൊന്തും.. കർക്കിടകം പുലരുമ്പോഴേക്കും അവയിൽ നിറയെ ഭംഗിയുള്ള മഞ്ഞപ്പൂവുകൾ നിറയും. മുക്കുറ്റിയുടെ ഇല അരച്ച് ചിലരൊക്കെ നെറ്റിയിൽ കുറി തൊടുന്നത് കാണാം. വളരെ ചെറിയ മഞ്ഞപ്പൂക്കളാണ്.. ഉള്ളിൽ നേർത്ത ചുവന്ന രേഖകൾ കാണാം.. മിനുമിനുത്ത ഇതളുകൾ.. എന്നാൽ പെട്ടെന്ന് വാടുന്നവ.. ഒരേസമയം ലളിതവും പ്രോജ്വലവും ആയ സൗന്ദര്യം.. ഇത്രയേറെ സൗന്ദര്യമുള്ള ഒരു പൂവ് ഞാൻ എവിടെയും കണ്ടിട്ടില്ല.. സങ്കടം സഹിക്കവയ്യാതെ ,മുക്കുറ്റി പൂക്കളും കുമ്മാട്ടിപ്പാട്ടുകളും എന്ന് പേരിട്ട ഒരു കവിത അന്ന് എഴുതുകയും അത് അതീവ രഹസ്യമായി വളരെ കാലം കയ്യിൽ കൊണ്ട് നടക്കുകയും ചെയ്തു..മൂന്നു പതിറ്റാണ്ടിനപ്പുറം കാശ്മീരിലെ tulip പാടങ്ങളിൽ നിറഞ്ഞുനിൽക്കുന്ന tulip പുഷ്പങ്ങളുടെ തീക്ഷണ സൗന്ദര്യം ആസ്വദിക്കുമ്പോഴും ഞാൻ തൊടിയിലെ മുക്കുറ്റിപ്പൂക്കളെ ഓർക്കുകയായിരുന്നു..
ഓണത്തിന് കുമ്മാട്ടിക്കളി ഉണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ... ദേഹം മുഴുവനും കുമ്മാട്ടിപ്പുല്ലും ഉണങ്ങിയ വാഴയിലയും വച്ചു കെട്ടി പലതരം മുഖംമൂടികളുമായി അവർ വരും.. നാട്ടിലുള്ള ആൺകുട്ടികൾ തന്നെയാണ് കുമ്മാട്ടിവേഷം കെട്ടുന്നത്. പലതരം കുമ്മാട്ടി പാട്ടുകൾ പാടിയാണ് അവർ കളിക്കുന്നത്. കുമ്മാട്ടിക്കളി ആൺകുട്ടികളുടേതാണ്. പെൺകുട്ടികളെ കുമ്മാട്ടി കെട്ടാൻ സമ്മതിക്കില്ല. ഞാൻ ഏറ്റവും വിഷമിച്ചിട്ടുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു അത്. ദേഹമൊ ട്ടാകെ പുല്ലു വെച്ചു കെട്ടി ഒരു കുമ്മാട്ടി ആവാൻ ഞാൻ കൊതിച്ചിരുന്നു. ആ വടി നിലത്ത് കുത്തി,മുഖംമൂടിയിൽ കണ്ണുകൾക്കായുള്ള ദ്വാരത്തിലൂടെ ലോകം കണ്ട്,പ്രത്യേക താളത്തിൽ,കുമ്മാട്ടിപ്പാട്ടുകൾക്കൊപ്പം ചുവടുവെക്കുന്ന,ഒരു പെൺ കുമ്മാട്ടി.. കുറഞ്ഞപക്ഷം കുമ്മാട്ടിയുടെ പിന്നാലെ പായുന്ന, കൈകൊട്ടി പാട്ടുപാടുന്ന ആ കുട്ടിക്കൂട്ടത്തിൽ ഒരാളെങ്കിലും ആവാൻ.
എന്നാൽ "പടിക്കലെത്തി കുമ്മാട്ടി..." എന്ന ആർപ്പുവിളി കേൾക്കാൻ, ഗേറ്റിൽ അക്ഷമയോടെ കാത്തു നിൽക്കുന്ന കുട്ടി മാത്രമായിരുന്നു ഞാൻ.
കളി കഴിഞ്ഞുപോകുന്ന കുമ്മാട്ടിക്കൂട്ടങ്ങളുടെ പിന്നാലെ ഞാൻ അടുത്ത വീടിന്റെ പടി വരെ ഓടി.. അതെ,അന്നൊക്കെ ഒരു പെൺകുട്ടിയുടെ ലോകം അത്രയേ ഉണ്ടായിരുന്നുള്ളൂ.. ഒരു വീടിന്റെ പടിമുതൽ അടുത്ത വീടിന്റെ പടി വരെ... സുരക്ഷിതത്വത്തിന്റെ ലക്ഷ്മണരേഖ അവിടെ അവസാനിക്കുന്നു..
കാലങ്ങൾക്ക് ശേഷം പെരിന്തൽമണ്ണയിൽ ഞാൻ എന്റെ സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങിയപ്പോൾ ആദ്യം ഉറപ്പുവരുത്തിയത് മുക്കുറ്റിപ്പൂക്കളുടെ സാന്നിദ്ധ്യമാണ്... കുമ്മാട്ടിക്കളി എനിക്ക് ഇവിടെ കൊണ്ടുവരാൻ പറ്റില്ലെങ്കിലും മനസ്സിലുള്ള കുമ്മാട്ടിപ്പാട്ടുകൾ ഓർത്തെടുത്ത് ഇവിടെ കുറിക്കുന്നു..
വിട്ടുപോയ വരികൾ ഇന്റർനെറ്റിന്റെ സഹായത്തോടുകൂടി കണ്ടെടുത്തിട്ടുണ്ട്..
1..ദേ വരുന്നു കുമ്മാട്ടി..
പടിക്കൽ എത്തി കുമ്മാട്ടി..
പപ്പടം,പഴം,തന്നില്ലെങ്കിൽ
പടിക്കലിരിക്കും കുമ്മാട്ടി...
( അങ്ങനെ പോകുന്നു ഒരെണ്ണം..)
2. മഞ്ഞൻ നായരെ, കുഞ്ഞൻ നായരെ,
മഞ്ഞക്കാട്ടിൽ പോവാലോ
മഞ്ഞക്കാട്ടിലെ പോയാലോ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാലോ..
മഞ്ഞക്കിളിയെ പിടിച്ചാലോ പിന്നെ
പപ്പും തൂവലും പറിക്കാലോ...
പപ്പും തൂവലും പറിച്ചാലോ പിന്നെ..
ഉപ്പും മുളകും തിരുമ്പാലോ..
ഉപ്പും മുളകും തിരുമ്പിയാലോ പിന്നെ..
ചട്ടിയിൽ ഇട്ടു പൊരിക്കാലോ...
ചട്ടിയിൽ ഇട്ടു പൊരിച്ചാലോ പിന്നെ
നാക്കില വാട്ടി പൊതിയാലോ...
നാക്കില വാട്ടി പൊതിഞ്ഞാലോ പിന്നെ തണ്ടാൻ പടിക്കേ പോകാല്ലോ..
തണ്ടാം പടിക്കേ പോയാലോ പിന്നെ
കള്ളും കൂട്ടിയടിക്കാലോ...
കള്ളും കൂട്ടി അടിച്ചാലോ പിന്നെ
അമ്മയും പെങ്ങളെയും തല്ലാലോ...
അമ്മേംപെങ്ങളെയും തല്ലിയാലോ പിന്നെ
കഴുമരത്തിൽ കയറാലോ....
ഇങ്ങനെ പോകുന്നു... ചില പാട്ടുകള് പാടുമ്പോൾ ചില്ലറ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാവും...
3..
തള്ളേ,തള്ളേ എങ്ങട് പോണു..
ഭരണിക്കാവിലെ നെല്ലിന് പോണു
അവിടെത്തെ തമ്പുരാൻ എന്തു പറഞ്ഞു..
തല്ലാൻ വന്നു,കുത്താൻ വന്നു,..
കൈതക്കാട്ടിൽ ഓടിയൊളിച്ചു..
കൈത എനിക്കൊരു പൂ തന്നു..
പൂ കൊണ്ട് പോയി പശുവിനു കൊടുത്തു..
പശു എനിക്ക് കുന്തി തന്നു..
കുന്തി കൊണ്ടോയി വാഴയ്ക്കിട്ടു..
വാഴ എനിക്കൊരു കുല തന്നു..
കുല കൊണ്ടോയി പത്തായത്തിൽ വച്ചു..
പത്തായമാതെനിക്ക് പഴുപ്പിച്ചു തന്നു...
പഴം കൊണ്ടോയി ചേച്ചിക്ക് കൊടുത്തു..
ചേച്ചി എനിക്കൊരു ഉരുള തന്നു..
ഉരുള കൊണ്ടോയി പട്ടിക്കു കൊടുത്തു..
പട്ടി എനിക്ക് ഒരു കടി തന്നൂ....
ആർപ്പോയ്..
4...
പണ്ടൊരു മുനി വരൻ ഹോമം ചെയ്തു..
ഹോമക്കുഴിയിൽ കല്ലു മുളച്ചു...
കല്ലിന്മേൽ ഒരു പീഠമുയർന്നു..
പീഠത്തിന്മേൽ വാളുമുയർന്നു...
വാളുമെടുത്തിട്ടഹസിച്ചു....
ഇങ്ങനെ പോകുന്നു ഒരു പാട്ട് അതിന്റെയൊന്നും ബാക്കി വരി എനിക്ക് ഓർമ്മയില്ല...
5..
കുണ്ടൻ കുളത്തിലെ കുറുവടി പോയാൽ കുമ്പിട്ടെടുക്കും കുമ്മാട്ടി...
എത്താക്കൊമ്പത്തെ വാളൻപുളിങ്ങ എത്തിച്ചേടുക്കും കുമ്മാട്ടി...
ആർറപ്പോയ്....
കുമ്മാട്ടിക്കഥകൾ തൽക്കാലം ഇവിടെ തീരുന്നു....