അന്നൊക്കെ കെട്ട്യോൻ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ വന്നിട്ടു തിരിച്ചു പോകണമല്ലോ എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പറ്റാതെ മടിച്ചു മടിച്ചു വീടിന്റെ കുത്തുകല്ലിറങ്ങിപ്പോകുന്ന പെണ്മക്കളെ കാണാമായിരുന്നു. അവരെപ്പോലെയല്ലേ ഇറവാലത്തു നിന്നടരാൻ മടിച്ചു നിൽക്കുന്ന ആ മഴത്തുള്ളികൾ. ഒടുവിൽ ആ നിശിത യഥാർത്ഥ്യത്തെ ഉൾക്കൊണ്ട് അവർ ഇറങ്ങിപ്പോകും. അതുകൊണ്ടു മഴകഴിഞ്ഞാലും തിണ്ണയുടെ ചോട്ടിൽ നിന്നാൽ നമ്മൾ നനയും. എത്ര പെൺമക്കളുടെ കണ്ണീർത്തുള്ളികൾ ആ ഇറയത്തു വീണിട്ടുണ്ടാകും.
മഴ തോർന്നു വരുന്ന പകലിന്റെ സൂക്ഷ്‌മ ചിത്രങ്ങൾ നോക്കിനോക്കി നടക്കാൻ എന്തു രസമാണ്. വെള്ളത്തിന്റെ ചെറുകണങ്ങൾ സൃഷ്ടിക്കുന്ന കുഞ്ഞിമഴകൾ. മഴ തോരുന്ന നേരം മുറ്റത്തെ എഡ്വെർഡ് റോസിന്റെ ഇതളുകളിൽ നിന്ന് അടരാൻ മടിച്ചു നിൽക്കുന്ന മഴമുത്തുകൾ. അതേറ്റവും ഭംഗിയിൽ കണ്ടിട്ടുള്ളത് അമ്മ വീടിന്റെ മുറ്റത്തെ എഡ്വെർഡ് റോസിലാണ്. എഡ്വെർഡ് റോസ് എന്ന പേരും ആദ്യം കേൾക്കുന്നത് അവിടെ വച്ചാണ്. എഡ്വെർഡ് റോസിന്റെ ഇതളുകൾ ഇളം റോസ് നിറത്തിലാണ്. ഏറ്റവും ഹൃദ്യമായ മണമുള്ള ഇടത്തരം വലിപ്പമുള്ള പൂക്കൾ. അതിൽ മഴത്തുള്ളി വീഴുമ്പോൾ ഇതളടരാൻ തുടങ്ങിപ്പോകും. അടരാൻ തുടങ്ങുന്ന ഇതളുകളിൽ പറ്റി നിന്ന് അവരിൽ കനം നിറയ്ക്കുന്ന മഴയുടെ ശേഷിപ്പ്. വിരൽ തൊട്ടാൽ അൻപില്ലാത്ത ആ വെള്ളത്തുള്ളി ചെടിയിൽ സങ്കടം നിറയ്ക്കും. പൂക്കൾ ഇതളടർന്നു താഴെ വീഴും.ഒരു വേനൽ മഴ യ്ക്കു ശേഷം വൈകുന്നേരം പാലമ്പ്ര മഠത്തിലെറോസാചെടികളെ നോക്കിനിന്ന തോർക്കുന്നു. ഗാർഡനിൽ അധികം പൊക്കം വയ്ക്കാതെ വെട്ടി നിർത്തിയ റോസാച്ചെടികൾ ആണ് എല്ലാം തന്നെ. ചാപ്പലിന് മുന്നിലാണ് ഗാർഡൻ. ഗാർഡൻ എന്ന വാക്കാണ് സിസ്റ്റേഴ്സ് ഉപയോഗിച്ചിരുന്നത്. മഴ തോർന്ന ആ വൈകുന്നേരം കണ്ട ആ ഗാർഡൻ ചിത്രം ഇന്നും മനസ്സിലുണ്ട്. ചാപ്പലിന്റെ ശാന്ത നിശബ്ദതയ്ക്കു മുന്നിൽ മഴയണിഞ്ഞു തല ചായ്ച്ചു നിൽക്കുന്ന റോസപ്പൂക്കൾ. എല്ലാവർക്കും ഒരേ പൊക്കം. എല്ലാ ചെടിയിലും നിറയെ പൂക്കൾ. എല്ലാ പൂക്കളിലും മഴത്തുള്ളികൾ വിട്ടുപോകാത്ത അടുപ്പത്തോടെ. മമതകളുടെ നിശബ്ദ കണങ്ങൾ പോലെ അവർ നിൽക്കുന്നു. ബാല്യത്തിൽ കണ്ട ആ കാഴ്ച ഇന്നും മഴയോടൊപ്പം കൂടെ വരാറുണ്ട്.
മഴയ്ക്കു ശേഷം മുറ്റത്തിറങ്ങി നിന്ന് വീടിന്റെ ഇറവാലത്തേക്ക് നോക്കിയാൽ ഓല മേഞ്ഞ വീട് മനോഹരമായ മഴത്തോർച്ചയുടെ കാഴ്ച തരും. ഓരോ ഒലത്തുമ്പിൽ നിന്നും ഇപ്പോൾ വീഴും വീഴുമെന്ന തോന്നൽ ഉണ്ടാക്കി ലൈൻ ലൈൻ ആയി നിൽക്കുന്ന മഴത്തുള്ളികൾ. ഓടിട്ട വീട്ടിൽ മഴ തോർന്നാലുടനെ വെള്ളത്തുള്ളികൾ ഒഴുകിയകലും. ഓല വീട് വെള്ളത്തെ ചേർത്തുവയ്ക്കും. പിന്നെ അവർ ഊർന്നിറങ്ങി പോകണോ വേണ്ടയോ എന്നു മടിച്ചു നിൽക്കും. അന്നൊക്കെ കെട്ട്യോൻ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ വന്നിട്ടു തിരിച്ചു പോകണമല്ലോ എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ പറ്റാതെ മടിച്ചു മടിച്ചു വീടിന്റെ കുത്തുകല്ലിറങ്ങിപ്പോകുന്ന പെണ്മക്കളെ കാണാമായിരുന്നു. അവരെപ്പോലെയല്ലേ ഇറവാലത്തു നിന്നടരാൻ മടിച്ചു നിൽക്കുന്ന ആ മഴത്തുള്ളികൾ. ഒടുവിൽ ആ നിശിത യഥാർത്ഥ്യത്തെ ഉൾക്കൊണ്ട് അവർ ഇറങ്ങിപ്പോകും. അതുകൊണ്ടു മഴകഴിഞ്ഞാലും തിണ്ണയുടെ ചോട്ടിൽ നിന്നാൽ നമ്മൾ നനയും. എത്ര പെൺമക്കളുടെ കണ്ണീർത്തുള്ളികൾ ആ ഇറയത്തു വീണിട്ടുണ്ടാകും.
മഴ പെയ്ത രാത്രിക്കു ശേഷം പുലരിയിൽ മൺവഴിയിലൂടെമെല്ലെ നടക്കുമ്പോൾ കയ്യാലയിൽ നിന്നു തൂങ്ങി നിൽക്കുന്ന വള്ളിപ്പുല്ല്. അതിൽ ഒരു തുള്ളി വെള്ളവുമായി തൂങ്ങി നിൽക്കുന്നവർ. അവരെ പിടിച്ചു കണ്ണിൽ മുട്ടിക്കാൻ എന്തു രസമാണ്. ഏതു വലിയ മഴയും ഒരു തുള്ളിയായി പിന്നെയും നഷ്ടബോധത്തോടെ ശേഷിക്കുന്നു. പോയ മഴയുടെ പെരുക്കമോ പെരുമയോ ഇല്ലാത്ത ഒരു തുള്ളി മഴ. ഓന്ത് ഒരു തുള്ളി മുതല എന്നു പറഞ്ഞ എഴുത്തുകാരനെ ഓർക്കുന്നു.
മഴത്തോർച്ചയിലെ തൊട്ടാവാടിപ്പൂക്കൾ വെള്ളത്തെ ഒക്കെ ശരീരത്തിൽ ചേർത്തു വച്ചു മുള്ളുകൾക്കിടയിൽ കണ്ണീരു നിറഞ്ഞ ചിരികളുമായി നിൽക്കും. ദാമ്പത്യത്തിലെ പെരിയ സങ്കടങ്ങൾക്കുമേൽ പ്രാർഥനയുടെ കണ്ണീർച്ചിരിയുമായി മെല്ലെ നടന്നു പോയ അക്കാലത്തെ പല വീട്ടമ്മമാരെയും ഓർമ്മിപ്പിക്കുന്ന പൂക്കൾ.
മഴകഴിഞ്ഞ ശേഷം ശീമച്ചേമ്പിന്റെ ഇലകളിൽ അങ്ങോട്ടുമിങ്ങോട്ടും ഒരുണ്ടുരുണ്ട് നടക്കുന്ന മഴക്കുഞ്ഞുങ്ങൾ. ഒരു തുള്ളി മഴയുടെ മറ്റൊരു രൂപം. ഇലയിൽ തൊട്ടും തൊടാതെയും അവർ ഓടിക്കളിക്കും. ചെരിച്ചു കോട്ടിക്കളയാൻ നോക്കിയാലും കുറച്ചു നേരം കൂടി അവർ തുള്ളിക്കളിച്ചു നിൽക്കും. ചേമ്പിലപ്പുറത്ത് ഏതു പെരുമഴ വീണാലും അവരെ അതു ബാധിക്കില്ല. ഇലപ്പുറത്തിത്തിരി നേരം ഓടി നടന്നിട്ട് തുള്ളി പോലും ഇലയിൽ തൊടാതെ നിൽക്കുന്ന നിൽപ്പ് കണ്ടാൽ പിടിച്ചൊരു പൊട്ടീര് കൊടുക്കാൻ തോന്നും.എത്ര സ്നേഹം കൊടുത്താലും തിരിച്ചു സ്നേഹമില്ലാത്ത നിർഘ്രുണന്മാരെപ്പോലെയാണ് ചേമ്പിലകൾ.
മഴത്തോർച്ചയിലെ തൊട്ടാവാടിപ്പൂക്കൾ വെള്ളത്തെ ഒക്കെ ശരീരത്തിൽ ചേർത്തു വച്ചു മുള്ളുകൾക്കിടയിൽ കണ്ണീരു നിറഞ്ഞ ചിരികളുമായി നിൽക്കും. ദാമ്പത്യത്തിലെ പെരിയ സങ്കടങ്ങൾക്കുമേൽ പ്രാർഥനയുടെ കണ്ണീർച്ചിരിയുമായി മെല്ലെ നടന്നു പോയ അക്കാലത്തെ പല വീട്ടമ്മമാരെയും ഓർമ്മിപ്പിക്കുന്ന പൂക്കൾ. മഴക്കു ശേഷം നിറയെ പൂത്തുലഞ്ഞു ജാലകണങ്ങൾ പേറി നിൽക്കുന്ന മുല്ല വള്ളിയും പൂക്കളും. ഒന്നു കുടഞ്ഞാൽ അവർ ചെറു മഴയായി മാറും. ചോട്ടിൽ നിന്നാൽ പൂക്കളും മണവും ചാറ്റൽ മഴയും കൊണ്ടു കുളിർക്കാം.നിലം പറ്റി വളരുന്ന കുഞ്ഞിപ്പുല്ലുകളുടെ ഓരോ ഇലയടരിലും വിട്ടുപോകാതെ ഒരു മഴ നിൽക്കുന്നുണ്ടാവും. അവയ്ക്കു മുകളിലൂടെ നഗ്ന പാദരായി മെല്ലെ നടക്കുക. അല്പം പ്രണയം ഉള്ളിലുണ്ടെങ്കിൽ പാദങ്ങളിൽ നിന്നു മന്ദ മന്ദം ഒരു മന്ദഹാസത്തിന്റെ മഴ നിലാവ് മുഖത്തു നിറയും