ദേശകാലങ്ങൾ 9
ഓണത്തിന്റെ നാട്ടുവിശേഷങ്ങൾ... തലമുറകളായ ഓണഓർമ്മകൾ... പുതിയകാല ഓണഘോഷങ്ങളുടെ കഥയും കാഴ്ചയും…
എല്ലാ ജീവജാലങ്ങള്‍ക്കും ഓണം ഉണ്ടെന്ന വിശ്വാസത്താൽ തിരുവോണ പൂക്കളും സദ്യവിളമ്പാനുള്ള ഇലവരെയും തലേന്നുതന്നെ കരുതിവെക്കുന്നതിന്റെ പൊരുളറിഞ്ഞത് ഏറെക്കഴിഞ്ഞാണ്.
“പല ദേശത്തിൽ പല വേഷത്തിൽ
പല പല ഭാഷയിൽ ഞങ്ങൾ കഥിപ്പൂ
പാരിതിലാദിയിലുദയം കൊണ്ടു
പൊലിഞ്ഞൊരു പൊന്നോണത്തിൻ ചരിതം...”
വൈലോപ്പിള്ളി
(ഓണപ്പാട്ടുകാർ)
1
പൂക്കളങ്ങളായി, ഓണപ്പാട്ടായി, കൈകൊട്ടികളിയായി ഓണക്കോടിയും ഓണസദ്യയുമായി ഓണഊഞ്ഞാലിൽ ആടിയെത്തുന്ന മലയാളിയുടെ ഓണഓർമ്മകൾ.
ആ ഓർമ്മകളിൽ ഓണം വിശേഷാൽപ്രതികളുമുണ്ട്. വിശേഷാൽപ്രതികളെക്കുറിച്ചു പ്രിയ കവി വൈലോപ്പിള്ളിയുടെ ഓണക്കാഴ്ച എന്നൊരു കവിത തന്നെയുണ്ട്. ലത്തീഫ് പറമ്പിൽ ഓണപ്പാട്ടുകാർ എന്ന പേരിൽ മലയാളത്തിലെ ഓണം കവിതകൾ സമാഹാരിച്ചിട്ടുമുണ്ട്. തിരുവോണം, ഓണപ്പുടവ, മഹാബലി, ഓണത്തുമ്പിക്കൊരൂഞ്ഞാൽപോലെ ഓണം കാഴ്ചയാക്കിയ സിനിമകൾ.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ... എന്ന മലയാളിയുടെ ഓണപ്പാട്ട് തന്നെയാണെന്നു മലയാള സിനിമയിലെയും (ന്യൂസ് പേപ്പർ ബോയി) ആദ്യത്തെ ഓണപ്പാട്ട്. ആ പൊന്നിൻ തിരുവോണം വരവായി... (അമ്മ),ഓണത്തുമ്പി ഓണത്തുമ്പി... (മുടിയനായ പുത്രൻ), അത്തം പത്തിന് പൊന്നോണം... (പിഞ്ചുഹൃദയം), തുമ്പി തുമ്പി തുള്ളാൻ വായോ... (അപരാധി) പോലെ പ്രിയകവി പി ഭാസ്കരന്റെ ഓണപ്പാട്ടുകൾ. ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ... (തുലാഭാരം) മേലെ മാനത്തെ നീലിപുലയിക്ക്... (കൂട്ടുകുടുംബം), ഒന്നാം പൊന്നോണ പൂപ്പടകൂട്ടാൻ... (പാവങ്ങൾ പെണ്ണുങ്ങൾ) പോലെ വയലാർ ഗാനങ്ങൾ. ഓണപ്പൂവേ ഓണപ്പൂവേ... (ഈ ഗാനം മറക്കുമോ), ഒന്നാം തുമ്പി നീ ഓടിവാ... (സമയമായില്ലപോലും), തുമ്പി വാ തുമ്പക്കുടത്തിൽ... (ഓളങ്ങൾ) അത്തപ്പൂവും ചൂടി... (പുന്നാരം ചൊല്ലി) പോലെ ഒട്ടനവധി ഒഎൻവി ഗാനങ്ങൾ. പൂവണി പൊന്നും ചിങ്ങം വിരുന്നുവന്നു... (പഞ്ചവടി), തിരുവോണ പുലരിതൻ (തിരുവോണം), പൊന്നും ചിങ്ങമാസം വാനിൽ (ഓമനക്കുഞ്ഞ്), പൂവിളി പൂവിളി… (വിഷുക്കണി) പോലെ ശ്രീകുമാരൻതമ്പി ഗാനങ്ങൾ. ഈ പുതിയകാലത്ത് തിരുവാവണി രാവ് മനസ്സാകെ നിലാവ്... (ജേക്കബിന്റെ സ്വർഗരാജ്യം) പോലെയും ഗാനങ്ങൾ.
2
ഓണം മിത്തും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരാഘോഷമാണ്. അത്തം നാളിൽ ആരംഭിച്ച് പത്താം ദിവസം തിരുവോണമായി അവസാനിക്കുന്ന കേരളത്തിലെ കാർഷികോത്സവം. മഹാബലിക്കൊപ്പം വാമനനെയും ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രം. ഓണപ്പൊട്ടനും തെയ്യവുമൊക്കെ ചേർന്ന മലബാറിന്റെ ഓണത്തനിമ. ആറന്മുളയപ്പന് ഓണക്കാഴ്ചയുമായി കുമാരനല്ലൂർ മങ്ങാട്ടില്ലക്കടവില്‍നിന്നും മൂലംനാളില്‍ പുറപ്പെടുന്ന തിരുവോണത്തോണി. സർവാഭരണ വിഭൂഷിതനും സർവസൈന്യ സമേതനുമായ രാജാവ് ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്നതിന്റെ ഓർമ്മ പിൻപറ്റുന്ന തൃപ്പൂണിത്തുറയിലെ അത്തച്ചമയം. മീനും ഇറച്ചിയും വിശേഷവിഭവങ്ങളായ മലബാറിലെ ഓണസദ്യ. ചേരമാന്‍ പെരുമാൾ മക്കത്തുപോയ തിരുവോണനാളിന്റെ ഓർമ്മ പായസമധുരമായി പങ്കുവെക്കുന്ന ഉമ്മമാരെക്കുറിച്ച കഥകൾ. അതിവിചിത്രമാണ് ഐതീഹ്യങ്ങളുടെയും വിശ്വാസാചാരങ്ങളുടെയും വർത്തമാനചിത്രം.
വിഷു, ദീപാവലി, പൊങ്കൽ, രാമാനവമി, നാഗപഞ്ചമിപോലെ ഏതാണ്ടെല്ലാ ഭാരതീയോത്സവങ്ങളുടെയും വേരുകൾ സൂര്യ-നക്ഷത്രങ്ങളുടെ രാശിപ്പകർച്ചകൾ, കൃഷി/വിളവെടുപ്പ് കാലങ്ങൾ, ഋതുഭേദങ്ങൾ, പുരാണപുണ്യസ്മൃതികൾ, പ്രകൃതിക്ഷോഭങ്ങളിലും പകർച്ചവ്യാധികളിലുംനിന്നുള്ള വിടുതൽ... ഇവയിലൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു. സങ്കീർണ്ണവും സവിശേഷവുമായ ചരിത്ര, സാംസ്കാരിക വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും വേർതിരിച്ചെടുക്കുക ദുഷ്കരമോ അസാദ്ധ്യമോ ആവുന്നു. ഓണഘോഷങ്ങളുടെ സാംസ്കാരിക ചരിത്രവും മറ്റൊന്നല്ല.
പുരാണ കഥയുടെ കാലംതെറ്റിയ ചേർക്കലുകളും വർണ്ണനകളുംകൊണ്ട് കേരളോല്പത്തിയുടെ പരശുരാമകഥക്കു സമാനമാണ് മഹാബലി രാജാവിന്റെ ഐതിഹ്യവും. വാമനാവതാരത്തിലെ അസുരചക്രവർത്തിയായ മഹാബലിയെ കേരളത്തിന്റെ രാജാവായി നാമനിർദ്ദേശം ചെയ്യുകയാണ്. ശതപഥ ബ്രാഹ്മണത്തിൽ അസുരന്മാരെമാത്രം ജയിക്കുന്ന വാമനൻ മഹാബലിയെ ജയിക്കുന്നത് കേരളത്തിന്റെ പ്രത്യേക വിശ്വാസമാണ്.
ഓണസദ്യ കഴിഞ്ഞാൽ പിന്നെ ഓണക്കളികളാണ്. പള്ളിക്കൂടംപറമ്പിൽ കുട്ടികൾക്ക് കുട്ടിയും കോലും ഓലപ്പന്തും വട്ടുകളിയും. കുന്നേപറമ്പിൽ സ്ത്രീകളുടെ തുമ്പിതുള്ളലും തിരുവാതിരകളിയും പാട്ടും മറ്റു ഓണക്കളികളും
3
മകനും കുടുംബനാഥനും അച്ഛനുമായി പങ്കവെച്ച തലമുറകളായ ഓണഓർമ്മകൾ. കുഞ്ഞായി, ഒന്നിച്ചു കഴിച്ച്, ഞൊരിവീണ ദേഹത്തെ ചൂടുപറ്റികിടന്നു മനസ്സുനിറച്ച അമ്മൂമ്മക്കഥകളിൽ നൂറ്റാണ്ടുമുമ്പത്തെ ഓണക്കാലങ്ങൾ മിന്നിമറയും. അഞ്ചേരിയിൽ അമ്മവീട്ടിൽ പാടവും പറമ്പുമുണ്ടായിരുന്നു. തളിക്കുന്നേപറമ്പിൽ വീടുവെക്കുംമുമ്പ് കൊടൂപറമ്പിൽ വടക്കോട്ടു ദർശനമായി അമ്മൂമ്മ പണിയിച്ചതായിരുന്നു അറയും നിരയും മെഴുകിയ തിണ്ണയും ഇളംതിണ്ണയുമുള്ള പനയോല മേഞ്ഞ വീട്. തൊടിയിൽ എരുത്തും കച്ചിതുറുവുണ്ട്.
നെല്ലുകുത്തിയ അരിയും മിക്കനേരവും കഞ്ഞിയുമുള്ള അമ്മൂമ്മക്കാലങ്ങൾ. ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും പഞ്ഞം പാടാൻവരുന്ന കര്‍ക്കിടക രാവുകള്‍. ഒറ്റത്തോർത്തുടുക്കുന്ന കുട്ടികൾക്ക് നിറക്കുപ്പായം കിട്ടുന്ന വിശേഷദിനങ്ങൾ. ആശാരിപ്പെണ്ണുങ്ങൾ പാടുമായിരുന്ന ഓണപ്പാട്ടുകൾ. ചേമ്പിലയില്‍ പറിച്ചെടുത്ത ചെത്തിയും ചെമ്പരത്തിയും തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും വേലിപ്പടര്‍പ്പിലെ കോളാമ്പിപ്പൂവും പൂക്കളമായ കാലങ്ങൾ. കാലത്തെഴുന്നേറ്റു കുളിച്ചു പുതുവസ്‌ത്രങ്ങളണിഞ്ഞു തൊടിയിലെ വിളകൊണ്ട് സദ്യയൊരുക്കി ഒന്നിച്ചുണ്ടും ഉള്ളതു പങ്കുവെച്ചും ഉള്ളുതുറന്നാഘോഷിച്ച ഓണക്കാലങ്ങൾ. അത്തംതൊട്ടു പത്തുനാള്‍ നീളുന്ന ഉത്സവകാലങ്ങൾ. ആട്ടിയ എണ്ണയിൽ വറുത്ത ഉപ്പേരിയുടെ ഉപ്പും ശര്‍ക്കരപുരട്ടിയുടെ മധുരഏരിവും പ്രഥമന്റെ കുറുകിയ നെയ്‌മണവും അമ്മൂമ്മക്കാലംമുതൽ കൂടെയുള്ള ഓണരുചികൾ.
എല്ലാ ജീവജാലങ്ങള്‍ക്കും ഓണം ഉണ്ടെന്ന വിശ്വാസത്താൽ തിരുവോണ പൂക്കളും സദ്യവിളമ്പാനുള്ള ഇലവരെയും തലേന്നുതന്നെ കരുതിവെക്കുന്നതിന്റെ പൊരുളറിഞ്ഞത് ഏറെക്കഴിഞ്ഞ്. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യഓണം 1947 ആഗസ്റ്റ് 29 വെള്ളിയാഴ്ച ചിങ്ങം 13 ആയിരുന്നത്രേ. കേരളം അന്നില്ല. നാട് തിരുവിതാകൂറിന്റെ ഭാഗം. പഴയപോലെ കടന്നുപോയ ആ ഓണം അമ്മയുടെ ഓർമ്മയിലുണ്ടായിരുന്നു.
പിന്നെ വാടക വീടുകളിലെ ഓണം. അഞ്ചേരിയിലെ അമ്മവീടിനടുത്തു പന്നിക്കോട്ടു പാലത്തിനിക്കരെ നാട്ടുമുക്കിൽ കൊച്ചുനാരായണന്റെ മാടത്തിനും പീടികമുറികൾക്കും പിന്നിലെ ഇരുമുറിവീട്. ഓർമ്മകളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളും പാടത്തിനുമേലെ പറക്കുന്ന വർണ്ണപട്ടങ്ങളുമുണ്ട്. മുറ്റത്തെ മാവിലെ വള്ളിയൂഞ്ഞാലും തെങ്ങിൻതോപ്പിലെ പകിടകളിയും പന്തുകളിയുമുണ്ട്.
പിന്നെ വെട്ടത്തുകവലക്കു വടക്ക് വെട്ടിക്കാട്ട് സ്കൂളിന്റെ പടിഞ്ഞാറ് വഴിക്കിപ്പുറമുള്ള കടമുറിയോടുകൂടിയ വീട്. ‘C’ ആകൃതിയിൽ വടക്കും തെക്കും ചെറുതും കിഴക്കു നീണ്ടും കെട്ടിടങ്ങളും നടുക്ക് കുഞ്ഞുകളിയിടവുമുള്ള ഈ സർക്കാർ യു പി സ്കൂൾ എന്റെ ആദ്യവിദ്യാലയം. സ്കൂളിന് തൊട്ടുപിന്നിലായിരുന്നു കുട്ടിക്കാലത്ത് പൂ പറിക്കാൻ കൂട്ടുപോകുമായിരുന്ന കുന്നേപറമ്പ്.
സ്കൂളിനു തൊട്ടായിരുന്നു തെക്കേട്ട് അയ്യപ്പൻ നായരുടെയും ഗൗരിയമ്മയുടെയും വീട്. അവരുടെ ആറു മക്കളിൽ മൂത്തയാൾ തെക്കേട്ട് ശിവരാമൻ നായർ. കുട്ടിക്കാലത്ത് എന്നെ പുസ്തകലോകത്തേക്ക് വഴികാട്ടിയ എറികാട് നാഷണൽ ലൈബ്രറിയിലെ ലൈബ്രേറിയൻ. 1970 ൽ എംഎൽഎ ആയതുമുതൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടൊപ്പം നിഴൽപോലെ കൂടെനടന്നയാൾ. പഠിപ്പിച്ച ടീച്ചറിന്റെ മക്കൾ എന്ന നിലയിൽ ശിവരാമൻ നായർക്കും അനുജനും സഹപാഠിയുമായ മോഹൻദാസിനും സഹോദരിമാർക്കുമെല്ലാം പ്രത്യേക വാത്സല്യം. പൂപറിക്കാൻ ആ ചേച്ചിമാരായിരുന്നു സഹായിക്കുക. ഓർക്കുമ്പോൾ ചിരിവരും. മെഴുകിയ തറയും ഓണത്തപ്പനും ഒന്നുമില്ല. കുട്ടികളുടെ പൂക്കളം. അത്രമാത്രം.
ഓണമായാൽ അമ്മവീട്ടിൽനിന്നും പുഴുങ്ങികുത്തിയ കുത്തരിയും കാമ്പുള്ള തേങ്ങയും തേങ്ങയാട്ടിയ വെളിച്ചെണ്ണയും മുടങ്ങാതെത്തും. ഏത്തക്കായ വറക്കുന്നതു തുടർന്നുവരുന്ന വീട്ടാചാരം. തൂശനില വെട്ടുക കുട്ടികളാണ്. ഓണക്കോടി എന്നും പട്ടുമുണ്ട്. അമ്മ വരവറിഞ്ഞു ചെലവിടുന്ന കണിശക്കാരി. ആർഭാടങ്ങൾക്കൊന്നും അവസരമില്ലായിരുന്നു.
4
തൂശനിലയിൽ ചോറും പരിപ്പും പപ്പടവും അച്ചാറും കറികളും പ്രഥമനും പായസവും ഒക്കെ ചേർന്നതായിരുന്നു നാട്ടിലെ ഓണസദ്യയുടെ വർണ്ണവിസ്മയം. അച്ചാറും ഇഞ്ചിപ്പുളിയും തൊട്ടുകൂട്ടാൻ ഉള്ള കറികൾ. കടുമാങ്ങ നാരങ്ങാ ഇഞ്ചി പുളി ഇങ്ങനെ ഉപ്പിലിട്ടത് പലകൂട്ടം. പച്ചടിയും കിച്ചടിയും ഒക്കെ തൊടുകറികൾ. കായ, ചക്ക, പാവയ്ക്ക, ചേന എന്നിങ്ങനെ പലതരം ഉപ്പേരികൾ. അവിയലും ഓലനും തോരനുംപോലെ കൂട്ടുകറികൾ. മണർകാടടക്കമുള്ള മദ്ധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ കറികൾ ആദ്യം പരിപ്പും നെയ്യും. പിന്നെ സാമ്പാറും കാളനും. പിന്നെ രസവും. പച്ചമോരും നിർബന്ധം. ചക്കപ്രഥമൻ, പാൽപ്പായസം, അടപ്രഥമൻ,കടലപ്പായസം ഇങ്ങനെ മധുരത്തിന്റെ വകഭേദങ്ങൾ. പഴം പൂവനോ ഞാലിപ്പൂവനോ പാളേംതോടാനോ രസകദളിയോ.
പണ്ടൊക്കെ നിലത്തു പായവിരിച്ച് തുഞ്ചം ഇടത്തോട്ടുവെച്ച തൂശനിലയിലാണ് ഓണസദ്യ വിളമ്പുക. ഇടതുവശത്ത് ഉപ്പ്, ഉപ്പേരി, പപ്പടം, അച്ചാർ, തൊടുകറികൾ, കൂട്ടുകറികൾ, ചോറ്… വിളമ്പൽ പ്രത്യേക ക്രമത്തിലാണ്. തവിടുകളയാത്ത കുത്തരിച്ചോറാണ് മണർകാട്ടും പ്രിയങ്കരം. ആദ്യം പരിപ്പും നെയ്യും ഒഴിക്കും. ചിലർ അതിൽ പപ്പടം പൊടിച്ചു ചേർക്കും. പിന്നീട് സാമ്പാറും പുളിശ്ശേരിയും കൂട്ടിയുള്ള രണ്ടും മൂന്നും ഘട്ടങ്ങൾ. ഓരോ ഘട്ടത്തിലും ഒഴിച്ചുകൂട്ടാനുള്ള ചോറിന്റെ അളവ് നിശ്ചയിക്കുക ഒരു കലയാണ്.
അടപ്രഥമനിൽ തുടങ്ങി പാൽപ്പായസത്തിൽ അവസാനിക്കുന്നതാണ് സദ്യയുടെ അടുത്തഘട്ടം. ബോളി, പപ്പടം, പഴം, അച്ചാർ ഇവചേർത്തു കഴിക്കുന്ന പതിവുമുണ്ട്. ഒടുവിൽ മോരോ രസമോകുട്ടി ഇത്തിരിചോറുകൂടി കഴിക്കുന്നത് ദഹനത്തിനു ഉത്തമം. ഊണ് കഴിഞ്ഞാൽ ഇല മടക്കണം. ഇത് നാട്ടുചട്ടം. ഇല അകത്തേക്ക് മടക്കിയാൽ സദ്യ രസിച്ചെന്ന്. മടക്ക് തിരിച്ചായാൽ മറിച്ചും.
നടുവേമടക്കിയ കിടക്കപ്പായയിൽ നിലത്തിരുന്ന് അരുകുമടക്കിയ തൂശനിലയിൽ ഓണമുണ്ട കാലങ്ങൾ ഓർമ്മയിലുണ്ട്. വീട്ടിലെ ഓണസദ്യക്കു എന്നും ഒരേ വിഭവങ്ങളും രുചിയും മണവും ആയിരുന്നു. പരിപ്പും നെയ്യും അവിയലും അച്ചിങ്ങ മെഴുക്കുപുരട്ടിയും ഉണ്ടാവും. വലിയ പപ്പടവും ഇഞ്ചിക്കറിയും തൈരുപച്ചടിയും ഓണത്തിൻറെ സ്പെഷ്യലാണ്. ഒടുവിൽ പയറുപായസവും. ഇലയുടെ അരുകുമടക്കുക സുറിയാനിക്കാരുടെ 72 അവകാശങ്ങളിൽ ഒന്നാണെന്ന് അടുത്തകാലത്ത് ‘ചില ചെറിയ വലിയ കാര്യങ്ങൾ’ വായിച്ചപ്പോഴാണ് മനസ്സിലാക്കിയത്.
5
ഓണസദ്യ കഴിഞ്ഞാൽ പിന്നെ ഓണക്കളികളാണ്. പള്ളിക്കൂടംപറമ്പിൽ കുട്ടികൾക്ക് കുട്ടിയും കോലും ഓലപ്പന്തും വട്ടുകളിയും. കുന്നേപറമ്പിൽ സ്ത്രീകളുടെ തുമ്പിതുള്ളലും തിരുവാതിരകളിയും പാട്ടും മറ്റു ഓണക്കളികളും. കൈലിമുണ്ടും കളർ ബ്ലൗസുമിട്ട് ശാരദാമ്മയും പെൺമക്കളും എല്ലാറ്റിനും മുന്നിലുണ്ടാവും. കുഴികുത്തി കളിക്കുന്ന വട്ടുകളിയിൽ തോറ്റാൽ കുഴിക്കുമുന്നിൽ കൈപ്പത്തി മടക്കിവച്ച് വട്ടുകൊണ്ടുള്ള ഒരടി വാങ്ങണം. അടിച്ചുവിടുന്ന വട്ടു കൈക്കണയിൽ കൊള്ളുമ്പോൾ 'ടക്' എന്ന ഒച്ചയുണ്ടാവും. കണ്ണീന്നു പൊന്നിയിച്ച പറക്കും.
ഉച്ചഭാഷിണിയുടെയും കോളാമ്പിപാട്ടിന്റെയും ഓർമ്മകളിൽ എറികാട് നാഷണൽ ലൈബ്രറിയുടെ ഓണാഘോഷമുണ്ട്. രാവിലെ മുതൽ സ്കൂൾ മൈതാനത്ത് കുട്ടികൾക്കുള്ള പലപല കളികൾ. കവലയിൽ മാളികക്കു പിന്നിൽ പകിടകളിയുടെ ഫൈനൽ ആരവങ്ങളുമായി അരങ്ങേറും. മുതിർന്നവർക്ക് തട്ടുകളിയും കബഡിയും പകിടകളിയും ചീട്ടുകളിയും കണ്ണുകെട്ടിയുള്ള ഉറിയടിയും മറ്റു കളികളും. ഒടുവിൽ വടംവലി. വൈകുന്നേരം പൊതുസമ്മേളനം.
6
കാലത്തിനൊപ്പം നാടും നാട്ടിലെ ഓണാഘോഷങ്ങളും മാറി. സ്വന്തംവീടുകളിലേക്കു താമസംമാറിയപ്പോഴും മക്കൾ മുതിർന്നപ്പോഴും അമ്മ പെൻഷനായപ്പോഴും ഓണക്കോടിയും വീട്ടിലെ ഓണഘോഷങ്ങളുടെ ചിട്ടവട്ടങ്ങളും മാറ്റമില്ലാതെ തുടർന്നു. ഓണക്കളികൾ കളിത്തട്ടുകടന്ന് മുളഞ്ഞിപ്പറമ്പിലെ ചീട്ടുകളി കളങ്ങളിലേക്ക് വളർന്നു. ആറുപേർ രണ്ടു ടീമുകളായ ഇരുപത്തെട്ടുകളി. കളി തോൽക്കുന്നവർ ‘കുണുക്ക്’ വെക്കണം. പച്ചീർക്കിലി രണ്ടറ്റവും ‘റ’പോലെവളച്ചു പൊഴിഞ്ഞ വെള്ളയ്ക്കയിൽ കുത്തി ചെവിയിൽ തൂക്കുന്ന കുണുക്ക്.
തൊണ്ണൂറുകളുടെ തുടക്കംമുതൽ ഓണം അമ്മയ്ക്കും കുടുംബത്തിനുമൊപ്പം മണർകാട്ട്. വിവാഹിതയായ സഹോദരി വിദേശത്തും സഹോദരനും കുടുംബവും തറവാട്ടുവീട്ടിലും. ഓണവിഭവങ്ങളും ഉത്രാടപ്പാച്ചിലും ഭാര്യയുടേതായി. ഓണരുചികളിൽ അമ്മ ഓർമ്മയായി. പതിയെ ഓണഒരുക്കങ്ങളിൽ കുട്ടികളും പങ്കാളികളായി.
മടക്കിയ കിടക്കപായയിൽ നിലത്തിരുന്നു കഴിച്ച ഓണസദ്യ മേശമേൽ ആയെങ്കിലും സദ്യവിളമ്പുക ഇന്നും തൂശനിലയിൽതന്നെ. പായസം അരിപ്പറമ്പിലെ വാര്യരു ചേട്ടന്റേതായപ്പോൾ പയറുപായസത്തിനൊപ്പം പ്രഥമനും പാൽപ്പായസവുമായി പായസങ്ങൾ പലതായി. വിഭവങ്ങളെല്ലാം പഴയതുതന്നെ. ഉപ്പേരിക്ക് നാടൻ കായയും വറക്കാൻ ചക്കിലാട്ടിയ വെളിച്ചെണ്ണയുമെന്ന പതിവും വിളമ്പിന്റെ കുത്തകയും പഴയപോലെ തുടർന്നു. ഓണവിഭവങ്ങളുടെ ഫോട്ടോയും പൂച്ചകുട്ടികളുടെ ഓണമൂട്ടലും മക്കൾ തുടങ്ങിയ പുതിയ പതിവുകൾ.
7
ഓണത്തിന്റെ ഇന്നത്തെ ആചാരഘോഷങ്ങളിലേക്കു മലയാളി പൊടുന്നനെയല്ല എത്തിയത്. ഭൂപരിഷ്കരണം, ജന്മിത്വത്തിന്റെ അവസാനം, ജനാധിപത്യവൽക്കരണം, സർക്കാർ ഉദ്യോഗങ്ങൾ, അടുക്കളവിട്ടു പണിയിടങ്ങളിലും ഉദ്യോഗങ്ങളിലുമെത്തിയ സ്ത്രീകൾ, വടക്കേ ഇന്ത്യയിലേക്കും പിന്നെ ഗൾഫ് നാടുകളിലേക്കും തുടർന്നു വിവിധ ഭൂഖണ്ഡങ്ങളിലേക്കുമുള്ള കുടിയേറ്റം, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ കടന്നുവരവും ഉപയോഗവും, ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്… കമ്പോളകാലത്ത് നാട് മുന്നോട്ട് കുതിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലെ സാമൂഹിക പരിവർത്തനങ്ങൾക്കൊപ്പം മാറിമാറിവന്ന ഓണാഘോഷങ്ങളിൽ എല്ലാ മലയാളികളെയുംപോലെ മണർകാട്ടുകാരും പങ്കാളികളായി. പട്ടാളത്തിലും മറുനാടുകളിലും പണിതേടിപ്പോയവർ പ്രവാസിലോകത്തിൽനിന്ന് ടാൽക്കം പൗഡറുകളും സോപ്പുകളും വാസനസ്പ്രേകളും കളിപ്പാട്ടങ്ങളുമൊക്കെ ഓണസമ്മാനമായി നാട്ടിലെത്തിച്ചത് 1980 കളിലെ നാട്ടുവിശേഷം.
വളരെ വേഗത്തിൽ എന്തിനും വിപണിയെ ആശ്രയിക്കുന്ന നഗരഗ്രാമമായി മണർകാടും മാറി. ഓണക്കാലം പുതുവസ്ത്ര, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ, ഡിസ്‌ക്കൗണ്ട് മേളകളായി കച്ചവടത്തിന്റെ വസന്തകാലമാണ്. ഒരാണ്ടിലെ നഷ്ടങ്ങളെല്ലാം നികത്താമെന്ന പ്രതീക്ഷയുടെ കാലമാണ്. ഓണസ്സദ്യ ലക്ഷ്യമിട്ട് ഉഷാറാവുന്ന പലവ്യഞ്ജന, പച്ചക്കറി മാര്‍ക്കറ്റുകള്‍. ഉത്രാടപാച്ചിലിന്റെ പുത്തന്‍ ഇടങ്ങളായ ഷോപ്പിംഗ് മാളുകള്‍.
കടകൾ കമ്പോളങ്ങളായി വളർന്നതോടെ എന്തും എന്നും എവിടെയും കിട്ടുന്ന അവസ്ഥയാണ്. ഓണസദ്യകൾക്ക് പാക്കറ്റ് ഓണവിഭവങ്ങൾ, ഓണക്കിറ്റുകൾ വിതരണം ചെയ്യുന്ന മാവേലി സ്റ്റോറുകൾ, പ്ലാസ്റ്റിക് പൂക്കളങ്ങൾ, ഓണസദ്യ പാഴ്സലുകൾ വീട്ടിലെത്തിക്കുന്ന നഗരങ്ങളിലെ മുന്തിയ ഹോട്ടലുകൾ, തകര്‍ത്തു കുതിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം. ചെറുപ്പക്കാരെ ലക്ഷ്യമിടുന്ന പദ്ധതികളുമായി മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഷോപ്പുകൾ. ഉപഭോക്താക്കളേ തേടി, ഓര്‍ഡര്‍ നേടി, വിപണി വീട്ടിലെത്തുന്ന ന്യൂജന്‍ കച്ചവട പുതിയകാലം. ബാറുകൾ വന്നുവളർന്നശേഷം ഓണദിനങ്ങളിൽ മണർകാട്ടെ പൊതുവഴികളിൽ അരങ്ങേറുന്ന ലഹരിപേക്കൂത്തുകൾ ഓണക്കാലം മദ്യലോബികളുടെ കൊയ്ത്തു കാലമാക്കി . മലയാളികൾ നടത്തുന്ന കൂത്താട്ടങ്ങളുടെ നാട്ടുകാഴ്ചയാണ്.
രണ്ട് മാസത്തിനിടെ വിവിധ പാക്കറ്റ് അരികളുടെയും അവല്‍, അരിപ്പൊടി, അരച്ചമാവ് പോലെ അരിയുൽപ്പന്നങ്ങളുടെയും വില ഉയർന്നു. മണർകാട് കവലയിലെ തമിഴ്നാട്ടുകാർ നടത്തുന്ന മൊത്തക്കച്ചവട കടയിലും കർഷകരുടെ കടയിലും സർക്കാർ വിപണന മേളകളിലും ചെറുകടകളിലും പച്ചക്കറി കച്ചവടം തകർക്കും. ഓണവിപണിയില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍നി ന്നുള്ള പച്ചക്കറികളാണ്. നാടൻ ഉപ്പേരിക്കും ശർക്കര വരട്ടിക്കും ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നാടൻ കായ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഹോട്ടലുകളിലും കല്ല്യാണസദ്യയ്ക്കും വേണ്ട വാഴയിലപോലും തമിഴ്‌നാട്ടിൽനിന്നാണ് വരുന്നത്.
ഓണപ്പൂക്കളങ്ങളിൽ തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കാശിത്തുമ്പയുമൊന്നും ഇപ്പോഴില്ല. അവിടെ കോട്ടയത്തെ പൂക്കടകളിലെത്തുന്ന ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും, അരളിയും പലതരം റോസാപ്പൂക്കളും. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടില്‍നിന്നാണ് ചെണ്ടുമല്ലിയും, ജമന്തിയും. മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചു ബന്തി, വെല്‍വെറ്റ് പൂക്കള്‍ ഇവ തോവാള നിന്നും
8
സെപ്റ്റംബർ ഒന്നിന് വ്രതാനുഷ്ഠാനങ്ങളിൽ തുടങ്ങി നോമ്പുനോറ്റ്, എട്ടാംനാൾ പെരുന്നാളിൽ അവസാനിക്കുന്ന എട്ടുനോമ്പുകാലം മണർകാട്ടുകാർക്ക് സ്നേഹകൂട്ടായ്മകളുടേതാണ്. പല നാട്ടിൽനിന്നും പല ദിക്കിൽനിന്നും എട്ടുനോമ്പ് എടുക്കാൻ വന്നെത്തുന്നവർക്കായി നാട് അതിന്റെ ഉമ്മറവാതിലുകൾ മലർക്കെ തുറന്നിടുമായിരുന്ന കാലം. നാട്ടുപള്ളിയിലെ എട്ടുനോമ്പുകാലത്തായതിനാൽ ഓണവും ഓണഘോഷങ്ങളും മണർകാട് ദേശത്ത് പതിഞ്ഞ താളത്തിലാവും കടന്നുപോകുക.
മണർകാട് പഞ്ചായത്തു നേരിട്ടും മണർകാട് കോളജും സ്കൂളുകളും സാംസ്കാരിക സംഘടനകളും കുടുംബശ്രീകൾ ഒറ്റയ്ക്കും സംയുക്തമായും നടത്തുന്നവയാണ് പൂക്കളങ്ങളും ഓണസദ്യയുമായി ഓണക്കോടിയുടുത്ത ഓണാഘോഷങ്ങൾ. പഞ്ചായത്തും കൃഷിഭവനുമായി ചേർന്നുനടത്തുന്ന കാർഷിക വിപണനമേളകൾ. മുത്തൻ മുക്കിലെ ചേരിയിൽ ഉതുപ്പിന്റെയും കിഴക്കേടത്ത് കുഞ്ഞച്ചന്റെയും മുത്തന്റെയും വെള്ളാപ്പാള്ളി അച്ചൻകുഞ്ഞിന്റെയുമൊക്കെ പകിടകളി ആരവങ്ങൾ, ബ്രൂസ്‌ലി ക്ലബിലെ വടംവലി മത്സരങ്ങൾ, വെണ്ണാശേരിയിൽ, വല്യൊഴത്തിൽ, ശങ്കരശ്ശേരിയിൽ മേലാട് ഭാഗത്ത്, വാലേൽ കോളനിയിൽ... ഇങ്ങനെ ഈ നാട്ടിലെ ഓണാഘോഷങ്ങളുടെ ഭൂതകാല സ്മൃതികൾ. വയനാട് ദുരന്തസ്മൃതിയിൽ നാട്ടിലെ ഓണാഘോഷങ്ങളെല്ലാം ഒഴിവാക്കിയിരിക്കുകയാണ് .
9
ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസം ഹൈജാക്ക് ചെയ്യുമ്പോൾ അവക്ക് സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും വിപണിമൂല്യാധിഷ്ഠിതമായ അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യുന്നപോലെ ഓണവും ഓണഘോഷങ്ങളും വാണിജ്യ ഉത്സവമായി മാറി. ഓണം വിൽക്കാൻ വിപണി മത്സരിച്ചു. സാംസ്കാരിക മൂല്യങ്ങൾ, വിപണിക്കായി മാറിമറിഞ്ഞു
മാവേലി രൂപകൽപ്പനയുടെ ചരിത്രം സാംസ്കാരിക അധിനിവേശത്തിന്റെ കേരളീയ കാഴ്ചയാണ്. .ഫ്യൂഡൽ മൂല്യങ്ങളിൽ എന്നും അഭിരമിക്കാൻ വെമ്പുന്ന മലയാളിമനസ്സിനു മാവേലിമന്നക്കാഴ്ച്ച രാജഭക്തിയുടെ പരോക്ഷ ഉപാധിയായി. മരുമക്കത്തായ കാലത്തിനുശേഷം അണുകുടംബ സാന്ത്വനമായ കാരണവരുടെ മുഴുനീള ആഢ്യവേഷമായി മാവേലി മലയാളിമനസ്സിൽ ഇടംതേടി. ഒരു ദിവസത്തിലൊതുങ്ങുന്ന പ്രവാസി ഓണാഘോഷങ്ങളിൽ ഓണസങ്കല്പത്തിന് ദൃശ്യപരത നൽകുന്ന മോട്ടിഫായി.