സ്ഫോടനശബ്ദത്തിൽ ജമീല ഞെട്ടിപ്പിടഞ്ഞ് കണ്ണുതുറന്നു. ചുറ്റും നോക്കി. പരിസരബോധം വരാൻ സമയമെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് വന്നതുമുതൽ അങ്ങനെയാണ്. യുദ്ധത്തിന്റെ സ്വപ്നങ്ങളാണ് എന്നും. മാംസവും അസ്ഥിയും കടന്ന് ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ഷെല്ലുകളാണ് കണ്ണ് തുറപ്പിക്കുക.
യുദ്ധം തട്ടിപ്പറിക്കുന്നത് ജീവിക്കാനുള്ള അവകാശമാണ്. തരുന്നത് വേദനയും നിരാശയും മാത്രം. വ്യർത്ഥമായ ഈ കാത്തിരിപ്പ് ഇനിയും നീളുന്നതിൽ എന്താണ് പ്രയോജനം. ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ.
ചുമലിൽ നിന്ന് ഒഴുകിപ്പോയ രക്തത്തിനൊപ്പം മുന്നോട്ടുള്ള കാഴ്ച പൂർണ്ണമായും നശിച്ചിരുന്നു; മരിക്കാനുള്ള ഭയം ചോർന്ന് തീർന്നിരുന്നു.
ഇടതുഭാഗം പൂർണ്ണമായും മരവിച്ച അവസ്ഥയിലാണ്. വെടിയുണ്ട തുരന്ന കോൾവായിൽനിന്ന് രക്തം ഇപ്പോഴും കിനിഞ്ഞിറങ്ങുന്നു. ഒരു ഇലയുടെ തണൽപോലുമില്ലാത്ത പൂഞ്ച് വാലിയിലേക്ക് സൂര്യൻ തീയാണ് കോരിയിടുന്നത്. കവറിംഗ് ഫയറും നിന്നിരിക്കുന്നു. എല്ലാവരും വീണുപോയിരിക്കും.
അടുത്ത് കണ്ട ചെറിയ പാറയുടെ മറവിലേക്ക് വലതുവശം താങ്ങി ഇഴഞ്ഞു. അടഞ്ഞുപോകുന്ന കണ്ണുകൾ ബലമായി തുറന്ന് ആകാശത്തേക്ക് നോക്കി. കുട്ടിക്കാലം വിട്ടുമാറാത്ത, ചപ്രത്തലമുടിയുള്ള രണ്ട് പെൺകുട്ടികൾ വീടിന്റെ മണൽ മുറ്റത്തുകൂടി ഓടിക്കളിക്കുന്നു. ചാരിവച്ച റൈഫിളിന് മുകളിലേക്ക് അമരാൻ തുടങ്ങുമ്പോഴായിരുന്നു ഹൃദയവും ബോധവും തെറിച്ചുപോകുന്ന ശബ്ദം.
സ്ഫോടനശബ്ദത്തിൽ ജമീല ഞെട്ടിപ്പിടഞ്ഞ് കണ്ണുതുറന്നു. ചുറ്റും നോക്കി. പരിസരബോധം വരാൻ സമയമെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് വന്നതുമുതൽ അങ്ങനെയാണ്. യുദ്ധത്തിന്റെ സ്വപ്നങ്ങളാണ് എന്നും. മാംസവും അസ്ഥിയും കടന്ന് ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ഷെല്ലുകളാണ് കണ്ണ് തുറപ്പിക്കുക.
അവ്യക്തതയാണ് മനസ്സിൽ. ബോര്‍ഡില്‍ മായ്ക്കാതെ വീണ്ടും വീണ്ടും എഴുതിയപോലെ, വ്യക്തമെങ്കിലും വേര്‍തിരിച്ചെടുക്കാനാകാത്തപോലെ. ആഗ്രഹിക്കുന്നതായിരിക്കില്ല ആലോചിക്കു ന്നത്. പ്രവർത്തിച്ച് തുടങ്ങുന്നതായിരിക്കില്ല പൂർത്തിയാക്കുന്നത്. മനസിന്റെയും ശരീരത്തിന്റെയും ചലനങ്ങൾ നിയന്ത്രിച്ച് തന്നോടൊപ്പം നിഴലില്ലാത്ത ഒരാൾ എപ്പോഴും ഉള്ളതുപോലെ.
നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരാളെ ഓർത്തുകൊണ്ടാണ് ഈയിടെയായി ജമീലയുടെ ദിവസങ്ങൾ തുടങ്ങുന്നത്. ചെറിയാൻ വർഗ്ഗീസ് എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ പേര്. കേരളത്തിൽ കോട്ടയം ജില്ലയിൽ എവിടെയോ ആണ് വീട്. പാളിപ്പോകുന്ന ഓർമ്മകളെ നിയന്ത്രിച്ച്, ഭർത്താവിനേയും മകനേയും ഇപ്പോഴും മനസ്സിലാകുന്നുണ്ടല്ലോ എന്ന് സമാധാനിച്ച് കിടക്കയിൽനിന്ന് എഴുന്നേൽക്കുമ്പോൾ സുബ്ഹ് നിസ്ക്കാരത്തിനുള്ള വാങ്കുവിളികേട്ടു.
അടുക്കളയുടെ വാതിലിന്നരികില്‍നിന്ന് പഴയ രീതികള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു അവര്‍. ‘ചപ്പാത്തിയും കറിയും ഉണ്ടാക്കണം.’ ഒരിക്കല്‍ കൂടി ഉരുവിട്ട് ഉറപ്പിച്ചു. എട്ടുമണിക്ക് മെഡിക്കല്‍ കോളേജിന്റെ ബസ്സ് വരുന്നതുവരെ തിരക്കാണ്. മുറ്റത്തു വിറകടുപ്പില്‍ വെള്ളം ചൂടാക്കണം. തലേദിവസത്തെ പാത്രങ്ങള്‍ കഴുകണം, കറിയും ചപ്പാത്തിയുമുണ്ടാക്കണം... ഭര്‍ത്താവിന്റെയും ഒരേയൊരു മകന്റെയും ആവശ്യങ്ങള്‍ അറിഞ്ഞുചെയ്യാനാണല്ലോ പടച്ചോന്‍ നമ്മളെ നിയമിച്ചിരിക്കുന്നത്. അവര്‍ക്ക് കഴിക്കാനും കൊണ്ടുപോകാനുമുള്ളത് തയ്യാറാക്കി കൊടുത്തശേഷം മാത്രമേ ജമീല ഒരു ചായപോലും കുടിക്കാറുള്ളു. പ്രഭാതകൃത്യങ്ങള്‍ പോലും അതിനുശേഷമായിരുന്നു. അതാണ് വര്‍ഷങ്ങളായുള്ള ശീലം.
ശാരീരിക അസ്വസ്ഥതകളെ വകവയ്ക്കാതെ അടുക്കളയിലേക്ക് കയറുമ്പോൾ നഷ്ടപ്പെട്ടു എന്നു കരുതിയ ജീവിതം തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു അവള്‍.
ഇരുനിറവെളുപ്പാണ് ജമീല. അഞ്ചരയടി പൊക്കം. അധികം വണ്ണമില്ലാത്ത ഉറച്ച ശരീരം. തലയിൽ ഇട്ടിരിക്കുന്ന തട്ടത്തിനിടയിലൂടെ ഓപ്പറേഷൻ ചെയ്തതിന്റെ വടു തെളിഞ്ഞ് കാണാം. കറുപ്പിലും വെളുപ്പിലും കിളിർത്തു വരുന്ന മുടി. ക്ഷീണവും വയ്യായ്കയും ഉണ്ടെങ്കിലും ഉറച്ച കാൽവയ്പ്പുകളോടെയാണ് നടത്തം.
ജമ്മുവിൽനിന്ന് മുപ്പത്തഞ്ച് കിലോമീറ്റർ അകലെ മാൽപൂർ എന്ന ബസ്തിയിലാണ് ജമീല ജനിച്ചത്. പാടത്തിന് നടുക്കുകൂടെ വലിയ വട്ടത്തിലുള്ള മുള്ളുകമ്പിചുരുളുകൾ ഇട്ട് രാജ്യത്തെ രണ്ടായി തിരിക്കുന്ന മാൽപൂർ അഖ്നൂറിനടുത്താണ്.
ജമ്മു ടൗണിൽ കാലുചൗക്കിനടുത്തുള്ള ആർമി ഹോസ്പ്പിറ്റലിന് മുന്നിലാണ് വർഷങ്ങളായി താമസം. വീടിനോട് ചേർന്ന് ലെസ്സി വിൽക്കുന്ന ഒരു കട നടത്തുന്നു. ഭർത്താവ് ഹസ്സൻ ആശുപത്രിയിലെ താല്കാലിക ജീവനക്കാരൻ. ഒരേയൊരു മകൻ മെഡിസിന് മൂന്നാം വർഷം പഠിക്കുകയാണ്.
‘അവര് രണ്ടുപേരും പോയാൽപിന്നെ എത്രനേരാ വീട്ടിൽ വെറുതെ ഇരിക്കണെ.’ ലെസ്സി വിൽപ്പന തുടങ്ങാൻ ജമീലക്ക് അതായിരുന്നു കാരണം.
എല്ലാ സൗകര്യങ്ങളും ഉള്ളതാണ് ജമ്മുവിലെ ആർമി ഹോസ്പിറ്റൽ. രജൗരി, കുപ്വാര, പൂഞ്ച്, അഖ്നൂർ, പത്താൻകോട്ട്... തുടങ്ങിയ അതിർത്തിപ്രദേശങ്ങളിൽ നിന്ന് ബോംബ് ബ്ലാസ്റ്റിംഗിലും അല്ലാതെയും മാരകമായ മുറിവേറ്റ് പട്ടാളക്കാരും ഗ്രാമവാസികളും വരുന്നതുകൊണ്ട് എന്നും തിരക്കായിരിക്കും. നാട്ടുകാർക്കും ചികിത്സ സർക്കാർ ചിലവിൽ ആണ്.
ഉച്ചസമയങ്ങളിലാണ് ലെസ്സി കഴിക്കാൻ ആളുകൾ ധാരാളമായി വരിക. തണുപ്പിച്ച് വച്ചിരിക്കുന്ന തൈര് പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ച് കൊടുത്താൽ മതി. അദ്ധ്വാനം കുറവ്. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ജമീലയുടെ ഉപഭോക്താക്കളാണ്. അടിച്ച് പതപ്പിച്ച് മുകളിൽ മലായി വച്ച് ജമീല കൊടുക്കുന്ന ലസ്സി കഴിക്കാൻ ഉച്ചയൂണ് കഴിഞ്ഞാണ് ഡോക്ടർമാർ സാധാരണയായി വരാറ്. ലെസ്സിക്കൊപ്പം വെളുത്ത ചിരിയോടെ ജമീല നിൽക്കും. തല അല്പം ചരിച്ച് മിഴികൾ വെട്ടിമറിയുന്ന ജമീലയുടെ ചിരിക്ക് നാല്പതിലും പ്രത്യേക അഴകായിരുന്നു, അസുഖം വരുന്നതുവരെ.
തമാശരൂപത്തിലായിരുന്നു അസുഖത്തിന്റെ തുടക്കം. ഒരു അവധി ദിവസം ഒരുമിച്ചിരുന്ന് ഊണുകഴിക്കുകയായിരുന്നു മൂവരും. പാത്രത്തിൽനിന്ന് ചോറുവാരി ഉയരുന്ന ഉമ്മച്ചിയുടെ കൈ വായുടെ ഭാഗത്ത് എത്തുമ്പോൾ വായ തുറക്കുകയോ കൈയ്യിന്റെ ചലനം നിൽക്കുകയോ ചെയ്യാതെ തലയ്ക്ക് മുകളിലേക്ക് പോകുന്നു. ഷമീർ ചിരിച്ചുകൊണ്ട് അടുത്തിരുന്ന ഉപ്പയെ തോണ്ടി കാണിക്കുകയും മൂവരും പറഞ്ഞ് ചിരിക്കുകയും ചെയ്തു.
‘അത് ഞാൻ എന്തോ ഓർത്തുകൊണ്ട് കഴിച്ചപ്പോൾ അങ്ങനെ ആയിപ്പോയതാണ്.’ നിസ്സാര കാര്യത്തിന് വേണ്ടപ്പെട്ടവർ കളിയാക്കിയതിൽ അവർക്ക് വല്ലായ്മ തോന്നി.
ഇടവിട്ട് വരുന്ന തലവേദനയും ഛർദ്ദിയും സഹിക്കാൻ വയ്യാതായപ്പോഴാണ് ഡോക്ടറെ കണ്ടത്. ‘തലവേദന വിട്ടുമാറുന്നില്ലല്ലോ ഡോക്ടറെ.’ ചുണ്ടിൽനിന്നും ലെസ്സിമലായി തുടച്ച് കടയിൽനിന്ന് പോകാനിറങ്ങിയ ന്യൂറോസർജനോട് ഒരു ദിവസം ജമീല പറഞ്ഞു.
ടെസ്റ്റുകളും സ്കാനിംഗും നടത്തി. മെഡുല്ലോബ്ലാസ്റ്റോമ എന്ന രോഗം കണ്ടെത്താനായത് അവസാന സ്റ്റേജിലാണ്.
കാഴ്ചശക്തിയും ഓർമ്മശക്തിയും കുറഞ്ഞുതുടങ്ങി. ആദ്യമായി ബോധമറ്റുവീണത് കാർഗിൽ വിജയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കിടയിലേക്കാണ്. ബൊഫോർസ് തോക്കുകളും ടാങ്കുകളും യുദ്ധസാമഗ്രികളും പ്രദർശനത്തിനായി നിരത്തിവച്ചിരുന്ന സത്വാരിയിലെ പ്രദർശനഗ്രൗണ്ടിൽ തലചുറ്റി വീഴുകയായിരുന്നു.
‘തലച്ചോറിനകത്ത് ചെറിയ മുഴപോലെ ഉണ്ട്. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. റേഡിയേഷനും കീമോതെറാപ്പിയും വേണ്ടിവരും. എല്ലാം ശരിയാവും.’ ഡോക്ടർമാർ ജമീലയെ ആശ്വസിപ്പിച്ചു.
‘ഈ തലച്ചോറെന്ന് പറയണത് രണ്ട് ഭാഗമായിട്ടാണ് ഉമ്മ. സെറിബ്രവും സെറിബെല്ലവും. താഴെയുള്ള ചെറിയ ഭാഗമാണ് സെറിബെല്ലം. ഉമ്മക്ക് അതിനെ മാത്രെ ചെറിയ കുഴപ്പമുള്ളു.’ കോളേജ് ലൈബ്രറിയിൽനിന്ന് കൊണ്ടുവന്ന പുസ്തകം നിവർത്തിവച്ച് ഷെമീർ വിശദീകരിക്കും.
‘അതിനെ അനുമസ്തിഷ്കം എന്നും പറയും. മനുഷ്യന്റെ ചലനത്തിന്റെ വിശദമായ രൂപം കാലിബറേറ്റ് ചെയ്യുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്. ചലനങ്ങൾ, ശ്രദ്ധ, ഭയം, ഭാഷ, ആനന്ദം... ഇത്തരം കാര്യങ്ങളാണ് അത് നിയന്ത്രിക്കുന്നതത്രെ! എന്ന് പറഞ്ഞാൽ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യുന്ന വലിയ ഭാഗത്തിന് കുഴപ്പം ഒന്നുമില്ല എന്നർത്ഥം...
നാഡീകോശങ്ങൾ നാരുപോലെ ആയിപ്പോയി എന്നും ഒരു മുഴ ആയി രൂപാന്തരപ്പെട്ടു എന്നും പറഞ്ഞു. ആശുപത്രിയിൽ ചെന്നപ്പോൾ ഒരു കൈയ്യിന്റ വിരൽ മറ്റേ കൈയ്യിലൂടെ മുകളറ്റം വരെ കൊണ്ടുപോകാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ. രോഗം കണ്ടുപിടിക്കാനുള്ള ആദ്യത്തെ ടെസ്റ്റായിരുന്നു അത്.’ ഒരു മെഡിക്കൽ വിദ്യാർത്ഥി എന്ന നിലയിൽ തനിക്കുള്ള അറിവ് ഉമ്മക്ക് പങ്കുവച്ച് ഷെമീർ അഭിമാനംകൊണ്ടു... ‘സാരോല്യ, വേഗം മാറണ അസുഖം ആണ്.’
ജമീലയുടെ ചിരിക്ക് നിറം കുറഞ്ഞുവന്നു. ദിവസങ്ങൾ പഴക്കമുള്ള തൈര് അടിക്കുമ്പോൾ മുകളിൽ പതഞ്ഞുകൂടുന്ന കരിമ്പൻ നിറത്തിൽ.
ഭാഗീകമായി തലച്ചോർ മാറ്റിവച്ചാലും സങ്കീർണ്ണത ഏറെയാണ്. ഉദാഹരണമായി, ലണ്ടൻ പോലെ ഒരു വലിയ നഗരം പറിച്ച് പാരീസിലേക്ക് നടന്നതുപോലിരിക്കും അത്. പാരീസിന്റെ ഒരു ഭാഗം ഇളക്കിമാറ്റി ലണ്ടൻ അതിലേക്ക് ഇറക്കിവക്കുന്നു. അതിലെ ഓരോ കണക്ഷനും മനുഷ്യമുടിയേക്കാൾ കൃത്യത വേണ്ടതാണ്. ശരിയായി ബന്ധിപ്പിച്ചില്ലെങ്കിൽ ഒന്നും പ്രവർത്തിക്കില്ല. കുടിവെള്ളവും മലിനജലവും പരസ്പരം ബന്ധിപ്പിച്ചാലോ. കൈകൾ നിയന്ത്രിക്കേണ്ട ന്യൂറോണുകൾ കാലിലേക്കൊ കണ്ണിലേക്കോ ബന്ധിപ്പിച്ചാലോ. നിങ്ങളുടെ തലച്ചോർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ശരീരം ഫ്രഞ്ച് സംസാരിക്കും. നടക്കാൻ ആഗ്രഹിക്കുമ്പോൾ ചിരിക്കും...
‘ചികിത്സ ചെയ്യാതിരുന്നാൽ മൂന്നുമാസം പ്രതീക്ഷിച്ചാൽമതി. ചെയ്താൽ അതിജീവനം കൂറച്ചുനാളുകൾകൂടി നീളാം. അത്രമാത്രം... മസ്തിഷ്ക ശസ്ത്രക്രിയ ബുദ്ധിമുട്ടുള്ളതാണ്.’ സീനിയർ ന്യൂറോസർജൻ ഹസ്സനെ മാറ്റിനിർത്തിപ്പറഞ്ഞു.
‘തലച്ചോറ് മാറ്റിവക്കാൻ പറ്റോ ഡോക്ടർ?’
‘ഇല്ല. ഇതുവരെ അങ്ങനെ ഒന്ന് എങ്ങും വിജയിച്ചിട്ടില്ല.
...മസ്തിഷ്കം അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ഒരു അവയവം ആണ്. ന്യൂറോണുകൾ, രക്തക്കുഴലുകൾ, മറ്റ് നിർണ്ണായക ഘടനകൾ എന്നിവയുടെ സങ്കീർണ്ണ ബന്ധങ്ങൾ ഉൾക്കൊള്ളുന്നു. ഉയർന്ന പ്രതിരോധശേഷി ഉള്ള അവയവം ആയതുകൊണ്ട് പുറത്തുനിന്ന് ഉള്ളതിനോട് സഹിഷ്ണുത വളരെ കുറവാണ്. സുഷുമ്നാനാഡിയിലെ മുറിവുകൾ ശരിയായ രീതിയിൽ ചേർക്കാൻ ലോകത്ത് ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. മാറ്റിവയ്ക്കപ്പെട്ട ഭാഗത്തേക്കുള്ള രക്തവിതരണം പോഷകവിതരണം എന്നിവ തടസ്സപ്പെടാം.
...ഭാഗീകമായി മാറ്റിവച്ചാലും സങ്കീർണ്ണത ഏറെയാണ്. ഉദാഹരണമായി, ലണ്ടൻ പോലെ ഒരു വലിയ നഗരം പറിച്ച് പാരീസിലേക്ക് നടന്നതുപോലിരിക്കും അത്. പാരീസിന്റെ ഒരു ഭാഗം ഇളക്കിമാറ്റി ലണ്ടൻ അതിലേക്ക് ഇറക്കിവക്കുന്നു. അതിലെ ഓരോ കണക്ഷനും മനുഷ്യമുടിയേക്കാൾ കൃത്യത വേണ്ടതാണ്. ശരിയായി ബന്ധിപ്പിച്ചില്ലെങ്കിൽ ഒന്നും പ്രവർത്തിക്കില്ല. കുടിവെള്ളവും മലിനജലവും പരസ്പരം ബന്ധിപ്പിച്ചാലോ. കൈകൾ നിയന്ത്രിക്കേണ്ട ന്യൂറോണുകൾ കാലിലേക്കൊ കണ്ണിലേക്കോ ബന്ധിപ്പിച്ചാലോ. നിങ്ങളുടെ തലച്ചോർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ശരീരം ഫ്രഞ്ച് സംസാരിക്കും. നടക്കാൻ ആഗ്രഹിക്കുമ്പോൾ ചിരിക്കും...
താങ്കൾ പറയാറില്ലെ ജമീലക്ക് തന്നോട് വലിയ സ്നേഹമാണെന്ന്. അതൊക്കെ തെറ്റും. ഹൃദയമല്ല, തലച്ചോറാണ് സ്നേഹവും നിയന്ത്രിക്കുന്നത്. ഓപ്പറേഷൻ ചെയ്താൽ ഒരുപക്ഷെ ജമീല ഹസ്സനെ തിരിച്ചറിഞ്ഞില്ലെന്നും വരാം. ഏറ്റവും പ്രയാസമുള്ള കാര്യം എല്ലാംകൊണ്ടും ചേരുന്ന ഒരാളുടെ തല ജീവനോടെ അടുത്ത ഓപ്പറേഷൻ ടേബിളിൽ കിട്ടണമെന്നതാണ്.
...ഷിക്കാഗോയിൽ ഒരു കേസ് ഈയിടെ ഏതാണ്ട് വിജയത്തിലെത്തി എന്ന് വായിച്ചു. പൂർണ്ണമായും ശരിയായില്ല എന്നാണ് അറിഞ്ഞത്. അവിടുത്തെ അത്രേം നല്ല ഡോക്ടമാർ ഇവിടെ ഇല്ലല്ലോ. ആശുപത്രിയിൽ സൗകര്യങ്ങളും കുറവ്.’ അന്തിച്ച് നിന്നപ്പോൾ ഡോക്ടർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹസ്സന്റെ മുഖത്ത് നിരാശയാണ് വളർന്നത്.
‘...ഒരു ചാൻസ് എടുത്താൽത്തന്നെ പരിമിതികളുണ്ട്. വലിയ ചിലവ് വരുന്ന ഓപ്പറേഷൻ. അതിർത്തി ഗ്രാമത്തിന്റെ അഡ്രസ്സ് ആയതുകൊണ്ട് സാമ്പത്തീക കാര്യങ്ങൾക്ക് സർക്കാരിന്റെ സഹായം കിട്ടിയേക്കും... രണ്ട് കാര്യങ്ങളാണ് പ്രധാനം. ന്യൂറൽ നെറ്റ്വർക്കുകളും സംയോജിത കണക്ഷനുകളുമുള്ള ഒരു നാനൈറ്റ് കമ്പ്യൂട്ടറിന്റെ സഹായം ഓപ്പറേഷന് വേണ്ടിവരും. വ്യത്യസ്ത ന്യൂറോൺ ആക്സോണുകൾ തിരിച്ചറിയാനും മാപ്പ് ചെയ്യാനും കണ്ടെത്തലുകൾ കേന്ദ്ര പ്രോസസ്സിംഗ് യൂണിറ്റിലേക്ക് അയക്കാനും പറ്റുന്ന കമ്പ്യൂട്ടർ. പുറത്തുനിന്ന് ഒരു എക്സ്പെർട്ടിനേയും.
കേന്ദ്ര മന്ത്രിമാരുടേയോ വിദേശസെക്രട്ടറിമാരുടേയോ ഇടപെടൽ, എക്സ്പെർട്ടിന്റെ അവയിലബിലിറ്റി, എല്ലാരീതിയിലും മാച്ച് ചെയ്യുന്ന ജീവനുള്ള തലച്ചോറിന്റെ ലഭ്യത... ഇതൊന്നും സാദ്ധ്യമാകാത്തതുകൊണ്ട് ജമീല മരിച്ചുകൊണ്ടിരുന്നു.
‘എനിക്ക് ഇങ്ങനെ ജീവിക്കണ്ട.’ അവർ പിറുപിറുത്തു നടന്നു, എല്ലാവരോടും പിണങ്ങി നടന്നു. ‘ഞാൻ പട്ടീനേപ്പോലെ നാലു കാലിൽ നടന്നാലും ഇഴഞ്ഞാലും ഭ്രാന്ത് പിടിച്ചാലും ആരും നിങ്ങളെ കുറ്റം പറയൂല്ല.’ ജമീല പറഞ്ഞു. ‘ഡോക്ടറ് അമേരിക്കേലൊക്കെ പോയി പഠിച്ചതല്ലെ. റിജോരിയിലും പൂഞ്ചിലും ഓരോ ദെവസോം എത്ര എണ്ണാ മയ്യത്താവണേ. നിങ്ങള് ഏച്ചുകെട്ടി നോക്ക് ഡോക്ടറെ. ചാവണത് ഞാനല്ലെ.’
താൻ പറഞ്ഞ കാര്യങ്ങളോർത്ത് ജമീലക്ക് ചിരിവന്നു. അടുക്കളയിൽ ഫ്രിഡ്ജ്, സ്റ്റൗ, പാത്രങ്ങളിരിക്കുന്ന ഷെല്‍ഫ് എല്ലാം നോക്കിക്കാണുകയായിരുന്നു ജമീല അപ്പോൾ. വാഷ്ബേസിനില്‍ മുഖം കഴുകി, തലേദിവസത്തെ പാത്രങ്ങള്‍ പെറുക്കികൂട്ടുന്നതിനിടയിലാണ് ഒരു കട്ടന്‍ചായ കുടിച്ചാലോ എന്ന് പതിവില്ലാത്തവിധം അവര്‍ക്ക് തോന്നിയത്. അതിനെ ശരിവക്കുംവിധം ഹൃദയം മിടിച്ചു. ചുണ്ടുകള്‍ക്കും നാവിനും ദാഹിച്ചു.
അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി ചായ കുടിക്കുമ്പോഴാണ് അടുക്കളയ്ക്ക് വേണ്ടത്ര വിസ്താരമില്ല എന്ന തോന്നല്‍ വന്നത്. കട്ടന്‍ ചായ വാഷ്‌ബേസിനരികില്‍ വച്ച് കൈ അങ്ങോട്ടും ഇങ്ങോട്ടും വിടര്‍ത്തി ചുവടുകള്‍ വച്ച് അത് സ്ഥിരീകരിച്ചു. വായു ശക്തമായി അകത്തേക്ക് വലിച്ച് ആശുപത്രിയില്‍ ശ്വാസകോശത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും കലത്തിൽ വെള്ളവുമായി അടുക്കളയില്‍നിന്ന് പുറത്തെ വിശാലതയിലേക്കിറങ്ങിയപ്പോഴാണ് ആശ്വാസമായത്. രാവിലത്തെ ഈ ജോലിത്തിരക്കില്ലായിരുന്നെങ്കില്‍ രണ്ടു കിലോമീറ്റര്‍ നടക്കാന്‍ കഴിയുമായിരുന്നേനെ എന്ന് പരിതപിച്ചു. മുറ്റത്തുകൂടി കൈവീശി രണ്ടു ചാല്‍ നടന്നതിനുശേഷമാണ് അടുപ്പില്‍ തീ കൂട്ടിയത്. ചുള്ളിക്കമ്പുകൾക്ക് തീപിടിച്ച അടുപ്പില്‍നിന്നും വെളുത്ത പുക ചുരുള്‍ ചുരുളായി പൊങ്ങിയത് കൗതുകത്തോടെ ജമീല നോക്കിയിരുന്നു. തലച്ചോറില്‍നിന്ന് കുണ്ഡലിനി വഴി മിന്നല്‍പിണര്‍പോലെ എന്തോ ഒന്ന് ശ്വാസകോശത്തിലേക്ക് പാഞ്ഞു.
തലച്ചോറിലെ ന്യൂറോണുകള്‍ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തപ്പോള്‍ കണ്ണും വായുമടച്ച് മൂന്നോട്ടാഞ്ഞ് ഉയരുന്ന പുകയില്‍ മുഖമൊളിപ്പിച്ച് ഇരിക്കുകയായിരുന്നു ജമീല. ശ്വാസകോശത്തിലേക്ക് തള്ളിക്കയറിയ പുകയെ അവിടെ അടച്ചിട്ടു ശ്വാസം പിടിച്ചു. പെട്ടെന്നാണ് അടിവയറ്റില്‍ ഒരിളക്കം പതിവില്ലാത്തവിധം വന്നതും കക്കൂസിൽ പോകണമെന്ന് തോന്നിയതും. കൈയ്യെത്തിച്ച് കഴുകുമ്പോൾ ഒരു ശൂന്യത അവരെ ചൂഴ്ന്നു.
പാറ്റയേപ്പോലും പേടിയായിരുന്ന സാധുവായ തന്നെ പാമ്പിനെപ്പോലും നേരിടാൻ ചങ്കൂറ്റമുള്ളവളാക്കിയ മനുഷ്യനെ അതിശയത്തോടെ കണ്ടു. ഒരു പട്ടാളക്കാരന്റെ ചടുലതയോടെ തന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന, പുകയില തിന്നാൻ പ്രേരിപ്പിക്കുന്ന, രാത്രിയിൽ പുറത്ത് കറങ്ങിനടക്കാൻ തോന്നിപ്പിച്ച് മക്കാറാക്കുന്ന അയാൾ നൊമ്പരമായാണോ ആശ്വാസമായാണോ തന്നിൽ നിറയുന്നതെന്ന് അവൾക്ക് സംശയമായി.
ചപ്പാത്തിക്ക് കുഴയ്ക്കുമ്പോൾ ഗോതമ്പുണ്ട വലതുകൈയ്യിലെടുത്ത് രണ്ടു പ്രാവശ്യം ഉയര്‍ത്തി താഴ്ത്തി തല വലതു ചുമലിലേക്കും മേല്‍ക്കൈയ്യിലേക്കും തിരിച്ചു. തലച്ചോറിനകത്ത് വേദനയോ വിമ്മിഷ്ടമോ സംഭവിക്കുന്നുണ്ടോ.? ഓര്‍ത്തുനോക്കി. ഉണ്ട ഇടതുകൈയ്യിലേക്ക് മാറ്റി ഇളക്കിനോക്കി. രണ്ടു കൈയ്യും ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുമ്പോള്‍ ചൊറിഞ്ഞ ഇടതുകൈ വെള്ള വലതുകൈയ്യിലെ പെരുവിരല്‍ കൊണ്ട് അമര്‍ത്തി ഞരടി മറ്റുവിരലുകള്‍കൊണ്ട് താളിച്ച് തട്ടിക്കുടഞ്ഞ് മാവിന്റെ ഒരു തരി വലതുകൈ വെള്ളകൊണ്ട് കീഴ്ചുണ്ടിനകത്താക്കി ഉപ്പുനോക്കി. ഇടതുകൈ നൈറ്റിയില്‍ തുടച്ച് തൃപ്തയായി. എന്തോ അസ്വസ്ഥത അവരെ ചൂഴ്ന്നുനിന്നു. ശരീരത്തില്‍ അലോപ്പതി മരുന്നുകളുടെ അംശം ശേഷിക്കുന്നതുകൊണ്ടായിരിക്കും എന്നു സമാധാനിച്ചു. ഒരു ചായകൂടി കുടിക്കണം എന്ന ചിന്ത കലശലായത് പെട്ടെന്നാണ്.
മുറ്റത്തിറങ്ങി കൈകള്‍ വശങ്ങളിലേക്ക് വിരിച്ച്, ഒന്നു ഞെളിഞ്ഞ് ശ്വാസം വലിച്ചുവിട്ട് വീണ്ടും രണ്ടു ചാല്‍ നടന്ന്, വെള്ളം തിളച്ചപ്പോഴേക്കും അവര്‍ അടുക്കളയില്‍ തിരിച്ചെത്തി. ഒരു മൂളിപ്പാട്ടുമായി പരത്തിയ മാവ് തവയിലേക്കിട്ടു. ഒഴിഞ്ഞ പലകയില്‍ ഉരുളന്‍ തടി രണ്ടു പ്രാവശ്യം വെറുതെ ഉരുട്ടി. കാല്‍ അല്‍പ്പം പിന്നോട്ടാക്കി അല്‍പ്പം കുനിഞ്ഞ് ഉരുളന്‍തടിയുടെ രണ്ടുവശവും ബലം കൊടുത്ത് ഭാരം കൈകളിലാക്കി നോക്കി. ഇല്ല കുഴപ്പമൊന്നുമില്ല.
തോരനുള്ളത് അരിഞ്ഞു. സ്ലാബില്‍ നിന്ന് താഴെ വീണ പച്ചമുളക് കുനിഞ്ഞെടുക്കുമ്പോള്‍ വെറുതെ ഒന്നുകൂടി കുനിഞ്ഞ് നിവര്‍ന്ന് നോക്കണമെന്ന് തോന്നി. കൈകള്‍ മുകളിലേക്ക് വിരിച്ചുപിടിച്ച് ശ്വാസകോശം ഒഴിച്ച് കാല്‍മുട്ടുകള്‍ വളയാതെ കൈപ്പത്തികള്‍ നിലത്ത് പതിപ്പിച്ച് മൂരിനിവര്‍ന്ന് ശ്വാസകോശം നിറച്ചു. വിയർത്തപ്പോൾ ജമീലക്ക് ആശ്വാസമാണ് തോന്നിയത്.
ഭര്‍ത്താവും മകനും പോയിക്കഴിഞ്ഞപ്പോള്‍ കുളിച്ച് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങണമെന്ന് തോന്നി. എന്തെല്ലാം ജോലികളാണ് ബാക്കി കിടക്കുന്നത്. മുറിയും ഇറയവും തൂക്കണം, തുടയ്ക്കണം, തുണി കഴുകണം...
മകന്‍ കോളേജില്‍നിന്ന് തിരിച്ചെത്തിയത് അവര്‍ അറിഞ്ഞില്ല. മിറർ ഗെയ്സിംഗിലായിരുന്നു അവർ. മകന്റെ ഷർട്ട് ധരിച്ച് കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കുകയായിരുന്നു.
കീഴറ്റംവരെയുള്ള കൈകൾ ഒന്നര ഇഞ്ച് വീതിയിൽ മുട്ടിനു മുകളറ്റം വരെ ഭംഗിയായി മടക്കിവച്ചിരുന്നു. തന്റെ ഉള്ളിൽ എപ്പോഴും വെരുകുന്ന ആരോഗ്യമുള്ള പുരുഷരൂപത്തെ അറിയാൻ കണ്ണാടി ആവശ്യമില്ലായിരുന്നു അവൾക്ക്. കഴിഞ്ഞ ദിവസം കുളിമുറിയിൽ കയറിയ മകൻ പാമ്പിനെക്കണ്ട് പേടിച്ചതും മരിവിച്ചുനിന്ന മകനേയും ഭർത്താവിനേയും മറികടന്ന് അതിനെ കൊന്നതും ഓർമ്മ വന്നു. പാറ്റയേപ്പോലും പേടിയായിരുന്ന സാധുവായ തന്നെ പാമ്പിനെപ്പോലും നേരിടാൻ ചങ്കൂറ്റമുള്ളവളാക്കിയ മനുഷ്യനെ അതിശയത്തോടെ കണ്ടു. ഒരു പട്ടാളക്കാരന്റെ ചടുലതയോടെ തന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന, പുകയില തിന്നാൻ പ്രേരിപ്പിക്കുന്ന, രാത്രിയിൽ പുറത്ത് കറങ്ങിനടക്കാൻ തോന്നിപ്പിച്ച് മക്കാറാക്കുന്ന അയാൾ നൊമ്പരമായാണോ ആശ്വാസമായാണോ തന്നിൽ നിറയുന്നതെന്ന് അവൾക്ക് സംശയമായി.
‘എന്താ എന്റെ ഷർട്ട് ഇട്ടു നിൽക്കുന്നെ?’ ഷമീർ ചോദിച്ചു.
കണ്ണാടിയിൽ നോക്കി നിന്ന ജമീല പെട്ടന്ന് തിരിഞ്ഞ് മകനെ നോക്കി. ‘കഴുകാൻ എടുത്തതാണ്.’ ജാള്യത മറച്ച് അവർ പെട്ടന്ന് അഴിച്ചെടുത്തു.
‘എന്താ ഉമ്മിച്ചി പട്ടാളക്കാരാ കൊഴപ്പമൊന്നുമില്ലല്ലോ. ’ അവൻ ചോദിച്ചു. തല ചെരിക്കാതെ, കണ്ണുകൾ അല്പംപോലും വെട്ടാതെ പതിവില്ലാത്തവിധം ഉമ്മ അവനെ നോക്കി ചിരിച്ചപ്പോൾ വല്ലായ്മ തോന്നിയെങ്കിലും കൈകള്‍ കെട്ടിപ്പിടിച്ച്, ഒന്ന് തോണ്ടിച്ചിരിച്ച് ഷമീര്‍ പുറത്തേക്ക് പോയി.
മുതിർന്ന ആൺകുട്ടികൾ ഉമ്മയെ എന്തിനാണ് ഇങ്ങനെ കെട്ടിപ്പിടിക്കുന്നത്. മകനുമായുള്ള ഇടപഴകലിൽ തനിക്ക് പഴയ സന്തോഷം കിട്ടുന്നില്ലെന്ന് ജമീലക്ക് തോന്നി.
കാര്യങ്ങൾ ഓർത്തെടുക്കാനും ഭാവനയില്‍ കാണാനും ജമീലക്ക് കഴിയുന്നുണ്ടായിരുന്നു. യുക്തിയും ഭാവനയും തലച്ചോറിന്റെ ഇരുഭാഗങ്ങളിലുമായാണ് വച്ചിരിക്കുന്നത് എന്ന് ഷമീർ പറഞ്ഞതും ഓർമ്മ വന്നു.
‘നമ്മുടെ പ്രാര്‍ത്ഥനകളും നമ്മക്കറിയാവുന്ന കാര്യങ്ങളും തലച്ചോറിൽ അടുക്കിവച്ചിരിക്കും. ആവശ്യമൊള്ളത് പെട്ടെന്ന് എടുക്കാന്‍ പാകത്തിന്. ജനിക്കുമ്പോള്‍ മുതല്‍ മരിയ്ക്കുമ്പോള്‍ വരെയുള്ള ശീലങ്ങള്‍ അതില്‍ പതിഞ്ഞിട്ടുണ്ടാവും. ചൊട്ടയിലെ ശീലം ചുടലവരെ എന്നു കേട്ടിട്ടില്ലേ? ആരോഗ്യമുള്ള ശരീരത്തിനും തലച്ചോറിനും വേണ്ടി തുടര്‍ച്ചയായി ഉരുവിട്ട് പ്രാര്‍ത്ഥിക്ക്.’ ഷമീർ പറയും.
തലച്ചോറിലെ ഓരോ അണുവിലും അള്ളാഹുവിനെ നിറച്ച് ജമീല ലെസ്സി വിളമ്പി. കരയാതെ മിണ്ടാതെ കാത്തിരുന്നു. സൂയിസൈഡ് ബോംബറെപ്പോലെ ഇടക്ക് ചിരി അഭിനയിച്ചു.
പൂഞ്ചിൽ ഉഗ്രവാദികളുടെ നുഴഞ്ഞുകയറ്റം ശക്തമായപ്പോഴായിരുന്നു ജമീലക്ക് ഓപ്പറേഷൻ സാധ്യമാക്കിയ വീഴ്ച. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രതിരോധമന്തിയും പരിവാരങ്ങളും ജമ്മുവിൽ തങ്ങുന്ന സമയം. യുദ്ധം മുറുകിയതും രോഗം മൂർച്ഛിച്ച് ജമീല ബോധം കെട്ട് വീണതും ഒരേ ദിവസം. യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നീങ്ങി. വിളിക്കായി സ്പെഷിലിസ്റ്റ് സ്പെയിനിൽ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. അതിർത്തിയിൽ തുടരെത്തുടരെ ബോംബുകൾ വീണു. ജീവനുള്ള തല കിട്ടി. ചോരക്ക് ചോരയും കൈയ്യും കാലും ചേരുന്ന ന്യൂറോണുകളുള്ള ചെറിയാൻ വർഗ്ഗീസ് എന്ന മുപ്പത്തെട്ടുകാരൻ ഹവിൽദാറിന്റെ തല; പേരിന് മാത്രം ജീവൻ വച്ച്. സുഷുമ്നാ ശസ്ത്രക്രിയയിലും ന്യൂറോസർജറിയിലും തലയോട്ടിയുടെ അടിഭാഗത്തുള്ള ശസ്ത്രക്രിയയിലും അഗ്രഗണ്യനായ ഡോക്ടർ ഒലിവറുടെ മേൽനോട്ടത്തിലായിരുന്ന ഓപ്പറേഷൻ.
‘ശസ്ത്രക്രിയ വിജയമായിരുന്നു. ഇതിനുമുൻപ് ചെയ്തതിനെ അപേക്ഷിച്ച് കൃത്യമായി ചെയ്യാനായി എന്നാണ് വിശ്വാസം.’ ഓപ്പറേഷന് ശേഷം നടത്തിയ മീഡിയകോൺഫറൻസിൽ എക്സ്പെർട്ട് പറഞ്ഞു. ‘എനിക്ക് സംതൃപ്തി തോന്നുന്നു. ജമീല ശരിയായിക്കാണണം.
...ഓരോ മനുഷ്യന്റേയും തലച്ചോറിലെ ന്യൂറോസിസ്റ്റങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ട്. ജീവിതരീതി അനുസരിച്ച് തന്തുക്കൾക്ക് വലിപ്പച്ചെറുപ്പവും ഉണ്ടാവും. ടേബിളിൽ കിട്ടുന്ന രണ്ട് ബ്രെയിനുകളും പഠിക്കാനും ഒത്തുനോക്കി യോജിപ്പിക്കാനും കിട്ടുന്ന സമയത്തിന് പരിധിയുണ്ട്. ഈ കേസിൽ വലിയ വ്യത്യാസങ്ങൾ കണ്ടില്ല. ജമീലയുടെ ഭാഗ്യം.
സെറിബെല്ലത്തിൽനിന്ന് ഹൈപ്പോതലാമസിലേക്ക് കണക്ട് ചെയ്യാൻ ഒരു പിങ്ക് കോഡ് അധികം ഉണ്ടായി. ഏകദേശം ഫങ്ഷൻ ഒത്തുവരുന്ന നിറമുള്ള തന്തുവിന്റെ കൂടെ യോജിപ്പിക്കുക എന്നത് മാത്രമായിരുന്നു പരിഹാരം. കുഴപ്പമുണ്ടാവില്ല. നമുക്ക് നോക്കാം.
ജമീലക്ക് എന്താണ് സംഭവിക്കുക എന്നറിയാതെ മീഡിയക്കാർ അന്തിച്ചുനിന്നു.
...കമ്പ്യൂട്ടറിൽ പിങ്ക് നിറം കൊടുത്തിരിക്കുന്നത് പ്രണയം രതി തുടങ്ങിയ വികാരതന്തുക്കൾ ക്കാണ്. ജമീല നാല്പത് കഴിഞ്ഞതല്ലെ. പ്രശ്നം വരില്ല. ആകാംഷക്ക് മറുപടിയെന്നോണം ഡോക്ടർ വിശദീകരിച്ചു.
എല്ലാവരുടേയും പ്രാർത്ഥനപോലെ ജമീല കണ്ണുതുറന്നു. ഭാഗീകമായെങ്കിലും ലോകത്ത് ആദ്യമായി തലച്ചോർ മാറ്റിവക്കൽ ശസ്ത്രക്രിയ വിജയിപ്പിക്കാനായതിൽ ഇന്ത്യ അഭിമാനിച്ചു.
സായംസന്ധ്യയിൽ തലച്ചോറില്‍ ഒരു പെരുപെരുപ്പുപോലെ ജമീലക്ക് തോന്നി. അടുക്കളയില്‍ ശരിക്കൊന്ന് ഇരിക്കാന്‍ സ്ഥലമില്ലെന്ന് മനസ്സിലായത് ചാരിയിരിക്കണം എന്ന ചിന്ത കലശലായപ്പോഴാണ്. ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിച്ചു.
ഇറയത്തു കിടന്ന ചാരുകസാല അടുക്കളയിലേക്ക് വലിച്ചിട്ടു. വാഷ്ബേസിനടുത്തു വച്ചിരുന്ന കട്ടന്‍ചായയിൽ അല്‍പ്പം കൂടി വെള്ളം ചേര്‍ത്ത് നിറം കുറച്ച് ഉയര്‍ത്തി വെട്ടത്തിനുനേരെ പിടിച്ച് തൃപ്തയായി. വലതുകാൽ ഇടതുകാലിൽ മടക്കിവച്ചിളക്കി ഊതി സിപ്പ് ചെയ്യുമ്പോള്‍ എന്തെങ്കിലും കൊറിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി.
മൊബൈൽ കടയിൽ ജോലി ചെയ്യുന്ന സുന്ദരിയായ പെൺകുട്ടിയുടെ തുടിക്കുന്ന മാറിടം മനോമുകുരത്തിൽ തെളിഞ്ഞു. എന്തൊരു ആകാരഭംഗിയാണ് ആ മുലകൾക്ക് എന്ന് ഒരുഭാഗം വിചാരിക്കുകയും കൈകൾക്ക് തരിപ്പ് അനുഭവപ്പെടുകയും ചെയ്തപ്പോൾ ‘ശ്ശെ’ എന്ന വികാരമാണ് മറുഭാഗം മുഖത്ത് തേച്ചത്. എന്നാലും മദ്രാസ്സി ആള് മോശമായിരുന്നില്ലല്ലോ എന്ന് ജമീല പിറുപിറുത്തുപോയി. തന്റെ മനസ് തെറ്റിക്കുന്ന അയാളോട് അവൾക്ക് വെറുപ്പ് തോന്നി.
‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവേ ഞങ്ങളെ ശരിയായ മാർഗത്തിൽ നയിക്കേണമേ. ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.’
‘ബിസ്മില്ലാഹി റഹ്മാനിറഹീം. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. അറഹ്മാനിറഹീം.
മാലികി യൗമിദ്ധീൻ. ഇയ്യാകനഹ്ബുദു വഹിയ്യാ കനസ്തഹീൻ. ഇഹ്ദിന സീറാത്തുൽ മുസ്താഖീം. സിറാത്ത്വല്ലസീന അൻ ഹംത അലൈഹിം. ഒയിരിൽ മഗ്‌ലൂബി അലൈഹിം വല്ലല്വാലീൻ. ആമീൻ.’
ശരീരം ശുദ്ധിയാക്കി സന്ധ്യക്ക് മഗ്-രിബ് നിസ്കരിച്ചു. നിന്നുകൊണ്ട് പ്രാർത്ഥിച്ച് തുടങ്ങിയ താൻ മുട്ടുകുത്തിയാണ് നിൽക്കുന്നത് എന്നും കൈകൾ തൊഴുത് പിടിച്ചിരിക്കുകയാണ് എന്നും മനസ്സിലായത് നിസ്കരിക്കുന്നതിനിടക്കാണ്. ഹദീസുപ്രകാരം തോളുകൾക്കും ചെവികൾക്കുമിടയിൽ ഉണ്ടായിരുന്ന കൈകൾ തൊഴുതുപിടിക്കുമ്പോൾ സ്ഥാനത്തിന് വലിയ വ്യത്യാസമൊന്നും വരുന്നില്ലെന്നും ജമീല കണ്ടു. അള്ളാവിന്റെ സന്നിധിയിലും തന്റെ ഏകാഗ്രത നഷ്ടപ്പെടുന്നത് വലിയ പാപമായി തോന്നി ജമീലക്ക്. എഴുന്നേറ്റ് നിന്ന് കൈകൾ പിന്നോട്ട് മലർത്തി പ്രാർത്ഥന തുടർന്നു.
‘ദയാനിധിയായ അള്ളാഹുവേ സത്യനിഷേധികളുടേയും കപടൻമാരുടേയും കൈകളെ എന്നിൽനിന്നും നീ തടയേണമേ. ഇഹലോകത്തും പരലോകത്തും ഞങ്ങൾക്ക് നന്മ നൽകുകയും നരകശിക്ഷയിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.’
അകന്ന ബന്ധത്തിൽപ്പെട്ട സൂഫി കാണാൻ വന്നപ്പോൾ പറഞ്ഞതാണ് ഓർമ്മയിൽ തെളിഞ്ഞത്. അപരിചിതനായ ആൾ പ്രാർത്ഥനയിൽ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതിനെ ക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു അത്.
‘മകളെ, ഇത് നിന്റെ ഭാഗ്യമെന്ന് കരുതുക. എന്ത് പേരിട്ടുവിളിച്ചാലും ദൈവം ഒന്നേയുള്ളു. അന്യ മതങ്ങളെ ബഹുമാനിക്കാനല്ലെ റസൂൽ പറഞ്ഞിരിക്കുന്നത്. പല രൂപത്തിൽ, ഭാവത്തിൽ അവനെ കാണാൻ കഴിയുന്നത് ഭാഗ്യം തന്നെ.’ തിളങ്ങുന്ന കണ്ണുകളോടെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞു.
എന്താണ് മതം? മരണത്തിന് മതമില്ലല്ലോ. മതത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്നതാണോ ദൈവം? ഇപ്പോൾ ജീവനോടെ ഇങ്ങനെ നിൽക്കാൻ സാധിക്കുന്നത് ഏത് ദൈവത്തിന്റെ കാരുണ്യമാണ്? തനിക്ക് കിട്ടിയത് ഒരു ഹിന്ദുവിന്റെ തല ആയിരുന്നെങ്കിലോ? ആദ്യമായി അവൾക്ക് പട്ടാളക്കാരനോട് സ്നേഹം തോന്നി. മുട്ടുകുത്തിനിന്ന് കൈകൾ കൂപ്പി നന്ദി പറയണം എന്ന് തോന്നി.
‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ തമ്പുരാനെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.’ ചെറിയാൻ വർഗീസ് എന്ന അജ്ഞാതനെ ചേർത്ത് നിർത്തി കുരിശ് വരയ്ക്കുമ്പോൾ എത്ര ആനായാസമായിരുന്നു ഭാഷ എന്നും നെറ്റിയിലും കീഴ്താടിയിലും ഉദരത്തിലും കൈയ്യിന്റെ തുടർചലനങ്ങളെന്നും അവൾ അത്ഭുതപ്പെട്ടു.