Image

ഓണം :ചെറുകഥ :ഇര :അനശ്വര ശുഭ .വര :മറിയം ജാസ്മിന്‍

Published on 15 September, 2024
ഓണം :ചെറുകഥ :ഇര :അനശ്വര ശുഭ .വര :മറിയം ജാസ്മിന്‍


മുറിക്കുള്ളിലെ ജനാലയഴികള്‍ക്കിടയില്‍ ചിലന്തി വല നെയ്യുന്നത് അവള്‍ നോക്കിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി.

തിരശ്ചീനവും ലംബവുമായി എത്ര മനോഹരമായാണ് ആ ജീവി വല നെയ്യുന്നത്?

മുന്നിലൊരു ലക്ഷ്യം മാത്രം… ഇര!

സ്വയമൊരിക്കലും ഒരു ഇരയാവാതിരിക്കാന്‍ അതെത്രമാത്രം സൂക്ഷ്മത പുലര്‍ത്തുന്നു. എല്ലാ ജീവികളും അത്തരത്തിലാണോ?

ഞാനും സൂക്ഷിച്ചിരുന്നില്ലേ...?എന്നിട്ടും…?

ആദ്യമായി കണ്ട ഇരയേതാണ്..?.ഇരപിടിയനെയാണോ ഇരയെയാണോ ആദ്യം കണ്ടത്..?

അവളുടെ ഓര്‍മ്മകള്‍ കരിയില നീക്കി ചികഞ്ഞു നോക്കി..

സംശയമില്ല...ഇരപിടിയനെ തന്നെ.. അവര്‍ക്കാണീ പ്രപഞ്ചത്തില്‍ ആധിപത്യം..! ഇരകള്‍ക്കല്ലല്ലോ....? ഇരകളുടെ കരച്ചില്‍ തൊണ്ടയില്‍ നിന്ന് പുറത്തുവരികയില്ലല്ലോ..!

അന്നത്തെ ആ തവളയെപ്പോലെ..!

കുളക്കടവിലെ മാവിന്റെ പിന്നില്‍ താനടങ്ങുന്ന കുട്ടികള്‍ കളിക്കുന്ന ആ ഒഴിഞ്ഞയിടത്ത് വച്ച് തവിട്ടുനിറമുള്ള ഒരു അമ്മത്തവളയെ വിഴുങ്ങിയ പാമ്പാണ് അവളുടെ ഓര്‍മ്മയിലെ ആദ്യ ഇരയെ സൃഷ്ടിച്ചത്.. മണ്ണിലാഞ്ഞു ചാടി ശബ്ദമുണ്ടാക്കി അവിടങ്ങളിലെ കരിയിലക്കിടയില്‍ ഒളിച്ചിരുന്ന ആ തവളയെ അവളാണ് അന്ന് ആ പാമ്പിനു മുന്നിലേക്കെത്തിച്ചത്. അവളുടെ ഓരോ ചാട്ടത്തിനുമനുസരിച്ച് പേടിച്ച് കുതിച്ചുചാടിയ ആ തവള അത്തരമൊരു ചാട്ടത്തില്‍ ഇരയായി മാറി. തവളയെ വായിലാക്കി വിഴുങ്ങാന്‍ ഈ ഇരജന്തു കാണിച്ച പരാക്രമങ്ങളും തവളയുടെ വാ തുറന്നുള്ള അവസാനനോട്ടവും ദിവസങ്ങളോളം ആ എട്ടുവയസ്സുകാരിയെ ദുസ്വപ്‌നരൂപത്തില്‍ വേട്ടയാടിയിരുന്നു.

ഇരയെയാണോ ഇരപിടുത്തക്കാരനെയാണോ താന്‍ വെറുത്തതെന്നറിയാതെ അന്നുമുതല്‍ അവള്‍ ഇന്നോളം കഴിച്ചുക്കൂട്ടി...

ആ ചിന്തകളില്‍ നിന്നെല്ലാമവള്‍ റിയാലിറ്റിയിലേക്ക് പതുക്കെ വന്നു.

ചിലന്തി ഇപ്പോഴും വലനെയ്യുകയാണ്.

മുറ്റത്താകെ ശബ്ദം. കോഴികള്‍ ചിക്കിചെകഞ്ഞു നടക്കുന്നു. അടവെച്ചുവിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയാദ്യമായി പുറത്തേക്ക് വിട്ടതാണ്. 

ഈ അമ്മയെന്താണിവയെ നോക്കാത്തത്.?

താനെത്ര ദിവസങ്ങള്‍ കാത്തിരുന്നതാണ്.? ഇരുപത്തിനാലോ ഇരുപത്തഞ്ചോ..?അവളോര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

അവളുടെ കഴിഞ്ഞ മാസക്കുളി ദീവസത്തിനും മുന്നെയാണ് അമ്മ അവയെ അടവച്ചത്. അങ്ങനെയെങ്കില്‍ ഇന്നേക്ക് മുപ്പത് തികഞ്ഞോ..? അടിവയറിനു നല്ല വേദനയുണ്ട്.

ഓര്‍മ്മ കിട്ടുന്നില്ല.

അവള്‍ കോഴിക്കുഞ്ഞുങ്ങളെ നോക്കി. അമ്മക്കോഴി ചിക്കിചികഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നു. പെട്ടെന്നാണ് അമ്മക്കോഴി പാതിവിടര്‍ന്ന മുറ്റത്തെ ററോസാച്ചെടിയിലെ മൊട്ടുകള്‍ക്കിടയിലേക്ക് ചാടിക്കൊത്തുന്നത്. കൊത്തിയതിനെ കുഞ്ഞിക്കോഴികള്‍ക്കു മുന്നിലേക്കിടുന്നതേ കണ്ടുള്ളൂ..ബാക്കിയെല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു.അപ്പോഴാണ് തള്ളക്കോഴി മുകളിലേക്ക് നോക്കി കൊക്കിവിളിച്ച അതേ നേരം എല്ലാ കുഞ്ഞുങ്ങളും ഓടിയൊളിച്ചതും എത്ര വേഗമാണ്..?

എല്ലാം വളരെ വേഗം സംഭവിച്ചു.

വീണ്ടും ഇര…!, ഇരപിടുത്തം..!

പ്രകൃതിയുടെ രൗദ്രഭാവം.. അര്‍ഹതയുള്ളവന്റെ അതിജീവനം.. 

പുല്ല്, പുല്‍ച്ചാടി, കോഴി, പരുന്ത്......

ഉത്പാദകര്‍, പ്രാഥമിക ഉപഭോക്താവ്, ദ്വിതീയ ഉപഭോക്താവ്.....

ബയോളജി ക്ലാസിലെ അലമുറകള്‍.

എല്ലാത്തിനും മുകളില്‍ മനുഷ്യന്‍... എല്ലാത്തിനെയും ഇരയാക്കി ആനന്ദം കണ്ടെത്തുന്നവന്‍...

അവള്‍ കണ്ണുകള്‍ മുറുക്കിയടച്ചു. 

കണ്ണുകളില്‍ പ്രകൃതിയുടെ ഇരഭാവം...പുഴു, തവള.....അങ്ങനെ നീളുന്ന ശൃംഖല.... ഇരയുടെ ദയനീയ പിടച്ചില്‍... പുറത്തേക്കു വരാത്ത കരച്ചിലുകള്‍... അലറിവിളിക്കുന്ന യാചനകള്‍..., ഒടുവില്‍ ചോരയുടെ ചുവപ്പ്..!. സംതൃപ്തിയുടെ ഏമ്പക്കസ്വരങ്ങള്‍....! അവള്‍ക്കു ചുറ്റും നിന്നും അനേകായിരം ഇരകള്‍ മുറവിളി കൂട്ടുന്നു.

“മോളേ...”

അമ്മയുടെ താഴ്ന്ന ശബ്ദം കേട്ട് ഇരകളെല്ലാം ഓടിയൊളിച്ച പോലെ..!

അവള്‍ ഞെട്ടിത്തരിച്ചു കണ്ണുതുറന്നു.

പെട്ടെന്നുണ്ടായ ആ അവസ്ഥാസംക്രമണത്തില്‍ അവളുടെ കൈതട്ടി മേശയിലിരുന്ന ഫ്‌ളവര്‍വേസ് താഴെ വീണു പൊട്ടി.

ശബ്ദം കേട്ട് പെട്ടെന്നുതന്നെ അച്ഛനും ചിറ്റമ്മയും വന്നുനോക്കി. ആരും ഒന്നും മിണ്ടിയില്ല. പണ്ടാണെങ്കില്‍ ഇങ്ങനെയൊരു ശബ്ദം കേട്ടാല്‍ ആദ്യം ഉയരുക അച്ഛന്റെ ശബ്ദമാണ്...വല്ലതും പൊട്ടിയതാണെന്നോ മറ്റോ അറിഞ്ഞാല്‍ പിന്നെ ചൂരലിന്റെ ശബ്ദമാകും കേള്‍ക്കുക. ഇന്നതില്ല. എല്ലാവര്‍ക്കും എന്തൊരു മാറ്റം.

അമ്മ പതിവുപോലെ കുനിഞ്ഞിരുന്നു കുപ്പിച്ചില്ലുകള്‍ പെറുക്കാന്‍ തുടങ്ങി.

തകര്‍ന്നുവീണ ആ കുപ്പിച്ചില്ലുകളില്‍ തട്ടി അമ്മയുടെ കൈമുറിഞ്ഞു ചോരകിനിഞ്ഞു.അതാരെയും അറിയിക്കാതെ അമ്മ ആ കുപ്പിച്ചില്ലുകളെല്ലാം പെറുക്കിയെടുത്ത് പുറത്തേക്ക് പോയി.

എല്ലാ ഇരയുടെയും ചോരക്ക് ചുവപ്പുനിറമാകുമോ..?

അമ്മയ്ക്ക് കൈ മുറിഞ്ഞപ്പോള്‍ അത് നോക്കിക്കൊണ്ടു നിന്നതിലവള്‍ക്കപ്പോള്‍ കുറ്റബോധം തോന്നി.. ഒന്നും ചെയ്യാന്‍ പറ്റാത്ത ഇരപോലായോ താനും...?

ഓര്‍മ്മകളിരകളായി അവള്‍ക്കു ചുറ്റും കൂടാന്‍ തുടങ്ങുന്നതിനു മുമ്പേ അവള്‍ ക്ലാസിനെ പറ്റിയാലോചിച്ചത്. 

‘എന്റെ ബയോളജി ബുക്കെവിടെ..?’

ബുക്ക് തപ്പി കണ്ണാടിക്കു മുന്നിലെത്തിയപ്പോഴാണ് അവള്‍ അവളെത്തന്നെ കാണുന്നത്.. വലത്തേ നെറ്റിയില്‍ മുറിവ്... കഴുത്തിലും കവിളിലും നീലിച്ച പാട്.. ദേഹം മുഴുവന്‍ വീങ്ങിയിരിക്കുന്നു..

“അമ്മേ.....”

അവളുടെ വിളിക്കൊപ്പം കണ്ണുനിറഞ്ഞൊഴുകാന്‍ തുടങ്ങി.

“മോളേ...ആരോടും ഒന്നും പറയരുത്...”

“ആരോടെന്തു പറയാന്‍...?”

പറഞ്ഞാല്‍ത്തന്നെ മനസിലാകുമോ..?!

അവള്‍ താനിട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണുകഴിച്ച് നോക്കി.. കടിച്ച് മുറിഞ്ഞ പാടുകള്‍...

ആഴത്തിലിറങ്ങിയ പല്ലിന്റെ അടയാളങ്ങള്‍...

പെട്ടെന്നാണ് അമ്മയുടെ പൊട്ടിക്കരച്ചില്‍ കേട്ടത്.. ചുമരിനോട് ചേര്‍ന്നു നിന്ന് അമ്മ മുഖമമര്‍ത്തി കരയുന്നു. ആദ്യമായാണ് അമ്മ അങ്ങനെ..

“ന്റെ മോളേ.....ന്റെ കുട്ടിക്കീ ഗതി വന്നല്ലോ....”

അമ്മയുടെ ഏങ്ങലടികള്‍ക്കൊപ്പം അതുമാത്രമുയര്‍ന്നുവന്നു. ചിറ്റമ്മവന്നു അമ്മയെ ആശ്വസിപ്പിക്കുന്നു. പിറകില്‍ മുഖം താഴ്ത്തി അച്ഛനും..

അപ്പോഴേക്കും ചിലന്തി വല നെയ്തിരുന്നു. ഇരയ്ക്കായുള്ള കാത്തിരിപ്പ്

ആരോ ഹാളിലെ ടിവി പതിഞ്ഞ സ്വരത്തില്‍ വച്ചിരിക്കുന്നു. ഇരയുടെ ഏങ്ങലടികളും ഞരക്കവും കേള്‍ക്കാത്ത എന്തെങ്കിലുമൊന്ന് ടിവിയിലും വച്ചിരുന്നെങ്കില്‍..

അവള്‍ ഹാളിലേക്ക് നടന്നു. ഹാളിലെ കസേരയില്‍ അവളുടെ ടീച്ചര്‍മാരും കൂട്ടുകാരികളുടെ അച്ഛനും അമ്മയുമൊക്കെയിരിക്കുന്നു. അവളെ കണ്ടതോടെ എല്ലാവരും നിശബ്ദമായി പകച്ചുനോക്കി..

അവള്‍ ശബ്ദം കുറച്ചുവച്ചിരിക്കുന്ന വാര്‍ത്താചാനലിലേക്കു നോക്കി. 

വെള്ളിയാഴ്ച ട്യൂഷന്‍ കഴിഞ്ഞു മടങ്ങിവരുന്ന വഴി മധ്യേയുള്ള പാലത്തിനടത്തുവച്ചാണ് സംഭവം. അടുത്ത് ആരാധനാലയവും സ്‌കൂള്‍ഗ്രൗണ്ടും വാഹനങ്ങള്‍ കടന്നു പോകുന്ന റോഡും ഉണ്ടായിരുന്നുവെങ്കിലും ഈ സംഭവം നടന്നതാരും കണ്ടില്ല എന്നത് ശ്രദ്ധേയമായികാണേണ്ടതാണ്.  സംഭവം നടന്ന മൂന്നു ദീവസത്തിനപ്പുറം പ്രതികളെ പിടികൂടാന്‍ സാധിച്ചത് പോലീസിന്റെ നേട്ടമായി കരുതുന്നു. സംഭവസമയം പ്രതികള്‍ മയക്കുമരുന്നു ലഹരിയിലായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് ഇവരെ മുന്‍പരിചയമുണ്ടോ എന്ന സംശയമുയരുന്നുണ്ട്. ഇരക്കുമുന്നില്‍ ഇന്നു വൈകിട്ടുതന്നെ പ്രതികളെ തിരിച്ചറിയലിനായി എത്തിച്ചേക്കുമെന്നാണ് കരുതുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതിനായി പോലീസ്സംഘം ഇപ്പോഴെത്തുമെന്നാണ് നമ്മുക്കറിയാന്‍ കഴിഞ്ഞത്...ഇരയുടെ വീടിനു സമീപത്തു നിന്നും ക്യാമറാമാനോടൊപ്പം റിപ്പോര്‍ട്ടര്.....

അവള്‍ പകച്ചുപോയി.. കാണുന്നത് തന്റെ വീടും പരിസരവും..

മുറ്റത്താകെ തിക്കും തിരക്കും ..ക്യാമറാക്കണ്ണുകളും...

അമ്മയുടെയും അച്ഛന്റെയും ഏങ്ങലടികള്‍ ഉയര്‍ന്നുവരുന്നു...

അവളുടെ മുറിക്കുള്ളിലെ ചിലന്തിവലയില്‍ കിടന്ന് ഇര പിടയുന്നു..ചോര തെറിക്കും മുമ്പേ അവള്‍ കണ്ണുകള്‍ മുറുക്കിയടച്ചു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക