Image

ഓണം :ചെറുകഥ:തൃപ്രസാദം - സൂര്യ വെണ്ണിയൂർ ; വര :പി ആര്‍ രാജന്‍

Published on 15 September, 2024
ഓണം :ചെറുകഥ:തൃപ്രസാദം -  സൂര്യ വെണ്ണിയൂർ ;   വര :പി ആര്‍ രാജന്‍

 ഇടതിങ്ങി നിൽക്കുന്ന കുന്നുകളുടെ പശ്ചാത്തലത്തിൽ കണ്ണെത്താത്ത ദൂരം വരെ നീണ്ടുകിടക്കുന്ന താഴ്‌വരകളും പൂക്കളും പുഴകളും സമ്പന്നമായ രദനപുരി എന്ന സുന്ദരമായ നാട്ടുരാജ്യം, ഈ ലോകം എത്ര സുന്ദരമാണ്. ഉദിച്ച് പൊങ്ങുന്ന സൂര്യനും പൂക്കളും മാത്രമാണ് സൗന്ദര്യം എന്നതിന്‍റെ തിരുത്തിക്കുറിക്കലാണ് രദനപുരിയിലെ ആരുടെയും മനംമയക്കുന്ന രാജകുമാരിമാർ.

                    രാജാവ് ഹരിദ്വാറിന്‍റെയും ഉമേശ്വരിയുടെയും ഒരേയൊരു മകളായ കാർദ്ധിനികയും അങ്ങനെതന്നെ ആയിരുന്നു. ആരും കൊതിക്കുന്ന രൂപഭംഗിയും, മെയ് വഴക്കവും അവളിൽ ഉണ്ടായിരുന്നു. പതിവ് തെറ്റാതെ അവൾ ഏഴരവെളുപ്പിന് എണീറ്റ് കുളിച്ച് കളഭവും കുങ്കുമവും തൊട്ട് മുല്ലയും തുളസിയും ചൂടി വിലമതിക്കാനാകാത്ത ആടയാഭരണങ്ങൾ അണിഞ്ഞാൽ, ആരുമൊന്നു നോക്കിനിന്നു പോകും. കറുത്ത് ഇടതൂർന്ന കേശവും ചെന്താമര ഇതളുകൾ പോലെയുള്ള കണ്ണുകളും പനിനീർപ്പൂക്കളെ തോൽപ്പിക്കുന്ന അധരങ്ങളും വെണ്ണയിൽ കടഞ്ഞെടുത്ത വെളുത്തു തുടുത്ത മെയ്യും ചോര പൊടിയുന്ന കവിൾത്തടങ്ങളും ആരുടെയും മനസ്സിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. കൊട്ടാരത്തിൽ ഉള്ളവർ പോലും അവളുടെ ഈ രൂപലാവണ്യത്തിൽ അസൂയപൂണ്ടിരുന്നു എന്നതാണ് പരമമായ സത്യം. അവൾ കൊട്ടാരത്തിനുള്ളിലെ രാഗനീർ എന്ന മനോഹരമായ പക്ഷികൾ വന്നുപോകുന്ന താടാകത്തിലോ പൂന്തോട്ടത്തിലോ ഒഴിവു സമയം ചിലവഴിക്കാൻ അതീവ സന്തോഷവും താത്പര്യവും പ്രകടിപ്പിച്ചിരുന്നു. രാജ്യകാര്യങ്ങളിൽ ഒന്നുംതന്നെ യാതൊരുവിധ താത്പര്യവും അവൾക്ക് ഉണ്ടായിരുന്നില്ല. എന്തൊക്കെത്തന്നെ ആയാലും തോഴിമാർ അവളോട് രാജ്യത്തിലെ പല വിശേഷങ്ങളും പങ്കുവയ്ക്കുക പതിവായിരുന്നു. എന്നാൽ അവൾ അതിലൊന്നും തന്നെ വലിയ ശ്രദ്ധ നൽകിയിരുന്നില്ല. പക്ഷേ വിശേഷങ്ങൾ പറയുന്നതിനിടയിൽ പലപ്പോഴും കൊട്ടാരത്തിലെ സമർത്ഥനായ യോദ്ധാവ് അംബകിഷോറിന്‍റെ കഥകളും അവർ പറഞ്ഞിരുന്നു. എന്നാലും അവൾക്ക് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പതിവായി അദേഹത്തിന്‍റെ വിശേഷങ്ങൾ കേട്ടപ്പോൾ അവളറിയാതെ തന്നെ അദ്ദേഹം അവളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞിരുന്നു. പിന്നെ അദ്ദേഹത്തെക്കുറിച്ച് കേൾക്കാൻ വേണ്ടി മാത്രമായി ഉണരുന്നത് പോലും. അവൾ ഒരിക്കൽ അവളുടെ ഉറ്റതോഴിയോട് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

    അവൾക്ക് അയാളോടുള്ള ഇഷ്ടം കത്തിജ്വലിച്ചുനിൽക്കുന്ന സുര്യനെ പോലെ വർദ്ധിച്ചു വന്നു. വെറുമൊരു ഇഷ്ടം അല്ല. മുൻജന്മത്തിൽ പരിചയമുണ്ടെന്ന പോലുള്ള അതിതീവ്ര പ്രണയം എന്നു തന്നെ പറയണം.

അവൾ രാവും പകലും അദ്ദേഹത്തെ കാണുവാനുള്ള വഴികൾ തേടി. കൂടുതൽ സമയവും ഏകാന്തയായി ചിന്തകളിൽ മുഴുകി. പുന്തോട്ടത്തിലെ പൂക്കളും തേൻ നുകരുന്ന വണ്ടും എല്ലാം തന്നെ അവളുടെ മനസ്സിൽ പ്രണയത്തിലെ മാസ്മരികത വർദ്ധിപ്പിച്ചു. കൊട്ടാരത്തിലെ നാലുചുമരുകൾക്കുള്ളിൽ നിന്നും വിശാലമായ പുറം ലോകത്തേക്ക് പോകുവാൻ മനസ്സ് വല്ലാതെ തുടിച്ചു. അതിനിടയിൽ അദ്ദേഹത്തെക്കുറിച്ചറിയുവാനുളള അതിയായ മോഹം കൊട്ടാരത്തിലെ തോഴിമാരോട് പ്രകടിപ്പിച്ചു.

             അവളുടെ തോഴിമാരിൽ ഒരാൾ അദ്ദേഹത്തെക്കുറിച്ച് ഒരു കഥ പറഞ്ഞു കൊടുത്തു. പക്ഷേ സത്യം എന്താണെന്നറിയില്ല. അതെന്തെന്നാൽ അദ്ദേഹത്തിനെ ഒരു യുവതി അതിതീവ്രമായി പ്രണയിച്ചു. പക്ഷേ ആ പ്രണയം തിരിച്ച് അദ്ദേഹത്തിനങ്ങോട്ട് തോന്നിയതേയില്ല. അദ്ദേഹം പോകുന്ന അമ്പലങ്ങളിലും, പഠനശാലയിലും എല്ലാം അദ്ദേഹത്തിനെ കാണുവാനായി അവൾ കാത്തുനിൽക്കും. പക്ഷേ അവൾ അദ്ദേഹത്തോട് ഒന്നും സംസാരിച്ചിരുന്നില്ല. പതിയെ പതിയെ ദൂരെ നിന്നുള്ള സന്ദർശനം വളരെ അടുത്തായി തുടങ്ങി. പതിവായി കണ്ടു കണ്ട് അദ്ദേഹത്തിനും തിരിച്ച് ആ ഇഷ്ടം തോന്നിത്തുടങ്ങി. സ്നേഹത്തിന്‍റെ പാതയിൽ എപ്പോഴോ അദ്ദേഹത്തിന്‍റെ ആ സ്നേഹവും കരുതലും വെറുമൊരു പാഴ് വസ്തു പോലെ നിഷ്കരുണം അവൾ വലിച്ചെറിഞ്ഞു.

       ഏകാന്തത മനസ്സിനെ വല്ലാതെ അലട്ടുന്നുവാൻ തുടങ്ങി. മനസ്സിനെ നിയന്ത്രിക്കുവാൻ കഴിയാതെയായി. കുറ്റപ്പെടുത്തലുകളെ അദ്ദേഹം സ്നേഹിക്കുവാൻ തുടങ്ങി. മനസ്സിൽ പ്രണയമെന്ന വികാരത്തെ നിഷ്കരുണം തള്ളി കളഞ്ഞു. മറ്റൊരു സ്ത്രീയും അദേഹത്തിന്‍റെ ജീവിതത്തിൽ ഇനി ഒരിക്കലും കടന്നുവരരുതെന്ന് തന്നെ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം പിന്നീടുള്ള ജീവിതത്തിൽ ഓരോ നിമിഷവും ആ യുവതിയുടെ ഓർമ്മകളിൽ ജീവിച്ചു. എന്നെങ്കിലും ഒരു ദൂത് അയയ്‌ക്കുമെന്നയാൾ വിശ്വസിച്ചു.അങ്ങനെ ഇന്നും അദ്ദേഹം ആ യുവതിയുടെ ഓർമകളിൽ ജീവിക്കുകയാണ്.

          അതിനുശേഷം തോഴി അദ്ദേഹത്തെക്കുറിച്ചു നാട്ടിൽ പറയപ്പെടുന്ന മറ്റൊരു കഥയെക്കുറിച്ചും പറയുകയുണ്ടായി. അതെന്തെന്നാൽ അദേഹത്തിന്‍റെ സഹോദരിക്കൊപ്പമാണ് അദ്ദേഹത്തെ സ്നേഹിച്ച യുവതിയും ഗുരുകുലത്തിലേക്കു പോകുന്നത്. പതിവായി തന്‍റെ സഹോദരിയെ കൂട്ടാനായി വീട്ടിൽ വന്നുകൊണ്ടിരുന്നു.പല പഠനസംബന്ധമായ കാര്യങ്ങളിലെ സംശയങ്ങളും പരസ്പരം പങ്കുവച്ചു. അതിനിടയിൽ ഒരു ദിവസം ആ യുവതി അദ്ദേഹത്തിനോടുള്ള ഇഷ്ടം കുറച്ചൊന്നു പേടിച്ചിട്ടാണെങ്കിലും തുറന്നു പറഞ്ഞു. അദ്ദേഹം ആദ്യമൊക്കെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു എന്നിട്ടും അവൾ ആ പ്രണയത്തിൽ നിന്നും പിൻമാറിയില്ല. നാളുകൾ കടന്നുപോയി അദ്ദേഹം ആ ഇഷ്ടം പതിയെ സ്നേഹപൂർവ്വം സ്വീകരിച്ചു. വീണ്ടും ഋതുക്കൾ മാറി വന്നു പരസ്പരം കാണാതെ ഒരു ദിവസം പോലും കഴിയില്ല എന്ന അവസ്ഥയിലായി.അവളുടെ വിദ്യാഭ്യാസം പൂർത്തിയായി.എന്നിട്ടും പലപ്പോഴും ആ യുവതി അദ്ദേഹത്തെ കാണുന്നതിനായി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വന്നിരുന്നു. ദിവസങ്ങൾ കഴിയും തോറും കാരണങ്ങളില്ലാതെ അവൾ അദ്ദേഹത്തോട് പിണങ്ങുവാൻ തുടങ്ങി. പെട്ടെന്നൊരു ദിവസം, മറ്റൊരു രാജ്യത്തിലെ യുവാവുമായി അവൾക്ക് വിവാഹം നിശ്ചയിച്ചു എന്നും അവൾക്കും അതിൽ യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹത്തിന് അറിയുവാൻ കഴിഞ്ഞു.

        അതിനു ശേഷം അദ്ദേഹത്തിന്‍റെ സമനില പതിയെ തെറ്റാൻ തുടങ്ങിയിരുന്നു പിന്നീടൊരിക്കലും അവർ പരസ്പരം കണ്ടതേയില്ല. മാസങ്ങൾക്ക് ശേഷം അവളുടെ വിവാഹം കഴിഞ്ഞു മറ്റൊരു ഗ്രാമത്തിലേക്ക് പോയതായി അദ്ദേഹം അറിഞ്ഞു. അവളുടെ ഓർമ്മകളിൽ ജീവിച്ചുകൊണ്ട് ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹം വിശപ്പും ദാഹവും പോലും മറന്ന് വല്ലാത്തൊരു ഏകാന്തതയിൽ എത്തിചേർന്നു. അദ്ദേഹത്തിന്‍റെ കാന്തിയാർന്ന മുഖം വിളറിത്തുടങ്ങി. തെരുവിലൂടെ പലപ്പോഴും അദ്ദേഹത്തെ ക്ഷീണിച്ച്, ഏകാന്തമായ അന്തരീക്ഷത്തിൽ കാണുവാനിടയാക്കി. വിവാഹത്തിനുശേഷം ആ യുവതി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായി കഴിഞ്ഞിരുന്നു. അദ്ദേഹം ശരീരം മെലിഞ്ഞു ക്ഷീണിതനായി എല്ലും തോലുമായി അങ്ങനെ വീഥിയിലൂടെ നടക്കുമ്പോൾ ഏതോ കാളവണ്ടി അദ്ദേഹത്തെ തട്ടി തെറിപ്പിച്ചു. ബോധരഹിതനായി അദ്ദേഹം വീഥിയിൽ വീണു. ആളുകൾ ഓടിക്കൂടി വളരെ വേഗം അദ്ദേഹത്തെ ഗ്രാമത്തിലെ ഒരു വൈദ്യന്‍റെ അടുക്കൽ എത്തിച്ചു.

            എന്നാൽ അതേസമയം അദ്ദേഹത്തെ പ്രണയിച്ച അദ്ദേഹം പ്രണയിച്ച ആ യുവതിയും അതേ രാത്രി അവളുടെ വീട്ടിൽ പ്രസവവേദനയിൽ നിലവിളിച്ചു കൊണ്ടിരുന്നു. ശരീരമാസകലം വരിഞ്ഞു മുറുകുന്ന വേദന, എല്ലുകൾ നുറുങ്ങുന്ന പ്രാണൻ നഷ്ടപെടുന്ന വേദന. ഇതിനിടയിൽ അവൾ ഈശ്വരനെ കണ്ടു. അവളുടെ വീട്ടുകാർ അവരുടെ നാട്ടിലെ ഒരു വയറ്റാട്ടിയെ അന്വേഷിച്ചു.പക്ഷേ അവർ ആ ദിവസം മറ്റൊരു ഗ്രാമത്തിൽ പോയിരുന്നു.

         സമയം കടന്നുപോകുന്തോറും വേദന കൂടികൊണ്ടിരുന്നു. നിലവിളിയും വർദ്ധിച്ചുവന്നു.കോരിച്ചൊരിയുന്ന മഴയും, ഇടിയും മിന്നലും അകമ്പടി സേവിച്ചു. വീട്ടിലെ എല്ലാപേരും ചേർന്ന് അടുത്തുള്ള വൈദ്യന്‍റെ അടുത്തേക്കു അവളെ എത്തിച്ചു. പെട്ടന്നവളുടെ കണ്ണുകൾ അങ്ങോട്ടേക്ക് ഉടക്കി.അവിടെ എത്തിയമാത്രതന്നെ അവൾക്ക് ആദ്യം ദർശിക്കുവാൻ കഴിഞ്ഞത് അംബകിഷോറിന്‍റെ മെലിഞ്ഞുണങ്ങിയ വാടിയ മുഖത്തോട് കൂടിയ ശരീരം താങ്ങിപിടിച്ച കുറേ പേരെയാണ്.ആ നിമിഷം അവൾ കരയാൻ പോലും മറന്നു. വേദന പോലും ഉള്ളിലൊതുക്കി പെട്ടെന്നവൾ പഴയ ഓർമ്മകളിലേക്ക് വഴുതിവീണു. അവളുടെ മനസ്സിൽ വ്യാകുലതകൾ വർദ്ധിച്ചു, ഹൃദയമിടിപ്പ് വർദ്ധിച്ചു, ശ്വാസം മുട്ടുന്നതു പോലെ തോന്നി മനസ്സ് കലുഷിതമായി. ആ സമ്മർദ്ദം അവളുടെ കുഞ്ഞിനെയും അസ്വസ്ഥമാക്കി ഉള്ളിലെ വേദനകളെല്ലാംകൂടി പെട്ടെന്നൊരു നിലവിളി. "അമ്മേ…….അമ്മേ…… എനിക്ക് സഹിക്കാൻ പറ്റുന്നില്ല…….. ഈശ്വരാ.. "അപ്പോഴേക്കും അവളൊരു അമ്മയായി മാറി കഴിഞ്ഞിരുന്നു. അമ്മയായതിലുപരി വന്നപ്പോൾ കണ്ട കാഴ്ചകൾ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടിരുന്നു. കാലംതെറ്റി പെയ്ത മഴപോലെ ചിരിക്കേണ്ട സമയം അവളുടെ കണ്ണുകൾ ഈറനണിഞ്ഞു കവിൾത്തടങ്ങൾ ചുവന്നു തുടുത്തു. അവൾക്ക് അവളോട് തന്നെ വെറുപ്പും, കോപവും അടക്കാനായില്ല. കുഞ്ഞിന്‍റെ കരച്ചിലും അവളെ വല്ലാതെ കോപാകുലയാക്കി. ദിനവും അദ്ദേഹത്തെ കാണാനുള്ള ശ്രമം നടത്തി. പക്ഷേ ഒന്നും വിജയം കണ്ടില്ല. അപ്പോഴേക്കും അയാൾക്കുള്ള ചികിത്സ കഴിഞ്ഞു അവിടംവിട്ട് മറ്റേവിടെയോ പോയി എന്ന് അവൾക്കു അറിയുവാൻ കഴിഞ്ഞു.

             കുഞ്ഞിന്‍റെ നിറം കറുത്തിട്ടാണ്. എന്നിരുന്നാലും ആ കുഞ്ഞിൽ അവൾ അവളുടെ പ്രണയ നായകനായ അംബകിഷോറിന്‍റെ മുഖമായി തോന്നിക്കൊണ്ട് തന്നെ അവനെ നോക്കി വളർത്തി. അംബകിഷോറിന്‍റെ ഓർമ്മകൾ പലപ്പോഴായി അവളുടെ കുടുംബ ജീവിതത്തിൽ വിള്ളൽ വിഴ്ത്തികൊണ്ടിരുന്നു. പാൽ അടുപ്പത്തു വച്ചാൽ ഇറക്കാൻ മറക്കുക,കുഞ്ഞിനെ ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലും ചിന്തകളിൽ മുഴുകി ഇരിക്കുക, ആരോടും മിണ്ടാതെ ഏകാന്തത ഇഷ്ടപ്പെടുക ഇതൊക്കെ അവളിൽ കണ്ടു തുടങ്ങി അതിനാൽ തന്നെ ആ ഓർമ്മകൾക്കു മുന്നിൽ അവൾ അവളുടെ ഭാവി ജീവിതം തന്നെ ഹോമിച്ചു. ആ മകനെയും ഭാര്യയെയും ഉപേക്ഷിച്ച് അവളുടെ ഭർത്താവ് മറ്റൊരു നാട്ടിലേക്കു പോയി. ഏകാന്തമായ ജീവിതത്തിൽ ആ കുഞ്ഞിനൊപ്പം അവൾ കഴിഞ്ഞു.

                കാലങ്ങൾ കടന്നു പോയി. കുഞ്ഞു നടക്കുവാൻ തുടങ്ങി.ഗുരുകുല വിദ്യാഭ്യാസം ആരംഭിച്ചു. ഇടയ്ക്ക് എപ്പോഴോ അദ്ദേഹത്തെ അവൾ കണ്ടുമുട്ടുകയും ചെയ്തു. അവർ ഇരുവരും പരസ്പരം കുറച്ചു സമയം സംസാരിച്ചു. അവൾ കഴിഞ്ഞതിനൊക്കെ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. യാതൊരുവിധ കോപവും പ്രകടിപ്പിക്കാതെ അദ്ദേഹം എല്ലാം സമാധാനപൂർവ്വം ശ്രവിച്ചു അതിനുശേഷം മകനെ വളർത്തി ഉയരങ്ങളിൽ എത്തിക്കുവാൻ പറഞ്ഞു. തനിക്ക് ഇനി ഒരു ജീവിതം ഇല്ലെന്നും പറഞ്ഞു. പക്ഷേ ഈ കഥകളിൽ ഏതുതന്നെ ആയാലും കൊട്ടാരത്തിനുപുറത്ത് രാജ്യത്തിൽ ഇതൊക്കെ പരസ്യമായ രഹസ്യമാണ്. ഇങ്ങനെ പലകഥകളും പറയപ്പെടുന്നുണ്ട്, എന്തു തന്നെ ആയാലും കുമാരിക്കു വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. താൻ തോഴിയോട് ഇത്തരമൊരു കാര്യം സംസാരിച്ചത് ഇനി ആരോടും പറയണ്ടെന്നു തോഴി കുമാരിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ മംഗല്യം ചെയുവാനാണ് ഇതൊക്കെ എങ്കിൽ കുമാരി അറിയുക.അദ്ദേഹം പ്രായത്തിൽ യുവതിയെക്കാൾ ഒരുപാട് മുന്നിലാണ്, മാത്രവുമല്ല എണ്ണകറുപ്പും, കുമാരിയുടെ സൗന്ദര്യത്തിന്‍റെ ഏഴയലത്തു പോലും ആ യോദ്ധാവ് വരുകയില്ല. മാത്രവുമല്ല രാജാവ് ഇതൊക്കെ അറിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക എന്നു പറയുവാൻ പോലും കഴിയില്ല. മാത്രവുമല്ല ഒരു രാജകുമാരി യോദ്ധാവിനെ പ്രണയിച്ചു എന്നു കൊട്ടാരത്തിലറിഞ്ഞാൽ! അത് ഈ രാജ്യത്തിനും രാജകൊട്ടാരത്തിനും തന്നെ വളരെയധികം അപമാനകരമാകും മാത്രവുമല്ല കുമാരി സ്നേഹിക്കുന്നതു പോലെ അദ്ദേഹവും തിരിച്ച് കുമാരിയെ സ്നേഹിക്കുമെന്നൊരു ഉറപ്പും ഇല്ല. തിരിച്ച് ആ സ്‌നേഹം കിട്ടാതെ വരുമ്പോൾ കുമാരിയുടെ മനസ്സും അസ്വസ്ഥമാകും.തോഴിമാരുടെ വാക്കുകൾ ഒന്നും തന്നെ പ്രണയം  അന്ധമാക്കിയ  അവളുടെ മനസിൽ പതിഞ്ഞില്ല.കുമാരിയുടെ നിരന്തരമായ നിർബന്ധത്തിനു വഴങ്ങി തോഴി യോദ്ധാവായ അദ്ദേഹത്തെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ എത്തിച്ചു.           

       അദ്ദേഹത്തെ കാണുന്ന നിമിഷം അവളുടെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി ഉയർന്നു കൊണ്ടിരുന്നു.ആയിരം സൂര്യൻ ഒന്നിച്ചുദിച്ച സന്തോഷം അവളിൽ ഉടലെടുത്തു.ഓടിച്ചെന്നൊന്നു കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർക്കാൻ അവളുടെ മനസ്സ് തെല്ലൊന്നുമല്ല കൊതിച്ചത്. സന്തോഷം കൊണ്ട് കാഴ്ചപോലും അവ്യക്തമായി. സന്തോഷത്തിന്‍റെ അതിരുകൾ കടന്നു. അദ്ദേഹത്തെ അവൾ വീണ്ടും നോക്കി നിന്നു. ഇരുട്ടിനെ തോൽപ്പിക്കുന്ന എണ്ണക്കറുപ്പാണ് എന്നാലും തേജസ്സും മുഖസൗന്ദര്യവും ഏവരെയും ആകർഷിക്കുന്നതാണ്. ആ ഗാംഭീര്യവും രൂപഭംഗിയും അടുത്തു വരുന്തോറും കൂടിക്കൂടി വന്നു. ശരീര സൗന്ദര്യത്തെക്കാൾ ഹൃദയസൗന്ദര്യം അവൾ അയാളിൽ ദർശിച്ചു. അടുത്തെത്തിയ നിമിഷം അവൾ വികാരനിർഭരയായി. അവൾ ഒന്നുംതന്നെ ആലോചിക്കാതെ അവൾക്ക് അയാളോടുള്ള പ്രണയം തുറന്നു പറഞ്ഞു.അങ്ങയുടെ പേരിൽ ഈ കൈകളാൽ എന്‍റെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വാക്കുകൾ കേട്ടതും അദ്ദേഹം അതെല്ലാം നിരസിച്ചുകൊണ്ട് രാജാവിനോടും രാജ്യത്തോടുമുള്ള ബഹുമാനവും കടപ്പാടുമെല്ലാം അദ്ദേഹം പ്രകടമാക്കി. അദ്ദേഹം മറ്റൊന്നും പറയാതെ ദേഷ്യത്തോടെ അവിടെ നിന്നും കടന്നുപോയി.

             നാളുകൾ കഴിയുന്തോറും അദ്ദേഹത്തോടുള്ള തീവ്രപ്രണയം മനസ്സിനെ പ്രണയപൂരിതമാക്കിക്കൊണ്ടിരിക്കുവാൻ തുടങ്ങി.എപ്പോഴും മനസ്സിൽ ആ മുഖം മാത്രമായി. പൂന്തോട്ടത്തിൽ സദാസമയവും വിഷാദഭാവത്തിൽ അവളെ കാണുക പതിവായി.പ്രണയം യുദ്ധം പോലെയാണെന്നും തുടങ്ങികഴിഞ്ഞാൽ നിർത്തുവാൻ പ്രയാസമാണെന്നും അവൾ മനസ്സിലാക്കുവാൻ തുടങ്ങി. കനൽ പോലെ അത്‌ ഹൃദയത്തിൽ ആളിക്കത്തി .

    നേരം പുലർന്നാൽ അദ്ദേഹത്തെ കാണുവാനുള്ള കാത്തിരിപ്പായിരുന്നു അവൾക്ക്. അതുകൊണ്ട് തന്നെ പതിവായി അവൾ രാജസദസ്സുകളിൽ എത്താൻ തുടങ്ങി. ആ ശബ്ദ ഗാംഭീര്യവും, പോരാട്ടകഥകളുടെ വിവരണവും അവൾക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം തെല്ലൊന്നുമല്ല വർദ്ധിപ്പിച്ചത്. തന്‍റെ ജീവനായകന്‍റെ അടുത്തുചെന്നൊന്നു കെട്ടിപ്പിടിച്ച് ചുടുചുംബനം നൽകുവാനാണ് അവളുടെ ഹൃദയംതുടിച്ചത്. ദിനങ്ങൾ പലതും കഴിഞ്ഞുപോയി. രാജാവ് ഹരിദ്വാറിനെ വാർദ്ധക്യം വല്ലാതെ തളർത്തുവാൻ തുടങ്ങിയിരുന്നു. രാജ്യകാര്യങ്ങളിൽ ഒന്നും തന്നെ അദ്ദേഹത്തിന് ശ്രദ്ധചെലുത്താൻ കഴിഞ്ഞിരുന്നില്ല, അങ്ങനെ കാർദ്ധിനികയ്ക്കു അപ്രതീക്ഷിതമായി ഭരണം ഏറ്റെടുക്കേണ്ടിവന്നു. രാജ്യ കാര്യങ്ങൾക്ക് ഇടയിലും അംബകിഷോറിന്‍റെ ഓർമ്മകൾ അവളെ അലട്ടികൊണ്ടിരുന്നു. പക്ഷേ കൊട്ടാരത്തിലേക്കുള്ള അദേഹത്തിന്‍റെ വരവ് അവളുടെ മനസ്സിനെ ചഞ്ചലപ്പെടുത്തി കൊണ്ടിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ ഹൃദയം വല്ലാതെ വാശി പിടിച്ചു. മനസ്സിലെ വികാരങ്ങളെ അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല. രദനപുരിയിലെ ഭരണം തലമുറകളായാണ് മാറിവന്നിരുന്നത്.ഭരണം വളരെ തൃപ്തിയിലും ആയിരുന്നു. പക്ഷേ ആ ഭരണം കാർദ്ധിനികയുടെ കൈകളിൽ എത്തിയതോടെ വളരെയധികം മോശമായിക്കൊണ്ടിരുന്നു. അവൾ തന്‍റെ സൗന്ദര്യത്താലും യോദ്ധാവിനോടുള്ള പ്രണയത്താലും അന്ധയായി മാറിക്കഴിഞ്ഞിരുന്നു. . കൊട്ടാരത്തിലെയും രാജ്യകാര്യങ്ങളിലും യാതൊരുവിധ ശ്രദ്ധയും നൽകാതെ അവൾ വിരഹത്തിന്‍റെ വേദനയിൽ അമരുകയായിരുന്നു. ഇടിമിന്നലുകൾ പോലെ അദേഹത്തിന്‍റെ പ്രണയം നിരസിച്ചു പോകുന്ന ആ മുഖം അവളുടെ മനസ്സിലെ വിങ്ങലായി മാറിക്കൊണ്ടിരുന്നു. ഏറ്റവും മികവുറ്റ ഭരണം കാഴ്ച വയ്ക്കുവാൻ ആഗ്രഹിച്ച അവൾക്കു കാര്യങ്ങൾ ഒന്നും അനുകൂലമായിരുന്നില്ല. ഭരണകാര്യത്തിൽ ശ്രദ്ധ കുറഞ്ഞതോടെ സാമ്പത്തികമായി രാജ്യത്തിന് വെല്ലുവിളികൾ ഉയർന്നു വന്നുകൊണ്ടിരുന്നു. കുറ്റകൃത്യങ്ങളിൽ വർധനവുണ്ടായി.രാജ്യ കാര്യങ്ങൾ എല്ലാം കിഴ്മേൽ മറിഞ്ഞു. ഇതിനിടയിൽ രാജാവും നാടുനീങ്ങി.


 

         രാജാവിന്‍റെ മരണത്തോടെ കൊട്ടാരത്തിനും ആ ദേശത്തിനും ദുരിത, ദുഃഖങ്ങളുടെ കാലമായി. കോരിച്ചൊരിയുന്ന മഴയും പകർച്ച വ്യാധികളും എല്ലാം തന്നെ ആളുകളെ കിഴ്പ്പെടുത്തുവാൻ തുടങ്ങി.തോരാതെ പെയ്ത മഴയിൽ പകർച്ചവ്യാധികൾ വളരെ വേഗം പടർന്നു പിടിച്ചു.ആളുകൾ ചെറുകുടിലിനുള്ളിൽ പരസ്പരം ഞെരങ്ങിയും ഭ്രാന്തമായും ദിനരാത്രങ്ങൾ കഴിച്ചുകൂട്ടി. പല ഗർഭിണി കളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മരിച്ചു. പ്രസവ ശുശ്രൂഷ കിട്ടാതെ കുഞ്ഞുങ്ങൾ മരിക്കുന്നത് തുടർകഥയായി. ഭക്ഷണത്തിനായി പരസ്പരം അടിപിടി കൂടി. കുഞ്ഞുങ്ങൾ മുലപ്പാലിനായി ശുഷ്‌കിച്ച മാറിടങ്ങളിൽ മുട്ടി. ലഭിച്ചതോ ചോര തുള്ളികൾ മാത്രം. ഈ സമയത്തെല്ലാം കാർദ്ധിനിക മറ്റൊരു ലോകത്തിലായിരുന്നു, പ്രേമമെന്ന മാന്ത്രിക ലോകത്തിൽ വിരാചിക്കുകയായിരുന്നു അവൾ . ജനജീവിതം ദുസഹമാക്കുവാൻ തുടങ്ങി.കോരിച്ചൊരിഞ്ഞ മഴയിൽ പല വീടുകളും തകർന്നു. അതിനുള്ളിൽ അകപ്പെട്ട വൃദ്ധർ തണുത്തുവിറങ്ങലിച്ചു, ആർക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥ. വസൂരി പോലുള്ള, പേരുപോലും പറയാനാകാത്ത പല രോഗങ്ങളും ഒരു കൊടുങ്കാറ്റെന്ന പോലെ ഏവരെയും പിടിച്ചുലച്ചു, കർദ്ധിനികയാകട്ടെ അംബകിഷോറിനോടുള്ള പ്രണയജ്വാലയിൽ തിളച്ചുകൊണ്ടിരുന്നു. അദ്ദേഹം നിരസിച്ച പ്രണയത്തെക്കുറിച്ചോർത്ത് അവളുടെ ശ്വാസം പോലും നിലയ്ക്കുന്നതായി അവൾക്കനുഭവപ്പെട്ടു. കൊട്ടാരത്തിലെ സുഖ സൗകര്യങ്ങൾ പോലും വല്യ വീർപ്പുമുട്ടൽ അവളിൽ ഉളവാക്കി. പട്ടുമെത്ത പോലും മുള്ളുകളാൽ മൂടപ്പെട്ടപോലെ കിടക്കുമ്പോൾ ഉറങ്ങാനാകുന്നില്ല.ചുറ്റും ആരുമില്ല ഈ ലോകത്തിന്‍റെ മാറ്റങ്ങൾ ഒന്നും അറിയാനാകാതെ ചുറ്റും അദ്ദേഹം മാത്രം ഉറക്കത്തിനു പോലും ആ മുഖത്തെ മാറ്റി നിർത്താനാകുന്നില്ല. സ്വപ്നത്തിൽ പോലും അദ്ദേഹം ചുറ്റിലും അദ്ദേഹം മാത്രം. എന്തിനു പറയുന്നു അദ്ദേഹം അടുത്തു കിടക്കുന്നുണ്ടെന്നു പോലും അവൾക്കു തോന്നി പോയി. മനസ്സിനെ പലപ്പോഴും അവൾക്ക് നിയന്ത്രിക്കാനായില്ല. ഏകാന്തതയെ അവൾ സ്നേഹിക്കാൻ തുടങ്ങി. ഏകാന്തതയെ ഒരു തോഴിയാക്കി അവൾ അപ്പോഴേക്കും മാറ്റിയിരുന്നു.

       ഒരു ദിവസം അമ്മ മഹാറാണി അവളോട് സംസാരിക്കുവാനായി മുറിയിൽ എത്തി. അമ്മ ചുറ്റും നോക്കി,മുറിയിലെങ്ങും അവളെ കാണുന്നില്ല. അമ്മ മഹാറാണി അവളെ വിളിക്കാൻ തുടങ്ങി കാർദ്ധിനിക,.....കാർദ്ധിനിക……… നീ എവിടെയാണ്. അമ്മ കൽപടവുകളിലൂടെതാഴേക്ക് ഇറങ്ങി.അവളാകട്ടെ കോരിചൊരിയുന്ന മഴയിൽ അമ്മയുടെ വിളിയൊന്നുമറിയാതെ നനയുകയാണ്. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് മറ്റൊരു ലോകത്താണവൾ… അവളും അദ്ദേഹവും മാത്രമുള്ളൊരു ലോകത്തിൽ.

വീണ്ടും അമ്മ വീണ്ടും പലലlതവണ അവളെ വിളിച്ചുകൊണ്ട് ഇരുന്നു.

കാർദ്ധിനിക….കാർദ്ധിനിക…

അമ്മയുടെ സ്വരം ഉച്ചത്തിൽ ഉയർന്നു. അവസാനം അമ്മ അവളെ കണ്ടുകൊണ്ട് ചോദിച്ചു, നീ എന്താണ് കാണിക്കുന്നത്? ഈ കോരിച്ചൊരിയുന്ന മഴയിൽ സ്വബോധമില്ലാതെ നനയുകയാണോ? നീ ആരാണെന്നു നീ ആദ്യം മനസ്സിലാക്കണം. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നു അറിയുന്നുണ്ടോ?

കാർദ്ധിനിക ആ സമയം മനസ്സിൽ മന്ത്രിച്ചു അമ്മേ അമ്മ അറിയുന്നുണ്ടോ എന്‍റെ മനസ്സ് അത്, അതിനുള്ളിൽ എന്താണ് നീറിപുകയുന്നതെന്നു അതാരും കാണാൻ ശ്രമിക്കുന്നില്ല. അല്ല അത് പറയേണ്ടവരോട് പറഞ്ഞിട്ടുപോലും ഈ പ്രണയത്തിനു യാതൊരു മൂല്യവും നൽകിയില്ല. ഇനി എനിക്കെന്താണ് ചെയ്യാനാകുക. )

അമ്മ വീണ്ടും അവളെ വിളിച്ചു നീ ഏതു ലോകത്താണ് ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.?

കാർദ്ധിനിക ഒരു ഉറക്കത്തിലെന്ന പോലെ പെട്ടെന്ന് ഞെട്ടി….ആ… അമ്മേ ഞാൻ കേൾക്കുന്നുണ്ട്.

      അമ്മ പറഞ്ഞു, കാർദ്ധിനിക നീ ഇപ്പോൾ ആരാണെന്ന കാര്യം നീ മറന്നിരിക്കുന്നു. നിന്‍റെ സ്ഥാനത്തുനിന്നു നീ ചെയേണ്ട പല ചുമതലകളും നീ നിർവഹിച്ചിട്ടില്ല. കോരിച്ചൊരിയുന്ന മഴയിൽ നാടിനെയും ഇവിടെയുള്ള ജനങ്ങളുടെയും ഭാവി നിന്‍റെ കൈകളിൽ ആണ് അതു നീ മറന്നുപോയിരിക്കുന്നു രോഗം ബാധിച്ചവരെ കാട്ടിലെ ചെറിയ മാടങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ് അവരെ നേരിട്ട് കണ്ട് ആവശ്യമായ സഹായങ്ങൾ നീ അവർക്കായി നൽകണം.അതിനായി നീഇപ്പോൾതന്നെ കൊട്ടാരത്തിൽ നിന്നും പുറപ്പെടേണ്ടതുണ്ട്.

കാർദ്ധിനിക:'അമ്മേ അത്…

അമ്മ മഹാറാണി :ഒന്നും പറയേണ്ട ആവശ്യമില്ല. എത്രയും വേഗം ജനങ്ങൾക്കായി നീ തന്നെ ഇതൊക്കെ ചെയ്യേണ്ടതുണ്ട് എന്‍റെ ആജ്ഞയാണ് പറഞ്ഞിട്ട് മഹാറാണി പടവുകൾ കയറി കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിച്ചു.കുമാരിയാകട്ടെ ഒരു ലഹരിയിലെന്ന പോലെ അദ്ദേഹത്തോടുള്ള പ്രണയത്തിനിടയിലും തന്‍റെ ഉത്തരവാദിത്വത്തിനിടയിലും കിടന്നു വീർപ്പുമുട്ടി. മഴ വീണ്ടും ആർത്തിരച്ചുകൊണ്ട് പെയ്തുകൊണ്ടെ ഇരുന്നു .ഇടി മിന്നലുകൾ അട്ടഹസിച്ച് അകമ്പടി സേവിക്കുന്നുമുണ്ട്. കുമാരി പതിയെ കൽപ്പടവുകളിലേക്ക് കാൽ എടുത്തുവച്ച് കയറാൻ തുടങ്ങി. ആരും കൊതിക്കുന്ന ആ മെയ്യ് കുമാരിയെ വരച്ചു വെച്ചതുപോലെ വസ്ത്രത്തിനുള്ളിൽ നിന്നും പുറത്തേക്ക് പ്രതിഭലിപ്പിച്ചു .വെണ്ണയിൽ കടഞ്ഞപോലുള്ള ശരീരവും ആ മുലകളും ഉദരവും, ചുണ്ടും എല്ലാംതന്നെ.. വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകാത്ത രീതിയിൽ ആകർഷണീയമായിരുന്നു. നനഞ്ഞു കുതിർന്ന ആ വസ്ത്രം പോലും ലജ്ജയിൽ തലതാഴ്ത്തി നിന്നു. പൂവിൽ നിന്നും തേനിറ്റു താഴെ പതിക്കുന്നെന്നതുപോലെ അധരങ്ങളിൽ നിന്നും മഴത്തുള്ളികൾ താഴോട്ട് വീണുകൊണ്ടിരുന്നു. മഴത്തുള്ളികൾ പോലും അവളെ വാരിപുണർന്നു ശരീര മാസകലം കുളിരുകൊണ്ട് മൂടി. കാർകൂന്തലുകൾ എല്ലാം പരസ്പരം ആലിംഗം ചെയ്ത് കാറ്റിൽ ഇളകി മറിഞ്ഞു. അവളുടെ ഈറനായ വസ്ത്രം കൽപടവുകളിലൂടെ ഇഴഞ്ഞു നീങ്ങി, അവൾ മുന്നോട്ട് നടന്നു. പാദസ്വരത്തിന്‍റെ ശബ്ദം ആ കൊട്ടാരത്തിലെ ചുമരുകളെ പോലും കാതുകൾ കൂർപ്പിക്കുവാനും പ്രണയത്തിന്‍റെ കോട്ടകൾ തുറക്കാനും പ്രേരിപ്പിച്ചു. അവൾ ഈറനണിഞ്ഞ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് അവളുടെ മുറിയിലെത്തി ആ വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പട്ടു വസ്ത്രം കച്ചയായി ചുറ്റികൊണ്ട് കുളിക്കുവാൻ വീണ്ടും കൽപടവുകൾ ഇറങ്ങി. കുളിക്കുമ്പോഴും ചിന്ത ഒന്നു മാത്രമായിരുന്നു. കാട്ടിലേക്കു പോകുമ്പോൾ അദ്ദേഹവും ഒപ്പം ഉണ്ടാകുമല്ലോ. അതായിരുന്നു അവളുടെ ഏകസന്തോഷം.

          നീരാട്ടു കഴിഞ്ഞു വളരെ വേഗം അവൾ കൽപ്പടവുകളിലൂടെ മുറിയിലെത്തി. തോഴിമാർ അവളെ അണിയിച്ചൊരുക്കി. വസ്ത്രങ്ങളും,ആടയാഭരണങ്ങളും സുഗന്ധപൂരിതമായ മുല്ലപൂക്കളും ചൂടിച്ചു. ആ സമയം എന്താണെന്നു അറിയില്ല ഒരു രാജ്യം പിടിച്ചടക്കിയ സന്തോഷം തന്നെ അവളുടെ മുഖത്തു മിന്നി തിളങ്ങി. യാത്ര കുതിര പുറത്തായിരുന്നു. അവൾ അണിഞ്ഞൊരുങ്ങി ക്കഴിയാറായപ്പോഴേക്കും പുറത്തു നിന്നും കുതിരക്കുളമ്പടി ശബ്ദം അടുത്ത് വരുന്നതായി കേട്ടു. അതേ അത് അദ്ദേഹമാണ്. തന്നോടൊപ്പം വരുവാനായി അദ്ദേഹം വന്നിരിക്കുന്നു. അവൾ തോഴിമാരെ മാറ്റിക്കൊണ്ട് പതിയെ എണീറ്റ് കൊട്ടാരത്തിലെ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി അദ്ദേഹം മാത്രമല്ല മറ്റു രണ്ടു മുന്ന് യോദ്ധാക്കളും ഉണ്ട്. അവൾ അണിഞ്ഞൊരുങ്ങി പുറത്തേക്കു വന്നു. അധരങ്ങളും, കവിൾത്തടങ്ങളും എല്ലാം പതിവിനെക്കാൾ ഏറെ അവളെ പ്രണയമെന്ന വികാരം കൊണ്ട് ചുമന്നു തുടുപ്പിച്ചു.        

        കാർദ്ധിനികയ്ക്കൊപ്പം അമ്മ മഹാറാണിയും താഴേയ്ക്കു വന്നു അംബകിഷോറിനോടായി പറഞ്ഞു പ്രജകളെ കാണാൻ താങ്കളും കുമാരിയും മാത്രം പോകുന്നതാണ് ഉചിതം. പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ് കൂടുതൽ പേർ കാട്ടിലേക്കു പോകുന്നത് വലിയ ആപത്തുകളിലേക്ക് എത്തിച്ചേക്കാം. അദ്ദേഹവും അത് സമ്മതിച്ചു. കാർദ്ധിനികയുടെ മുഖത്തും സന്തോഷത്തിന്‍റെ നാളങ്ങൾ മിന്നി തിളങ്ങി. പെട്ടന്നവൾ അമ്മയോട് ചോദിച്ചു എന്നാൽ അമ്മേ ഒരു കുതിര പോരെ അങ്ങോട്ടേക്ക് പോകാൻ. ഞാനും അദ്ദേഹവും ഒരുമിച്ച് തന്നെ യാത്ര ചെയ്താലോ.

(കാർദ്ധിനികയുടെ വാക്കുകൾ കേട്ടതും അമ്മയുടെ മുഖത്തു ദേഷ്യത്തിന്‍റെ ജ്വാല പടർന്നു.)

എന്താണ് കാർദ്ധിനിക നിനക്കറിയില്ലേ നീ ഒരു യുവ മഹാറാണിയാണ് കൂടാതെ മംഗല്യവും കഴിഞ്ഞിട്ടില്ല, നിനക്കിനിയും ഞാൻ പറഞ്ഞതിന്‍റെ ഗൗരവം മനസിലായിട്ടില്ലേ. ഇതു കുട്ടിക്കളിയല്ല, ഇടയ്ക്കെങ്കിലും സ്വന്തം സ്ഥാനത്തേക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്.അമ്മ അവളെ ശകാരിച്ചു.അവർ അമ്മയുടെ മറുപടി കേട്ടതുകൊണ്ട് തന്നെ ഇരുകുതിര കളുടെ പുറത്തു കയറി തന്നെ യാത്ര ആരംഭിച്ചു. എന്താണെന്നു അറിയില്ല കുറച്ചു ദൂരം പിന്നിട്ടതും യാതൊരു മുന്നറിയിപ്പും കൂടാതെ മഴപെയ്യാൻ തുടങ്ങി. അതിശക്തമായ മഴയും,കാറ്റും, അന്ന് ആദ്യമായാണ് അദ്ദേഹം കാർദ്ധിനികയുടെ മുഖത്തു നോക്കി ഒന്ന് സംസാരിച്ചത് പോലും.

അംബകിഷോർ :രാജകുമാരി മഴ ശക്തിയായി പെയ്യുന്നുണ്ട് വഴിയിൽ എവിടെ എങ്കിലും മഴ നനയാതെ സുരക്ഷിതമായി നിൽക്കുകയാണ് ആദ്യം വേണ്ടത്. അവളുടെ നോട്ടത്തിൽ പെട്ടെന്നു തന്നെ മഴ നനയാതെ നിൽക്കുവാൻ ഒരു സ്ഥാനം കണ്ടുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു. ദാ… അവിടെ ഒരു വഴിയമ്പലം ഉണ്ട്. അവിടെ കുറച്ചു സമയം അവിടെ നിൽക്കാം. കാർദ്ധിനികയും അംബകിഷോറും കുതിരപ്പുറത്തുനിന്നു ഇറങ്ങി. അമ്പലത്തിനുള്ളിൽ മഴ നനയാതെ ഒതുങ്ങി നിന്നു. നല്ല തണുത്ത അന്തരീക്ഷം മഴനനഞ്ഞു രണ്ടുപേരും ചെറുതായി വിറയ്ക്കുന്നുന്നുണ്ട്. മാത്രവുമല്ല മംഗല്യ വരദായകയായ ദേവിയുടെ അമ്പലമാണ് ദേവിയുടെ മുൻപിൽ അവൾ മനസ്സുരുകി പ്രാർത്ഥിച്ചു. അമ്മേ ദേവീ…… ഞങ്ങൾ ഒരുമിച്ച് അമ്മയുടെ നടയിൽ എത്തിയിരിക്കുന്നത്.എന്തൊരു മഹാഭാഗ്യമാണിത്. നിനക്കും ഞങ്ങൾ ഒരുമിക്കുന്നത് ഇഷ്ടമാണോ. ഞാൻ മാത്രം വിചാരിച്ചാൽ എന്തു ചെയ്യാനാണ് സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ലല്ലോ. ഞാൻ എന്തു തെറ്റ് ചെയ്തെന്നു എനിക്കറിയില്ല. ഇദ്ദേഹം എന്നെ അവഗണിച്ചിട്ടു മാത്രമേ ഉള്ളു. അമ്മേ ദേവീ….അവളുടെ മനസ്സിലൂടെ മറ്റൊരു സന്ദർഭം അപ്പോഴാണ് കടന്നു പോയത്,മുൻപ് ഈ അമ്പലത്തിലെ ഒരു സന്യാസി അവൾക്കൊരു ഒരു മാന്ത്രിക മോതിരം സമ്മാനമായി നൽകിയിട്ടുണ്ട്. അതവൾ അണിഞ്ഞിട്ടുമുണ്ട് അവൾ അവളുടെ കൈവിരലിൽ പതിയെ അതു മാറിമാറി നോക്കി. അവൾ മനസ്സിൽ മന്ത്രിച്ചു. ഈ മോതിരം കൊണ്ട് ഞാനൊരു കാര്യം ചെയ്യാൻ പോവുകയാണ് ദേവീ എനിക്കൊപ്പം തന്നെ ഉണ്ടാകണം.

"അതിനെന്താ ഞാൻ നിന്‍റെ ഒപ്പം തന്നെ ഉണ്ട്. അവളുടെ മനസ്സിൽ ആരോ മന്ത്രിച്ചു."

    ആ കുളിരണിയിക്കുന്ന അന്തരീക്ഷത്തിൽ അവളുടെ മനസ്സും പ്രണയാർദ്രമായിരുന്നു. അദേഹത്തിന്‍റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവുമില്ല. പഴയ ഗൗരവഭാവം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവൾ പതിയെ അവളുടെ കൈയ്യിൽ കിടന്ന രണ്ടു മോതിരങ്ങളും ഊരിയെടുത്ത് തന്‍റെ കൈയ്യിൽവച്ചുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. അംബകിഷോർ താങ്കൾക്ക് എന്നോട് ഒരുതരി സ്നേഹം പോലുമില്ല എന്നെനിക്കറിയാം, മാത്രവുമല്ല ഞാൻ എത്ര മാത്രം അങ്ങയെ സ്നേഹിക്കുന്നുണ്ടെന്നും താങ്കൾക്ക് അറിയില്ല. ഒരിക്കലും താങ്കളെ അല്ലാതെ മറ്റൊരാളെ എനിക്ക് എന്‍റെ പതിയായി കാണുവാനാകില്ല. അങ്ങയെ കാണുവാനാണു ഞാൻ ഓരോ പ്രഭാതത്തെയും വരവേൽക്കുന്നത്. അതിൽ താങ്കളുടെ മുഖം ഇല്ല എങ്കിൽ അതൊരു ദിനമാകില്ല ഒരു യുഗമായിരിക്കും. താങ്കൾ എനിക്കായി ഒരു കാര്യം ചെയ്യണം. കാർദ്ധിനിക കൈയ്യിൽ ഉണ്ടായിരുന്ന മോതിരം അദ്ദേഹത്തിനു നേരെ ഉയർത്തി, താങ്കൾ ഈ രത്‌നമോതിരം എന്‍റെ വിവാഹ മോതിരം അണിയുന്ന വിരലിൽ അണിയിച്ചു തരണം. അംബകിഷോർ അത് വിസമ്മതച്ചു.വീണ്ടും അവൾ നിർബന്ധിക്കുവാൻ തുടങ്ങി. അദ്ദേഹം പറഞ്ഞു എന്നെ അതിനു നിർബന്ധിക്കരുത് മാത്രവുമല്ല വിവാഹ വിരലിൽ മോതിരമണിയുമ്പോൾ അത് ഹൃദയങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ആകും എനിക്കതിന് ആകില്ല. അത് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്. മണിക്കൂറുകൾ കഴിഞ്ഞു മഴ ശക്തമായി കൊണ്ടിരുന്നു ഒപ്പം അവളുടെ വാശിയും. അവളുടെ നിർബന്ധം സഹിക്കാനാകാതെ അതു വാങ്ങി അവളുടെ മോതിര വിരലിൽ അണിയിച്ചു.അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന മോതിരം അയാൾ അണിയാൻ വിസമ്മതിച്ചു കൈയ്യിൽ വാങ്ങി വച്ചു.എന്നിട്ട് അദ്ദേഹം പറഞ്ഞു ഞാൻ ഇതണിയിച്ചതു കൊണ്ട് നമ്മൾതമ്മിൽ യാതൊരു ബന്ധവുമില്ല. രാജകുമാരിയെന്നതു മറക്കരുത്.മാത്രവുമല്ല,ഇതൊരു തമാശയുമല്ല. എനിക്ക് കുമാരിയോട് യാതൊരുവിധ ഇഷ്ടവുമില്ല. എന്‍റെ ഹൃദയം മറ്റൊരു ലോകത്താണ്ഞാൻ മോതിരം അണിച്ചതുകൊണ്ട് നമ്മൾ തമ്മിൽ യാതൊരുവിധ ബന്ധവുമില്ല ഒരു രാജകുമാരിയുടെ കല്പനയായി മാത്രമാണ് ഞാൻ ഇതിനെ കണ്ടിട്ടുള്ളൂ ഇതൊന്നും മനസ്സിൽ സൂക്ഷിക്കേണ്ട മറന്നുകളയുന്നതായിരിക്കും ഭാവിജീവിതത്തിൽ കുമാരിക്ക് ഉചിതം. ഞാൻ ഒരിക്കലും എന്‍റെ സ്ഥാനം മറന്നു പ്രവർത്തിക്കില്ല. കുമാരിക്കും അതാകും ഉചിതം.അവളുടെ കവിൾത്തടങ്ങളയുലൂടെ കണ്ണുനീർ ഒരുചെടിയുടെ ഇലകളിലൂടെ മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നപോലെനിറഞ്ഞൊഴുകി.എന്താണെന്നറിയില്ല കാർദ്ധിനികയുടെ കണ്ണുകൾ നിയന്ത്രണം വിട്ടു നിറഞ്ഞു കവിഞ്ഞു.

         മഴ മാറി കാലാവസ്ഥ ശാന്തമായി.അദ്ദേഹം പോകാനായി കുതിരയ്ക്ക് അരികിലേക്കു നീങ്ങി. പതിയെ അവളും കണ്ണുകൾ തുടച്ചുകൊണ്ട് എല്ലാം നഷ്ടപ്പെട്ടവളെ പോലെ നടന്നു നീങ്ങി ,കുതിരപ്പുറത്തു കയറി വീണ്ടും യാത്ര ആരംഭിച്ചു.കുറച്ചു സമയങ്ങൾക്കു ശേഷം യാത്ര വിജനമായ കാടിനുള്ളിൽ എത്തി അവിടെ എത്തിയതും വളരെ ദുഃഖ സാന്ദ്രമായ അന്തരീക്ഷമായിരുന്നു കുടിലുകൾ ആയി തിരിച്ച് രോഗം ബാധിച്ചവരെ പാർപ്പിച്ചിരിക്കുന്നു രോഗങ്ങൾക്കും അതികഠിനമായവേദനയിലും ഏവരും പരസ്പരം ഭ്രാന്തമായി അടികൂടി ഇനിയൊരു ജന്മം ഇല്ലെന്ന് പ്രതീക്ഷയിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഏവരും പരസ്പരം കോപത്തിലാണ്.കാർദ്ധിനിക അവരുടെ അടുത്തേക്ക് പതിയെ നടന്നു.വളരെ ദുർഗന്ധമാണ് അടുത്തേക്ക് പോകുന്തോറും പലരും ദൈനംദിന കർമങ്ങൾ മുറിക്കുള്ളിൽ തന്നെ നിർവ്വഹിച്ചിരിക്കുന്നു. അസഹനീയമായിരുന്നു ആ ദുർഗന്ധം അതിനിടയിൽ പലരും ഭക്ഷണം ആവശ്യപ്പെട്ടു. അവരാകട്ടെ ശരീരമാസകലം വ്രണങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഒന്നരികിൽ ചെല്ലുവാൻ പോലും അവൾക്കു മനസ്സ് വന്നില്ല. കുമാരി തിരിഞ്ഞു നടന്നു.കാർദ്ധിനികയ്ക്ക് എന്താണെന്നറിയില്ല ഒന്നിനും ഒരു താല്പര്യവും തോന്നിയില്ല.അവർ എല്ലാവരെയും സന്ദർശിച്ചശേഷം, അവിടെയുള്ള സ്ഥിതിഗതികൾ മനസ്സിലാക്കി അദ്ദേഹത്തോടൊപ്പം കൊട്ടാരത്തിലേക്ക് മടങ്ങി.കൊട്ടാരത്തിലെത്തിയ ശേഷം ഭക്ഷണം ലഭിക്കാത്ത എല്ലാ ജനങ്ങൾക്കും വേണ്ട സഹായങ്ങളും ഭക്ഷണവും നൽകുവാനായി അവൾ കല്പ്പിച്ചു.

        രാത്രി കിടക്കുവാനായി തന്‍റെ പട്ടു മെത്തയിൽ കിടക്കുമ്പോഴും അവൾക്ക് ആ ദിനത്തിന്‍റെ ഓർമ്മകളിലൂടെ വീണ്ടും പല തവണകളിലായി സഞ്ചരിച്ചു. അദേഹത്തിന്‍റെ ഒപ്പമുള്ള യാത്രയും അപ്രതീക്ഷിതമായി ദേവിയുടെ സന്നിധിയിൽ എത്തിച്ചേർന്നതും. അദ്ദേഹം സ്വന്തം ഇഷ്ടത്താലല്ല ആ മോതിരം ആ മോതിരം എനിക്ക് അണിഞ്ഞു തന്നത്…എന്നാലും എല്ലാം എന്‍റെ മനസ്സിനെ സന്തോഷത്തിന്‍റെ ഒരു വസന്തകാലം തന്നെ തീർക്കുന്നതായി അവൾക്കു അനുഭവപ്പെട്ടു.

അവൾ മെത്തയിലേക്ക് കിടന്ന ശേഷം ആ മോതിരം തന്‍റെ നെഞ്ചോട് ചേർത്തുപിടിച്ചു. ഒരു രാജ്യം കിഴടക്കിയ സന്തോഷം അവളിൽ അലയടിച്ചു. നേത്രങ്ങൾ അടച്ചതേയുള്ളു.അദ്ദേഹത്തോടൊപ്പമുള്ള സുന്ദര സ്വപ്ങ്ങളുടെ ലോകത്തേക്ക് അവൾ യാത്ര ചെയ്തു. താനും അദ്ദേഹവും മാത്രമുള്ളൊരു യാത്ര.രാത്രിയുടെ അധ്യായം പിന്നിട്ടു. സൂര്യകിരണങ്ങൾ പ്രകൃതിയെ പുൽകി ഉണർത്തി.മഴത്തുള്ളികളാൽ പ്രകൃതി ഈറൻ ചേലയുമുടുത്തു കുളി കഴിഞ്ഞെത്തിയ ഒരു സുന്ദരിയെ പോലെ അഴകുറ്റു നിന്നു.കാർദ്ധിനികയുടെ മുറിയിലെ കിളിവാതിലിലൂടെ സൂര്യപ്രകാശം അകത്തേക്കു വന്നു തുടങ്ങി. അവളുടെ പതിവാണ് ഏഴരവെളുപ്പിന് എണീറ്റുള്ള കുളി. പതിവുകൾ എല്ലാം തെറ്റിച്ചുകൊണ്ട് സൂര്യ കിരണങ്ങൾ മാടി മാടി വിളിച്ചിട്ടുപോലും ഉണർന്നതേയില്ല. വളരെയേറെ സമയങ്ങൾക്കു ശേഷം അമ്മ മഹാറാണി അവളുടെ മുറിയിലെത്തി അവളുടെ ശരീരത്തിൽ തട്ടി വിളിച്ചു. അവൾ പതിയെ കണ്ണു തുറന്നു.അവളുടെ ശരീരമാസകലം തീപോലെ പൊള്ളുന്നുണ്ടായിരുന്നു. അവൾ എണിറ്റു എന്താണെന്നറിയില്ല മാനസികമായി തനിക്ക് ഒന്നും തോന്നുന്നില്ല. പക്ഷേ ശാരീരികമായി എന്തൊക്കെയോ ബുദ്ധിമുട്ടുകൾ നേരിട്ടു. അമ്മ കാർദ്ധിനിക അവളെ ചേർത്തുപിടിച്ചു കൈകളിൽ പിടിച്ചിരുന്നു. അവൾ നടന്നു കുറച്ചു ദൂരം പിന്നിട്ടതും ശരീരം ആകെ തളർന്നു.അവൾ തളർന്നു താഴെ വീണു. തോഴിമാർ എല്ലാപേരും കൂടി അവളെ കിടക്കയിൽ കിടത്തി. അമ്മ മഹാറാണി കൊട്ടാരം വൈദ്യനേയും അതിവേഗം വിളിപ്പിച്ചു. അദ്ദേഹം പരിശോധിച്ച ശേഷം കുമാരിക്കു പകർച്ചവ്യാധി മൂലമാണ് ഇങ്ങനെ സംഭവിക്കുവാൻ കാരണമായതെന്നു അഭിപ്രായപ്പെട്ടു. ഇനി പഴയജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രയാസകരമാണെന്നും പറഞ്ഞു. അതേസമയം അംബകിഷോറും കുമാരിയെ മുഖം കാണിക്കുവാൻ എത്തിയിരുന്നു. കാർദ്ധിനികയുടെ അവസ്ഥയും അദ്ദേഹം പുറത്തു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. ഒരു തോഴി അമ്മമഹാറാണിയോട് അദ്ദേഹം മുഖം കാണിക്കുവാനായി എത്തിയതായി പറഞ്ഞു. കാർദ്ധിനികയുടെ അടുത്തിരുന്ന അമ്മ ഉടനെ എത്താമെന്ന് അദ്ദേഹത്തോട് പറയുവാൻ ആവശ്യപ്പെട്ടു.

     കാർദ്ധിനികയാകട്ടെ ചിറകറ്റ പക്ഷിയെ പോലെ അവിടെതന്നെ നിശ്ചലയായി , അദ്ദേഹത്തെ കാണണമെന്നുണ്ട്.പക്ഷേ തനിക്ക് ഒന്നിനും കഴിയുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു, കവിൾത്തടങ്ങളിലൂടെ ഒരു പ്രളയം തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു.

അപ്പോഴും അവളുടെ മനസ്സ് വീണ്ടും വീണ്ടും മന്ത്രിച്ചു "എന്തൊക്കെതന്നെ ആയാലും താൻ തിരിച്ചു വരും എനിക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കണം. മാതൃത്വത്തിന്‍റെ സുഖമറിയണം. ഇതിനൊന്നിനും കഴിയാതെ എങ്ങിനെയാണ് തനിക്ക് ഈ ലോകം വിട്ടു പോകാനാകുക". അവൾ കണ്ണുകൾ മുറുക്കിയടച്ചു കിടന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടിരുന്നു 
 

(ഇ മലയാളി കഥാ മത്സരത്തിനു സമര്‍പ്പിച്ച കഥ . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക