Image

ഓണം:ചെറുകഥ ഇരുൾ ചിത്രങ്ങൾ - രാജീവ്‌ തുറവൂര്‍ :വര :മറിയം ജാസ്മിന്‍

Published on 15 September, 2024
ഓണം:ചെറുകഥ   ഇരുൾ ചിത്രങ്ങൾ - രാജീവ്‌ തുറവൂര്‍  :വര :മറിയം ജാസ്മിന്‍

 

സായന്തനത്തിലെ ചുവന്ന സൂര്യനെ മറയ്ക്കുന്ന ഇരുൾ പതുക്കെപ്പതുക്കെ മീനാക്ഷിയമ്മയുടെ അടുത്തേക്കും കടന്നു വരാൻ തുടങ്ങി.. വൈകിയെത്തിയ ഇളം കാറ്റ് കറുകച്ചോല കടന്ന് മീനാക്ഷിയമ്മയുടെ നരച്ച മുടിയിഴകളെ ഇളക്കി കടന്നുപോകുന്നുണ്ട്. കൊട്ടൻ ചുക്കാദി കയ്യിലെടുത്ത് നീരുവീണ കാലിൽ തേച്ച് പിടിപ്പിച്ച് ഓർമ്മകളുടെ ഭാണ്ഡക്കെട്ടും പേറി മീനാക്ഷിയമ്മ കോലായിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. 

ആ ഓർമ്മകളുടെ സുഗന്ധമാണ് ഈ വൈകുന്നേരത്തെ ഇത്ര മധുരതരമാക്കുന്നത് എന്നവർ ഓർത്തു. ഇളംകാറ്റും ചരിഞ്ഞ വെയിലും ശാന്തമായ അന്തരീക്ഷവും തന്റെ ഓർമ്മകളെ താലോലിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. പേടിപ്പെടുത്തുന്ന ഒരു നിശബ്ദത അവിടെ തളം കെട്ടി നിന്നിരുന്നു .

പെട്ടെന്ന് ദൂരെ ,  ഗേറ്റ് കടന്ന് ആരോ നടന്നു വരുന്നതായി മീനാക്ഷിയമ്മയ്ക്ക് തോന്നി. നല്ല ഉയരവും തടിയും തോന്നുന്നുണ്ട് പക്ഷേ, തന്റെ കണ്ണടച്ചില്ലുകൾക്ക് പഴയ ഗാംഭീര്യമില്ല അവ മങ്ങിത്തുടങ്ങിയിരിക്കുന്നു ... അതോ മങ്ങുന്നത് തന്റെ കണ്ണുകളുടെ കാഴ്ചയോ.... 

മുഖം അവ്യക്തമായിരിക്കാൻ  പടിഞ്ഞാറൻ വെയിലിന്റെ ചില കുസൃതികളും കാരണമാകുന്നുണ്ട്. അത് ആ മനുഷ്യനെ ചുറ്റി വലിച്ച് ഇവിടേക്ക് തള്ളി വിടും പോലെ അവർക്ക് തോന്നി. നടന്നു അടുത്തുവന്ന രൂപം അവർക്ക് മുന്നിൽ കുറച്ചുനേരം മൂകനായി നിന്നു ... "അമ്മേ ...."ആ ശബ്ദം അവരിൽ ഒരു ചലനം ഉണ്ടാക്കി  അവരതിൽ അലിഞ്ഞു പോയി.  "മോനെ... ഗോപി ...." "നീയെന്താ ഈ നേരത്ത് ? അയാൾ അമ്മയുടെ അടുത്തേക്ക് വന്നു. അവർ എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും ആ ചുമലിൽ കൈപിടിച്ച് അയാൾ അമ്മയെ താങ്ങി ഇരുത്തി. "തിരുവനന്തപുരത്തുനിന്ന് ഇന്ന് എത്തിയതേയുള്ളൂ ഇങ്ങോട്ട് വരാൻ അല്പം വൈകി ... അമ്മയുടെ കാലിന്റെ നീര് എങ്ങനെയുണ്ട് ?" കറുത്ത ഫ്രെയിം ഉള്ള കണ്ണടയുടെ താഴത്തെ പോയിന്റിലൂടെ അയാൾ അമ്മയുടെ നീരു വീണ കാലുകളിൽ നോക്കി കൈത്തലം കൊണ്ട് തടവി. "

ഓ! അതങ്ങനെ കൂടിയും കുറഞ്ഞുമിരിക്കും സാരമില്ലന്നേ പാറൂനും കുഞ്ചൂനും ഒക്കെ സുഖമല്ലേ ?" "സുഖാണ് ! "അവർ മായയുടെ വീട്ടിലുണ്ട് കൊണ്ടുവന്നില്ല " അയാൾ നിർവ്വികാരനായി പറഞ്ഞു. "മായ ജോലിക്ക് പോകുന്നില്ലേ മോനെ ? പോകുന്നുണ്ട്  രണ്ടു ദിവസം അവധിയല്ലേ അതാ പോന്നത്. ഞങ്ങൾക്ക് അവിടെ സുഖം തന്നെയാണ് " "എല്ലാവരും നന്നായിരിക്കുന്നല്ലോ അതാണ് അമ്മയ്ക്ക് ഒരു ആശ്വാസം ... കഴിഞ്ഞയാഴ്ച ഷീലയും കെട്ടിയോനും വന്നിരുന്നു കുറച്ചു പലഹാരങ്ങൾ ഒക്കെ കൊണ്ടുവന്നു ഇവിടെ എല്ലാവർക്കും ഞാൻ അത് കൊടുത്തു "

 "നീ ഇവിടെ ഇരിക്ക് ! "  മുടിയിഴകൾ പാറി വീണ അമ്മയുടെ ചുളിവുള്ള മുഖത്തേക്ക് നോക്കി   അയാൾ ആ കോലായിൽ ഇരുന്നു. "മോഹനൻ വരാറുണ്ടോ അമ്മേ ?" പെട്ടെന്ന് അയാൾ ചോദിച്ചു "കഴിഞ്ഞമാസം ഒന്ന് രണ്ടു പ്രാവശ്യം വന്നിരുന്നു ഇവിടെ എറണാകുളത്ത് വന്ന വഴിയാണ് എന്നാണ് പറഞ്ഞത് ....". പറയുന്നതിന്

ഇടയ്ക്കവർ ശക്തിയായി ചുമച്ചു.... "അമ്മയ്ക്ക് സുഖമാണോ ? ചോദ്യത്തിൽ അല്പം വിറയൽ കലർന്നിരുന്നു 

പക്ഷേ മീനാക്ഷിയമ്മ അതിന് മറുപടി പറഞ്ഞില്ല. ഉടുത്തിരുന്ന നേര്യതിന്റെ തുമ്പെടുത്ത് കണ്ണടക്കാലുകൾ ഉയർത്തി കണ്ണുകൾ തുടച്ചു .

ആ കാഴ്ച അയാളിൽ വ്യസനം ഉണ്ടാക്കി .കുറെ നേരം അയാൾ നിസംഗനായി തറയിലേക്ക് നോക്കിയിരുന്നു. മീനാക്ഷിയമ്മയ്ക്ക് നാലു മക്കളായിരുന്നു മക്കളിൽ മൂത്തയാളാണ് ഗോപി . കുടുംബവുമായി തിരുവനന്തപുരത്ത് ജോലി സ്ഥലത്താണ് താമസം. രണ്ടാമത്തെ മകൻ മോഹനൻ ഭാര്യയുടെ വീടിനടുത്ത് ഒരു ഷോപ്പ് നടത്തുകയാണ് മൂന്നാമത്തെയാൾ വേണു ഒരു ആക്സിഡന്റിൽ മരിച്ചു. അവന്റെ ഭാര്യയും കുട്ടികളും ഇത്തിരി കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.

ഇളയവളാണ് ഷീല അവൾ ഭർത്താവിനൊപ്പം തൃശൂരിൽ ബിസിനസാണ്....

എല്ലാവർക്കും അവരുടേതായ    തിരക്കുകളുണ്ടായിരുന്നു . പരസ്പരം ഒന്നു മിണ്ടാനും പറയാനും പോലും പറ്റാത്തത്ര തിരക്ക് - ....

ജോലി ,ബിസിനസ്, കുട്ടികളുടെ പഠനം, ........  ദിനം തോറും അതിവേഗതയിൽ ചില ചിട്ടവട്ടങ്ങളിലൂടെയാണ് അവരുടെ ജീവിതം കടന്നുപോകുന്നത്. അതിനിടയിൽ താൻ ഒരു അധികപ്പറ്റാണ്. അല്ലെങ്കിൽ തന്നെ പ്രായം ചെന്ന അമ്മയെ ശ്രദ്ധിക്കാൻ ആർക്കാ നേരം ...... മീനാക്ഷിയമ്മ ഓർത്തു ,

നാളുകൾക്ക് മുൻപേ എല്ലാവർക്കും അവരുടെ ഭാഗം വേണമെന്ന് പറഞ്ഞപ്പോൾ ഒരു എതിർപ്പിനോ വാഗ്വാദത്തിനോ പോകാതെ മീനാക്ഷിയമ്മ എല്ലാം അവർക്ക് കൊടുത്തു ,  പരാതികൾ ഇല്ലാതെ മക്കൾ കിട്ടിയതൊക്കെ സന്തോഷമായി സ്വീകരിച്ച് ആഘോഷിച്ചു  പിരിഞ്ഞു.  ജോലിത്തിരക്ക് കൂടി വന്നതോടെ മക്കൾക്ക് അമ്മയെ കാണാൻ പോലും സമയമില്ലാതെ വരവ് വല്ലപ്പോഴുമായി ... പട്ടിണി അറിയാൻ തുടങ്ങി .എങ്കിലും പെൻഷൻ കിട്ടിയതു കൊണ്ട് അതിനെയെല്ലാം മറികടന്നു. ഏകാന്തതയാണ് തന്നെ സ്വയം ഇവിടേയ്ക്ക് ........ !

"അമ്മേ ......! : പെട്ടെന്ന് നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട്   ആ വിളിയൊച്ച അവരെ ഓർമ്മകളിൽ നിന്നും ഉണർത്തി. 

"അമ്മയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു ....പക്ഷേ !...........അമ്മയും മായയും ഒത്തുപോവൂല്ല..... അയാൾ കുറച്ചു നേരം മൗനത്തെ ആലിംഗനം ചെയ്തിരുന്നു. " പിന്നെ അമ്മയ്ക്കും വരാൻ താല്പര്യമില്ലല്ലോ " അയാൾ തുടർന്നു പറഞ്ഞു . "അതൊന്നും സാരമില്ല, എനിക്ക് നമ്മുടെ നാട് ,വീട് ഇതൊന്നും വിട്ടുപോവാൻ ഒട്ടും താല്പര്യമില്ലന്ന് നിനക്കറിയാല്ലോ ? ഈ കാറ്റും ഈ വെയിലും മഴയും ഒക്കെയാണ് ഇന്ന് എനിക്ക് ജീവിക്കാൻ ഒരു തോന്നൽ ഉണ്ടാക്കുന്നത്...... അതുമാത്രമല്ല ഇവിടെ എല്ലാവരും ഉണ്ടല്ലോ എന്നെ സഹായിക്കാൻ ഇവിടെ ഒരു കൊച്ചുണ്ട് !എനിക്ക് ഇവിടെ ഭക്ഷണത്തിനും ഒരു കാര്യത്തിനും ഒരു കുഴപ്പവുമില്ല എനിക്ക് മരിക്കുമ്പോഴും ഈ നാട്ടിൽ തന്നെ  ആവണം ....." അവർ കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു... പിന്നെ അയാളെ നോക്കി പറഞ്ഞു.

"എന്നാൽ മോൻ പൊയ്ക്കോ  സന്ധ്യയാകുന്നു ...." തന്നോടൊപ്പം സന്ധ്യയും കടന്നു വന്നല്ലോ എന്നയാൾ  ചിന്തിച്ചു. അയാൾ എഴുന്നേറ്റ് പോക്കറ്റിൽ നിന്നും കുറച്ചു നോട്ടുകൾ കയ്യിൽ എടുത്തു ചുരുട്ടിപ്പിടിച്ച്  അമ്മയുടെ കയ്യിൽ വച്ചു. അവരത് അയാളുടെ കൈയോടൊപ്പം മുറുകെ പിടിച്ചു. "ഞാൻ പോയിട്ട് വരാം അമ്മേ ....." വിറയ്ക്കുന്ന അമ്മയുടെ കൈ വിടുവിച്ച് അയാൾ നടന്നു .കുറച്ചു ദൂരം  കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അമ്മ നേര്യത് എടുത്ത് ചുണ്ടുകൾ മറച്ചു വിതുമ്പുന്നത് അയാൾ കണ്ടു !. ഏറെ നേരം ആ കാഴ്ച നോക്കി നിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല അപ്പോൾ കോലായുടെ മുകളിലായിരുന്ന  ബോർഡിനടുത്ത് ബർബ് തെളിഞ്ഞു. "അമൃത വൃദ്ധസദനം ! "അയാളത് വായിച്ചില്ല വായിക്കുവാൻ അയാളുടെ കാഴ്ച അയാളെ അനുവദിച്ചില്ല കാഴ്ചകൾ മങ്ങിയ , നിറഞ്ഞ കണ്ണുകളോടെ ഇടറിയ കാലടികളുമായി അയാൾ പുറത്തേക്ക് ആഞ്ഞു നടന്നു.


 

Join WhatsApp News
Sijo 2024-09-17 14:33:29
കൊള്ളാം ♥️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക