Image

ഓണം :ചെറുകഥ ;നോവ് പടർന്നൊരു നോമ്പോർമ്മ...ഹസ്ന. വി.പിപെയിന്റിംഗ് :അമീന്‍ ഖലീല്‍

Published on 15 September, 2024
ഓണം :ചെറുകഥ  ;നോവ് പടർന്നൊരു നോമ്പോർമ്മ...ഹസ്ന. വി.പിപെയിന്റിംഗ് :അമീന്‍ ഖലീല്‍


 


റമളാൻ എന്നു കേൾക്കുമ്പോൾ പണ്ടത്തെ പോലെ പുണ്യങ്ങളുടെ പൂക്കാലമെന്നോ ലൈലത്തുൽ ഖദ്റെന്നോ ഒന്നുമായിരുന്നില്ല ഹബീബിൻറെ മനസ്സിൽ തെളിയുന്നത്.പകരം വെളുത്ത  മക്കനക്കുള്ളിൽ അതിനോളം വെളുത്ത മുഖവുമായി പ്രസരിപ്പോടെ നിറഞ്ഞു നിന്ന കുഞ്ഞാനുമ്മയുടെ മുഖമായിരുന്നു.വാത്സല്യത്തിൻറെ തലോടലേകിയ ആ കരങ്ങളായിരുന്നു..

       "മാസം കണ്ടൂന്ന് !അപ്പോ നാളെ റമളാൻ ഒന്ന്.. പള്ളിക്കലേന്നതാ വിളിച്ചു പറയ്ണ്.. കേട്ടില്ലേ ?" ഇത്ത വളരെ സന്തോഷത്തോടെയാണ് ഹബീബിനോടത് പറഞ്ഞത്.അവൾക്കുള്ള മറുപടിയായി അവൻ ഒരു ചെറു പുഞ്ചിരിയോടെ തല കുലുക്കിയെങ്കിലും റമളാൻ എന്നു കേൾക്കുമ്പോൾ പണ്ടത്തെ പോലെ പുണ്യങ്ങളുടെ പൂക്കാലമെന്നോ ലൈലത്തുൽ ഖദ്റെന്നോ ഒന്നുമായിരുന്നില്ല ഹബീബിൻറെ മനസ്സിൽ തെളിയുന്നത്.പകരം വെളുത്ത  മക്കനക്കുള്ളിൽ അതിനോളം വെളുത്ത മുഖവുമായി പ്രസരിപ്പോടെ നിറഞ്ഞു നിന്ന കുഞ്ഞാനുമ്മയുടെ മുഖമായിരുന്നു.വാത്സല്യത്തിൻറെ തലോടലേകിയ ആ കരങ്ങളായിരുന്നു..

       അവൻ ഒരു നിമിഷം കണ്ണുകൾ അടച്ച് ആ വിങ്ങുന്ന ഓർമ്മകളുടെ വഴിത്താരകളിലൂടെ പതിയെ നടന്നു..ഇന്നത്തെ ഇരുപതുകാരനായ ഹബീബായിട്ടല്ല..ആ പഴയ നാലാം ക്ലാസുകാരനായിട്ട്...

 

          ഉമ്മ പറഞ്ഞു കേട്ട ഉമ്മയുടെ  തന്നെ ജീവിത കഥയിലെ ഏറ്റവും വില്ലത്തിയായ കഥാപാത്രമായിരുന്നു കുഞ്ഞാനുമ്മ..! അന്നൊരിക്കൽ ഉമ്മ തന്നെ ധൃതിയിൽ  സ്കൂളിലേക്ക് പറഞ്ഞയക്കാനൊരുങ്ങുമ്പോൾ വീടിന്റെ മതിലിനു പുറത്തു നിന്ന്  അകത്തേക്കു തന്നെ തുറിച്ച്  നോക്കി നിൽക്കുന്ന രണ്ടു പെൺകുട്ടികളുടെ ചിത്രമാണ് ആദ്യം  ഹബീബിന്റെ ഓർമ്മയിൽ തെളിഞ്ഞത്.വെളുത്ത് മെലിഞ്ഞ് എല്ലുന്തിയ രണ്ടു ദരിദ്ര രൂപങ്ങൾ.അതിലൊരാളെ  സ്കൂളിൽ വെച്ച് പലപ്പോഴും അവൻ കാണാറുണ്ട്.

         അവരുടെ കണ്ണുകളിലെപ്പോഴും ഒരപേക്ഷാ ഭാവമുണ്ടായിരുന്നു.വിളർച്ച ബാധിച്ചതെങ്കിലും   മുഖത്ത് എന്തോ ഒരാകർഷണം തെളിഞ്ഞു നിന്നിരുന്നു..തന്റെ യൂണിഫോമിന്റെ ബട്ടൻസിടുന്നതിനിടയിൽ ഒരു വേള ഉമ്മ അവരെ കണ്ടെന്ന് തോന്നി.അല്ല..അതൊരു തോന്നലല്ല.ഉമ്മ അവരെ ശരിക്കും കണ്ടിരുന്നു.പക്ഷേ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയായിരുന്നു..

 

" ഉമ്മാ..അവിടെ ആരാണ്ട് വന്നിട്ടുണ്ട് "..

താൻ പറഞ്ഞത് കേട്ടപ്പോൾ മാത്രം ഉമ്മ പുറത്തേക്ക് നോക്കി.അവരെ ആദ്യമായ് കാണുന്നത് പോലെ..

   " എന്താ വേണ്ടത്?"

ഉമ്മയുടെ സ്വരത്തിന് അത്രയും കടുപ്പമുണ്ടായി കേൾക്കുന്നത് അന്നാദ്യമായായായിരുന്നു..

അവർ എന്തായാലും പേടിച്ചു പോയിട്ടുണ്ടാവാം..

"ഉപ്പ...ഉപ്പ അകത്തുണ്ടോ"

വളരെ വളരെ വിനയത്തോടെ, അതിലേറെ ഭയത്തോടെയുമാണ് അതിൽ മുതിർന്നതെന്ന് തോന്നിക്കുന്ന കുട്ടി ആ ചോദ്യം ചോദിച്ചത്..

" നിങ്ങളുടെ ഉപ്പയൊന്നും ഇവിടെയില്ല.വേഗം തിരിച്ച് വീട്ടിൽ പോവാൻ നോക്ക്."

      ഉമ്മ മുഖം ചുവപ്പിച്ച് അലറുകയായിരുന്നു

 

      അന്ന് കരഞ്ഞ് കൊണ്ട് ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയ ആ നിരാശയുടെ നിഴൽ രൂപങ്ങൾ തന്റെ മനസ്സിന്റെ അഗാധതയിലെവിടെയോ പതിഞ്ഞു കിടന്നിരുന്നില്ലേ? അവൻ സ്വയം ചോദിച്ചു..

   അവരിറങ്ങിയതിനു പിന്നാലെ ബാഗും തൂക്കി ഉറ്റ ചങ്ങാതി ആഷിക്കിന്റെ കൂടെ വേഗത്തിൽ സ്കൂളിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ശബ്ദമില്ലാതെ  കരഞ്ഞു കൊണ്ട് നോവിന്റെ നിർവചനം പോലെ പതിയെ നടന്നു നീങ്ങുന്ന അവരെ വീണ്ടും കണ്ടു മുട്ടിയിരുന്നു.അപ്പോൾ മാത്രം അവർക്ക് മുന്നിൽ വഴികാട്ടിയായി വെളുത്ത തട്ടവും പുതച്ച് കുഞ്ഞാനുമ്മയുണ്ടായിരുന്നു.അവർ പുഞ്ചിരിയിൽ പൊതിഞ്ഞ ആശ്വാസ വാക്കുകളാൽ ആ കുട്ടികളെ സമാധാനിപ്പിച്ച് കൊണ്ടേയിരുന്നിരുന്നു.തന്നെ കാണുമ്പോഴൊക്കെ അവർ കൗതുകത്തോടെ നോക്കി ചിരിക്കാറുണ്ടായിരുന്നു. താൻ പക്ഷേ, അവർക്കൊരു പുഞ്ചിരിയും തിരിച്ച് കൊടുത്തില്ല.പകരം രൂക്ഷമായ ദൃഷ്ടികൾ കൊണ്ട് അവരെ ദഹിപ്പിക്കാൻ മാത്രം ശ്രമിച്ചു.എങ്കിലും അപൂർവ്വം ചില നിമിഷങ്ങളിൽ അറിയാതെ ചിന്തിച്ച് പോവാറുണ്ട്, ഈമാനിന്റെ പ്രകാശം വാരി വിതറും പോലുള്ള ആ മന്ദ സ്മിതത്തിന്റെ  ഉടമക്ക് ഉമ്മ പറഞ്ഞത് പോലൊരു വില്ലൻ വേഷം എങ്ങനെ ചേരുമെന്ന്..!

 

       പിന്നെയും പലയിടങ്ങളിലും വച്ച് ഒരുപാട് തവണ അവരെ വീണ്ടും കണ്ടു. .പൊരിവെയിലിൽ തലയിൽ കരിങ്കല്ലുമായി വിയർത്തൊലിച്ച് നടന്നു നീങ്ങുമ്പോഴും ഒരു വെയിലിനും മായ്ക്കാൻ സാധിക്കാത്തൊരു നിശ്ചയ ദാർഢ്യത്തിന്റെ ആ പുഞ്ചിരി തനിക്ക് സമ്മാനിക്കാൻ അവർ മറക്കാതിരുന്നത് എന്തു കൊണ്ടാവും?

     പടിക്കൽ ആ പെൺകുട്ടികളുടെ തലവെട്ടം കാണുമ്പോഴേക്കും ഉമ്മയുടെ പ്രേരണയോടെ ഉപ്പച്ചിയിവിടെ ഇല്ലെന്ന് എത്രയോ തവണ താനവരോട് കള്ളം പറഞ്ഞിട്ടുണ്ട്..അപ്പോഴെല്ലാം അകത്തെ മുറിയിൽ ഇതൊന്നുമറിയാതെ ഉപ്പ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു..വിഷാദം ഇരുൾ പടർത്തിയ മുഖത്തോടെ അവർ തിരിഞ്ഞു നടക്കുമ്പോൾ മനസ്സിലെന്തോ ഒരു സംതൃപ്തി നിറഞ്ഞു നിന്നിരുന്നില്ലേ?..ഒരു പക്ഷേ,  താൻ മാത്രം അധികാരത്തോടെ ഉപ്പയെന്ന് വിളിക്കുന്ന ആ വ്യക്തിയെ അതേ പേരിട്ട് അത്രയും സ്വാതന്ത്ര്യത്തോടെ , അവരന്വേഷിക്കുന്നത് കൊണ്ടുള്ള കുശുമ്പാവാം..എന്നിരുന്നാലും ഒരിക്കൽ പോലും ഉമ്മയോടോ ഉപ്പയോടോ അവരാരാണെന്നൊരു ചോദ്യം താനൊരിക്കലും ചോദിച്ചില്ല.

       

       ഒരിക്കൽ ടൈഫോയ്ഡ് ബാധിച്ച് ഹോസ്പിറ്റലിലായ ആ മൂത്ത പെൺകുട്ടിയുടെ ചികിത്സക്ക് അവരെ ഏൽപ്പിക്കാൻ ഉപ്പ തന്റെ കൈയിൽ തന്നയച്ച പണം നിർദാക്ഷിണ്യം താനും ഉമ്മയും കൂടെ പങ്കിട്ടെടുത്തതും കുഞ്ഞാനുമ്മയെ വഴിയിൽ വെച്ച് കാണുമ്പോഴൊക്കെ ഉമ്മയുടെ നിർദ്ദേശ പ്രകാരം ഉരുളൻ കല്ല് പെറുക്കി എറിഞ്ഞതും തിരിച്ചറിവില്ലാത്ത ബാല്യത്തിന്റെ കുസൃതികൾ മാത്രമായിരുന്നില്ല..ഒരേഴു വയസ്സുകാരന്റെ പക്വതയില്ലാത്ത ലോകത്തെ ഏറ്റവും വലിയ ശരി അവന്റെ ഉമ്മ  മാത്രമായിരിക്കുമെന്നതും അവർ നയിക്കുന്ന വഴികൾ സത്യത്തിന്റേതാവുമെന്ന് അവൻ തെറ്റിദ്ധരിക്കുമെന്നതും ഒരു പ്രധാന കാരണമാണ്..

 

    പിന്നീടെപ്പോഴാണ് തന്റെ ശരികളുടെ കൊട്ടാരം മുഴുവൻ നിർമ്മിക്കപ്പെട്ടത് തെറ്റുകളുടെ അടിത്തറകൾക്ക് മുകളിലാണെന്ന സത്യം താൻ മനസ്സിലാക്കിയത്?

ഹബീബ് ഓർത്തെടുക്കാൻ ശ്രമിച്ചു. .  

        ഒരിക്കൽ ആഷിക്കുമൊത്ത് ടൗണിൽ നിന്നും വീട്ടിലേക്ക് നടക്കുമ്പോൾ വഴിയിൽ വെച്ച് വീണ്ടും ആ മുഖം കണ്ടു. താനെറിഞ്ഞ കല്ല് കൊണ്ടുണ്ടായ മുറിവിന്റെ പാട് അവരുടെ വെളുത്ത നെറ്റിയിൽ അപ്പോഴും മായാതെ കിടക്കുന്നുണ്ടായിരുന്നു.എന്നിട്ടും തന്നെ കണ്ടപ്പോൾ തെളിച്ചമില്ലാത്തൊരു പുഞ്ചിരി അവരുടെ ചുണ്ടുകളിൽ വിടർന്നെന്ന് തോന്നി. .താനുണ്ടാക്കിയ ആ മുറിവിനെ കുറിച്ച്  തന്നക്കാൾ നാല് വയസ്സിന് മുതിർന്നവനായ ആഷിക്കിനോട് വീരവാദം പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് തന്നെ ഒരുപാട് ചിന്തിപ്പിച്ച , താനൊഴിച്ച് മറ്റെല്ലാവരും മനസ്സിലാക്കിയ ആ സത്യം ഒരു ചോദ്യമായി അവൻ തന്റെ നേരെ ഉന്നയിച്ചത്..

       " താനെന്തിനാടാ അവരെ കാണുമ്പോഴൊക്കെ ഇങ്ങനെ  ഉപദ്രവിക്കാൻ ശ്രമിക്കുന്നത്? നിന്റെ ഉമ്മയല്ലേ ആ പാവം സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്തത്?അതിനു ശേഷം ആ രണ്ടു പെൺമക്കളെ നിന്റെ ഉപ്പ തിരിഞ്ഞു നോക്കിയിട്ടില്ല.അവരെത്ര കഷ്ടപ്പെട്ടാണ് മക്കളെ വളർത്തുന്നതെന്നറിയാമോ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നതിനിടയിൽ ഒരു കൈ സഹായത്തിനു വേണ്ടി ജനിപ്പിച്ച പിതാവിന്റെ വീടിനു മുന്നിൽ കൈ നീട്ടി ഇരക്കാൻ വരുന്ന ആ പെൺകുട്ടികളുടെ മാനസികാവസ്ഥ നീ  ചിന്തിച്ചിട്ടുണ്ടോ? നിങ്ങളവർക്ക് ഉപകാരമൊന്നും ചെയ്തില്ലെങ്കിലും കാണുമ്പോൾ ഉപദ്രവിക്കാതിരിക്കാനെങ്കിലും ശ്രമിച്ചൂടെ!?"

 അവരിറങ്ങിയതിനു പിന്നാലെ ബാഗും തൂക്കി ഉറ്റ ചങ്ങാതി ആഷിക്കിന്റെ കൂടെ വേഗത്തിൽ സ്കൂളിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ശബ്ദമില്ലാതെ  കരഞ്ഞു കൊണ്ട് നോവിന്റെ നിർവചനം പോലെ പതിയെ നടന്നു നീങ്ങുന്ന അവരെ വീണ്ടും കണ്ടു മുട്ടിയിരുന്നു.അപ്പോൾ മാത്രം അവർക്ക് മുന്നിൽ വഴികാട്ടിയായി വെളുത്ത തട്ടവും പുതച്ച് കുഞ്ഞാനുമ്മയുണ്ടായിരുന്നു.അവർ പുഞ്ചിരിയിൽ പൊതിഞ്ഞ ആശ്വാസ വാക്കുകളാൽ ആ കുട്ടികളെ സമാധാനിപ്പിച്ച് കൊണ്ടേയിരുന്നിരുന്നു  

അവന്റെ ചോദ്യങ്ങൾ അപ്പാടെ വന്നു പതിച്ചത് തന്റെ തലച്ചോറിലാണ്..അന്നു മനസ്സിലാക്കിയ ആ ശരികൾ സൃഷ്ടിച്ച കുറ്റബോധം ഉള്ളിൽ കിടന്നു വിങ്ങി വിങ്ങി എത്രയോ ദിനരാത്രങ്ങൾ..

     ഉപ്പയുടെ മരണ ശേഷം തനിച്ചാണെന്നുള്ള ഉമ്മയുടെ വാക്കുകൾ മുഖവിലക്കെടുക്കാതെ ഹോസ്റ്റലിലേക്ക് മാറിയത് ഉമ്മയോടുള്ള വെറുപ്പൊന്ന് കൊണ്ട് മാത്രമായിരുന്നു..ഒടുവിൽ ദൈവത്തിന്റെ ക്രൂരമായ പരീക്ഷണം ഭൂമിയിൽ നിന്നു തന്നെ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് പോലെ കാൻസർ ബാധിതയായി ഉമ്മ എത്രയോ നാൾ നരകിച്ചു കിടന്നു .അവരുടെ സന്തോഷകരമായ കുടുംബ ജീവിതം തകർത്തത് താനാണെന്ന കുറ്റബോധം വൈകിയെത്തിയൊരു തിരിച്ചറിവായി  ഉമ്മയുടെ കണ്ണുകളെ നനച്ചപ്പോൾ താനവരുടെ തെറ്റുകളെല്ലാം മറന്ന് പോയി..അന്നുമ്മയുടെ ആഗ്രഹം പൂർത്തീകരിക്കാനായി കുഞ്ഞാനുമ്മയെ കണ്ടെത്താൻ താനാവതു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.വേദനകൾ മാത്രം സമ്മാനിച്ച ഈ നാടു വിട്ട് അവരവരുടെ ജന്മദേശത്തേക്ക് പോയെന്ന് മാത്രം അറിയാൻ സാധിച്ചു. ..

      ഉപ്പൂപ്പയുടെ തടി മില്ലിലേക്ക് ജോലിക്കു വന്ന ഉപ്പക്ക് മറ്റൊരു കുടുംബമുണ്ടെന്നറിഞ്ഞിട്ടും ഉമ്മ പ്രണയിച്ചതും ഒടുവിലൊരുപാട് വിപ്ലവങ്ങൾ സൃഷ്ടിച്ച് അവർ വിവാഹിതരായതും കണ്ണുനീരിന്റെ അകമ്പടിയോടെ ആശുപത്രി കട്ടിലിൽ വെച്ച് ഉമ്മ പറഞ്ഞു തന്ന കഥകളായിരുന്നു.

        ഉമ്മ മരിച്ച ദിവസമാണ് താൻ തീർത്തും തനിച്ചായത്.അടുത്ത ബന്ധുക്കളെന്ന് പറയാൻ ആരുമില്ലാത്തതും ഉമ്മയുടെ കോളിളക്കം സൃഷ്ടിച്ച വിവാഹം ഉള്ള ബന്ധുക്കളെ തന്നെ ശത്രുക്കളാക്കിയതുമെല്ലാം തന്റെ ഒറ്റപ്പെടലിനുള്ള കാരണങ്ങളായിരീന്നിരിക്കാം..എങ്കിലും  ഏഴു ദിവസം കഴിയുന്നത് വരെയൊക്കെ ബന്ധുക്കളിൽ ചിലർ കൂടെയുണ്ടായിരുന്നു.അവരിൽ പലരും തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോവാൻ ആവതു ശ്രമിച്ചെങ്കിലും എന്തോ കൂടെ പ്പോവാൻ മനസ്സനുവദിച്ചില്ല.അങ്ങിങ്ങായി ചോർന്നൊലിക്കുന്ന ആ വീടും ഉമ്മയുടെ ഓർമ്മകളും ഇട്ടിട്ടു പോവാനുള്ള വിഷമത്തേക്കാളും കൂടെ വിളിച്ച ബന്ധുക്കളിലൊരാളോടും തനിക്ക് പേരിനു പോലും മാനസികമായൊരടുപ്പം ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. 

         രാത്രി വരാമെന്ന തന്റെ ഉറപ്പിൽ അവസാനത്തെ ബന്ധുവും പോയ്ക്കഴിഞ്ഞപ്പോൾ മാത്രം താൻ വാവിട്ടു കരഞ്ഞത് ഇന്നും ഓർമ്മയുണ്ട്..

        അന്ന് , ആ കോരിച്ചൊരിയുന്ന മഴയത്ത്,  ദൈവത്തിന്റെ കാരുണ്യ വർഷം പോലെ മുറ്റത്തൊരു വെളുത്ത കാർ വന്നു നിന്നു.അതിൽ നിന്നിറങ്ങി വന്ന സ്ത്രീ രൂപത്തെ ഒറ്റക്കാഴ്ചയിൽ തനിക്കു മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും കുറ്റബോധക്കറ പുരണ്ട മനസ്സിന്റെ അകത്തളങ്ങളിൽ നിന്നും അമ്പിളിക്കല പോലെ തിളങ്ങുന്ന ആ മുഖം ഓർമ്മയിലേക്കോടിയെത്തി..അത് തന്റെ കുഞ്ഞാനുമ്മയായിരുന്നു...!

         നിലാവിന്റെ നിറമുള്ള മക്കനക്കു താഴെ തേജസ്സാർന്ന പുഞ്ചിരി നിറച്ച് അവർ തന്നെ കൂടെ വിളിച്ചു. .മറുത്തൊന്നും പറയാതെ തനിക്കുള്ളതെല്ലാം പെറുക്കിയെടുത്ത് അവരോടൊപ്പം ആ മഴയത്തേക്കിറങ്ങി..പനി പിടിക്കുമെന്ന സ്നേഹത്തിന്റെ ചൂടുള്ള ശാസന കേട്ടപ്പോൾ, ആ വാത്സല്യത്തിന്റെ മഴ നനഞ്ഞപ്പോൾ ഉമ്മയെയാണോർമ്മ വന്നത്..

         കുഞ്ഞാനുമ്മയുടെ വീട് ഒരു സ്നേഹ ക്കൊട്ടാരമായിരുന്നു.അവരുടെ വിശാലമായ മനസ്സു പോലെ വിശാലമായ ഇടനാഴികളുള്ള ഒരു വലിയ വീട്..ടൗണിലെ അവരുടെ ആ പഴയ അഞ്ചു സെന്റ് വീടിനടുത്ത് പെട്രോൾ പമ്പും ഷോപ്പിങ് കോംപ്ലക്സുമെല്ലാം ഉയർന്നപ്പോഴാണത്രേ പൊന്നും വിലയ്ക്ക് അവരാ വീട് വിൽപ്പന നടത്തിയതും അവരുടെ സ്വന്തം നാട്ടിൽ പുതിയ വീടും പറമ്പും വാങ്ങിച്ചതും..

         ആ രാത്രി മുഴുവൻ ക്ഷമാപണത്തിന്റെ കണ്ണുനീർ കൊണ്ട് ഉള്ളിലെ കറകൾ കഴുകി ക്കളഞ്ഞതും വീണ്ടും മാതൃ വാത്സല്യത്തിന്റെ ചൂടുള്ള കരിമ്പടം പുതച്ചുറങ്ങിയതും ഉള്ളിലെ കുളിരുള്ള ഓർമ്മകളാണ്..അന്ന്...നിറകണ്ണുകളോടെ തന്റെ വീട്ടു പടിക്കൽ നിന്നും പടിയിറങ്ങിപ്പോയ ആ ഇത്തമാർക്ക് താനവരുടെ സ്വന്തം കൂടപ്പിറപ്പായിരുന്നു..സ്നേഹം അതിന്റെ എല്ലാ അർത്ഥത്തിലും അനുഭവിച്ചറിഞ്ഞ ആ നിമിഷങ്ങളിൽ നിന്നാണ് ഇന്നത്തെ ഊർജ്ജ സ്വലനായ ഹബീബ് പിറവിയെടുത്തത്...

        ഒടുവിൽ,  ജ്വലിക്കുന്ന ഓർമ്മകൾ മാത്രം ബാക്കിയാക്കി , പെങ്ങന്മാരെ തന്റെ കൈകളിലേൽപ്പിച്ച് കഴിഞ്ഞ റംസാൻ ഇരുപത്തിയേഴിന് തന്റെ മടിയിൽ തല വെച്ച് കിടന്ന് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ്ടു പോയ , തന്റെ പ്രിയപ്പെട്ട കുഞ്ഞാനുമ്മയെയല്ലാതെ മറ്റാരെയാണ് താനീ റംസാനിൽ ഓർക്കേണ്ടത്?!

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക