Image

സിനിമ :അഞ്ജലി മോഹൻ വിടപറയുമ്പോൾ (1948 -2024) -എസ് സുന്ദർദാസ്

Published on 15 September, 2024
സിനിമ :അഞ്ജലി   മോഹൻ വിടപറയുമ്പോൾ   (1948 -2024)     -എസ് സുന്ദർദാസ്

 

തന്റെ  സിനിമയുടെ   പ്രജാപതി  താനാണ്, താൻ മാത്രമാണ് എന്നു വിശ്വസിക്കുകയും അത് ഉറക്കെ പറയാൻ ശങ്കിക്കാതിരിക്കുകയും ചെയ്ത സംവിധായകനാണ് മോഹൻ. ഏതാണ്ട് കാൽ നൂറ്റാണ്ടിനിടയിൽ  താനെടുത്ത 23  മലയാള സിനിമകൾകൊണ്ട് അദ്ദേഹം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. "എന്റെ സിനിമ എന്റേതു മാത്രമായിരിക്കും. ആർക്കും വേണ്ടി അതിൽ വെള്ളം ചേർക്കാൻ ഞാൻ തയ്യാറല്ല.സംവിധായകനെന്ന നിലയിൽ എന്റെ നിലപാടുകളിൽ മറ്റാർക്കെങ്കിലും വേണ്ടി മാറ്റംവരുത്താൻ ഞാൻ ഒരുക്കവുമല്ല," മോഹൻ ഇങ്ങനെ പറയുന്നത് ഞാൻ പല തവണ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ്  മോഹൻ  കൂട്ടത്തിൽനിന്ന് വേറിട്ട സംവിധായകനായതും അദ്ദേഹത്തിന്റെ സിനിമകൾ വേറിട്ട വ്യക്ത്വമുള്ള കലാസൃഷ്ടികളായതും. 

എണ്പതുകളിലാണ് കേവല കലയ്ക്കും  വെറും കച്ചവടത്തിനുമിടയിൽ ഒരു മധ്യമാർഗം അവലംബിച്ച ചില സംവിധായകർ മദ്ധ്യവർത്തി സിനിമ എന്ന ഒരു ഇടം മലയാളസിനിമയിൽ സൃഷ്ടിച്ചത്. ഭരതൻ, പത്മരാജൻ,കെ ജി ജോർജ് തുടങ്ങിയവരുടെ ആ നിരയിൽ  മോഹനമുണ്ടായിരുന്നു.

 

ആയിരത്തി  തൊള്ളായിരത്തി എഴുപതുകളിലും എൺപതുകളിലും മലയാള സിനിമ വലിയൊരു മാറ്റത്തിന്റെ പാതയിലായിരുന്നു. വാണിജ്യ സിനിമകളിൽനിന്ന് വേർപെട്ടു പ്രത്യക്ഷപ്പെട്ട ആർട്ട് ഫിലിമുകൾ സിനിമയിലെ കച്ചവട താല്പര്യങ്ങളെ വെല്ലുവിളിച്ചു. എങ്കിലും സിനിമയെ വിനോദോപാധിമാത്രമായി കണ്ടിരുന്ന സാമാന്യപ്രേക്ഷകർ ആ സിനിമകളോട്  ആഭിമുഖ്യം പുലർത്തിയില്ല. വാണിജ്യസിനിമകൾ പൊതുവിൽ സ്ഥിരം ഫോർമുലകളിൽ  പടച്ചുവിടുന്നവയായിരുന്നു. ജനപ്രിയ അഭിനേതാക്കളുടെ താരപരിവേഷം പ്രയോജനപ്പെടുത്തിയ സംവിധായകർ അവർക്കിണങ്ങുന്ന കഥകൾ സിനിമയാക്കി. മലയാളത്തിലെ    ജനപ്രിയ  നോവലുകൾ,കഥകൾ എന്നിവ   സിനിമയാക്കിയപ്പോഴെല്ലാം (1960  കൾ മുതൽക്കുതന്നെ അതൊരു പ്രവണതയായിരുന്നു) താരങ്ങൾ അതിലെ നായികാനായകന്മാരായി. ആവിഷ്കരണത്തിലെ പതിവുശൈലികളും സ്ഥിരം ഫോര്മുലകളും സംവിധായകർ തുടർന്നുപോന്നു. ആവിഷ്കരണത്തിലെ പതിവുശൈലികളും സ്ഥിരം ഫോര്മുലകളും സംവിധായകർ തുടർന്നുപോന്നു. അറുപതുകൾ മുതൽ തന്നെ രംഗത്തുണ്ടായിരുന്ന സേതുമാധവനെയും വിന്സെന്റിനെയും പോലുള്ള ചില സംവിധായകർ കൂട്ടത്തിൽനിന്നും വേറിട്ടുനിന്ന സംവിധായകനായിരുന്നു.  താരാധിപത്യത്തെ അവർ അർത്ഥവത്തായ സിനിമയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തി. എന്നാൽ എണ്പതുകളിലാണ് കേവല കലയ്ക്കും  വെറും കച്ചവടത്തിനുമിടയിൽ ഒരു മധ്യമാർഗം അവലംബിച്ച ചില സംവിധായകർ മദ്ധ്യവർത്തി സിനിമ എന്ന ഒരു ഇടം മലയാളസിനിമയിൽ സൃഷ്ടിച്ചത്. ഭരതൻ, പത്മരാജൻ,കെ ജി ജോർജ് തുടങ്ങിയവരുടെ ആ നിരയിൽ  മോഹനമുണ്ടായിരുന്നു..

വാടകവീട് (1979 ) എന്ന ആദ്യസിനിമതന്നെ സംവിധായകനെന്ന നിലയിൽ മോഹനെ അടയാളപ്പെടുത്തി.  സുകുമാരനും വിധുബാലയുമായിരുന്നു അതിലെ പ്രധാന താരങ്ങൾ. മോഹന്റെ സവിശേഷമായ സംവിധാന ശൈലി അതിൽ പ്രകടമായിരുന്നു. അടുത്ത ചിത്രമായ രണ്ട് പെൺകുട്ടികൾ അക്കാലത്ത് മലയാള സിനിമ എന്നല്ല, ഇന്ത്യൻ സിനിമതന്നെ പറയാൻ അറയ്ക്കുന്ന ഒരു ലെസ്ബിയൻ കഥയായിരുന്നു. വി ടി നന്ദകുമാറിന്റെ അതേ പേരിലുള്ള  ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ള ആ ചിത്രം  ആൻ വലിയ കോളിളക്കമൊന്നും നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ചില്ല എന്നത് ഒരു അത്ഭുതമായി തോന്നുന്നു. മോഹന്റെ സവിശേഷമായ ആവിഷ്കരണ ശൈലിയായിരുന്നു അതിനുകാരണം. ശോഭ, അനുപമ, വിധുബാല, സുകുമാരൻ, മധു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെ അവരുടെ കാമ്പസ് ജീവിതത്തിന് ഊന്നൽ നൽകിയാണ് മോഹൻ അവതരിപ്പിച്ചത്. അക്കാലത്തെ ഒരു  'ഉച്ചപ്പടം"  ആകാൻ എല്ലാ സാധ്യതയുമുണ്ടായിരുന്ന ആ കഥക്ക് സംവിധായകൻ സവിശേഷമായ ഒരു മാനം നൽകി. കോജേജ് അദ്ധ്യാപകൻ (സുകുമാരൻ) തന്നെ പ്രണയിക്കുന്ന  വിദ്യാർത്ഥിനിയുടെ (ശോഭ) ഓട്ടോഗ്രാഫിൽ ഇങ്ങനെ എഴുതി:     

"എനിക്കുണ്ടോരു   ജീവിതം   

നിനക്കുണ്ടോരു ജീവിതം 

നമുക്കില്ലൊരു ജീവിതം"

ഇതൊക്കെ അന്ന് കോളേജ്‌വിദ്യാർത്ഥികൾക്കിടയിൽ ഏറെ ചർച്ചയായി. സുകുമാരന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്. സ്വവർഗരതിയെ അതിസൂക്ഷ്മമായും വ്യംഗമായും മോഹൻ കൈകാര്യം ചെയ്തു.

ഫോട്ടോ :ശശി മേനോന്‍ 

കാമ്പസ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അമ്മു എന്ന പെൺകുട്ടിയുടെ ദുരന്തം  ആവിഷ്കരിക്കുന്ന ശാലിനി എന്റെ കൂട്ടുകാരി മോഹന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണെന്നുപറയാം. പി പത്മരാജന്റെ കഥക്ക് അദ്ദേഹംതന്നെ  തിരക്കഥ എഴുതിയിരിക്കുന്നു.  ശോഭ എന്ന നടിയുടെ അഭിനയമികവുകൊണ്ടുകൂടി അവിസ്മരണീയമാണ് ഈ സിനിമ

കാമ്പസ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അമ്മു എന്ന പെൺകുട്ടിയുടെ ദുരന്തം  ആവിഷ്കരിക്കുന്ന ശാലിനി എന്റെ കൂട്ടുകാരി മോഹന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണെന്നുപറയാം. പി പത്മരാജന്റെ കഥക്ക് അദ്ദേഹംതന്നെ  തിരക്കഥ എഴുതിയിരിക്കുന്നു.  ശോഭ എന്ന നടിയുടെ അഭിനയമികവുകൊണ്ടുകൂടി അവിസ്മരണീയമാണ് ഈ സിനിമ. ജലജ, വേണു നാഗവള്ളി, സുകുമാരൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. രവി മേനോൻ എന്ന നടനെ ഇന്ന് നാം ഓർക്കുന്നത് നിർമാല്യം എന്ന സിനിമകഴിഞ്ഞാൽ ശാലിനി എന്റെ കൂട്ടുകാരിയിലെ "സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ  .."  എന്ന ഗാനരംഗത്തിലൂടെയാണെന്നു പറയാം. അതിവൈകാരികതയിലേക്ക് വീണുപോകാവുന്ന കഥാസന്ദര്ഭങ്ങളെ സംവിധായകന്റെ മിതത്വം കടിഞ്ഞാണിട്ടുനിർത്തിയിരിക്കുന്നത് എടുത്ത് പറയേണ്ടതുണ്ട്.

1981 ൽ പുറത്തിറങ്ങിയ വിടപറയും മുൻപെ  ക്യാൻസർ രോഗിയായ സേവ്യർ എന്ന സ്റ്റെനോഗ്രാഫറുടെ കഥ പറയുന്നു. കൊച്ചു കൊച്ചു നുണകളിലൂടെ തന്റെ ജീവിത ദുരന്തത്തെ മറ്റുള്ളവരുടെ മുന്നിൽ മറച്ചുപിടിക്കാൻ പാടുപെടുന്ന സേവ്യർ നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. താരബഹുലമായ ആ ചിത്രത്തിൽ ഒരു താരപ്പൊലിമയും ഇല്ലാതെയാണ് പ്രേംനസീർ, ലക്ഷ്മി,ഗോപി എന്നിവരെല്ലാം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാധവൻകുട്ടി എന്ന കഥാപാത്രമാകാൻ  പ്രേംനസീറിനെ മോഹൻ എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. വൻസാമ്പത്തിക വിജയമായ ചിത്രം കൂടിയാണ് വിട പറയും മുൻപെ.

പത്മരാജന്റെ തിരക്കഥയിൽ മോഹൻ സംവിധാനം ചെയ്ത കൊച്ചു കൊച്ചു തെറ്റുകൾ (1979 ) എടുത്ത് പറയേണ്ട  ഒരു സിനിമയാണ്. സുകുമാരനും സഭയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ സിനിമ മനുഷ്യമനസ്സിന്റെ അവ്യാഖേയവും പ്രവചനാതീതവുമായ വ്യാപാരങ്ങൾ ആവിഷ്കരിക്കുന്നതിൽ മോഹനുള്ള കഴിവ് വെളിപ്പെടുത്തുന്നു. കഥയറിയാതെ (1981 ) എന്ന സിനിമ അമ്മയുടെ അവിഹിത ബന്ധം സംശയിക്കുന്ന ഒരു മകളുടെ കഥയാണ്.  ശ്രീവിദ്യ,സുകുമാരൻ,സോമൻ, എന്നിവർ പ്രധാനവേഷങ്ങളണിഞ്ഞ ഈ ചിത്രത്തിൽ മകളുടെ റോൾ  റാണിപത്മിനിയാണ് അവതരിപ്പിച്ചത്.   റാണി പത്മിനി ആദ്യമായി അഭിനയിച്ചത് ഈ സിനിമയിലാണ്. ഈ സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ചുവെങ്കിലും പിന്നീട് അവർ അറിയപ്പെട്ടത് ഗ്ളാമർ റോളുകളിലാണ്. പി. പത്മരാജൻ രചനയും മോഹൻ സംവിധാനവും നിർവഹിച്ച് 1982 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടവേള.കൗമാരക്കാരായ നാലുപേർ സ്കൂളിൽ നിന്നുള്ള ക്യാമ്പിനെന്ന വ്യാജേന ഒരു സുഖവാസകേന്ദ്രത്തിലേക്കു പോകുന്നു. അവിടെ അവർ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് നീങ്ങുന്നതാണ് കഥ. കൗമാരമനസ്സുകളുടെ സാഹസിക സഞ്ചാരങ്ങൾ ആവിഷ്കരിക്കുന്ന  സിനിമകൾ മലയാളത്തിൽ അധികമില്ല. ചിത്രത്തിൽ കൗമാര പ്രായത്തിലുള്ള  സുഹൃത്തുക്കൾ ഒരു ബാറിൽ കയറി ഒരു ബിയർ വാങ്ങി കുപ്പി തുറക്കാൻ പാടുപെടുന്ന  ഒരു രംഗം ഓർമ്മവരുന്നു. അങ്ങനെ ഒരു രംഗം ഇന്ന് സങ്കല്പിക്കാനാവില്ല. അതുകൊണ്ട് എൺപതുകളിലെ സവിശേഷമായ സാമൂഹിക സാഹചര്യം കണക്കിലെടുത്തുവേണം ഇന്ന് ആ സിനിമ കാണാൻ.

രവി മേനോൻ എന്ന നടനെ ഇന്ന് നാം ഓർക്കുന്നത് നിർമാല്യം എന്ന സിനിമകഴിഞ്ഞാൽ ശാലിനി എന്റെ കൂട്ടുകാരിയിലെ "സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ  .."  എന്ന ഗാനരംഗത്തിലൂടെയാണെന്നു പറയാം. അതിവൈകാരികതയിലേക്ക് വീണുപോകാവുന്ന കഥാസന്ദര്ഭങ്ങളെ സംവിധായകന്റെ മിതത്വം കടിഞ്ഞാണിട്ടുനിർത്തിയിരിക്കുന്നത് എടുത്ത് പറയേണ്ടതുണ്ട്.വിടപറയും മുൻപെ  യിലെ സേവ്യർ നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മാധവൻകുട്ടി എന്ന കഥാപാത്രമാകാൻ  പ്രേംനസീറിനെ മോഹൻ എങ്ങനെ ഉപയോഗപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.

രാഘവന്റെ കഥക്ക് ജോൺ പോൾ സംഭാഷണമെഴുതി മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച്  സിനിമയാണ്  ഇളക്കങ്ങൾ (1982). വലിയ താരനിരയൊന്നുമില്ലാ. നെടുമുടി വേണു, സുധ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ എന്നിവരാണ്  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എന്നാൽ ഒരു വലിയ താരോദയത്തിന് കാരണമായി ഈ ചിത്രം. ആ ചിത്രത്തിൽ ഒരു പാൽ കറവക്കാരന്റെ വേഷമിട്ടുകൊണ്ടായിരുന്നു ഇന്നസെന്റ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് ആചിത്രം റവ്യൂ ചെയ്ത ഒരു പ്രമുഖ നിരൂപകൻ ഇന്നസെന്റിന്റെ അഭിനയത്തെപ്പറ്റി എടുത്തുപറഞ്ഞത് ഓർത്തുപോകുന്നു. നെടുമുടി വേണുവിന്റെ അഭിനയസിദ്ധി മാറ്റുരക്കുന്ന മറ്റൊരു മോഹൻ സിനിമയാണ് മംഗളം നേരുന്നു(1984 ). ബിസിനസുകാരനായ ഭർത്താവിന്റെ മരണശേഷം മകളെ പോറ്റാൻ അഭിസാരികയാകാൻ നിര്ബന്ധിതയായ സ്ത്രീയില്നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങി സ്വന്തം മകളെപ്പോലെ വളർത്തുന്ന രവീന്ദ്രമേനോൻ എന്ന കഥാപാത്രത്തെ വേണു അവിസ്മരണീയമാക്കി. ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന കൃഷ്ണചന്ദ്രൻ പാടിയ ഗാനം കേൾക്കാത്തവരും ഓർക്കാത്തവരുമായ മലയാളികൾ ഇന്നുണ്ടാവില്ല. അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാവുന്ന ഒരു കഥാതന്തുവിനെ മോഹൻ തികഞ്ഞ ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.സമൂഹം തന്നെ ഒരു അദൃശ്യ കഥാപാത്രമായി ഈ ചിത്രത്തിൽ നമുക്ക് അനുഭവപ്പെടുന്നു.

മമ്മുട്ടി,നെടുമുടി വേണു,മാധവി,ശ്രീനിവാസൻ ,പവിത്ര എന്നിവർ അഭിനയിച്ച,   ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻ കഥയും സംവിധാനവും നിർവഹിച്ച  ചലച്ചിത്രമാണ് ഒരു കഥ ഒരു നുണക്കഥ(1986).മമ്മൂട്ടിയുടെയും വേണുവിന്റെയും അഭിനയ മികവ് ചിത്രത്തെ ശ്രദ്ധേയമാക്കി.നെടുമുടി വേണുവിന്റെ കഥക്ക് മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത  തീർത്ഥം(1987 ) മദ്യപാനത്തിലേക്ക് വീണുപോകുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയാവസ്ഥയാണ് പ്രതിപാദിക്കുന്നത്. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തികഞ്ഞ സൂക്ഷ്മത പുലർത്തിയിരുന്ന സംവിധായകനായിരുന്നു മോഹൻ എന്ന് എനിക്ക് ബോധ്യപ്പെട്ട ചിത്രമായിരുന്നു അത്. അക്കാലത്ത് ദൂരദർശനിലെ ഹിന്ദി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന പല്ലവി ജോഷിയെയാണ് അദ്ദേഹം നായികയായി കണ്ടെത്തിയത്. പല്ലവിയെ കാണാനായി മോഹൻ മുംബൈയിൽ എത്തിയപ്പോൾ അന്ന് അവിടെ ജോലി ചെയ്തിരുന്ന എന്നെ അദ്ദേഹം വിളിച്ചു. ചെന്നൈയിൽ ഉള്ളപ്പോൾ ഉണ്ടായിരുന്ന സൗഹൃദം കാരണമാണ് അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. അദ്ദേഹം അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ സിനിമയെപ്പറ്റി ദീർഘ സംഭാഷണങ്ങളിൽ  ഞങ്ങൾ ഏർപ്പെട്ടു. മോഹന്റെ സിനിമാസങ്കല്പങ്ങളെപ്പറ്റി അറിയാൻ എനിക്ക് അത്  നല്ലൊരവസരമായി. അഭിനേതാക്കളെ നിശ്ചയിക്കുന്ന കാര്യത്തിൽ പുതുമുഖങ്ങളെന്നോ അറിയപ്പെടുന്ന താരങ്ങളെന്നോ എന്നൊന്നും അദ്ദേഹം നോക്കിയില്ല. വിടപറയും മുമ്പേയിൽ മുഖ്യകഥാപാത്രം വേണു ആയിരുന്നെങ്കിലും ബിസിനസുകാരനായ മാധവൻകുട്ടി എന്ന കഥാപാത്രമായി നസീറും ഡോക്ടർ തോമസിന്റെ വേഷത്തിൽ ഭാരത് ഗോപിയും വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ആ ചിത്രത്തിലെ അഭിനയമികവിന് പ്രേംനസീർ പ്രത്യേക ജൂറി അവാർഡിന് അർഹനായി. തീർത്ഥത്തിലെ ശ്രീദേവി  എന്ന കഥാപാത്രത്തിന് ഇണങ്ങുന്ന രൂപഭാവങ്ങൾ ഉള്ളതുകൊണ്ടായിരുന്നു മോഹൻ അവരെത്തേടി മുംബൈയിൽ എത്തിയത്.

സ്വന്തം സ്വപ്നങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു മോഹന് ഓരോ സിനിമയും. നിർമാതാവും അഭിനേതാക്കളും  മറ്റു കലാകാരന്മാരും എല്ലാം ഉണ്ടെങ്കിലും ഒരു കഥയോ നോവലോ എഴുതുന്നതുപോലെ മോഹൻ തന്റെ സിനിമ സൃഷ്ടിച്ചു.ഈ ലോകത്തോട് വിടപറയും മുമ്പേ ചില സിനിമകൾ കൂടി ചെയ്യാനുള്ള ആഗ്രഹവും ആലോചനകളും മോഹനുണ്ടായിരുന്നു. അത് ആഗ്രഹം മാത്രമായി അവശേഷിച്ചുവെങ്കിലും ചെയ്ത സിനിമകൾകൊണ്ടുതന്നെ മലയാളസിനിമയുടെ ചരിത്രത്തിൽ അദ്ദേഹം ഇടം പിടിച്ചുകഴിഞ്ഞു.

എൺപതുകളുടെ അവസാനത്തോടെ അതിവേഗം സൂപ്പർ താര[പദവിയിലേക്ക് ഉയർന്നുകൊണ്ടിരുന്ന നടനായിരുന്നു മോഹൻ ലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങളാണ് മോഹൻ സംവിധാനം ചെയ്തത്. മുഖം(1990), പക്ഷെ (1994 ) എന്നിവയാണ് ആ ചിത്രങ്ങൾ. മോഹൻലാൽ ഹരിപ്രസാദ് എന്ന ഐപിഎസ് ഓഫീസറെ അവതരിപ്പിക്കുന്ന മുഖം ഒരു ത്രില്ലർ എന്ന നിലയിൽ മോഹന്റെ മറ്റു ചിത്രങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നു. 

അങ്ങനെ ഒരു അവധിക്കാലത്ത് (1999 ) എന്ന ചിത്രത്തിൽ ശ്രീനിവാസനും സംയുക്ത വര്മയുമായിരുന്നു പ്രധാനവേഷങ്ങളിൽ. ആവർഷത്തെ ഏറ്റവും മികച്ച ഗായികയ്ക്കും (ചിത്ര)സംഗീതസംവിധായകനും(ജോൺസൺ) അവാർഡുകൾ ലഭിച്ച ചിതമാണത്. പൊതുവിൽ മോഹന്റെ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശാലിനി എന്റെ കൂട്ടുകാരി ഓർക്കുക. ഗാനങ്ങൾ ആ ചിത്രത്തിന്റെ അലങ്കാരമല്ല, ആത്മാവുതന്നെയാണ്. ഗാനരംഗങ്ങളുടെ  ചിത്രീകരണത്തിൽ മോഹൻ പ്രത്യേക മികവ് പുലർത്തി. അനാവശ്യമായതോ ഏച്ചുകൂട്ടിയതോ ആയ ഒരു ഗാനരംഗവും അദ്ദേഹത്തിന്റെ സിനിമകളിൽ കാണാനാവില്ല. സിനിമയിൽ പാട്ടുകൾ കഥാഖ്യാനത്തിന്റെ ഭാഗമായി.  ജോൺസൺ, ഇളയരാജ, ബോംബെ രവി,  ദേവരാജൻ, എം ബി ശീനിവാസൻ, ശ്യാം തുടങ്ങി ഓരോ ചിതങ്ങളിലും വ്യത്യസ്ത സംഗീത സംവിധായകരെ അദ്ദേഹം തേടിപ്പോയി. ത്രില്ലർ ചിത്രമായ മുഖത്തിൽ പാട്ടുകളെ ഇല്ലെന്നും ശ്രദ്ധിക്കുക.

രചന, ആലോലം, സഖ്യം, ഇസബെല്ല,ശ്രുതി  തുടങ്ങിയവയാണ് മോഹൻറെ മറ്റു പ്രധാന ചിത്രങ്ങൾ.  സ്വന്തം സ്വപ്നങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു മോഹന് ഓരോ സിനിമയും. നിർമാതാവും അഭിനേതാക്കളും  മറ്റു കലാകാരന്മാരും എല്ലാം ഉണ്ടെങ്കിലും ഒരു കഥയോ നോവലോ എഴുതുന്നതുപോലെ മോഹൻ തന്റെ സിനിമ സൃഷ്ടിച്ചു. ദ കാമ്പസ് (2005 ) എന്ന ചിത്രമായിരുവരുന്നു മോഹന്റെ അവസാന സൃഷ്ടി. ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സിനിമയായിരുന്നു  അത്. അതിനുശേഷം ഏതാണ്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞു. അതിനിടയിൽ ഞാൻ മോഹനനെ കണ്ടുമുട്ടിയപ്പോഴൊക്കെ അദ്ദേഹം പുതിയൊരു സിനിമയുടെ തയാറെടുപ്പിലാണെന്നു പറയുമായിരുന്നു. പുതിയ ആശയങ്ങളും കഥകളും ആ മനസ്സിൽ രൂപം കൊണ്ടിരുന്നു. പക്ഷെ, മലയാളസിനിമയിലെ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നുകഴിഞ്ഞിരുന്നു. സിനിമയിലെ താരാധിപത്യത്തിന് വഴങ്ങുന്ന ഒരു സംവിധായകനാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇന്നും പുതിയ സംവിധായകർ വന്നുകൊണ്ടിരിക്കുന്നു. നല്ല  സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുമുണ്ട്. എന്നാൽ കെ ജി ജോര്ജും പത്മരാജനും മോഹനുമൊക്കെ സർവതന്ത്ര സ്വതന്ത്രരായി വിഹരിച്ചിരുന്ന  പഴയ മധ്യവർത്തി സിനിമയുടെ ഇടം ഇന്നില്ല. മോഹൻ അത് മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാലും ഈ ലോകത്തോട് വിടപറയും മുമ്പേ ചില സിനിമകൾ കൂടി ചെയ്യാനുള്ള ആഗ്രഹവും ആലോചനകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു വര്ഷം മുമ്പ് എറണാകുളത്ത് ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഞാൻ മോഹനെ അവസാനമായി കാണുന്നത്. അപ്പോഴും അദ്ദേഹം ഒരു  സിനിമയെപ്പറ്റി ആലോചിക്കുന്നുണ്ടായിരുന്നു. അല്ലാതെ, മറ്റെന്തിനെപ്പറ്റിയാണ് അദ്ദേഹത്തിന് ആലോചിക്കാനുണ്ടായിരുന്നത്?


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക