കത്തും വിളക്കിൽ നിന്നിറ്റ് വെട്ടത്തിനെ-
മുറ്റത്ത് വയ്ക്കാനെടുത്തു തുമ്പപ്പൂവ്
പച്ച കുത്തുന്നു കിഴക്കിൻ്റെ ഭിത്തിയിൽ
പൊട്ടിത്തളിർക്കുന്ന നക്ഷത്രവള്ളികൾ
പ്രാചീനമേതോ പുരാവൃത്തമെന്നപോൽ
ഓലവായിക്കുന്ന നാട്ടുകൂട്ടങ്ങളിൽ
കാലവും, ദിക്കും പിടഞ്ഞോടിനീങ്ങുന്ന
കാലവർഷത്തിൻ്റെ ബാക്കിപത്രങ്ങളിൽ
മൺകുടങ്ങൾ പൊട്ടിവീഴുന്ന കുന്നിൻ്റെ
മൗനത്തിലാകുന്നൊരന്തർഗതങ്ങളിൽ
വെള്ളിലപ്പൂക്കളിൽ, വെള്ളാമ്പലിൽ
നിന്ന് കണ്ണിലേക്കിറ്റുന്ന ഗ്രാമസ്വപ്നങ്ങളിൽ
കാപ്പും, ചിലമ്പും കിലുക്കി നെറ്റിത്തടം
ചോപ്പാക്കി മാറ്റുന്ന കോമരങ്ങൾക്കുള്ളിൽ
രാശിതെറ്റിക്കിടക്കുന്ന ശൂന്യാകാശയാത്രികർ
കാണും പ്രപഞ്ചസത്യങ്ങളിൽ
മണ്ണിൻ്റെ ഗന്ധത്തിലേക്ക് നേർകാഴ്ച പോൽ
എന്നും പിടഞ്ഞുവീഴുന്ന ശ്വാസാക്ഷരം
കണ്ണിൻ്റെ കാവൽ വിളക്കുകൾ മങ്ങുന്ന
കണ്ണീർക്കയത്തിന്നിരുട്ട് മായുംവരെ
എണ്ണിപ്പറഞ്ഞെയ്ത് നീങ്ങുന്ന പോർക്കാറ്റ്
മുന്നിലായ് ചൂളം വിളിച്ച് പോകും വഴി-
വെട്ടം കെടുത്തി പകൽ യാത്രയാകവേ
നിദ്രാടനത്തിൻ്റെ താരകാവാനമേ
ചിത്രം വരയ്ക്കൂ, മനസ്സിലീവെട്ടത്തിനല്പം
പകർന്ന് സൂക്ഷിക്കാമിതേ പോലെ
പച്ചപ്പിലഗ്നിരേണുക്കൾ സസൂക്ഷ്മമായ്
നിത്യം വരയ്ക്കുന്ന ശില്പസ്ഥലങ്ങളിൽ
നൃത്തം തുടങ്ങുന്ന പൂവുകൾ, ചുറ്റിലും-
വെട്ടം പകർത്തുന്നു തുമ്പയും, ഓണവും