എൻ്റെ ഓർമ്മയിൽ ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് മുറുക്കുന്ന വല്യമ്മാവൻ ഇല്ല, ഓണക്കോടികളോ, പലതരം വിഭവങ്ങൾ ഉള്ള ഓണ സദ്യയോ ഇല്ല. അതൊക്കെ പലരുടെയും ഓർമ്മകളായി പലേടത്തും വായിച്ചിട്ടുണ്ട് . But എൻ്റെ ഓണം അങ്ങിനെയല്ല. ആചാരങ്ങൾ അടിമുടി പാലിക്കാത്ത കടലോര നാട്ടിലാണ് ഞാൻ വളർന്നത് അത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.. .. അവിടെ പൂവിളികൾ ഉയർന്ന് കേട്ടിട്ടില്ല. ഓണവില്ല് വിരിഞ്ഞിട്ടില്ല. പക്ഷേ അവിടെ കരുത്തരായ മനുഷ്യർ ഉണ്ടായിരിന്നു. അവരുടെ കരുതൽ സ്നേഹം എന്നിവ വട വൃക്ഷം പോലേ പടർന്ന് പന്തലിച്ച് പൂത്തിരുന്നു..
24 വർഷത്തിന് ശേഷമാണ് ഞാൻ നാട്ടിൽ ഓണം കൂടുന്നത്. നാട് എത്രയോ മാറി. എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരു ഓണമുണ്ട് എൻ്റെ വടക്കേയിലെ വിലു അമ്മായിയുടെ വീട്ടിൽ രാത്രിയിൽ ഓണക്കളികൾക്ക് ഞങ്ങൾ ഒത്ത് ചേരും. വിലു അമ്മായിയുടെ വീട് എല്ലാവരുടെയും ഒളി താവളവും, വിശ്രമ സ്ഥലവും ആയിരുന്നു. രാത്രിയിലും പകലും വരാന്തയിൽ ആരെങ്കിലും ഉണ്ടാകും. പണിക്കാർ പണി കഴിഞ്ഞ് വിശ്രമിക്കുമിടം വഴി പോക്കർ ക്ഷീണം മാറ്റാൻ ഇരിക്കുമിടം… ഞങ്ങൾ കുട്ടികൾക്ക് അത് കളി സ്ഥലമായിരുന്നു. എല്ലാവരുടെയും ജീവിതത്തിലെ ഒരു രണ്ടാമിടമോ മൂന്നാമിടമോ ആയി വിലൂമ്മായിയുടെ വീട് മാറി. മാവിൽ കല്ലെറിഞ്ഞ് നടുക്ക് നിൽക്കുന്ന പഴുത്ത മാങ്ങയെ മാത്രം താഴെയിടാൻ എന്നെ പഠിപ്പിച്ചത് വിലു അമ്മായിയുടെ മോൻ ഗിരി ചേട്ടൻ ആണ്. ഒരു യോദ്ധാവിനേ പോലേ ഞാൻ അവിടെ പോയി മാവിലും പുളി മരത്തിലും ചാഞ്ഞും ചെരിഞ്ഞും എറിഞ്ഞു കളിച്ചു. പളുങ്ക് കളിയും, കുട്ടിയും കോലും, പുള്ളിം പുള്ളീം, കുഴിക്കല്ല് , കുളത്തിൽ മച്ചിങ്ങ ഇട്ട് അതിനെ മുങ്ങാം കുഴിയിട്ട് കണ്ടു പിടിക്കുന്ന സാഹിസിക കളികൾ.. എൻ്റെ കുട്ടിക്കാലം ഏകാന്തത എന്തെന്നറിഞ്ഞിട്ടില്ല!
വേനൽ അവധികൾ എന്നും ആഹ്ലാദം നിറഞ്ഞതായിരുന്നു. ഓണക്കാലത്ത് വിലു അമ്മായിയുടെ മൂത്ത മകൻ നന്ദ ചേട്ടൻ കറുത്ത നിറത്തിലുള്ള വലിയ സൗണ്ട് ബോക്സ് എവിടെ നിന്നോ സംഘടിപ്പിക്കും . ഞാൻ favorite തമിഴ് പാട്ട്കളുടെയും ഹിന്ദി പാട്ട് കളുടെയും request കൊടുക്കും. ചേട്ടൻ ആ പാട്ട് എനിക്ക് വേണ്ടി ഉച്ചത്തിൽ വെയ്ക്കും. പ്രാവ് വളർത്തൽ മുയൽ വളർത്തൽ എന്നിങ്ങനെ മറ്റ് സന്തോഷങ്ങളും നന്ദ ചേട്ടന് ഉണ്ടായിരിന്നു
ഓണക്കാലം ഒത്ത് ചേരലിൻ്റെതായിരുന്നു.
പല പല പാട്ടുകൾ പാടി ഞങ്ങള് ഓണക്കളി കളിച്ചു. ഒന്നാമൻ പൂക്കളത്തിൽ തണ്ടെറിഞ്ഞ താമര.. കുപ്പയിൽ മുളച്ച കുമ്പളം.. തച്ചോളി ഒതനൻ കാണിച്ച വീരത്വം അങ്ങിനെ അങ്ങിനെ എത്രയോ പാട്ടുകൾ! തുമ്പ പൂവും മുക്കുറ്റിയും ഒക്കെ സുലഭം ആയിരുന്നു. കലോരം ആയതിനാൽ പാടങ്ങളും തോടും സുലഭം. കുളത്തിൽ ചാട്ടം. തോട്ടിൽ നിന്ന് മീൻ പിടിക്കൽ ഒക്കെ ഒഴിവ് കാല വിനോദങ്ങൾ ആണ്. തോട്ട് പാമ്പു കടിക്കലും, തോട്ട് മീനായ മുശു കടിക്കലൂം സർവ്വ സാധാരണം. എന്തെങ്കിലും കാലിൽ കടിച്ചാൽ എൻ്റെ ചേട്ടൻമ്മാർക്ക് ഒരു ഒറ്റ മൂലി ഉണ്ട് കാലിൽ മൂത്രം ഒഴിക്കുക. പിന്തിരിഞ്ഞ് നോക്കുമ്പോൾ ഞങ്ങൾ പൊട്ടി ചിരിച്ച് പോകുന്ന perfect ബാല്യം.Time flies.. കാലം പറന്ന് പോകുന്നു. എവിടെയാണ് ഇത്രയും വർഷങ്ങൾ ഒലിച്ച് പോയത് എന്ന് കൗതുകത്തോടെ ഞങ്ങൾ ഓർക്കാറുണ്ട്. ഒരുമിച്ച് കളിച്ചവർ പലരും ലോകത്തിൻറെ പല ദിക്കിലേക്ക് കുടിയേറി. എങ്കിലും വർഷത്തിൽ ഒരിക്കൽ നാട്ടിലെത്താൻ ഞങ്ങൾ മത്സരിച്ചു. വേരുകൾ പിന്നിലേക്ക് വലിക്കുന്ന ഊക്കൻ മരങ്ങളാക്കി ഞങ്ങളെ മാറ്റിയത് ഈ perfect ബാല്യം തന്നെയാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു!
പക്ഷേ കാലത്തിൻ്റെ കുസൃതി എന്നോണം ഞങ്ങളുടെ perfect അയൽ പക്കങ്ങൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. വിലു അമ്മായിയുടെ വീട്ടിലെ എല്ലാരും മരണപ്പെട്ടു. ഗിരി ചേട്ടൻ ആത്മഹത്യ ചെയ്തു. രാമദേവ മാമനും നന്ദ ചേട്ടനും പനി പിടിച്ച് മരിച്ചു. കോവിഡ് പിടിച്ചാണ് അമ്മായി മരിച്ചത്. മൃതദേഹം പോലും ആരും കണ്ടില്ല. കോവിഡ് ഞങ്ങളുടെ നാട്ടിലെ പലരുടെയും ജീവനെടുത്തു . യാത്ര പോലും പറയാതെ പലരും ജിവിതത്തിൽ നിന്ന് അപ്രത്യക്ഷരായി. ചിലർ വീട് വിറ്റ് വേറേ ദേശങ്ങളിലേക്ക് കുടിയേറി.കഴിമ്പ്രത്തെ വീട്ടിൽ ഇപ്പൊ ജനലിലൂടെ കാണുന്ന അയൽവക്കങ്ങൾ ഇല്ല. സജീവമായ പകലുകളും രാത്രികളും ഇല്ല. വിലു അമ്മായി
യുടെ വീട് അടഞ്ഞു കിടക്കുകയാണ് . വീടിനെ തിന്നുന്ന തരത്തിൽ കാട്ട് ചെടികൾ വളരുന്നു . പോയി നോക്കണം എന്നുണ്ട്. ഉള്ളിലേക്ക് കടക്കൽ എളുപ്പമല്ല. വിഷ പാമ്പുകൾ ഉണ്ടെന്ന് അമ്മ പറഞ്ഞു . മനുഷ്യർ ഇല്ലെങ്കിൽ വീടുകൾ എത്രയൊ നിർജീവമാണ്. ആടി തിമർത്ത മനുഷ്യരുടെ ഓർമ്മകളിൽ ജീവിക്കുന്ന വീടിൻ്റെ ഒറ്റപ്പെട ടൽ. നിരന്ത വിശ്രമത്താൽ ജഡ പിടിച്ച വരാന്തകൾ…ഒരിക്കലും തുറക്കാത്ത വാതിൽ.. പുകയാത്ത അടുപ്പ്. വീഴാത്ത വെളിച്ചം. മനുഷ്യ മർമ്മരങ്ങൾ ഇല്ലാതെ ശ്വാസം മുട്ടി മരിച്ചു പോകുന്ന മേൽക്കൂരകൾ!
ഈ കുറിപ്പ് എൻ്റെ ഗൃഹാതുരയല്ല.. ജിവിതം എത്ര നശ്വരം എന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.. നാളെ എന്തെന്ന് അറിയാതെ നമ്മൾ ജീവിതത്തിൻ്റെ തുഴ എറിയുന്നു . എന്തോക്കെയോ plan ചെയ്യുന്നു. ജീവിതത്തിൻ്റെ തിരക്കിൽ നമ്മൾ എവിടെയോ നഷ്ടപ്പെടുന്നു. Time flies…ജിവിതം ഒഴുകുകയാണ്.