മരുഭൂമി പോലെ
ശൂന്യത നിഴലിച്ചു
നിൽക്കാറുണ്ട്
മനസ്സിൽ...
വരികൾ വറ്റി
പോകാറുണ്ട്
ചില നേരങ്ങളിൽ
തൂലികയുടെ തുമ്പിൽ
തങ്ങി നിൽക്കുന്ന
ഒരു തുള്ളി മഷി
ഒരു വാക്കിനായ്
പരതാറുണ്ട്
നക്ഷത്രപ്പൂക്കൾ
പടർന്നു കയറിയ
മരത്തിലേയ്ക്കുറ്റു
നോക്കി ഇരിക്കാറുണ്ട്
സ്വശരീരത്തിൻ
ഊഷ്മാവിൽ
സ്വയമുരുകാറുണ്ട്
നിലാപ്പക്ഷിയുടെ
ചിറകടിയൊച്ചയിൽ
ഇലത്തുമ്പിൽ തങ്ങി
നിന്ന നീർത്തുള്ളി
നിപതിക്കുന്ന പോൽ
എന്തിനെന്നറിയാതെ
മിഴി നിറയാറുണ്ട്
പ്രിയമുള്ളവരുടെ
മൗനത്തിനാഴങ്ങൾ
അളക്കുവാൻ ഞാനെന്നും
അശക്തയാണ്
പ്രിയമനങ്ങളിൽ
ഒളിച്ചു കളിക്കുന്ന
വിഷാദ രശ്മികൾ
എന്നിലും പടരാറുണ്ട്
കാട്ടുവള്ളിയുടെ
ഗാഢമാം ആലിംഗനത്തിൽ
പിടയുന്ന തളിർചെടിയുടെ
പ്രാണവേദന പോലെ
എന്നിലും പടരുന്നു
അഴൽ