Image

അജ്മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ ; രണ്ട് മാസത്തിനിടെ ശ്രീക്കുട്ടി അജ്മലിന് നൽകിയത് എട്ട് ലക്ഷത്തോളം രൂപ

Published on 17 September, 2024
അജ്മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ ; രണ്ട് മാസത്തിനിടെ ശ്രീക്കുട്ടി അജ്മലിന് നൽകിയത് എട്ട് ലക്ഷത്തോളം രൂപ

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതി കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടം നടക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്ന ഡോക്ടര്‍ മായ ശ്രീക്കുട്ടി അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണ്. ഈ രണ്ടുമാസത്തിനിടെ അജ്മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് 8 ലക്ഷം രൂപ കൈപ്പറ്റിയതായാണ് പോലീസ് പറയുന്നത്.

പണവും സ്വര്‍ണവും അടക്കം 8 ലക്ഷം രൂപ തന്റെ പക്കല്‍ നിന്ന് അജ്മല്‍ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നല്‍കിയത്. കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് അജ്മലിനെ ശ്രീക്കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലായി. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു വരുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. വാഹനമോടിച്ചിരുന്ന അജ്മല്‍ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. 2017 ലാണ് ശ്രീക്കുട്ടി എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

ശ്രീക്കുട്ടിക്ക് അപകടത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവരെ അധികൃതര്‍ പുറത്താക്കിയിരുന്നു. ആശുപത്രിക്ക് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഡോക്ടര്‍ ചെയ്തതെന്നും അതിനാലാണ് ആശുപത്രിയില്‍ നിന്ന് പുറത്താക്കുന്നതെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ഇതിന് പിന്നാലെ ശ്രീക്കുട്ടിയെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. നരഹത്യാ കുറ്റവും പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകട ശേഷം വാഹനം മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചത് ശ്രീക്കുട്ടിയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

അറസ്റ്റിലായ ശ്രീക്കുട്ടിയെയും അജ്മലിനെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയുമാണ്. അജ്മലിനെതിരെ മനപൂര്‍വ്വമായ നരഹത്യ, അലക്ഷ്യമായി വാഹനം ഓടിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിവ പ്രകാരമാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുള്ളത്.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയുമായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കിയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന ശേഷം ശ്രീക്കുട്ടി നിര്‍ദേശിച്ചതു പ്രകാരം രക്ഷപ്പെടുന്നതിന് വേണ്ടി അജ്മല്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ശ്രീക്കുട്ടിയില്‍ നിന്നാണ് പൊലീസിന് പ്രതി അജമലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജ്മലിനെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക