Image

എവിടെയാണഭയം ? (കവിത: ജയൻ വർഗീസ്)

Published on 17 September, 2024
എവിടെയാണഭയം ? (കവിത: ജയൻ വർഗീസ്)

അടിപൊളിയുടെ അവതാര -
പ്പെരുമകളിൽ  ജനകോടിക - 
ളടിപിണയും, കലികാല - 
ത്തിറയാട്ടക്കാലം !  

അഴിമതിയുടെ യടിവസ്ത്ര - 
മുരിയുന്ന.    രാഷ്ട്രീയം, 
കലിതുള്ളി  ജനതതിയുടെ 
തലയരിയും കാലം !  

മുഴുഭ്രാന്തൻ മതവാദി - 
പ്പരിഷകളാൽ നാടിന്റെ, 
പൊതുനീതി കുടകുംഭ 
മുടയുന്ന കാലം !    

മനുഷ്യത്വം പിടയുന്ന 
മനസ്സാക്ഷി കുടജാദ്രി - 
ക്കുടുമകളിൽ നരവേട്ട - 
പ്പടയണിയുടെ കാലം !  

അതിരുകളുടെ മതിലുകളിൽ 
ജനതകളുടെ, യവകാശ - 
ക്കുരുതികളുടെ  ശവനാറ്റ - 
പ്പുകയുയരും കാലം !  

കെടുതികളുടെ തേരോടി - 
ച്ചതയുന്ന ഭൂമിയുടെ, 
നിറമാറിൽ ചുടുചോര - 
പ്പുഴയൊഴുകും കാലം -

അതിശുഭ്ര നഭസ്സിന്റെ 
വിരിമാറിൽ വിഷവീര്യ - 
പ്പൊടി വിതറി തലമുറയുടെ 
കുഴിതോണ്ടും കാലം !    

ഒരുതുണ്ടു  റൊട്ടിക്കായ് 
പിടയുന്ന ബാല്യത്തിൻ 
മറുകൈയിൽ മിസ്സൈലിൻ 
പിടിയമരും കാലം !    

ഒരുനൂറു മോഹങ്ങൾ 
ഒരുപിടി  ചാരംപോൽ, 
അമരും ഈമണ്ണിന്റെ 
ഗതികിട്ടാക്കാലം !      

അലയാഴി, ലൂസിഫാർ, 
അലറുന്നു, ഇടയിൽ ഞാൻ,
വഴി തെറ്റു, ന്നെവിടെയെൻ 
പ്രിയ ഭൂമി വസുന്ധരയാൾ ?  

*  പുനഃപ്രസിദ്ധീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക