ഒരു വർഷം മുൻപുവരെ ജീവിതത്തിൻ്റെ തിരക്കിട്ട തിരക്കുമാത്രമുള്ള ഒരു കാലത്തിലായിരുന്നു ജീവിച്ചിരുന്നത്. പതിവുപോലെ വർഷങ്ങൾ കൊഴിഞ്ഞു പോയിരുന്നു. പക്ഷേ അതറിഞ്ഞിരുന്നില്ല. പ്രായമേറുന്നത് മനസ്സിലാക്കാൻ സമയുണ്ടായിരുന്നേയില്ല. മനസിലായാലും അതംഗീകരിക്കാൻ മനസ്സനുവദിച്ചിരുന്നില്ല.
പണ്ടൊരു രാജ്യത്ത് , കപിലവസ്തു എന്ന രാജ്യത്തല്ലേ? സിദ്ധാർത്ഥൻ എന്നൊരു രാജകുമാരനെ വാർദ്ധക്യവും മരണവുമറിക്കാതെ മഹാരാജാവ് വളർത്തിയിരുന്നു. വാർദ്ധക്യവും മരണവും കണ്ടാൽ ജീവിതത്തിൻ്റെ വ്യർത്ഥതയെക്കുറിച്ച് ചിന്തിച്ച് സിദ്ധാർത്ഥൻ കിരീടമുപേക്ഷിച്ച് താപസിയായിത്തീരും എന്നൊരു ഋഷി പ്രവചിച്ചിരുന്നതിലാണത്.
ഇപ്പോഴീ വൃദ്ധൻമാർക്കൊപ്പം ജീവിച്ച് തുടങ്ങിയപ്പോൾ ഞാനുമൊരു ബുദ്ധിയാവുന്നോന്നാണ്! ജീവിതത്തിൻ്റെ നിരർത്ഥകതയെക്കുറിച്ച് ചിന്തിക്കാനാരംഭിച്ചിരിക്കുന്നു. എത്രയൊക്കെ ഓടിയാലും ഒടുവിൽ മറ്റുള്ളവരെയാശ്രയിച്ച്, ബുദ്ധിമുട്ടിച്ച് ജീവിക്കേണ്ട അവസ്ഥ സംജാതമാകും. അതിപ്പോൾ നോക്കിയാൽ കാണാവുന്നത്ര അടുത്തിരിക്കുന്നു.
അമ്പതാവുമ്പോഴേക്കും ഇങ്ങനെ ചിന്തിച്ചാൽ അറുപതാവുമ്പോൾ എങ്ങനെയായിരിക്കും .
അമ്പതൊരു കൊടുംവളവാണോ റിഹാൻ? അപ്പുറത്തുള്ളത് ഇപ്പുറത്ത് നിന്നാൽ കാണാൻ പറ്റാത്തത്ര കൊടുംവളവ്. ഈ വളവുകളാണ് അല്ലെങ്കിലും മനുഷ്യരെയിങ്ങനെ നാശമാക്കുന്നത്. അല്ലെങ്കിൽ നല്ലവരാക്കുന്നത് അല്ലേ!
ഈയിടെ ശരീരത്തേക്കാൾ പ്രായം മനസ്സിനാകുന്നുണ്ടോയെന്നൊരു സംശയം.
എത്രയും പെട്ടെന്ന് കുറച്ച് ....... ഡീജേ പാർട്ടികൾക്ക് പങ്കെടുത്താലോ... ചിലപ്പോ ശരിയായാലോ. മനുഷ്യർ പൊതുവെ സാഹചര്യങ്ങൾക്കടിമകളാണ് എന്നാണല്ലോ .… ല്ലേ.