റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ അദ്ദേഹത്തിന്റെ ഗോൾഫ് കോഴ്സിൽ എത്തിയെന്നു ആരോപിക്കപ്പെടുന്ന റയാൻ റൗത്ത് മുൻപ് റിപ്പബ്ലിക്കൻ അനുഭാവി ആയിരുന്നുവെന്നു വെളിപ്പെടുത്തൽ. 2016ൽ ട്രംപിനു വോട്ട് ചെയ്തെന്നു അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് നിരാശപ്പെടുത്തി.
വിവേക് രാമസ്വാമിയും നിക്കി ഹേലിയും ഉൾപ്പെട്ട റിപ്പബ്ലിക്കൻ ടിക്കറ്റാണ് ഈ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വേണ്ടതെന്നു ആവശ്യപ്പെട്ട പോസ്റ്റുകളും അദ്ദേഹത്തിന്റെ മൂന്നു സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നു പുറത്തു വന്നിട്ടുണ്ട്.
പ്രസിഡന്റ് ബൈഡനെ ട്രംപ് വിശേഷിപ്പിക്കുന്ന ഭാഷയിൽ തന്നെയാണ് റൗത്ത് വിളിക്കുന്നതും: 'ഉറക്കം തൂങ്ങി ജോ.' സ്വന്തമായി ആശയങ്ങളോ പദ്ധതികളോ ഇല്ലാത്ത നേതാവാണ് ബൈഡൻ എന്നും അദ്ദേഹം കുറിച്ചു. 2020ൽ ബൈഡനെതിരെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ച സെനറ്റർ ബെർണി സാണ്ടേഴ്സിനെ റൗത്ത് പിന്തുണച്ചു.
റഷ്യക്കെതിരെ യുക്രൈനെ സഹായിക്കാൻ യുദ്ധത്തിൽ ചേരാൻ തയാറായ റൗത്ത് അതിനു വേണ്ടി എലൺ മസ്കിൽ നിന്നു റോക്കറ്റ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ കരിംകടലിലെ ഒളിത്താവളം തകർത്തു അദ്ദേഹത്തെ തീർക്കാനാണ് റോക്കറ്റ്.
2016ൽ ട്രംപ് അനുകൂലി ആയിരുന്ന റൗത്ത് 2020ൽ ഹവായ് മുൻ കോൺഗ്രസ് അംഗം തുൾസി ഗബ്ബാർഡിന്റെ അനുഭാവിയായി. അന്ന് ഗബ്ബാർഡ് ഡെമോക്രറ്റിക് നോമിനേഷനു മത്സരിച്ചപ്പോൾ അവരെ പിന്തുണച്ചു. ജയിച്ചത് പക്ഷെ ബൈഡൻ.
ഗബ്ബാർഡ് ട്രംപിനോടു കൂടിയപ്പോൾ അവരോടു വെറുപ്പായി. 2022ൽ റൗത്ത് കുറിച്ചു: "നിങ്ങൾക്കു പോയി പുട്ടിനും ട്രംപുമായി കൂടിക്കൂടേ?"
പിന്നീട് 2024ൽ രാമസ്വാമിയും നിക്കി ഹേലിയുമായി റൗത്തിനു ഇഷ്ടപ്പെട്ടവർ.
യുക്രൈനിലേക്കു അഫ്‌ഗാനിസ്ഥാനിൽ നിന്നു പോരാളികളെ കൊണ്ടുവരുമെന്ന വാചകമടിച്ച റൗത്തിനു ഒരൊറ്റയാൾക്കു പോലും വിസ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ് സി എൻ എൻ പറയുന്നത്. പോരാളികളെ ആയിരക്കണക്കിനു കൊണ്ടുവരാമെന്നു യുക്രൈൻ പ്രസിഡന്റ് സിലൻസിക്ക് സന്ദേശം അയക്കാനും മടിച്ചില്ല. സിലിൻസ്കി മറുപടി പോലും അയച്ചില്ല.
ആഗോള പോരാളി എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ഹോണോലുലുവിന്റെ പ്രാന്ത പ്രദേശത്തു ചെറു വീടുകൾ നിർമിക്കയാണ് പണി.
വടക്കൻ കൊറിയയിലെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ഹവായ് സന്ദർശിക്കാൻ ക്ഷണിച്ചു സന്ദേശം അയച്ച റൗത്ത് അതിൽ പറഞ്ഞത് ഇങ്ങിനെ: 'ഞാൻ ഇവിടെ ചെറിയൊരു നേതാവാണ്. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കൊള്ളാം.'
Alleged gunman Routh voted for Trump in 2016