വിശപ്പ് അതിന്റെ എല്ലാ തീവ്രതകളോടെയും ഞാൻ കണ്ട ദിവസമെന്ന പ്രത്യേകതയും എന്റെ തിരുവോണങ്ങൾക്കുണ്ട്.
പണ്ടു്, വളരെ പണ്ട്,അടക്കി നിർത്തിയ കുതൂഹലങ്ങളും ചില്ലറ കുസൃതികളുമൊക്കെയായി നടക്കുന്ന കൗമാരകാലം...
മുറ്റത്തു പൂക്കളവും മാവിൻ കൊമ്പിൽ ഊഞ്ഞാലും അടുക്കള നിറഞ്ഞൊഴുകുന്ന കറികളുടെ ഗന്ധവും ആസ്വദിച്ച് പല തവണ കേറിയിറങ്ങി പായസം കുടിച്ചു രസിക്കുന്ന ദിവസം സ്ക്കൂളിൽ പോകേണ്ടാത്തതിന്റെ എക്സ്ട്രാ സന്തോഷം വേറേ ''
കറികൾ നിരത്തി വിളമ്പിയ തൂശനിലയിൽ ഊണിനു ശേഷം പപ്പടം പഴം പായസം എല്ലാം കൂട്ടിക്കുഴച്ച് വയറു നിറച്ചു കഴിഞ്ഞ് ഓണക്കളികൾ കാണാൻ പോകും.
പട്ടിണിയും ഭാരിദ്ര്യവും തോരാ മഴയും വെള്ളപ്പൊക്കവുമെല്ലാമുള്ള കർക്കിടകത്തിനു ശേഷം
" താന്നിയൂരമ്പലത്തിലെ
കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോഴാണ് ആഹ്ലാദം!!...
പൊൻവെയിൽ പുടവ ചുറ്റിയ പ്രകൃതി, വെൺ മേഘങ്ങൾ പാറി നടക്കുന്ന നീലാകാശം.. വേലിപ്പടർപ്പുകളിൽ
പലനിറങ്ങളിൽ വിടർന്നു നിൽക്കുന്ന പേരറിയാവുന്നതും
അറിയാത്തതുമായ പൂക്കളുടെ ഉത്സവം... അങ്ങനെ വശ്യതയാർന്നൊരു ഓണനാളിൽ ഊണും കഴിഞ്ഞ് ഞാനും കൂട്ടുകാരിയും ഓണപ്പാട്ടും ഓണക്കളികളും ആകാശയൂഞ്ഞാലും ഒക്കെയുള്ള ഒരു വീട്ടിലേയ്ക്കു പോകാനിറങ്ങി.
ഞങ്ങൾ വേഗത്തിൽ നടന്നു. ആ വീടിനോടു അടുക്കാറായപ്പോൾ തന്നെ തിരുവാതിരപ്പാട്ടിന്റെ ശീലുകൾ കാതിലെത്തി. പുരുഷന്മാരുടെ പകിട കളിയും ആർപ്പും കുരവയും... നടത്തയുടെ വേഗം കൂട്ടി.
കളികളെല്ലാം തുടങ്ങിക്കഴിഞ്ഞു കൂട്ടുകാരിയ്ക്കു ദേഷ്യം വരുന്നുണ്ട് ഞാൻ നടപ്പിനല്പം പിന്നിലാ..''
അപ്പോൾ
ഇടവഴിയിലെവിടെ നിന്നോ ഒരു കുട്ടിയുടെ കരച്ചിൽ കേട്ട പോലെ...
ഞാൻ ചുറ്റും നോക്കി
പഴകി മുഷിഞ്ഞ ചേല ചുറ്റി വല്ലാതെ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ -
ഒക്കത്തൊരു ചെറിയ കുട്ടി
മൂന്നുവയസ്സു തോന്നിയ്ക്കും
അവനും നന്നേ മെലിഞ്ഞിട്ടാണു.. പാകമല്ലാത്ത ഒരു
ഒരു വലിയ ഉടുപ്പ്, മുഷിഞ്ഞു നിറം മങ്ങിയതു
അവൻ ധരിച്ചിരുന്നു. പാറിപ്പറന്ന മുടിയിഴകളും...
ആ സ്ത്രീക്ക് ആഭരണമായിട്ടു കഴുത്തിലൊരു മഞ്ഞച്ചരടിൽ കോർത്ത താലിയും.. തിളങ്ങുന്ന ഒരു മൂക്കുത്തിയും മാത്രം...
കുട്ടി ചിണുങ്ങിച്ചിണുങ്ങിക്കരയുന്നുണ്ടു
ആ സ്ത്രീ എന്റെ മുഖത്തേയ്ക്കൂ നോക്കി.
ഞാൻ ചോദിച്ചു "എന്തിനാണിവൻ കരയുന്നത് ?
വിശന്നിട്ടാണോ?
അവർ തലകുനിച്ചു നിന്നതേയുള്ളു.. കാഴ്ചയിൽ അവർ തമിഴരാണെന്നു തോന്നിച്ചു
വിശപ്പിന് തമിഴിൽ പശിയെന്നാണു പറയുന്നതെന്നു എനിയ്ക്കറിയാം.
പശി പശി...
ഞാനവരോടു ചോദിച്ചു.
ഒരു നിസഹായ നോട്ടം കൊണ്ടവരെന്നെ തളർത്തിക്കളഞ്ഞു.
ചുണ്ടുകൾ മെല്ലേ മന്ത്രിച്ചു...
ആമാ...
ഈ സമയത്തു തീ പാറുന്ന ഒരു നോട്ടത്തോടെ കൂട്ടുകാരി വേഗത്തിൽ ഓടിപ്പോയി... തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ ഓടി മറഞ്ഞു.
എനിക്കു വേറൊന്നും ചിന്തിയ്ക്കാനുണ്ടായിരുന്നില്ല
അവരേയും കൂട്ടി വീട്ടിലേക്കു നടന്നു.
ചിങ്ങ വെയിൽ തിളച്ചുമറിയുന്ന നേരം.. പ്രഭാതത്തിലെ പ്രസരിപ്പു നഷ്ടപ്പെട്ട പൂക്കൾ വേലിപ്പടർപ്പുകൾക്കു മേൽ വിശന്നു തളർന്ന കുട്ടിയെപ്പോലെ മയങ്ങിക്കിടക്കുന്നു...
വഴി മധ്യേ ആരും ഒന്നും സംസാരിച്ചില്ല കുട്ടി ഇടയ്ക്കിടെ കരയുന്നുണ്ടു്.
വീട്ടിലെത്തുമ്പോൾ അമ്മ ഊണും കഴിഞ്ഞ് ഉച്ചമയക്കത്തിലായിക്കഴിഞ്ഞു.ഞാൻ വേഗം ഒരില മുറിച്ചു കഴുകിത്തുടച്ചു ചോറും കറികളും വിളമ്പിയിട്ട് അവരെ വിളിച്ചു.
അതു കണ്ടമാത്രയിൽ അവൻ ഒക്കത്തു നിന്നും ചാടിയിറങ്ങി. ആ കുഞ്ഞിക്കൈ കൊണ്ട് വേഗം വേഗം ചോറു വാരിത്തിന്നു തുടങ്ങി.
ചോറും കറികളും പുരണ്ട ആ കുഞ്ഞു മുഖം ക്ഷീണം മാറി വിടർന്നു...
അവനെന്നെ നോക്കി ഒരുചിരി !
പിന്നെ ചോറു വാരി അമ്മയുടെ നേർക്കു നീട്ടി.
അവർ അവന്റെ വായിലേയ്ക്കു തന്നെ വെച്ചു കൊടുത്തു
നിറഞ്ഞ കണ്ണുകളോടെ അവരെന്നെ നോക്കി. അവന്റെ ഊണും നോക്കി ഞാനിരുന്നു. വിശന്നുപൊരിഞ്ഞിട്ടും അവർ തെല്ലും തിടുക്കം കാട്ടാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. തമിഴും മലയാളവും കലർത്തി അവർ എന്തൊക്കെയോ പറഞ്ഞു
ഒന്നുമേ കിടച്ചതില്ലെ..." യാരെയും യെങ്കെയും പാത്തതില്ല..... കാലേ നടപ്പതു...
കുട്ടിയുടെ വിശപ്പു മാറി... സംതൃപ്തമായൊരു ചിരി അവരുടെ മുഖത്തും തെളിഞ്ഞു.
ഞാൻ അവനോടു പേരു ചോദിച്ചു... നാണിച്ചു കൊണ്ടവൻ കൊഞ്ചിപ്പറഞ്ഞു... മുറുഹൻ .. അമ്മപറഞ്ഞു "മുരുകൻ
അവന്റെ നാണിച്ചുളള നോട്ടവും ചിരിയും തിളങ്ങുന്ന കുഞ്ഞിക്കണ്ണുകളും എന്റെ ഹൃദയത്തിൽ പതിഞ്ഞ പോലെ... ഇന്നും ഞാനതു മറന്നിട്ടില്ല... അവൻ കഴിച്ചു ബാക്കി വന്നത് അവർ പൊതിഞ്ഞെടുക്കുന്നതു കണ്ടു ഞാൻ പറഞ്ഞു
കഴിച്ചോളൂ വിശക്കുന്നില്ലേ.. അവർ മുഖമുയർത്താതെ സങ്കടം തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു കൊളന്തക്കു കൊടുക്കാനി ..
ചുമടു എടുക്കുന്നതിനിടയിൽ വീണു പരിക്കു പറ്റിയ അച്ഛനു കൂട്ടായി മറ്റൊരു കുട്ടിയും വീട്ടിൽ ഇവരുടെ വരവും കാത്തിരിപ്പുണ്ടു...
ഞാനവരെ നിർബന്ധിച്ചു കഴിപ്പിച്ചു .
വീട്ടിൽ വിശന്നിരിക്കുന്നവരെ ഓർത്തിട്ടാവാം അവർ അതു കഴിച്ചിട്ടു ഇറക്കാൻ പറ്റാതെ വിമ്മിട്ടപ്പെട്ടു... അപ്പോഴും അവരുടെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നതു കാണാമായിരുന്നു.
ഒരിലയും കൂടി മുറിച്ചെടുത്തു മറ്റൊരു പൊതിയും കെട്ടിക്കൊടുത്തു ഞാനവരെ യാത്രയാക്കി. അവർ പോകുമ്പോൾ പലവട്ടം എന്നെത്തിരിഞ്ഞു നോക്കി.
അവർ നടന്നകലുന്നതും നോക്കി ഞാൻ നിന്നു.
എനിയ്ക്കും കരച്ചിലടക്കാനായില്ല..
തിരുവോണക്കളികളും ആകാശയൂഞ്ഞാലുമെല്ലാം ഞാൻമറന്നു.
എന്റേയും അവരുടേയും കണ്ണീരിൽ സന്തോഷമോ സന്താപമോ....? ഇന്നും എനിയ്ക്കറിയില്ല.
അവനിപ്പോൾ യുവത്വം പിന്നിട്ട് കാണും.
അവന്റെ അമ്മ ജീവിച്ചിരിപ്പുണ്ടാവുമോ?
പളനിമലയുടെ താഴ്‌വാരത്ത് എവിടയോ നല്ലൊരു വീടും കെട്ടി മക്കളും പൊണ്ടാട്ടിയുമൊക്കെയായ് അവൻ കഴിയുന്നുണ്ടാവും.... പിന്നീടു വന്ന എല്ലാ തിരുവോണദിനങ്ങളിലും ഊണിനു മുന്നിലിരിക്കുമ്പോൾ അവനെന്റെ ചാരത്തു വരും
മധ്യവയസ്സു കഴിഞ്ഞവനെങ്കിലും, എൻറെ മനസ്സിൽ അവൻ ഇന്നും ബാലനാണ്,
ഓർമ്മകളുടെ മയിലേറി വരുന്ന എന്റെ ബാലമുരുകൻ .....