ഡൊണാൾഡ് ട്രംപുമായുള്ള ഡിബേറ്റിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അപ്രതീക്ഷതമായ ഒരു വെളിപ്പെടുത്തൽ നടത്തി: തന്റെ കൈവശം തോക്കുണ്ടെന്ന്. വൈറ്റ് ഹൗസ് പറയുന്നത് സ്വയരക്ഷയ്ക്കു വേണ്ടി നിയമാനുസൃതം വാങ്ങിയ കൈത്തോക്ക് ഹാരിസ് കലിഫോർണിയയിലെ വീട്ടിൽ ഒരിടത്തു സുരക്ഷിതമായി വച്ചിരിക്കുകയാണ് എന്നാണ്.
ഹാരിസ് പ്രസിഡന്റായാൽ തോക്കുകളെല്ലാം പിടിച്ചെടുക്കുമെന്ന പ്രചാരണത്തിനു മറുപടി നൽകുന്ന രാഷ്ട്രീയ സന്ദേശം അവരുടെ പ്രസ്താവനയിൽ ഉണ്ടായിരുന്നു. തനിക്കും വി പി സ്ഥാനാർഥി ടിം വാൾസിനും സ്വന്തമായി തോക്കുകൾ ഉണ്ടെന്നു പറഞ്ഞ ഹാരിസ് കൂട്ടിച്ചേർത്തു: "ആരുടേയും തോക്കുകൾ പിടിച്ചെടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് തുടർച്ചയായി പറയുന്ന ആ നുണയങ്ങു നിർത്തുക."
പ്രോസിക്യൂട്ടർ ആയിരുന്ന തനിക്കു സ്വന്തം സുരക്ഷയ്ക്കു തോക്കു വേണ്ടിയിരുന്നുവെന്നു 2019ൽ ഹാരിസ് പറഞ്ഞു. "എനിക്കു തോക്കുണ്ട്. ഒട്ടേറെ ആളുകൾ ചെയ്യുന്നതു പോലെ ഞാനും സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണു തോക്കു വാങ്ങിയത്. എന്റെ ജോലി പ്രോസിക്യൂഷൻ ആയിരുന്നു."
ഹാരിസും ഡെമോക്രാറ്റിക് പാർട്ടിയും തോക്കുകൾ നിയന്ത്രിക്കാനുളള ചട്ടങ്ങൾ കർശനമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വെടിവയ്പുകളും മരണങ്ങളും ഉണ്ടാവുന്നതു കൊണ്ടാണത്. നിയമ നിർമാണം തടഞ്ഞ റിപ്പബ്ലിക്കൻ പാർട്ടി ഉന്നയിച്ച തടസ്സവാദം അത് തോക്കു സൂക്ഷിക്കാൻ പൗരന്മാർക്ക് അനുമതി നൽകുന്ന രണ്ടാം ഭേദഗതിയുടെ ലംഘനമാവും എന്നാണ്.
അപകടകാരികളായ ആളുകളിൽ നിന്നു തോക്കുകൾ പിടിച്ചെടുക്കുന്നതിനെ ഹാരിസ് അനുകൂലിക്കുന്നു. അസോൾട് വെപ്പണുകളും ഹൈ കപ്പാസിറ്റി മാഗസിനുകളും നിരോധിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
ഉന്നം തെറ്റാതെ വെടിവയ്ക്കാൻ തനിക്കറിയാമെന്നു 2015ൽ ഹാരിസ് പറഞ്ഞിരുന്നു.
Harris gun admission sends a message