Image

ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി സിദ്ദിഖ് കാപ്പൻ സുപ്രീം കോടതിയില്‍

Published on 17 September, 2024
ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി സിദ്ദിഖ് കാപ്പൻ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: യു.പിയിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചു.

പാസ്‌പോർട്ടും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) അംഗത്വ രേഖയും അടക്കം തിരികെ നല്‍കാൻ നിര്‍ദേശിക്കണമെന്നാണ് ആവശ്യം. സിദ്ദിഖിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി അറിയിക്കാനാണ് കോടതി നിർദേശിച്ചത്.

കാപ്പന് ജാമ്യം അനുവദിക്കുമ്ബോള്‍ പാസ്സ്‌പോർട്ട് വിചാരണ കോടതിയില്‍ സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. പാസ്പോർട്ട് പുതുക്കുന്നതിനായി അത് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റിലാകുമ്ബോള്‍ കാപ്പന്റെ എ.ടി.എം കാർഡ്, ക്രെഡിറ്റ് കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസെൻസ്, മെട്രോ കാർഡ് തുടങ്ങിയവയും ഫോട്ടോയും യു.പി പോലീസ് പിടിച്ചെടുത്തിരുന്നു.

ഇതിന് പുറമെ, കേരള പത്ര പ്രവർത്തക യൂണിയന്റെ അംഗത്വ രസീതുകളും ഉത്തർപ്രദേശ് പോലീസ് പിടിച്ചെടുത്തിരുന്നു. ഇത്തരത്തിലുള്ള എല്ലാ രേഖകളും തിരികെ നല്‍കാൻ നിർദേശിക്കണമെന്നാണ് കാപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുമ്ബോള്‍ എല്ലാ തിങ്കളാഴ്ചയും കേരളത്തിലെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നും സുപ്രീം കോടതിയില്‍ സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യങ്ങളില്‍ സർക്കാരിന് നിലപാട് അറിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക