ചൈനയുമായി നന്നായി ഒത്തു പോകുമെന്നു ഡൊണാൾഡ് ട്രംപ്. വിദേശകാര്യ നയത്തിൽ അവ്യക്‌തത ഒരിക്കൽ കൂടി വ്യക്തമാക്കുന്ന പ്രസ്താവം വന്നത് ട്രംപ് കുടുംബത്തിന്റെ മുഖ്യ പങ്കുള്ള ക്രിപ്റ്റോകറൻസി സ്ഥാപനം ഉദ്‌ഘാടനം ചെയ്യുമ്പോൾ.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു 60% വരെ തീരുവ ചുമത്തുമെന്നു ഈ പ്രചാരണത്തിൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ട്രംപിന്റെ പുതിയ പ്രസ്താവന അമ്പരപ്പായി. കോവിഡ്-19 മഹാമാരി പരത്തിയത് ചൈനയാണെന്നു ട്രംപ് മുൻപ് പറഞ്ഞിരുന്നു. "നമ്മുടെ ഫാക്ടറികളും ഓഫ്‌ഷോർ ജോലികളും തകർത്തത് ചൈനയാണ്" എന്നദ്ദേഹം പറഞ്ഞു. "നമ്മുടെ ബുദ്ധി കൊണ്ട് ആവിഷ്കരിച്ചതെല്ലാം തട്ടിയെടുക്കാൻ അവർ ശ്രമിച്ചു."
ഇപ്പോൾ സമാധാന ദൂതന്റെ വേഷം അണിയുന്ന ട്രംപ് പറഞ്ഞു: "നമ്മൾ റഷ്യയുമായി വളരെ നല്ല ബന്ധം സ്ഥാപിക്കും. അവർ യുക്രൈനുമായി ഒത്തുതീർപ്പുണ്ടാക്കി മില്യൺ കണക്കിന് ആളുകളുടെ മരണം ഒഴിവാക്കണം."
താൻ തിരഞ്ഞെടുക്കപ്പെട്ടാൽ അധികാരം ഏൽക്കുന്നതിനു മുൻപ് തന്നെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ചു.
വേൾഡ് ലിബർട്ടി ഇന്റർനാഷനൽ എന്ന ക്രിപ്റ്റോകറൻസി സ്ഥാപനം ട്രംപിന്റെ 18 വയസുള്ള മകൻ ബാരന്റെ ചുമതലയിലാണ്. "അവനു ക്രിപ്റ്റോകറന്സി നന്നായി അറിയാം."
യുഎസിനെ ലോക ക്രിപ്റ്റോകറൻസി ആസ്ഥാനമാക്കുമെന്നു ട്രംപ് പറഞ്ഞു. ഇല്ലെങ്കിൽ ചൈന ആ സ്ഥാനം പിടിച്ചെടുക്കും.
ബൈഡൻ വിളിച്ചതിൽ സന്തോഷം
വധ ശ്രമത്തെ കുറിച്ചറിഞ്ഞു പ്രസിഡന്റ് ബൈഡൻ തന്നെ വിളിച്ചതിൽ ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. "അദ്ദേഹം വളരെ നന്നായി സംസാരിച്ചു. ഞാൻ സുഖമായിരിക്കുന്നു എന്ന് ഉറപ്പാക്കാനാണ് വിളിച്ചത്. കൂടുതൽ സുരക്ഷ ആവശ്യമുണ്ടോ എന്നു ചോദിച്ചു.
ബൈഡൻ മത്സരത്തിൽ നിന്നു പിന്മാറിയത് മുൻ സ്പീക്കർ നാൻസി പെലോസി നയിച്ച കലാപത്തിന്റെ ഫലമായാണെന്നു ട്രംപ് പറഞ്ഞു. "അത് അന്യായമായിപ്പോയെന്നു ഞാൻ കരുതുന്നു. പ്രൈമറിയിൽ ജയിച്ച ആളെ അങ്ങിനെ ഒഴിവാക്കാൻ പാടില്ലായിരുന്നു."
കമലാ ഹാരിസിനു പിന്തുണയൊന്നും ഇല്ലെന്ന് പറഞ്ഞ ട്രംപ് കൂട്ടിച്ചേർത്തു: മാർക്സിസ്റ് കമ്മ്യൂണിസ്റ്റ് പ്രസിഡന്റാവാൻ നമ്മൾ അനുവദിച്ചു കൂടാ. അവർ ഈ രാജ്യത്തിന് നന്നല്ല."
Trump will 'get along with China'