ന്യൂ യോർക്ക്: ഓണ്‍ലൈനില്‍ രഹസ്യ സ്വാധീന പ്രവർത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുള്‍പ്പെടെയുള്ള നെറ്റ്‌വർക്കുകളെ മെറ്റ നിരോധിച്ചു.
റോസിയ സെഗോഡ്നിയ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമാണ് വഞ്ചനപരമായ പ്രവർത്തികളില്‍ ഏർപ്പെട്ടുവെന്ന് ആരോപിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്ബനിയായ മെറ്റ നിരോധിച്ചത്.
നിരോധനത്തിന് തൊട്ട് മുമ്ബ് വരെ ആർ. ടിക്ക് ഫേസ്ബുക്കില്‍ 7.2 ദശലക്ഷം ഫോളോവേഴ്സും ഇൻസ്റ്റഗ്രാമില്‍ 1 ദശലക്ഷം ഫോളോവേഴ്സും ഉണ്ടായിരുന്നു. എന്നാല്‍ നടപടിയ്‌ക്ക് ശേഷമുള്ള റോയിട്ടേഴ്സിന്റെ അഭ്യർത്ഥനയോട് റഷ്യൻ എംബസി പ്രതികരിച്ചിട്ടില്ല. പരസ്യങ്ങള്‍ പ്രവർത്തിപ്പിക്കുന്നതിലും, പോസ്റ്റിന്റെ വ്യാപ്തി കുറയ്ക്കുന്നതിലുമെല്ലാം ഔട്ട്ലെറ്റുകള്‍ക്ക് മേല്‍ പരിമിതമായ നിയന്ത്രണങ്ങള്‍ വർഷങ്ങളായി നിലനില്‍ക്കുന്നതാണ്. അതിന് ശേഷമാണ് മെറ്റയുടെ ഈ നടപടി.
റഷ്യൻ താത്പര്യങ്ങള്‍ക്കനുകൂലമായ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി ആർ.ടി ജീവനക്കാർ ഏകദേശം 10 മില്യണ്‍ ഡോളർ അമേരിക്കൻ കമ്ബനിയിലേക്ക് നല്‍കിയെന്ന യു.എസ് നീതിന്യായ വകുപ്പിന്റെ ആരോപണത്തെ തുടർന്നാണ് ഈ നിരോധനം. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ ശ്രമമെന്നും അവർ ആരോപിച്ചു.
അതേസമയം ആർ.ടിയുടെ പ്രവർത്തനങ്ങളെ രഹസ്യാന്വേഷണ പ്രവർത്തങ്ങള്‍ നടത്തുന്നത് പോലെ രാജ്യങ്ങള്‍ പരിഗണിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.