ഭുവനേശ്വര്‍: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശപൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗണപതി പൂജയില്‍ താന്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. അധികാരത്തോട് ആര്‍ത്തി മൂത്തവര്‍ക്കാണ് ഗണേശപൂജ പ്രശ്‌നമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം പിന്തുടര്‍ന്ന ബ്രിട്ടീഷുകാര്‍ അക്കാലത്ത് ഗണേശോത്സവത്തെ വെറുത്തു. സമൂഹത്തെ ഭിന്നിപ്പിക്കാനും തകര്‍ക്കാനുമുള്ള തിരക്കിലായ അധികാരമോഹികള്‍ക്ക് ഇന്നും ഗണേശപൂജയില്‍ പ്രശ്നങ്ങളുണ്ട്. താന്‍ ഗണേശപൂജയില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസിലെ ആളുകള്‍ അസ്വസ്ഥപ്പെടുന്നത് ജനങ്ങള്‍ കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗണേശോത്സവം കേവലം ഒരു മതപരമായ ഉത്സവം മാത്രമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ചരിത്രപരമായ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യക്കാര്‍ ഗണേശോത്സവത്തെ ഐക്യത്തിനായുള്ള വേദിയായി കണ്ടപ്പോള്‍, ബ്രിട്ടീഷുകാര്‍ സമൂഹത്തില്‍ ഭിന്നത വളര്‍ത്തി അധികാരം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളാണ് നടത്തിയിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതി വിഗ്രഹത്തെ തടവിലാക്കിയതും നമ്മള്‍ കണ്ടുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ ഗണപത്രി വിഗ്രഹവുമായി പൊലീസ് ജീപ്പില്‍ പോകുന്ന ചിത്രം പുറത്തുവന്നത് പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ഗണപതി വിഗ്രഹവുമായി പ്രതിഷേധത്തിന് വന്നവരെ തടഞ്ഞപ്പോഴാണ്, വിഗ്രഹം പൊലീസ് വാഹനത്തില്‍ കൊണ്ടുപോയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു