മലയാളികളുടെ സൂപ്പർ താരങ്ങള്‍ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ എത്തുകയാണ്. പതിനൊന്ന് വർഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു സിനിമ സംഭവിക്കാൻ പോകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയില്‍ ആയിരിക്കുമെന്നും വിവരങ്ങളുണ്ട്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. നിർമാണം മമ്മൂട്ടി കമ്ബനിയും ആശീർവാദ് സിനിമാസും ചേർന്നാകും ഏറ്റെടുക്കുക. നേരത്തെ ഇത് സംബന്ധിച്ച് നിർമാതാവ് ആന്റണി പെരുമ്ബാവൂർ ചില സൂചനകള്‍ തന്നിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ആൻറോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
30 ദിവസമായിരിക്കും ശ്രീലങ്കയിലെ ഷൂട്ടിംഗ്. കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. വൈശാഖ് സംവിധാനം ചെയ്ത 'ടർബോ'യിലാണ് മമ്മൂട്ടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ബാറോസാണ് മോഹൻലാലിന്റെ പുതിയ ചിത്രം. ആദ്യമായി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റില്‍ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാല്‍ തന്നെയാണ്.