പേജറുകളിൽ നിറച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു ലെബനനിൽ 9 പേർ മരിക്കയും ആയിരങ്ങൾക്കു പരുക്കേൽക്കയും ചെയ്തതിനെ തുടർന്നു ഇസ്രയേലിൽ ജാഗ്രത ഉയർത്തി. ഇസ്രയേലി ചാര സംഘടന മൊസാദ് ആണ് സ്‌ഫോടക വസ്തുക്കൾ വച്ചതെന്നാണ് ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികൾ ആരോപിക്കുന്നത്.
ഇസ്രയേൽ ഏതു ആക്രമണം നേരിടാനും തയ്യാറാണെന്ന് ഐ ഡി എഫ് മേധാവി ലെഫ്. ജനറൽ ഹെർസി ഹാലെവി പറഞ്ഞു. എന്നാൽ പേജർ ആക്രമണത്തെ കുറിച്ച് അവർ മിണ്ടിയിട്ടില്ല.
സിറിയയിൽ ഹിസ്‌ബൊള്ളയുടെ ആയുധപ്പുരകൾ തകർത്ത മൊസാദ് അവിടെയും പേജർ ആക്രമണം നടത്തിയിരുന്നു.
ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം രാജ്യത്തിൻറെ പരമാധികാരം ഗുരുതരമായി ലംഘിക്കുന്നതാണെന്നു പ്രധാനമന്ത്രി നജീബ് മികാട്ടി പറഞ്ഞു. " ഇതൊരു ക്രിമിനൽ ആക്രമണമാണ്."
ശത്രുവായ ഇസ്രയേൽ ആണ് ആക്രമണത്തിന്റെ പൂർണ ഉത്തരവാദിയെന്നു ഹിസ്‌ബൊള്ള പറഞ്ഞു.
മാസങ്ങൾക്കു മുൻപ് ഹിസ്‌ബൊള്ളയ്ക്കുള്ള പേജറുകൾ പിടിച്ചെടുത്തു അവയിൽ ഉഗ്ര ശേഷിയുള്ള PETN സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയാണ് മൊസാദ് ചെയ്തതെന്നു ഒരു റിപ്പോർട്ടിൽ കാണുന്നു. പേജറുകളുടെ ബാറ്ററിയിലാണ് അവ നിറച്ചതെന്നാണ് 'സ്കൈ ന്യൂസ് അറേബ്യ' പറയുന്നത്. ദൂരെ നിന്നു ബാറ്ററി ചൂടാവുന്ന ഉപകരണം ഉപയോഗിച്ചു പേജറുകളിൽ സ്ഫോടനം ഉണ്ടാക്കി.
ഒൻപതു പേർ മരിച്ചതിനു പുറമെ 2,800 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ചൊവാഴ്ച രാവിലെ ലെബനനിലും സിയറിയയിലുമാണ് പൊട്ടിത്തെറികൾ ഉണ്ടായത്.
അന്വേഷണം നടത്തുന്നുവെന്നു യുഎസ് പറഞ്ഞു. ആക്രമണത്തെ കുറിച്ച് യുഎസ് നേരത്തെ അറിഞ്ഞിരുന്നുവെന്ന ഇറാന്റെ ആരോപണം സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിഷേധിച്ചു.
ഇറാന്റെ ലെബനനിലെ അംബാസഡർക്കും സ്‌ഫോടനങ്ങളിൽ പരുക്കേറ്റിട്ടുണ്ട്.
നൂറു കണക്കിനു പേജറുകളാണ് പൊട്ടിയതെന്നു ഹിസ്‌ബൊള്ള പറഞ്ഞു. ഏറെ വ്യാപകമായ സുരക്ഷാ ലംഘനമാണിത്.
Israel on alert after pager attacks