Image

ഗാസയില്‍ തങ്ങള്‍ തോറ്റുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍

Published on 18 September, 2024
ഗാസയില്‍ തങ്ങള്‍ തോറ്റുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍

ഗസയില്‍ തങ്ങള്‍ യുദ്ധം തോറ്റുകൊണ്ടിരിക്കുകയാണെന്നും ഹമാസാണ് വിജയിക്കുകയെന്നും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍. തന്ത്രപരമായി ഇസ്രായേലിന് മേല്‍ക്കൈ ഉണ്ടെങ്കിലും ഹമാസിനെ ഇപ്പോഴും തോല്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇസ്രായേലി സൈന്യത്തിന്റെ ഗസാ ഡിവിഷന്‍ മുന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗാസി ശാംനി പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് യുദ്ധത്തില്‍ ഇസ്രായേല്‍ വലിയ തോല്‍വിയിലേക്കു നീങ്ങുകയാണെന്ന് ശാംനി അഭിപ്രായപ്പെട്ടത്. ഹമാസിന്റെ സൈനിക ശേഷിയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഗസ ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. ഇസ്രായേലി സൈന്യം പിന്‍വാങ്ങി 15 മിനിറ്റിനകം ഹമാസ് ഗസയിലെ നഗരങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലുള്ളതും വിരമിച്ചതുമായ മറ്റ് നിരവധി ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇതേ അഭിപ്രായമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഹമാസിനെ പരാജയപ്പെടുത്തുക സാധ്യമല്ലെന്നാണ് പൊതു വിലയിരുത്തല്‍.

ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എബിസി ന്യൂസിനോട് പറഞ്ഞത് ''നമ്മള്‍ യുദ്ധം തോറ്റുകൊണ്ടിരിക്കുകയാണ്, നമ്മുടെ പ്രതിരോധം പരാജയപ്പെടുകയാണ്, നമുക്ക് ബന്ദികളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്''  എന്നാണ്.

ലബ്നാനെ ആക്രമിക്കുന്നത് മണ്ടത്തരമാകുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. അത് തുടങ്ങാന്‍ എളുപ്പമാണെങ്കിലും അവസാനിപ്പിക്കാന്‍ പ്രയാസമായിരിക്കും.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈജിപ്തിലേക്ക് പറക്കാനിരിക്കേയാണ് ഈ അഭിപ്രായപ്രകടനങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഹമാസുമായുള്ള ചര്‍ച്ചയ്ക്ക് തുരങ്കം വയ്ക്കുന്നത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ആണന്നാണ് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക