പാലക്കാട്: പാലക്കാട്ടെ നിർഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. നഗരത്തില്‍ തന്നെയുള്ള നിർഭയ കേന്ദ്രത്തില്‍ നിന്നാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്.
സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് സംഭവം. പതിനേഴ് വയസുള്ള രണ്ട് പെണ്‍കുട്ടികളെയും പതിനാല് വയസുള്ള മറ്റൊരു കുട്ടിയെയുമാണ് കാണാതായത്.
നിർഭയ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളില്‍ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു എന്നാണ് വിവരം. കാണാതായ കുട്ടികളില്‍ പോക്സോ കേസ് അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ ഉടൻ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികള്‍ പോവാൻ സാധ്യതയുള്ള മേഖലകളില്‍ എല്ലാം തന്നെ പോലീസ് പരിശോധന നടത്തി വരികയാണ്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് പോലീസില്‍ വിവരമറിയിച്ചത്. കുറച്ച് നാളുകളായി ഇവർ നിരന്തരം വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്നാണ് നിർഭയ കേന്ദ്രത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഇവർ മൂവരും ഇതുവരെ അവരുടെ വീടുകളില്‍ എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.