ഭാര്യമാരുടെ പരിശീലകരായ ഭര്‍ത്താക്കന്‍മാരും മക്കളുടെ പരിശീലകരായ അച്ഛന്‍മാരും ഇന്ത്യയില്‍ എത്രയോയുണ്ട്. പക്ഷേ, ഭാര്യയുടെയും മകളുടെയും പരിശീലകനാകുക അപൂര്‍ വമെന്നു തോന്നുന്നു.
ചെന്നൈയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ ഇരട്ട സ്വര്‍ണം നേടിയ
ഉന്നതിയുടെ കോച്ച് , പിതാവ് അയ്യപ്പ ബൊലന്‍ഡ, ഉന്നതിയുടെ മാതാവ് പ്രമീളയുടെയും പരിശീലകനായിരുന്നു എന്നതാണ് പ്രത്യേകത. രണ്ട് ഒളിംപിക്‌സില്‍ (സിഡ്‌നി, ബെയ്ജിങ്) ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന ഹെപ്റ്റത് ലന്‍ താരമാണ് പ്രമീള. ലോങ് ജംപ് ,ഹെപ്റ്റത്‌ലന്‍ ദേശീയ ചാംപ്യന്‍ പ്രമീള ഗണപതിയാണ് വിവാഹത്തോടെ പ്രമീള അയ്യപ്പയായത്.അയ്യപ്പ 400 മീറ്റര്‍ താരമായിരുന്നു. 2008 ലെ ഒളിംപിക്‌സിലും 2010 ലെ ഏഷ്യന്‍ ഗെയിംസിലും അയ്യപ്പയായിരുന്നു പ്രമീളയുടെ പരിശീലകന്‍.
സൗത്ത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്നത് ഏതൊരു താരത്തിനും ഒരു തുടക്കം മാത്രമാണ്. കര്‍ണാടകയുടെ ഉന്നതി അയ്യപ്പ ഇരട്ട സ്വര്‍ണം നേടിയപ്പോള്‍ അതൊരു നല്ല തുടക്കമെന്നു പറയാം. ഉന്നതി 100 മീറ്റര്‍ ഹര്‍ഡില്‍സിലും 200 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം നേടി. മാതാപിതാക്കള്‍ക്ക് അഭിമാന നിമിഷം.അയ്യപ്പയ്ക്ക് സന്തോഷിക്കാന്‍ ഏറെ.അയ്യപ്പയുടെ ശിഷ്യയും ഭാര്യയും ആകും മുമ്പേ പ്രമീള അറിയപ്പെടുന്ന അത്‌ലിറ്റായിരുന്നെങ്കില്‍ ഉന്നതിയുടെ വിജയം പിതാവിന്റെ ശിക്ഷണത്തില്‍ തന്നെ. മാതാവിന്റെ പിന്തുണ കൂടിയാകുമ്പോള്‍ ഉന്നതിയുടെ ലക്ഷ്യം വലുതായിരിക്കണം.
ഉന്നത്തി മാതാപിതാക്കള്‍ക്കൊപ്പം
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് ദക്ഷിണ മേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് നടന്നപ്പോള്‍ ഉന്നതി മത്സരിച്ചിരുന്നു.പ്രമീളയും ഒപ്പമുണ്ടായിരുന്നു. അങ്കിള്‍
ഓട്ടക്കാരനാണോയെന്ന് ഉന്നതി അന്നു ചോദിച്ചത് ഓര്‍ക്കുന്നു.
കൂര്‍ഗ് താരങ്ങള്‍ക്കു പൊതുവേ മലയാളം മനസ്സിലാകുമെങ്കിലും അന്ന് പ്രമീള ഇടയ്ക്ക് മലയാളം സംസാരിച്ചപ്പോള്‍ അദ്ഭുതം തോന്നി. മലയാളം പഠിച്ചോ എന്നു ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു.' റയില്‍വേസില്‍ എന്റെ മലയാളി മേലുദ്യോഗസ്ഥയോട് ഇംഗ്ലീഷ് സംസാരിച്ച് മലയാളം പഠിച്ചതാണ്.'
ഉന്നതി 100 മീറ്റര്‍ ഹര്‍ഡില്‍സിനും 200 മീറ്റര്‍ ഓട്ടത്തിനും പുറമെ 400 മീറ്ററിലും മത്സരിക്കാറുണ്ട്. ഏതാണ് തനിക്ക് ഏറ്റവും സാധ്യതയുള്ള ഇനമെന്ന് അധികം താമസിയാതെ ഉന്നതി തീരുമാനിക്കണം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കു ശ്രദ്ധേയ പങ്കുവഹിക്കാന്‍ കഴിയും.