ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ ഡല്‍ഹിയ സിവില്‍ ലൈന്‍സ് ഏരിയയിലെ ഔദ്യോഗിക വസതി ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് വ്യക്തമാക്കി.
കെജ്‌രിവാളിനു നേരെ നിരവധി ആക്രമണ ശ്രമങ്ങള്‍നടന്നിട്ടുള്ളതിനാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഔദ്യോഗിക വസതി ഒഴിയരുതെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കെജ്‌രിവാള്‍ അതിന് തയ്യാറായില്ലെന്ന് സഞ്ജയ് സിങ് പറഞ്ഞു. ദൈവം തന്റെ രക്ഷയ്ക്കുണ്ടെന്നും ഓദ്യോഗിക വസതി ഒഴിയുകയാണെന്നും കെജ്‌രിവാള്‍ വ്യക്തമാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മാസങ്ങള്‍ ജയിലില്‍ കഴിഞ്ഞശേഷം സെപ്റ്റംബര്‍ 13-ന് ആണ് കെജ്‌രിവാള്‍ ജാമ്യംലഭിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് 17-ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുകയും മന്ത്രിയും എഎപി വക്താവുമായ അതിഷിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.