Image

രുചിഭേദങ്ങൾ (ദർശന)

Published on 18 September, 2024
രുചിഭേദങ്ങൾ (ദർശന)

എൻ്റെ അമ്മൂമ്മ കൃഷ്ണേട്ടൻ്റെ അമ്മയെ ഓർമ്മിപ്പിച്ചത് മുളക് ചുട്ടരച്ച തേങ്ങാ ചമ്മന്തി കൊണ്ടാണ് . കൃഷ്ണേട്ടൻ പറയാറുണ്ട്, അമ്മയാണ് ലോകത്തിൽക്ക് വെച്ച് വലിയ ഷെഫ് ന്ന്. ശരിയാണല്ലോന്ന് എനിക്കും തോന്നാറുണ്ട്.
സന്ധ്യ മയങ്ങിയാൽ കനല് കത്തുന്ന അടുപ്പിൽ അമ്മൂമ്മ വറ്റൽ മുളക് ചുടും . ഇത്തിരിയുപ്പും ചുട്ട മുളകും തേങ്ങാക്കൊത്തും ഒരു തുണ്ട് പുളിയും കറിവേപ്പിൽ നിന്ന് ഒരു തണ്ടും . അമ്മിക്കല്ലില് നീട്ടിയരയ്ക്കും. ഇന്നത്തെപ്പോലെ പൊടിയുപ്പ് ഒന്നുമല്ല. നല്ല കല്ലുപ്പ്. പത്രോസ് പടിക്കല് പത്രോസ് ചേട്ടൻ്റെ കടേടെ മുന്നില് ഒരു ഉപ്പുംപെട്ടി തന്നെണ്ടായിരുന്നു. അന്നത്തെ മിക്കവാറും എല്ലാ പലചരക്ക് കടകൾടെ മുന്നിലും ഇതുപോലെ ഉപ്പും പെട്ടിണ്ടാകും. അതിന്റെ മോളിലായിരുന്നു കവലയിലെ പണിയില്ലാത്തോരുടെ ഇരിപ്പ്. അന്നൊന്നും ഉപ്പുപൊടിക്ക് വലിയ പ്രിയംണ്ടായിരുന്നില്ല. എല്ലാത്തിലും കല്ലുപ്പ് തന്നെയാണ് ചേർക്കാറ്.

അരച്ച ചമ്മന്തി വലിയ ഉരുളയാക്കി ഉരുട്ടി പാത്രത്തിലേക്ക് മാറ്റിവെച്ചു കഴിഞ്ഞാൽ അമ്മൂമ്മ അമ്മിക്കല്ലിൽ ചുടുചോറിട്ടു പുരട്ടും, ഞങ്ങള് കുട്ടികള് ചുറ്റും കൂടും . വായിൽ കപ്പലോടിക്കാം. അത്രയ്ക്ക് കൊതിയൂറുന്ന രുചിയായിരുന്നു ആ ചോറിന്. കൃത്യം ഏഴരയ്ക്ക് വടക്കേപ്രത്തെ ഇറയത്ത് അച്ചാച്ചന് ഇരിക്കാനുള്ള പലക വയ്ക്കും. ഇന്നത്തെ പോലെ ഊണ് മേശയ്ക്കരികിൽ ഇരുന്നിട്ടൊന്നുമല്ല അന്ന് ഭക്ഷണം കഴിക്കാറ് . നിലത്തിരുന്നാണ്. അച്ചാച്ചന് രാത്രി കഞ്ഞിയാണ്. ചമ്മന്തിക്കൊതിയും പ്ലാവിലക്കയില് കൊണ്ട് കഞ്ഞി കുടിക്കാനുള്ള പൂതിയും കാരണം ഞങ്ങളെല്ലാവരും കഞ്ഞിയാണ് കുടിക്കാറ് . 
അതിനായി സന്ധ്യയ്ക്ക് മുന്നേ തന്നെ പഴുക്ക പ്ലാവിലകൾ പറക്കിയെടുത്ത് കയിലായി കുത്തിയെടുക്കും. പടിഞ്ഞാറേ അതിരിന്മേലും വടക്കേഅതിരിന്മേലും നിറയെ പ്ലാവുകളായിരുന്നു. പ്ലാവിലക്കയിലുകൾ ചുടുകഞ്ഞിയിൽ മുങ്ങുമ്പോൾ ഒരു പ്രത്യേക മണമാണ്.  

പിന്നീടാണ് ഞങ്ങൾ അമ്മയ്ക്ക് കിട്ടിയ ഭാഗത്തിൽ വീട് വയ്ക്കുന്നത്. 
അച്ഛൻ അന്ന് കോയമ്പത്തൂരിലായിരുന്നു. മാസത്തിലൊരിക്കലെ വരു. വരുമ്പോൾ കുറേ പയറുവർഗങ്ങളും തേയിലയും ക്യാരറ്റ്, റാഡിഷ് , ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികളും കൊണ്ടുവരും. അതൊക്കെ അന്ന് നാട്ടിൻപുറത്ത് അപൂർവമായിരുന്നു. അമ്മ ഭയങ്കര പിശുക്കിയായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടു കൊണ്ടും രണ്ട് പെങ്കുട്ട്യോളല്ലേ വളർന്നുവരണത് എന്ന ആധിയാലുമായിരിക്കണം പിശുക്കിയത് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്.

പൊതുവേ
ഞായറാഴ്ചകളിൽ ഞങ്ങൾക്ക് മുടക്കം. അന്ന് അമ്മയ്ക്ക് മൗനം .
അപ്രത്തുനിന്നും 
ഇപ്രത്ത്നിന്നും മസാല മണം പൊന്തും . സാധാരണ എല്ലാവരും ഞായറാഴ്ചകളിലാണ് ഇറച്ചിക്കറി വയ്ക്കുന്നത്. 
" എല്ലാടത്തും ഇറച്ചിക്കറിയാണ്", പതിഞ്ഞ ശബ്ദത്തിൽ അനിയത്തി പിറുപിറുക്കും . എൻ്റമ്മയ്ക്ക് ഭയങ്കര ആത്മവിശ്വാസമാണ്. 
ഇറച്ചി വാങ്ങാൻ പാങ്ങില്ലാത്തേൻ്റെ സങ്കടത്തിലമ്മ ഉരുളക്കിഴങ്ങ് പുഴുങ്ങും.
ഇത്തിരി തേങ്ങയും പെരുംജീരകവും ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ചേർത്തു വറുത്തെടുത്ത് നീട്ടിയരയ്ക്കും . 
അന്നേരത്ത്
അപ്രത്ത് നിന്നും ഇപ്രത്ത് നിന്നും മണങ്ങളെല്ലാം ഓടിയൊളിക്കും . അമ്മയുടെ കറിക്ക് അത്രയ്ക്ക് രുചിയായിരുന്നു. നല്ല മണവും. 
ഇറച്ചിയില്ലാത്ത കറി കൂട്ടി ചോറണ്ണുമ്പോൾ
ഇറച്ചി ഇനി വാങ്ങേണ്ടതില്ലെന്ന് ഞങ്ങൾ രഹസ്യമായി തീരുമാനിക്കും . ഞങ്ങളുടെ ആർത്തി കാണുമ്പോ
അമ്മ ചിരിക്കേമില്ല കരയേമില്ല . 
പകരം ഒരു നെടുവീർപ്പുയരും .
മറിയച്ചേടത്തീടെ
ഇറച്ചിക്കറി പോലെയെന്ന് ഞാൻ അനിയത്തിയോട് പയ്യെ പറയും .
"അതന്നെ'
അവളു തല കുലുക്കും . മറിയചേടത്തി ഞങ്ങളുടെ അച്ഛൻ്റെ വീടിൻ്റെ അയൽപക്കത്തുണ്ടായിരുന്നതാണ്. അവരുടെ മക്കൾ ജോസഫും ബാബുവും ഞങ്ങളുടെ കളിക്കൂട്ടുകാരാണ്. പ്രായത്തിൽ ഏറെ മുതിർന്നവരാണെങ്കിലും 
ഞങ്ങളോടൊപ്പം ഓട്ട പ്രാന്തിയും തൊങ്ങിത്തോട്ടവും കളിക്കാൻ വരും. കള്ളക്കളി കളിച്ച് തല്ലു കൂടും. എല്ലാം കണ്ടും രസിച്ചും ഉമ്മറത്തിണ്ണയിൽ യാക്കോബേട്ടനും അച്ചാച്ചനും ഇരിപ്പുണ്ടാകും. ആകെ ബഹളമാവുമ്പോഴാണ് മറിയച്ചേട്ടത്തി വീടിനകത്ത് നിന്നും ഇറങ്ങി വരുന്നത്. കയ്യിൽ ഒരു ചൂലും ഉണ്ടാകും. കെട്ടിക്കാൻ പ്രായമായ ചെക്കൻ പിള്ളേര് കളിക്കാൻ നടക്കുന്നോ ന്ന് ചോദിച്ചു ജോസപ്പേട്ടനെ ഓടിക്കും. 
എന്നാലും ജോസപ്പേട്ടന് ഒരു കുലുക്കോമില്ല. പിറ്റേദിവസവും നാണമില്ലാതെ വേലിറമ്പിൽ നിന്ന് ചോദിക്കും കളിക്കാൻ വരട്ടെ ടീ ന്ന്.

മറിയ ചേട്ടത്തി അസ്സലായിട്ട് ഇറച്ചി കറി വയ്ക്കും. അതിന്റെ ഒരു പങ്ക് ഞങ്ങൾക്ക് കിട്ടാറുണ്ട്. അമ്മ ഇറച്ചിക്കറി വെയ്ക്കാൻ പഠിച്ചത് മറിയച്ചേടത്തീടെ ഇറച്ചിക്കറി കൂട്ടിയിട്ടാണ്ന്ന് അമ്മ തന്നെയാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. അമ്മയുടെ അടുക്കളത്തോട്ടത്തിൽ ചീരയും വെണ്ടയും പയറും വഴുതനയുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പിന്നെ പറമ്പിൽ നിറയെ വാഴയുണ്ടായിരുന്നതുകൊണ്ട് ചെറുകായയും കിട്ടും. ഇതുകൊണ്ടൊക്കെ ഉണ്ടാക്കാവുന്ന പരമാവധി രുചിഭേദങ്ങൾ അമ്മ ഉണ്ടാക്കുമായിരുന്നു. അമ്മയുടെ മോരുകാളനിൽ ചേനയ്ക്കും കുമ്പളങ്ങയ്ക്കും നേന്ത്രക്കായയ്ക്കും ചെറുചേമ്പിനും പപ്പായക്കും വരെ ഒരേ സ്ഥാനമായിരുന്നു. ചീര ത്തോരനും മുരിങ്ങയില തോരനും പുറമേ ആനത്തുമ്പയും മധുരച്ചീരയും തഴുതാമയും ചേനത്തണ്ടും ചേമ്പിൻ താളും അമ്മയുടെ കൈപ്പുണ്യത്താൽ ഞങ്ങളുടെ വയറു നിറച്ചു.. 
എന്നെ ഗർഭിണിയായിരുന്ന സമയത്ത് ക്ഷാമകാലം ആയിരുന്നത്രേ.കാശുകൊടുത്താൽ പോലും അരി കിട്ടാനില്ലാത്ത കാലം. മധുരാക്കോട്സിൽ മെക്കാനിക്ക് ആയിരുന്നു അച്ചാച്ചൻ. പറമ്പിൽ നിറയെ പയറു കുത്തും. കൂടാതെ മരച്ചീനിയും മധുരക്കിഴങ്ങും ചേമ്പും ചേനയും മധുരച്ചേമ്പും കാച്ചിലും നടുമായിരുന്നു . അമ്മ പറയാറുണ്ട് അന്ന് പയറിന്റെ കുരുന്നിലകളും അച്ചിങ്ങാ പയറും ചേർത്ത് അരിഞ്ഞ് ഉപ്പിട്ട് വേവിക്കും. എന്നിട്ട് പിഴിഞ്ഞ് വെള്ളം കളഞ്ഞ് അതിൽ ഇത്തിരി പച്ചമുളകും നാളികേരവും ചേർത്ത് ഇളക്കി കഴിച്ച് വിശപ്പടക്കിയിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു ന്ന്. അതുപോലെ കാച്ചിൽ കൊണ്ടുള്ള പുഴുക്കും ചക്കപ്പുഴുക്കും ഒക്കെയാണ് അന്ന് വിശപ്പടക്കാൻ സഹായിച്ചിരുന്നത് എന്ന്. ആ അമ്മയോട് ഞങ്ങളുടെ വിശപ്പിനെ പറ്റി എന്താണ് പറയുക.

എൻ്റെ കുട്ട്യോള് വലുതായീപ്പോ 
ചിക്കൻ ബർഗറും നൂഡിൽസും ഫ്രൈഡ്റൈസും ബിരിയാണിയും കുഴിമന്തിയും 
അൽഫാമും പൊറോട്ടയും
ഒക്കെ ഇഷ്ടപ്പെടുന്നവരായി. ഞാൻ അവരോട് പണ്ടത്തെ ഈ കാര്യങ്ങളൊക്കെ പറയുമ്പോൾ അവർക്ക് തമാശയാണ്.

അങ്ങനെ കഴിച്ചു കഴിച്ച് ഒരീസം വയ്യാണ്ട് കെടക്കുമ്പോ അമ്മാമ്മെൻ്റെ സ്വപ്നത്തില് വന്നു .
"നീയൊക്കെ മറന്നു ,ന്നെ മറന്നു, അമ്മിച്ചോറും മറന്നു . അടുക്കളപ്പുറത്ത് ചീര പൂത്ത് നിക്കണ കണ്ടില്ലേ , മുളകും വെണ്ടേം വഴുതനേം പഴുത്തു നിക്കണ കണ്ടില്ലേ, ഞാനുള്ളപ്പോ പൂക്കാറില്ല , പഴുക്കാറുമില്ല. 
കിളുന്തോള് നുള്ളിയോണ്ടിരുന്നാ പൂക്കണത് എങ്ങനേന്ന് ചീരച്ചെടി പറയേരിക്കും . 
കായോള് വലുതാവാൻ സമ്മതിക്ക്യോ നിങ്ങൾന്ന് മുളകും വെണ്ടേം വഴുതനേം പറയേയിരിക്കും . 
അയിൻ്റ്യൊക്കെ രുചിണ്ടോ ഇയിന്".

ഞാനൊന്നും മിണ്ടിയില്ല. ആവശ്യല്ല്യാത്തത് തിന്നേൻ്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കല്ലേ. എന്ത് പറയാൻ. 
പിറ്റേന്ന് ഞാൻ 
അമ്മാമ്മേനോർത്ത് കുത്തരി കഞ്ഞി വെച്ചു. വറ്റൽ മുളക് ചുട്ട് തേങ്ങാക്കൊത്തും പുളിയും ഉപ്പും ചേർത്ത് മിക്സിയിൽ അരച്ച് ചമ്മന്തിണ്ടാക്കി . 
അമ്മേണ്ടാക്കണ പോലെ കോഴിക്കറിണ്ടാക്കി . കുട്ട്യോൾക്ക് കൊടുത്തു. 
ഇതുപോല്യാണോ
മുത്ത്യമ്മണ്ടാക്കണ ചമ്മന്തി , 
ഇതുപോല്യാണോ 
അമ്മാമ്മിണ്ടാക്കണ കോഴിക്കറിന്നൊക്കെ 
പഴങ്കഥകൾ പറഞ്ഞുകൊടുത്തത് ഓർത്തെടുത്ത് 
ഓര് ചോദിച്ചു. "ബാക്കിയുണ്ടെങ്കി എനിക്ക് വേണം ട്ടോ ഫ്രിഡ്ജിൽ വച്ചോ" ന്ന് എൻ്റെ മോള് പറഞ്ഞു. ഇത്തിരി രുചിഭേദംണ്ടായാലും
തൊണ്ണൂറിൽക്ക് കടന്ന അമ്മാമ്മയ്ക്ക് ഓർമ്മില്ല്യാത്തോണ്ട് ഇങ്ങനെ തന്ന്യാണ്ന്ന് പറയേരിക്കും. അമ്മ പക്ഷേ സമ്മതിച്ച് തന്നൂന്നു വരില്ല. അമ്മ പണ്ടേ അങ്ങനെയൊന്നും സമ്മതിക്കണ ആളല്ല. എന്നാലും കഴിച്ചു നോക്കുമ്പോ എന്തോ ഒരു കുറവില്ലേന്ന് എനിക്ക് തന്നെ തോന്നാ .
ഞാനോരെ പറ്റിക്ക്യാന്ന് തോന്നണോണ്ടാണോ ന്നാ കരുതീത്. പിന്നെയല്ലേ മനസ്സിലായത് പണ്ടത്തെപ്പോലത്തെ വിശപ്പൊന്നും ഇന്നത്തെ കാലത്ത് ഇല്ല്യാന്ന്. വിശപ്പില്ലാണ്ട് എങ്ങന്യാ രുചിണ്ടാവാ. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക