വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ രൂപം നൽകിയ ഇന്ത്യൻ അമേരിക്കൻസ് ഫോർ കമല എന്ന സംഘടന ഔദ്യോഗികമായി രംഗത്തിറങ്ങി. ന്യൂ യോർക്ക് ആസ്ഥാനമായുളള സംഘടന ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെയും അതിനപ്പുറം ഉള്ളവരുടെയും പിന്തുണ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ പൈതൃകവും ദക്ഷിണേഷ്യൻ പൈതൃകവുമുള്ള ആദ്യത്തെ പ്രസിഡന്റ് കൂടിയാവും വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യ വനിതയാവുന്ന ഹാരിസ്.
പ്രമുഖ ഡെമോക്രറ്റുകളാണ് സംഘടനയുടെ തലപ്പത്തുള്ളത്. ബോധവത്കരണം, ധനസമാഹരണം എന്നിവയ്ക്കു പുറമെ ഹാരിസിന്റെ പ്രതിച്ഛായ ഉയർത്താനും അവർ ശ്രമിക്കും.
സംഘടനയുടെ ചെയർ രാജീവ് ഗൗഡ പറഞ്ഞു: "നമ്മുടെ രാജ്യത്തിന് ആവശ്യമായ പുരോഗതിയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊണ്ട നേതാവാണ് കമലാ ഹാരിസ്. അവർ യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാവാൻ പിന്തുണ നൽകുന്ന ഈ പരിശ്രമത്തിനു നേതൃത്വം നൽകാൻ എനിക്ക് അഭിമാനമുണ്ട്."