തിരുവനന്തപുരം:കേരളത്തില്‍ മലപ്പുറം ജില്ലയില്‍ എം.പോക്‌സ് സ്ഥിരീകരിച്ചു എംപോക്‌സ് മലപ്പുറത്ത് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചു സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ വിമാനത്താവളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാംപിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടങ്ങളില്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കു പകരുകയും പിന്നീട് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നുപിടിക്കുന്ന രീതിയിലേക്കു വ്യാപനം മാറുകയും ചെയ്ത ജന്തുജന്യരോഗമാണ് എംപോക്സ്. ഇരട്ട വരികളുള്ള ഡിഎന്‍എ വൈറസായ മങ്കിപോക്സ് വൈറസാണ് എംപോക്സ് രോഗത്തിന് കാരണമാകുന്നത്. ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയ വസൂരി (സ്മാള്‍ പോക്‌സ്) രോഗകാരിയായ വേരിയോള വൈറസ് അടങ്ങുന്ന പോക്സ് വൈറിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വൈറസാണിത്.
ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു പ്രധാന ജനിതക വകഭേദങ്ങളും തീവ്രതയുടെ അടിസ്ഥാനത്തില്‍ അതില്‍ ഏതാനും ഉപവകഭേദങ്ങളും എംപോക്സ് വൈറസിന്റേതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എംപോക്‌സിന്റെ അതിവേഗം പടരുന്നതും തീവ്രതയും മരണനിരക്കും ഉയര്‍ന്നതുമായ ക്ലേഡ് 1, കോംഗോ ബേസിന്‍ വകഭേദമാണ് ഇപ്പോള്‍ ആശങ്കയുയര്‍ത്തി വ്യാപകമായി പടരുന്നത്. രോഗലക്ഷണങ്ങള്‍ക്ക് വസൂരിയോളം തീവ്രതയില്ലെങ്കിലും ഒരേ വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ ആയതിനാല്‍ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് രോഗലക്ഷണങ്ങള്‍ക്ക് അടുത്ത സാമ്യമുണ്ട്. ചര്‍മത്തില്‍ പ്രതൃക്ഷപ്പെടുന്ന 2-4 ആഴ്ചവരെ നീണ്ടുനില്‍ക്കുന്ന പഴുപ്പ് നിറഞ്ഞ വേദനയുള്ള തിണര്‍പ്പുകളും കുമിളകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.
കഴിഞ്ഞ മാസം എംപോക്‌സിനെ രാജ്യാന്തര തലത്തില്‍ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 220ലേറെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
കോവിഡ്, എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ ആണ് രോഗം പകരുന്നത്.