വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആരും വധിക്കാൻ ശ്രമിച്ചിട്ടില്ലെന്നു റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ ഡി വാൻസ് പറഞ്ഞത് 'അപകടകരമായ' പ്രസ്താവമാണെന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ നടന്ന വധ ശ്രമത്തിനു പ്രകോപനമായത് പ്രസിഡന്റ് ബൈഡനും ഹാരിസും നടത്തുന്ന പ്രസ്താവനകളാണെന്നു എതിർ പക്ഷം ആരോപിച്ചിരുന്നു.
ഒഹായോവിൽ നിന്നുള്ള സെനറ്ററായ വാൻസ് പറഞ്ഞു: "യാഥാസ്ഥിതികരും ലിബറലുകളും തമ്മിലുളള ഏറ്റവും വലിയ വ്യത്യാസം കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കമലാ ഹാരിസിനെ വധിക്കാൻ ആരും ശ്രമിച്ചില്ല എന്നതാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ രണ്ടു പേർ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചു."
വാൻസിന്റെ ഭാഷ ഹാരിസിന്റെ ജീവന് നേരെ ഭീഷണി ഉയർത്തുന്നുവെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. "അത്തരം അഭിപ്രായങ്ങൾ കേൾക്കുന്നവർ അത് ഏറെ ഗൗരവമായി എടുക്കാൻ സാധ്യതയുണ്ട്. അത് വലിയ അപകട സാധ്യതയാണ്."
വിദ്വേഷ പ്രസംഗം കേട്ട് ആളുകൾ ഭീകരതയ്ക്കു തുനിയുന്നതിന്റെ ഉദാഹരണമാണ് മുൻ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്കു നേരെ നടന്ന ആക്രമണമെന്നു വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയ പ്രസ്താവങ്ങളിൽ നിയന്ത്രണം വേണമെന്നു പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചത് ജീൻ-പിയറി ഓർമിച്ചു. "നമ്മൾ ആ രീതിയിൽ സംസാരിക്കാൻ പാടില്ല. തണുപ്പിക്കണം."
ട്രംപിനെതിരെ വധ ശ്രമം ഉണ്ടായപ്പോൾ ശതകോടീശ്വരൻ എലൺ മസ്‌ക് പറഞ്ഞതും വാൻസ് പറഞ്ഞതു പോലെ തന്നെ ആയിരുന്നു. ബൈഡനെയും ഹാരിസിനെയും വധിക്കാൻ എന്താണ് ആരും ശ്രമിക്കാത്തത് എന്നദ്ദേഹം ചോദിച്ചു. വിവാദമായപ്പോൾ എക്‌സിൽ നിന്ന് അതു പിൻവലിക്കയും ചെയ്തു.
മസ്‌ക് എഴുതിയത് ശ്രദ്ധയിൽ പെട്ടുവെന്നു സീക്രട്ട് സർവീസ് വ്യക്തമാക്കി.
White House warns Vance over comments