ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു.
ഇത് സംബന്ധിച്ച് കേന്ദ്രം ബില്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ മാർച്ചിലായിരുന്നു രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചത്. ഇന്നാണ് മന്ത്രിസഭയ്ക്ക് മുന്നില്‍ ഉന്നതതല സമിതി റിപ്പോർട്ട് എത്തിയത്.
ആദ്യ ഘട്ടത്തില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സമിതിയുടെ നിർദേശം. ഇതിന് 100 ദിവസത്തിന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താമെന്നുമാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്.
രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളും തിരഞ്ഞെടുപ്പ് വിദഗ്ധരുടെ ആശങ്കകളും നിലനില്‍ക്കെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപോര്‍ട്ടിന് കേന്ദ്രം അംഗീകാരം നല്‍കിയത്. ബില്ലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബില്ല് പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ പുതിയ നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയില്‍ ഇതൊരിക്കലും നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കേരള മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകും പറഞ്ഞു.