കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത് സ്ഥിരീകരിച്ചു. എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
യുഎഇയില്‍നിന്നാണ് ഇദ്ദേഹം മലപ്പുറത്ത് എത്തിയത്. മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരാഴ്ച മുൻപ് ദുബൈയില്‍നിന്ന് എത്തിയതായിരുന്നു മലപ്പുറം എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ. പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതാണ് അധികൃതരില്‍ എംപോക്സ് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് രോഗസ്ഥിരീകരണത്തിനായി സ്രവസാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു.
ഈ മാസം ആദ്യം ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്ബിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.