കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നുവെന്ന പരാമർശത്തില്‍ വിശദീകരണുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍.
കേരളത്തില്‍ ഇപ്പോള്‍ ISIS ലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും, മുമ്ബ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു. താൻ നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിച്ചത് സംഘപരിവാർ പ്രസിദ്ധീകരണങ്ങള്‍ ആണെന്നും. ബുധനാഴ്ചത്തെ ദീപിക പത്രത്തിന്റെ മുഖപ്രസംഗം ഇതേ വിഷയത്തെക്കുറിച്ചാണ് കേരളം : മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം എന്ന എന്റെ ഒക്ടോബറില്‍ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെ അഭിപ്രായ പ്രകടനം. അതിനാല്‍ പുസ്തക പ്രകാശനത്തിനു ശേഷമാവാം വിശദമായ ചർച്ച എന്നും എന്നാല്‍ ചില കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ടതായി തോനുന്നുവെന്നും പി ജയരാജൻ കുറിച്ചു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവോണദിവസം ഒരു പ്രാദേശിക ചാനല്‍ സംപ്രേഷണം ചെയ്ത എന്റെ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചത് സംഘപരിവാർ പ്രസിദ്ധീകരണങ്ങളാണ്. തുടർന്ന് സോഷ്യല്‍ മീഡിയയില്‍ ചിലരും ആ വഴി പിന്തുടർന്നു. ബുധനാഴ്ചത്തെ ദീപിക പത്രത്തിന്റെ മുഖപ്രസംഗം ഇതേ വിഷയത്തെ കുറിച്ചാണ്. കേരളം : മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം എന്ന എന്റെ ഒക്ടോബറില്‍ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെയും അഭിപ്രായപ്രകടനം. പുസ്തകം വിശദമായി വായിക്കുന്നതിന് മുമ്ബാണ് ഈ അഭിപ്രായപ്രകടനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. അതിനാല്‍ വിശദമായ ചർച്ച പുസ്തക പ്രകാശനത്തിന് ശേഷമാവാം. പക്ഷെ ചില കാര്യങ്ങളെ കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു
1. രാഷ്ട്രീയ ഇസ്‌ലാമിനെ സിപിഐഎം എല്ലായ്പ്പോഴും അകറ്റി നിർത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള ഇസ്‌ലാമിസ്റ്റുകളുമായി യോജിക്കാൻ പാർട്ടി തയ്യാറായിട്ടില്ല.
2. ഹിന്ദുത്വ വർഗീയത ആണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം എന്നാണ് സിപിഐഎം കരുതുന്നത്. അതേസമയം ആ വർഗീയതയെ ശക്തമായി എതിർക്കുമ്ബോള്‍ തന്നെ ന്യുനപക്ഷ വർഗീയ നീക്കങ്ങളെയും പാർട്ടി ശക്തമായി എതിർത്തു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്‌ലിം പള്ളിയായി പരിവർത്തിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച മുസ്‌ലിം ലീഗിനെ ശക്തമായി എതിർത്തത് സിപിഐഎം ആണ്. ചുരുക്കം വരുന്ന വഖഫ് ബോർഡ് നിയമന പ്രശ്‌നത്തില്‍ മുസ്‌ലിം പള്ളികള്‍ക്കകത്ത് സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രസംഗം നടത്താൻ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടുവന്നപ്പോള്‍ ഇത് മതവികാരം ഇളക്കിവിട്ടു നടത്തുന്ന വർഗീയ പ്രവർത്തനമാണെന്ന് തുറന്ന് കാട്ടിയതും പാർട്ടിയും എല്‍ഡിഫ് സർക്കാരുമാണ്. സുന്നി മത സംഘടനകള്‍ ലീഗിന്റെയും ഇസ്ലാമിസ്റ്റുകളുടെയും നിലപാടിനെതിരെ ഉറച്ച സമീപനം സ്വീകരിച്ചതോടെ അവർക്ക് പിൻവാങ്ങേണ്ടി വരികയും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കള്‍ക്ക് പ്രസംഗം നടത്തി തടിതപ്പേണ്ടി വന്നതും സമീപകാല സംഭവ വികസമാണ്.
3.'ആഗോള സമാധാനത്തിന്റെ യഥാർത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ് ' എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പോലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ സാമ്രാജ്യത്തമാണ് ലോക സമാധാനത്തിൻ്റെ ഏറ്റവും വലിയ ശത്രു. 80തില്‍ അധികം രാജ്യങ്ങളില്‍ 750 അമേരിക്കൻ സൈനിക താവളങ്ങള്‍ ഇന്ന് അമേരിക്കക്ക് ഉണ്ട്. റഷ്യ-ഉക്രൈൻ യുദ്ധം നീണ്ടു പോകുന്നത് ഉക്രൈന് നല്‍കുന്ന സാമ്ബത്തിക-യുദ്ധോപകരണ സഹായത്താലാണ്. ലോകത്തെ മൊത്തം സൈനിക ചിലവിന്റെ 40%വും നിർവഹിക്കുന്നത് അമേരിക്കയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലക്ക് പിന്തുണ നല്‍കുന്നതും അമേരിക്കയാണ്. അത്തരമൊരു ശക്തിയെ കുറിച്ച് അറിയാത്തത് കൊണ്ടാണോ മുഖപ്രസംഗം മേല്‍പ്പറഞ്ഞ വിധം വിലയിരുത്തിയത്.
മുഖപ്രസംഗത്തില്‍ ദീപിക പറയുന്നു ' പലസ്തീനില്‍ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്.' ലോകത്തെമ്ബാടുമുള്ള മനുഷ്യ സ്നേഹികള്‍ ഇസ്രയേലിൻ്റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്ബോള്‍ ദീപികക്ക് മാധ്യമങ്ങള്‍ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്. 82% ക്രിസ്ത്യൻ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊടുത്തതും അനുകൂല വിധി സമ്ബാദിച്ചതും. ഇതൊന്നും പത്രം അറിഞ്ഞ മട്ടില്ലെന്ന് തോന്നുന്നു. അവർ ചോദിക്കുന്നത് അസർബയ്ജാനിലെ ക്രിസ്ത്യൻ ജനവിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ്. പഴയ സോവിയറ്റ് യൂണിയൻ വിഘടിക്കപ്പെട്ടതോടെ രൂപംകൊണ്ട പല രാജ്യങ്ങളിലും വംശീയമായ ഏറ്റുമുട്ടല്‍ നടന്നുവരുന്നുണ്ട്. ഇവക്കെല്ലാം മതനിരപേക്ഷമായ പരിഹാര നടപടിയാണാവശ്യം എന്നാല്‍ അവിടങ്ങളിലൊക്കെ അത്തരം വിഭാഗങ്ങളില്‍ തീവ്രവാദ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന വംശീയ ഗ്രൂപ്പുകള്‍ കൂടി ഉണ്ടെന്നത് തിരിച്ചറിയണം. പലസ്തീനികളുടെ രാഷ്ട്ര സ്ഥാപനത്തിൻ്റെ വിഷയം ഇതില്‍ നിന്നെല്ലാം ഭിന്നമാണ്. പലസ്തീനികളുടെ ഈ അവകാശം കവർന്നെടുക്കാൻ ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്നിലും അമേരിക്കയാണ്.
4. ലോകത്ത് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ഞാനും കാണാതിരിക്കുന്നില്ല. പക്ഷെ ഇസ്ലാമിസ്റ്റുകളെ അമേരിക്ക പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന ചരിത്ര യാഥാർഥ്യം വിസ്മരിക്കാനും പാടില്ല. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും സജീവമായി ചർച്ച ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് അത്യാവശ്യമാണ് അത്തരം ചർച്ചകളില്‍ ദീപിക പത്രത്തിനും പങ്കു വഹിക്കാനാകും. അത്തരം ചർച്ചകള്‍ തുടരണം. പക്ഷെ 2019ന് ശേഷം കേരളത്തിലെ ക്രിസ്തീയ ജനവിഭാഗങ്ങളില്‍ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന 'കാസ'യുടെ വാദങ്ങള്‍ ഏറ്റുപിടിക്കാതിരിക്കാനും ശ്രമിക്കണം.
5. കേരളത്തില്‍ ഇപ്പോള്‍ ISISലേക്ക് റിക്രൂട്ട്മെൻ്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്ബ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.