പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലബനാനില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിലാണ് പൊട്ടിത്തെറികളെന്നും മൂന്നുപേര്‍ പുതിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും വിവരം.
കഴിഞ്ഞദിവസമാണ് പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഈ ആക്രമണത്തില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെട്ടതായാണ് ലബനാനില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2800ലേറെ പേരാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.
ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. ഇസ്രായേലിന്റെ അധിനിവേശ നീക്കത്തെ ഫലസ്തീനൊപ്പം നിലകൊണ്ട് ചെറുക്കുന്നതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നും ഹിസ്ബുല്ല കുറ്റപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ലയുടെ പ്രവര്‍ത്തകരുമുണ്ട്.
അഞ്ചുമാസം മുമ്പ് പേജറുകള്‍ക്കൊപ്പം വാങ്ങിയ വാക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ദക്ഷിണ ലബനാനിലും ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമായാണ് ഇന്നത്തെ പൊട്ടിത്തെറികള്‍ നടന്നത്. ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയായിരുന്നു ഇന്ന് പൊട്ടിത്തെറിയുണ്ടായത്.