Image

മുസ്ലിമെന്ന് തെറ്റിദ്ധരിച്ച് ഗോരക്ഷാ ഭീകരര്‍ കൊലപ്പെടുത്തിയ ആര്യന്‍ മിശ്രയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍

Published on 18 September, 2024
മുസ്ലിമെന്ന് തെറ്റിദ്ധരിച്ച് ഗോരക്ഷാ ഭീകരര്‍ കൊലപ്പെടുത്തിയ ആര്യന്‍ മിശ്രയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍

ഫരീദാബാദ്: 'മുസ്ലിമാണെന്നു കരുതി എന്റെ മകനെ കൊന്നു എന്നാണ് അവര്‍ പറഞ്ഞത്. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ...?' ഹരിയാനയിലെ ഫരീദാബാദില്‍ പശു ഭീകരര്‍ വെടിവച്ച് കൊന്ന 19-കാരന്‍ ആര്യന്‍ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ ഈ വാക്കുകളില്‍ രോഷവും സങ്കടവും ഉണ്ടായിരുന്നു. 'വര്‍ഗീയ ഭ്രാന്തരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാരുടെ വേദന എനിക്ക് മനസിലാവുന്നു. ഇനിയൊരമ്മക്കും ഈ ഗതി വരരുത്. എന്റെ മകന് നീതി കിട്ടണം.' 19 വയസുകാരനായ മകന്‍ ആര്യന്‍ മിശ്രയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു പിടിച്ച് വിതുമ്പി കരഞ്ഞുകൊണ്ടാണ് ഉമ മിശ്ര അത് പറഞ്ഞത്.

മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാന്‍, സെക്രട്ടറി സി.കെ ഷാകിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്. ആര്യന്‍ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര, മാതാവ് ഉമ മിശ്ര, സഹോദരന്‍ ആയുഷ് മിശ്ര എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ച യൂത്ത് ലീഗ് നേതാക്കള്‍ എല്ലാ പിന്തുണയും അറിയിച്ചാണ് മടങ്ങിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫരീദാബാദിലെ ടോള്‍ ഗേറ്റിനടുത്ത് വച്ച് പുലര്‍ച്ചെ മൂന്ന് മണിക്ക് അയല്‍വാസികളായ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആര്യന്‍ മിശ്ര വെടിയേറ്റ് മരിച്ചത്. വളരെ സാധാരണ ചുറ്റുപാടുള്ള വാടക വീട്ടില്‍ താമസിക്കുന്ന ഹിന്ദു ബ്രാഹ്‌മണ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു പഠനത്തിലും സ്പോര്‍ട്സിലും മിടുക്കനായിരുന്ന ആര്യന്‍. പശു മാംസക്കടത്ത് തടയാനെന്ന പേരില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതില്‍ ആരോപണ വിധേയനായ ബജ്റംഗ് ദള്‍ നേതാവ് അനില്‍ കൗശികന്റെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്‍തുടര്‍ന്ന് മുന്‍ സീറ്റിലിരുന്ന ആര്യനെ കഴുത്തിലും നെഞ്ചിലും വെടിവച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിടിയിലായ അനില്‍ കൗശിക്, ആര്യന്റെ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞത് ബ്രഹ്‌മഹത്യ നടത്തിയതില്‍ ഖേദമുണ്ടെന്നും, മുസ്ലിമാണെന്നു കരുതിയായിരുന്നു നിറയൊഴിച്ചതെന്നുമാണ്.

ഹരിയാനയില നൂഹ്, ഫരീദാബാദ് ജില്ലകളെ സംഘ് പരിവാര്‍ സംഘടനകള്‍ പശു ഭീകരതയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. തോക്കുകളുമായി റോന്ത് ചുറ്റുന്ന ഇവര്‍ ആളുകളെ ആക്രമിക്കുന്നതും വാഹനങ്ങള്‍ കൊള്ളയടിക്കുന്നതും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് നിത്യസംഭവമാണിവിടെ. 16 വയസുകാരനായ ജുനൈദ്, പെഹ്ലു ഖാന്‍ അടക്കം നിരവധി പേരെ പശു ഭീകരര്‍ ഇവിടെ കൊന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സാബിര്‍ മാലിക്ക് എന്ന മുസ്ലിം ചെറുപ്പക്കാരനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്നത്. ഇവര്‍ക്ക് എല്ലാ സംരക്ഷണവും കൊടുത്തത് ബി ജെ പി സര്‍ക്കാരാണെന്നും ശക്തമായ ആരോപണമുണ്ട്.

19-കാരനായ ആര്യന്‍ മിശ്ര കൊല്ലപ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. മനുഷ്യത്വ രഹിതമായ ഈ ക്രൂരതക്ക് ഹരിയാന തെരഞ്ഞെടുപ്പില്‍ ജനം ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും, മുസ്ലിം യൂത്ത് ലീഗ് ആര്യന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. പശുവിന്റെ പേരില്‍ സംഘ് പരിവാര്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ജാതി മത ഭേദമന്യേ എല്ലാവരും പോരാട്ടത്തിനിറങ്ങണമെന്ന് യൂത് ലീഗ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഹരിയാന യൂത്ത് ലീഗ് നേതാക്കളായ അഡ്വ. സലീം ഹുസൈന്‍, അഡ്വ അഹമ്മദ് ശാരൂഖ്, ഷൗക്കത് ചൗദരി എന്നിവരും യൂത്ത് ലീഗ് സംഘത്തിലുണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക