Image

അറബികളുടെ ജീവിത രീതി ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 20 September, 2024
അറബികളുടെ ജീവിത രീതി ( റൂബിയുടെ ലോകം : റൂബി എലിസ )

കുറെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നിടത്തേക്ക് നാം കടന്നു ചെല്ലുമ്പോൾ കൂട്ടത്തിൽ ഉള്ള നാം അറിയുന്ന ആളുടെ അടുത്ത് ചെന്ന് 
അയാൾക്ക് കൈകൊടുത്തു സംസാരിക്കുകയാണ് പൊതുവെ
നമ്മുടെ രീതി .
എന്നാൽ ഇവിടെയുള്ള സംസ്ക്കാരം ആ കൂട്ടത്തിലുള്ള ഓരോരുത്തർക്കും  കൈകൊടുക്കും. ഒരു കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിക്കും കൊടുക്കും . അതും വലതു വശത്തുള്ള ആളിൽ നിന്നാവും തുടങ്ങുക .

ഇങ്ങനെ ഒരു പാട് ഹൃദ്യമായ പെരുമാറ്റ രീതികൾ കാണാം ഇവിടെ .

നമ്മുടെതിനു തികച്ചും വ്യത്യസ്തമായി .കൂടുതൽ ആളുകളും 
തന്റെ മേലുദ്യോഗസ്ഥൻ ആണെങ്കിൽ പോലും പേര് വിളിച്ചാണ് അഭിസംബോധന . മകന്റെ പേര് ചേർത്തു വിളിക്കുന്ന രീതിയാണ് കൂടുതലും . 
നമ്മുടെ നാട്ടിൽ സർ എന്ന വിളി ക്ക് പകരം ഇവിടെ മകന്റെ പേര് ചേർത്താണ് കൂടുതലും വിളിക്കുക്ക . മകന്റെ പേര് അബ്ബാസ് എന്നാണ് എങ്കിൽ അപ്പന്റെ പേര്  മുഹമ്മദ്‌ , അപ്പോൾ അവരെ വിളിക്കുക അബ്ബാസ് മുഹമ്മദ് എന്നായിരിക്കും വിളിക്കുക.

ദേഷ്യം നമ്മേക്കാൾ കൂടുതൽ ഉണ്ട് ഇവിടുത്തുകാർക്ക് എന്ന് തോന്നിയിട്ടുണ്ട് .
പക്ഷേ ദേഷ്യപ്പെട്ടാൽ അധികം വൈകാതെ തണുക്കും . വന്നു സലാം പറയും .
നമ്മെ പോലെ കാലങ്ങളോളം പക വെച്ച് കൊണ്ട് നടക്കില്ല .

എന്തൊരു നിസ്സാര കാര്യം നാം മറ്റൊരാള്ക്ക് ചെയ്തു കൊടുത്താലും ശുക്രൻ എന്ന് പറയും. അല്ലാഹ് ആതീകൽ ആഫിയ ( ദൈവം താങ്കൾക്കു ആരോഗ്യം പ്രദാനം ചെയ്യട്ടെ ) എന്ന് പ്രാർഥിക്കും.

സംസാരം നേരെ ചൊവ്വേ വിഷയത്തിലേക്ക് കടക്കുന്ന രീതി അല്ല . മറിച്ചു ഏറെ കുശലാന്വേഷണങ്ങൾ നടത്തി പരസ്പരം പ്രാർത്ഥനാ വചനങ്ങൾ ഒക്കെ ചൊ രിഞ്ഞേ വിഷയത്തിലേക്ക് കടക്കൂ . ഫോണ്‍ ചെയ്യുമ്പോൾ പോലും ഇങ്ങനെയാണ് . ഒടുവിൽ സംസാരം പെട്ടെന്ന് അവസാനിപ്പിക്കില്ല . 
അപ്പോഴും നന്ദി സൂചകമായി ചില പ്രാർത്ഥനകൾ ഒക്കെ നടത്തി 
'യാ അല്ലാഹ് ഖൈർ ' എന്ന് പറഞ്ഞെ ഫോണ്‍ കട്ട് ചെയ്യൂ .

ഇവിടെ ഏറെ പേരും ഏറെ ഇഷ്ടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന പ്രാർത്ഥന 'അല്ലാഹുമ്മ ഇർഹം വാലിദൈക് 'ആണ് . 'ദൈവം നിങ്ങളുടെ മാതാപിതാക്കൾക്ക് കാരുണ്യം ചൊരിയട്ടെ 'എന്നാണു അതിന്റെ അർഥം . തന്റെ മാതാപിതാക്കള്ക്ക് കാരുണ്യം കിട്ടാൻ മറ്റൊരാൾ പ്രാർഥിക്കുന്നത്തിലേറെ സന്തോഷം പകരുന്ന മറ്റെന്തുണ്ട് ?

സ്ത്രീകളോട് പൊതുവെ വളരെ മാന്യമായി മാത്രമേ ആരും സമീപിപ്പിക്കൂ . എവിടെ ചെന്നാലും അവിടെ അവർക്കാണ് മുൻഗണന . റോഡ്‌ ക്രോസ് ചെയ്യാൻ സ്ത്രീകൾ വേണ്ടി വണ്ടികൾ നിർത്തിയിട്ടു കൊടുക്കുന്നതും കാണാം .

അത് പോലെ ആലിംഗനം . 
എത്ര മുഷിഞ്ഞ വസ്ത്രം അണിഞ്ഞവന്‍ ആണെങ്കിലും കെട്ടിപ്പിടിക്കും .

ലിഫ്റ്റിലോ മറ്റോ കേറുമ്പോൾ വലതു ഭാഗത്തുള്ള ആൾക്ക്
ആണ് പ്രാമുഖ്യം നൽകുക. ഒന്നിച്ചു ഒരിടത്ത് നിന്ന് ഇറങ്ങുമ്പോഴും വലതു ഭാഗത്തെ ആളുകൾക്ക്പ്ര ത്യേക പരിഗണന നല്കും .

പിന്നെ  ആരോടും എപ്പോഴും സലാം പറയും . 
വലിപ്പ ചെറുപ്പമോ ദേശാ ഭാഷാ വ്യത്യാസമോ ഇല്ലാതെ .

വിധിയിലുള്ള വിശ്വാസം ഇവർക്ക് ഏറെയാണ്‌  . ഒരു മരണത്തിലും വല്ലാതെ വേദനിക്കില്ല . മരണം സങ്കടപ്പെടാൻ ഉള്ളതല്ല എന്നാണു ഇവരുടെ പക്ഷം . ജനിച്ചത്‌ നമ്മുടെ ഇഷ്ട ത്താലല്ല . മരണവും അങ്ങനെ തന്നെ  എന്ന കാഴ്ചപ്പാട് .

എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് വഴി പോകുന്നവരെയും  കാണുന്നവരെയും ഒക്കെ 'ഫള്ളല്‍' - സദയം വരൂ -  എന്ന് പറഞ്ഞു ക്ഷണിക്കും . അതൊരു സാന്റ് വിച്ച് ആണെങ്കില്‍ പോലും.

ഒന്നിച്ചുള്ള ഭക്ഷണം കഴിക്കലാണ് ഇവരുടെ പൊതുവേയുള്ള രീതി  . 
വലിയ തളികകൾ ക്കരികിൽ എല്ലാവരും ഒന്നിച്ചിരിക്കും . അന്നേരം അവരുടെ കൈകള്‍ കൂട്ടിമുട്ടുന്നതോ ഒരേ പാത്രത്തില്‍ നിന്ന് ഒന്നിച്ചു കഴിക്കുന്നതിലോ അവര്‍ക്ക് ഒരു നീരസവും ഇല്ല .

ദേശം / ഭാഷ /  വേഷം  /രാജ്യം ഇവയൊക്കെ  അനുസരിച്ച് സംസ്ക്കാരങ്ങൾക്കും പെരുമാറ്റ രീതികൾക്കും നല്ല വ്യത്യാസം കാണും . കാലങ്ങളായി രൂപപ്പെടുകയും 
തലമുറ തലമുറ കൈമാറി തുടർന്ന് പോരികയും ചെയ്യുന്ന രീതികളാണ് സംസ്ക്കാരം . ഓരോ രാജ്യത്തിനും പ്രദേശത്തിനും ഉണ്ടാകും വിവിധങ്ങളും വ്യത്യസ്ത ങ്ങളും ആയ സംസ്ക്കാര മര്യാദകൾ .

പക്ഷേ നമ്മുടെ സംസ്ക്കാരത്തെ മറ്റു ചിലതുമായി  താരതമ്യം ചെയ്യുമ്പോൾ ചിലപ്പോൾ  നമുക്ക് വലിയ അഭിമാനം തോന്നും . ചിലപ്പോൾ അപമാനവും.
കുറെ കാലമായി അറബികളുമായി ഇടപഴകി ജീവിക്കുന്നത് കൊണ്ട് ഞാന്‍ അവരില്‍ കണ്ടതും എല്ലാവർക്കും ജീവിതത്തില്‍ പകർത്താൻ ഉതകുന്നതുമായ കുറച്ച് കാര്യങ്ങള്‍ ഇവിടെ എഴുതുന്നു

1 മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കുക , അതിനെ കുറിച്ച് വേറൊരാളുമായി അഭിപ്രായം പങ്ക് വെക്കാതിരിക്കുക

2 ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടവും ദൈവഹിതം എന്ന് കരുതി സമാധാനിക്കുക

3 ജീവിച്ചിരിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത നാളെ എന്ന ദിവസത്തെ കുറിച്ച് അമിതമായ ഉത്ക്കണ്ട ഇല്ലാതിരിക്കുക

4  ഫോണിലായാലും നേരിട്ടായാലും ഏതൊരു കാര്യവും സംസാരിക്കുന്നതിന് മുമ്പ് പരസ്പരം സുഖ വിവരങ്ങള്‍ അന്വേഷിക്കുക , അതിന് ശേഷം മാത്രം പറയാനുള്ള വിഷയത്തിലേക്ക് വരിക

5 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച സമയത്ത് പോലും ഇരു ഡ്രൈവര്‍മാരും പരസ്പരം ഹസ്തദാനം ചെയ്തതിന് ശേഷം മാത്രം സംസാരിക്കുക

6 സ്ത്രീകള്‍ക്ക് മാന്യമായ പരിഗണന കൊടുക്കുക , വലിയ തിരക്കോ ക്യൂവോ ഉള്ള സ്ഥലത്ത് പോലും സ്ത്രീകൾക്ക് മുൻഗണന കൊടുക്കുക

7 കുട്ടികളോടും പ്രായം ചെന്നവരോടും സ്നേഹത്തോടെ പെരുമാറുക

8 അനുഷ്ടാനങ്ങളിൽ വീഴ്ച വന്നാലും അടിയുറച്ച ദൈവ വിശ്വാസം

9 പൊതു സ്ഥലങ്ങളിലും റെസ്റ്റോറന്റ് പോലുള്ള സ്ഥലങ്ങളിലും കാർക്കിച്ച് തുപ്പുന്നത് പോലെ  മറ്റുള്ളവര്‍ക്ക് അലോസരമായി തോന്നുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യാതിരിക്കുക

10 കുടുംബ ബന്ധങ്ങള്‍ക്ക് വലിയ  പ്രാധാന്യം കൊടുക്കുക

ഇനിയും ഒരുപാട് കാണും , മാത്രമല്ല വിപരീത സ്വഭാവക്കാരും ചെറിയ അളവില്‍ ഉണ്ടായേക്കും , എങ്കിലും ബഹു ഭൂരിഭാഗവും ഇങ്ങനെയാണ്....
അഹങ്കാരമോ അഹംഭാവം ആയവർക്കില്ല.
എല്ലാവരെയും ഒരുപോലെ കാണുന്നവർ.

നമ്മളോടൊക്കെ നല്ല ബഹുമാനമാണ് ഇവർക്ക്.

കുശുമ്പോ 
അസൂയ
ഒട്ടും തന്നെയില്ല,

പരോപകാരികളാണ്

അങ്ങനെ ഒത്തിരി ഒത്തിരി മാഹാത്മ്യങ്ങൾ ഇവരെപ്പറ്റി പറയാനുണ്ട്

അറബികളുടെ നല്ല  സ്വഭാവം ഒരുപാട് കണ്ടു പടിക്കാനുണ്ട് നമുക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക