Image

വിനേഷ് ഫോഗട്ട് രാഷ്ട്രീയ ഗോദയില്‍ ജയിക്കുമോ? (സനില്‍ പി. തോമസ്)

Published on 20 September, 2024
വിനേഷ് ഫോഗട്ട്  രാഷ്ട്രീയ ഗോദയില്‍ ജയിക്കുമോ? (സനില്‍ പി. തോമസ്)

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് തുടങ്ങി, ഇനി ഹരിയാനയില്‍, പിന്നെ മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പി.ക്ക് കനത്ത വെല്ലുവിളിയാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ലോക്‌സഭയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച ഇന്ത്യാ സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പു ഫലം അതിലേറെ നിര്‍ണ്ണായകമാണ്. ഈ തിരഞ്ഞെടുപ്പുകളില്‍ പക്ഷേ, രാജ്യം മുഴവുവന്‍ ശ്രദ്ധി ക്കുന്നത് ഹരിയാനയിലെ ജുലാന നിയമസഭാ മണ്ഡലമാണ്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുസ്തിതാരം വിനേഷ് ഫോഗട്ട് ആണ്.

പാരിസ് ഒളിംപിക്‌സില്‍ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ കടന്നെങ്കിലും രണ്ടാം നാള്‍ നൂറുഗ്രാം തൂക്കം കൂടിയെന്ന പേരില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ഗോദവിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയത് അപ്രതീക്ഷിതമല്ല. പാരിസില്‍ നിന്നും മടങ്ങി വന്ന വിനേഷിന് ന്യൂഡല്‍ഹി വിമാനത്താവളം മുതല്‍ ഗംഭീര വരവേല്‍പ് ഒരുക്കിയത് കോണ്‍ഗ്രസ് ആണ്. കര്‍ഷക നേതാക്കളുടെ പിന്തുണയും അവര്‍ക്കുണ്ടായി.

പാരിസില്‍ നിന്നു മടങ്ങിയെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിനേഷ് ഫോഗട്ടും ഒപ്പം ടോക്കിയോയിലെ വെങ്കല മെഡല്‍ ജേതാവ് ബജ്‌റങ് പൂനിയയും രാഹുല്‍ ഗാന്ധിയെ കാണുകയും തുടർന്ന് കോണ്‍ഗ്രസില്‍ ചേരുകയും ഉണ്ടായി. തുടര്‍ന്ന് വിനേഷ് റയില്‍വേയിലെ ജോലി രാജിവച്ചു. പാരിസില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും വേദനയായി മാറിയ വിനേഷിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്ന റെസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷന്‍ ശരൻ സിങ്ങിനെ ബി.ജെ.പി. നേതൃത്വം താക്കീത് ചെയ്തതായി അറിയുന്നു. വിനേഷ് വെല്ലുവിളിയാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

ബ്രിജ്ഭൂഷിനെതിരെ ലൈംഗിക അതിക്രമം ആരോപിച്ച് ജന്തര്‍ മന്ദറില്‍ സമരം നയിച്ചത് വിനേഷും, ബജ്‌റങ്ങും സാക്ഷി മാലിക്കുമാണ്. സാക്ഷി രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും വിനേഷിന്റെ കസില്‍ ബബിത ഫോഗേട്ടുമൊത്ത് റസ്ലിങ് ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഫെഡറേഷനെതിരായ വെല്ലുവിളി തന്നെയാണ്. ബ്രിജ്ഭൂഷന്റെ സ്വന്തക്കാരനായ ഡബ്‌ളിയു.എഫ്.ഐ. പ്രസിഡന്റ് സഞ്ജയ് സിങ്  ഗുസ്തി ലീഗിനെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. പക്ഷേ, ഇപ്പോള്‍  ശ്രദ്ധയത്രയും നിയമസഭാ തിരഞ്ഞെടുപ്പിലാണ്.

ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ച് ശനിയാഴ്ചയാണ് നടക്കുക. ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നതിനാല്‍ പലയിടത്തും  ചതുഷ്ടകോണ മത്സരമാണ് നടക്കുക. ഭരണകക്ഷിയായ ബി.ജെ.പിയും അധികാരം തിരിച്ചുപിടിക്കാന്‍ തുടങ്ങിയിരിക്കുന്ന കോണ്‍ഗ്രസും പിന്നെ ജനനായക് ജനതാ പാര്‍ട്ടിയും ആണ് പ്രധാനമായി മത്സരരംഗത്തുള്ളത്.

ജുലാനയുടെ മരുമകള്‍ എന്ന ലേബലില്‍(ജുലാനാ കി ബാഹു) ആണ് വിനേഷ് ഫോഗട്ട് മത്സരിക്കുന്നത്. വിനേഷിന്റെ ഭര്‍ത്താവ്, ഗുസ്തിതാരം തന്നെയായ സോംവീര്‍ രാത്തെ ജുലാനയുടെ ഭാഗമായ ഭക്ത് ഖേര ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. ആം ആദ്മി പാര്‍ട്ടിയുടെ കവിതാ ദയാലും ഗുസ്തി താരം തന്നെ. ഡബ്‌ളിയൂ. ഡബ്ലിയൂ.ഇയില്‍ പങ്കെടുത്ത പ്രഥമ ഇന്ത്യന്‍ വനിതാ പ്രഫഷനല്‍ ഗുസ്തിതാരമാണ് കവിത. ജുലാനയുടെ പുത്രിയായാണ് കവിത രംഗത്തുള്ളത്. കവിതയുടെ നാടായ മാല്‍വി ജുലാനയില്‍ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ്.

ഈ രണ്ടു വനിതാ ഗുസ്തിതാരങ്ങളെക്കൂടാതെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ കൂടിയുണ്ട്. യോഗേഷ് ബൈരാഗിയാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി. ഇദ്ദേഹം പൈലറ്റ് ആയിരുന്നു. നിലവിലെ എം.എല്‍.എ. അമര്‍ജീത് സിങ് ധന്‍ദോയാണ് ജനനായക് ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍-ബി.എസ്.പി.സഖ്യത്തിലെ സുരേന്ദര്‍ ലാത്തറും മത്സരരംഗത്തുണ്ട്. ഇദ്ദേഹം ഡപ്യൂട്ടി എക്‌സൈസ് - ടാക്‌സ് കമ്മീഷ്ണര്‍ ആയി വിരമിച്ചയാളാണ്.
ശക്തമായ മത്സരം പ്രതീക്ഷിക്കുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഗോദയില്‍ വിനേഷ് ഫോഗേട്ട് ജയിക്കുമെന്നു തന്നെയാണു കണക്കുകൂട്ടല്‍.കര്‍ഷക സമരക്കാരോടൊപ്പം വിനേഷ് ചേര്‍ന്നിരുന്നു. കര്‍ഷക സംഘടനകളുടെ പിന്തുണ വിനേഷിനായിരിക്കും. ജയിച്ചാല്‍ വിനേഷ് ആയിരിക്കും ഹരിയാനയില്‍ സ് പോര്‍ട്‌സ് മന്ത്രിയെന്നു പ്രചാരണവേളയില്‍ ചില ആരാധകര്‍ കൊട്ടിഘോഷിക്കുന്നുണ്ട്. അതെന്തായാലും വിനേഷ് ജയിച്ചാല്‍ കോണ്‍ഗ്രസിന്റെ താരമുഖമാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക