2024 എന്നെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട പലരെയും നഷ്ട്ടപ്പെട്ട വർഷമാണ്. എന്റെ അപ്പന്റെ ഇളയ അനുജൻ കുഞ്ഞുമോനപ്പാപ്പൻ. അമ്മയുടെ അനുജത്തിയുടെ ഭർത്താവ് ബാബുച്ചായൻ. പിന്നെ കുടുംബ സുഹൃത്തായിരുന്ന തെക്കേമുറിച്ചേട്ടനും.
ഉറ്റവരെയും ഉടയവരെയും സുഹൃത്തുക്കളെയും സാമൂഹിക സംഘടനകളെയും സാഹിത്യ കൂട്ടായ്മകളെയും എഴുത്തുകാരെയും വിട്ട് എബ്രഹാം തെക്കേമുറിയെന്ന സണ്ണിച്ചായൻ ഈ ലോകത്തു നിന്ന് വിട പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി രോഗാവസ്ഥയിലായിരുന്നുവെങ്കിലും ഇത്ര നേരത്തെ മരണം അദ്ദേഹത്തെ കൊണ്ടുപോകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെയാവണം അദ്ദേഹത്തിന്റെ വിയോഗം വല്ലാതെയുലക്കുന്നത്. തീരാ ദുഃഖമാകുന്നത്.
ഏകദേശം മുപ്പത്തിഅഞ്ചു വർഷം മുൻപാണ് തെക്കേമുറിച്ചേട്ടനെ പരിചയപ്പെടുന്നത്. ഒരു നവവധുവായി ഗ്രാൻഡ്പ്രെയറി മാർത്തോമ്മാ പളളിയിൽ ചെന്നപ്പോഴായിരുന്നു അത്.
ആയിടക്ക് കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ കയ്യെഴുത്തു മാസികയായ കൈരളിയിൽ അദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് എന്ന നോവൽ ഖണ്ഡശ്ശ വായിക്കുന്നുണ്ട്. പേരറിയാമെങ്കിലും ആളെ അറിയില്ല.
പള്ളി പിരിഞ്ഞിറങ്ങുമ്പോൾ ഷാജി ഒരാളെ പരിചയപ്പെടുത്തി. “ഇതാണ് കൈരളിയിൽ എഴുതുന്ന നോവലിസ്റ്റ് എബ്രഹാം തെക്കേമുറി”!
ഞാൻ അദ്‌ഭുതദരങ്ങളോടെ അദ്ദേഹത്തെ നോക്കി കൈ കൂപ്പി. ജീവിതത്തിലാദ്യമാണ് ഒരു എഴുത്തുകാരനെ നേരിൽ പരിചയപ്പെടുന്നത്. വെള്ള ഷർട്ടും കറുത്ത പാന്റും കോട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ. കണ്ടാൽ ഒരു വക്കിലിന്റെ രൂപം. ചെറിയ നര ഒരു വര പോലെ ആ ചുരുണ്ട മുടിയുടെ മുകളിൽ അന്നേയുണ്ടായിരുന്നു.
ഒരു വായനക്കാരിയുടെ സന്തോഷം എഴുത്തുകാരനുമായി പങ്കു വെച്ചു. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം.
ഷാജിക്ക് തെക്കേമുറിചേട്ടനെയും കുടുംബക്കാരെയും മുന്പരിചയമുണ്ടായിരുന്നു. എൺപതുകളിൽ അവർ വന്ന കാലത്തു അടുത്തടുത്ത അപ്പാർട്ട്മെന്റുകളിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം കൈരളി മാസികയുടെ എഡിറ്റർ ആയപ്പോൾ ഷാജിയായിരുന്നു അസിസ്റ്റന്റ്. കാലിഗ്രഫി എഴുതുവാൻ ഷാജിക്കറിയമായിരുന്നു.
പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തിൽ ഞങ്ങൾ പഠനത്തിനായി ലിറ്റിൽ റോക്ക്, അർക്കൻസായിലേക്ക് പോവുകയും ഡാലസിലേക്കുള്ള വരവ് വിശേഷദിനങ്ങളിലായി ചുരുങ്ങുകയും ചെയ്തു. ഇടക്കുള്ള വരവുകളിൽ പൊതു പരിപാടികളോ കല്യാണങ്ങളോ ചടങ്ങുകളോ ഉള്ളപ്പോൾ തെക്കേമുറിച്ചേട്ടനെ കണ്ടെന്നു വരും. എപ്പോൾ കണ്ടാലും അദേഹം വന്നു ഞങ്ങളോട് സ്നേഹത്തോടെ കുശലം പറയും. സുഖവിവരങ്ങൾ അന്വേഷിക്കും.
പതിനഞ്ചു വർഷം ഡാലസിൽ നിന്നും മാറി നിന്നെങ്കിലും 2009 തിൽ തിരികെ വരുമ്പോൾ ഇടയ്ക്കു നിന്നുപോയ സൗഹൃദം പിന്നെയും തളിർത്തു. സസന്തോഷം അദ്ദേഹം ഞങ്ങളെ കേരള ലിറ്റററി സൊസൈറ്റിയിലേക്ക് ക്ഷണിച്ചു. സമാനഹൃദയരായ കുറേപ്പേരെ അങ്ങിനെ പരിചയപ്പെട്ടു.
പഴയ സുഹൃത്തുക്കളിൽ ചിലരും ലിറ്റററി സൊസൈറ്റിയിൽ അംഗങ്ങളായി ഉണ്ടായിരുന്നു.
എഴുത്തുകാരുടെ അംബ്രല്ല സംഘടനയായ ലാനായുടെ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതുമൊക്കെ തെക്കേമുറിച്ചേട്ടന്റെ ഉത്സാഹത്തിലായിരുന്നു. 2019 വരെ ലിറ്റററി സൊസൈറ്റിയുടെ മീറ്റിങ്ങുകൾക്കൊക്കെ അദ്ദേഹം പങ്കെടുത്തിരുന്നു. കേരള ലിറ്റററി സൊസൈറ്റിയിൽ അദ്ദേഹവുമായി ഒന്നിച്ചു പ്രവർത്തിച്ച 11 -12 വർഷങ്ങൾ, ഡാലസിൽ നടത്തിയ ലാന മീറ്റിങ്ങുകൾ .. ലാനാ മീറ്റിങ്ങുകൾക്കായി ഷിക്കാഗോ, ന്യൂ യോർക്ക്, ഫ്ലോറിഡ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകൾ , ലാന മീറ്റിങ്ങുകൾക്കു ശേഷമുള്ള സംഗീത സദസ്സുകൾ, കവിയരങ്ങുകൾ!
പരിചയപ്പെടുന്ന സമാന ഹൃദയർക്കെല്ലാം അദ്ദേഹം സുഹൃത്തായിരുന്നു. ചിലർക്കെങ്കിലും ഒരു സഹോദരനായിരുന്നു.
മാർഗദർശിയായിരുന്നു.
തെക്കേമുറിയെന്ന പച്ച മനുഷ്യനെക്കുറിച്ചും .. തെക്കേമുറിയെന്ന സാധാരണക്കാരനെക്കുറിച്ചും
തെക്കേമുറിയെന്ന സുഹൃത്തിനെക്കുറിച്ചും
നമ്മൾ മാറി നിന്ന് കണ്ട -
തെക്കേമുറിയെന്ന അപ്പനെക്കുറിച്ച് .. ഭർത്താവിനെക്കുറിച്ച്,
സഹോരനെക്കുറിച്ച്
ജ്യേഷ്ഠനെക്കുറിച്ച്
തെക്കേമുറി കുടുംബത്തിന്റെ തല മൂത്ത കാരണവരെക്കുറിച്ചും
എല്ലാറ്റിനും ഉപരി ഞങ്ങളുടെ ഒരു നല്ല സുഹൃത്തിനെക്കുറിച്ചും അയല്വക്കക്കാരനെക്കുറിച്ചും കൂടി … ചില കാര്യങ്ങൾ പറയുവാനാണ് ഞാനീ ചുരുങ്ങിയ നിമിഷങ്ങളിൽ ശ്രമിക്കുന്നത്.
അതീവ നിരീക്ഷണ പാടവമുള്ള ആളായിരുന്നു അദ്ദേഹം. കണ്ട കാര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചു -
പിന്നിടതേക്കുറിച്ചു ചിന്തിക്കുന്ന - പഠിച്ചു അഭിപ്രായം പറയുന്ന, കുത്തിക്കുറിക്കുന്ന തെക്കേമുറി.
മിത ഭാഷി ..
തെക്കേമുറിയെന്ന വായനക്കാരനെക്കുറിച്ചു, സഹൃദയനെക്കുറിച്ചു, സൗന്ദര്യാരാധകനെക്കുറിച്ചു
പാട്ടുകാരനെക്കുറിച്ച് വിശദീകരിക്കുവാൻ തുടങ്ങിയാൽ സമയം തികയില്ല. പറയാൻ ധാരാളമുണ്ട്.
പുരാണങ്ങളെക്കുറിച്ചു അദ്ദേഹത്തിന് നല്ല ജ്ഞാനം ഉണ്ടായിരുന്നു. ബൈബിളിലും അതീവ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു.
പിറന്ന നാടിനെയും മലയാളത്തെയും ഏറെ പ്രിയത്തോടെ നെഞ്ചോടു ചേർത്തു വെച്ചിരുന്ന ഒരാൾ!
അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹ്യ, രാഷ്ടിയ, സാമ്പത്തിക മൂല്യച്യുതികളെക്കുറിച്ചു വളരെ അപ്ഡേറ്റഡ് ആയിരുന്നു അദ്ദേഹം. ഓൺലൈൻ വഴി ഒരു മൂന്നു പത്രങ്ങളെങ്കിലും വായിച്ചിരുന്നതായി അറിയാം.
ന്യൂസ് ചാനലുകൾ വഴി ഇന്ത്യയിലെ കാര്യങ്ങളെല്ലാം അപ്പപ്പോൾ അറിയുകയും അതേക്കുറിച്ചൊക്കെ ഒട്ടൊക്കെ വേദനയോടും ചിലപ്പോൾ അതീവ കോപത്തോടും അതി വൈകാരികതയോടും അദ്ദേഹം പ്രതികരിക്കുമ്പോൾ “ ചേട്ടാ ഇത്രയങ്ങ് ഹൃദയത്തിലോട്ടെടുക്കാതെ .. ചേട്ടന് ബിപി കൂടുമെന്നു ഓര്മിപ്പിക്കുമ്പോൾ,
“അല്ല മീനു ഇതൊക്ക കാണുമ്പോൾ അങ്ങ് പറഞ്ഞു പോവ്വാ.. ഈ ചാനലുകൾ കാണരുതെന്നൊക്ക ഇടക്ക് ഓർക്കും,’ പിന്നേം അങ്ങിനെയെങ്കിലുമൊന്ന് നാട് കാണാവല്ലോ എന്നോർത്തു ടിവി വെയ്ക്കുന്നതാ ’ എന്ന് അദ്ദേഹം മറുപടി പറയും.
മലയാളസാഹിത്യത്തെയും സാഹിത്യകാരെയും അദ്ദേഹം അങ്ങേയറ്റം സ്നേഹിച്ചിരുന്നു. നാട്ടിൽ നിന്ന് എഴുത്തുകാർ ഡാളസ് സന്ദർശിക്കുമ്പോൾ ചേട്ടൻ അവർക്ക് വിരുന്നൊരുക്കിയിരുന്നു. ആതിഥേയത്വം നൽകിയിരുന്നു. പോകുമ്പോൾ ചെറുതല്ലാത്ത തുകകൾ അവരുടെ പോക്കറ്റിലിട്ടു കൊടുത്തിരുന്നതായി പല എഴുത്തുകാരും നന്ദിയോടെ സ്മരിച്ചിക്കുന്നതോർക്കുന്നു.
അതെ അദ്ദേഹത്തിന്റെ വിയോഗത്തിൽ നമുക്കെല്ലാം നഷ്ടപ്പെട്ടത് നല്ലയൊരു എഴുത്തുകാരനെയും സുഹൃത്തിനെയും മാർഗദർശിയെയും അഭ്യുദയകാംക്ഷിയെയുമാണ്.
എന്നാൽ തെക്കേമുറിചേട്ടന്റെ വിയോഗം കുടുംബത്തിനു വരുത്തിയ നഷ്ട്ടം നമുക്കൂഹിക്കാവുന്നതിലും ഉപരിയാണ്. തെക്കേമുറി കുടുംബത്തിലേ വലിയ കാരണവർ സ്‌ഥാനത്തായിരുന്നു ചേട്ടന്റ സ്ഥാനം. സ്വന്തം കുടുംബം കൂടാതെ സഹോദരങ്ങളുടെ കുടുംബത്തിനും അദ്ദേഹം വിളക്കും മാർഗദർശിയുമായിരുന്നു. മക്കളെയും മരുമക്കളെയും അദ്ദേഹം ഒരു പോലെ ചേർത്ത് നിർത്തിയിരുന്നു.
ആ മൂന്നു കുഞ്ഞുങ്ങൾ തെക്കേമുറിച്ചേട്ടന് നിധികളായിരുന്നു. അവർ കണ്ടു പിടിച്ചു കൊണ്ട് വന്ന അവരുടെ നിധികളെയും ചേട്ടൻ നെഞ്ചോടു ചേർത്തു.
അവരിലെല്ലാം ചേട്ടന് അഭിമാനമായിരുന്നു.
മലയാളത്തിന് — പ്രതേകിച്ചു വായനയുള്ള അമേരിക്കൻ മലയാളിക്കു നഷ്ടപ്പെട്ടത് നല്ലൊരു എഴുത്തുകാരനെയാണ്.. ചരിത്രത്തിന്റെ താളുകളിൽ അതൊരു തീരാ നഷ്ട്ടം തന്നെയായി നില നിൽക്കും.
****
കഴിഞ്ഞ മൂന്നാഴ്ച്ച മുൻപാണ് അമേരിക്കൻ മലയാളി സമൂഹത്തിന്റ ഹൃദയം നുറുക്കിയ ആ അപകടം പ്ളേനോയിൽ നടക്കുന്നത്. എബ്രഹാം തെക്കേമുറിയുടെ സഹോദരന്റെ പുത്രൻ വിക്ടറും ഭാര്യ ഖുശ്ബുവും ഒരു റോഡപകടത്തിൽ അതീവ ഗുരുതരമായി പരുക്കേൽക്കുകയും ദിവസങ്ങൾ കഴിഞ്ഞു രണ്ടു പേരും മരണപ്പെടുകയും ചെയ്തു. ഇന്ന് (Sept 20) അവരുടെ പൊതുദര്ശനമാണ്. നാളെ (Sept 21) സംസ്‌കാരവും.
തെക്കേമുറി ചേട്ടന് കണ്ണുനീരിൽ കുതിർന്ന യാത്ര മൊഴി നൽകി ഒരു മാസം തികയുന്നതേയുള്ളു. വീണ്ടും കുടുംബത്തിന്റെ വേദനയിലും, കണ്ണുനീരിലും, തീരാനഷ്ട്ടത്തിലും പങ്കു ചേരാൻ ഡാളസിലെ മലയാളി സമൂഹം കൂടെയുണ്ടാകും.
തെക്കേമുറിച്ചേട്ടന്റെ പ്രിയപ്പെട്ട വിക്ടറിനും ഖുഷ്ബുവിനും ആദരാഞ്ജലികൾ. പുതിയ ലോകത്തും നിങ്ങളെ ചേർത്തു പിടിക്കാൻ നിങ്ങളുടെ സ്വന്തം സണ്ണിച്ചായനുണ്ടാകും. തീർച്ച.