പുലികളിയും കൊട്ടും കുരവയുമായി ഓണക്കോടി ഉടുത്ത് ഓണം എത്തുമ്പോൾ ലോകത്തുള്ള എല്ലാം മലയാളിയുടെ മനസ്സിലും ഒരു പൂവിളി ഉണരും. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുക്കൊക്കെ കുട്ടിക്കാലത്തെ ഓണമാണ് മനസ്സിൽ തെളിയുന്നത്. അന്നൊക്കെ കാണാമറയത്തിരുന്ന് പാട്ട് പാടുന്ന ഓണത്തുമ്പിയാണ് ഓണമെത്തിയെന്ന് നമ്മളെ ആദ്യം അറിയിക്കുന്നത്. പറമ്പിലൊക്കെ ഇറങ്ങുമ്പോൾ എവിടെയോ ഇരുന്ന് ഓണത്തുമ്പി നിർത്താതെ മൂളുന്നത് കേൾക്കാം. അപ്പോൾ നമ്മൾ അനുഭവിച്ചൊരു സന്തോഷം ഉണ്ടായിരുന്നു. ആ സന്തോഷത്തിൻറെ തുടർച്ചയാണ് പിന്നീടിങ്ങോട്ട് നമ്മൾ അനുഭവിക്കുന്നതൊക്കെ. അന്നത്തെ ഓണക്കോടിയുടെ മണം ഇപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകും. ആ പുത്തനുടുപ്പിനൊക്കെ ഒരു നൊസ്റ്റാൾജിക്ക് ഗന്ധമായിരുന്നു, ഓരോ പ്രവാസിയേയും സ്വന്തം നാടിനോട് അടുപ്പിക്കുന്ന ഓർമ്മകളുടെ സുഗന്ധം.
അത്തം കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഉറക്കമുണ്ടാകില്ല. അതിരാവിലെ എഴുന്നേൽക്കും, മത്സരിച്ചു പൂപറിച്ച് തിരികെ വന്ന് വേർതിരിച്ചു വെക്കും,ചാണകമെഴുകിയ തറയിൽ പൂക്കൾ നിരത്തും. അന്ന് നമ്മൾ ഉത്തരവാദിത്വത്തോടെ ചെയ്തിരുന്ന ഏക ജോലി ഇതായിരുന്നു. കാരണം നമ്മുക്ക് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു അത്. ഇപ്പോൾ ഏതുതരം പൂക്കൾ വേണമെങ്കിലും വിലയ്ക്ക് വാങ്ങാം, റെഡിമെയ്ഡ് ആയിട്ട് പല വർണ്ണത്തിലും ഡിസൈനിലും പൂക്കളങ്ങൾ വാങ്ങാൻ കിട്ടും. പക്ഷേ അന്ന് തുമ്പയും, മുക്കൂറ്റിയും, കാളപ്പൂവുമൊക്കെ നമ്മുടെ പൂക്കളത്തിൽ തീർത്ത ചാരുതയും നൈർമല്ല്യവും ഇപ്പോൾ കിട്ടില്ലല്ലോ. പക്ഷെ പണ്ടത്തെപ്പോലെ ഇപ്പോൾ പൂക്കൾ പറിച്ച് പൂക്കളം തീർക്കാം എന്നുവെച്ചാൽ പറമ്പിലും തൊടിയിലുമൊന്നും ആ പഴയ പൂവുകൾ ഒന്നിനേയും കാണാനേ ഇല്ല. പുലർമഞ്ഞിൻറെ തണുപ്പേറ്റ് പൂക്കുടയും കയ്യിലേന്തി ഓരോ പൂവിൻറെ വഴിയിലൂടെയും എത്ര ദൂരം നമ്മൾ ഓടിയിട്ടുണ്ടെന്ന് അറിയില്ല. ഒരു കുഞ്ഞു ചെടി പോലും നമുക്കായി പൂചൂടി നിന്നിരുന്നു. ഓരോ പൂവിറുക്കുമ്പോഴും തുമ്പികളും പരിഭവമില്ലാതെ നമ്മുടെ പിറകെ കൂടിയിരുന്നു. ഹരിതാഭയാർന്ന വർണ്ണങ്ങൾ നിറഞ്ഞ ഓർമ്മയിലെ ഓരോപൂക്കളത്തിലേയ്ക്കും അടർന്നു വീഴുന്ന മഞ്ഞുതുള്ളി പോലെ ഓരോ ഓണവും. പ്രകൃതി വളരെ മനോഹരമായ സമയമാണ് പൊന്നിൻ ചിങ്ങമാസം. ഈ സമയത്തെ വെയിലിനു പോലും ഭയങ്കര സൗന്ദര്യമാണ്. സൂര്യൻ ശ്രദ്ധയോടെ നമ്മളിലേയ്ക്ക് ചൊരിയുന്ന ഓണവെയിൽ പ്രാർത്ഥനാപൂർവ്വം ഭൂമിയെ സ്പർശിക്കുന്നു. ആ സുഖമുള്ള ചൂടിൽ ചെടികളും പൂക്കളും ജീവജാലങ്ങളുമെല്ലാം സ്നാനപ്പെടുന്നു, പൊന്നോണത്തിനായി തയ്യാറെടുക്കുന്നു. ഓണം പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഉത്സവമായതു കൊണ്ട് ഓണത്തിൻറെ ഓരോ തുടിപ്പിലും മണ്ണിൻറെ മണമുണ്ട്.
പുലരിയുടെ തണുത്ത കൈകളാൽ ഓണനാളുകളെ വരവേൽക്കുമ്പോൾ ഓരോ മണ്ണിനും ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെ ഉത്സവമാണ്. ഓരോ വർഷം കഴിയുംന്തോറും ആഘോഷങ്ങൾ പുതിയ മാനങ്ങൾ തേടി പോകുമ്പോഴും ഓണക്കോടിയും പൂക്കളവും പുലികളിയുമൊക്കെ നമ്മുടെ കൂടെത്തന്നെയുണ്ട്. പക്ഷെ പഴയ കുറെ ഓണക്കളികൾ എവിടേക്കോ പോയിമറഞ്ഞു. അന്നൊക്കെ ഊഞ്ഞാൽ കെട്ടാത്ത വീടുകൾ ഇല്ലായിരുന്നു. ഊഞ്ഞാലാടി നീലാകാശം തൊടാൻ പറന്ന ഓണക്കാലങ്ങൾ. കാലത്തിൻറെ കാറ്റു വന്ന് അടർത്തിയിട്ടു പോയ ഭംഗിയുള്ള പൂക്കളാകുന്നു ആ ഓർമ്മകളൊക്കെ. ഇന്നിപ്പോ ഊഞ്ഞാലു കെട്ടാനോ അതിലൊന്ന് ആടാൻ പോയിട്ട് ഒന്ന് ഇരിക്കാൻ മനുഷ്യന് സമയമില്ല. അത്രയേറെ ജീവിതം തിരക്കുള്ളതായി, നമ്മുടെ ജീവിതം ഇങ്ങനെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ വിലപ്പെട്ട പലതുമാണ്. അതിനെയൊക്കെ നമ്മൾ ഗൃഹാതുരത എന്ന ഓമനപ്പേരിൽ ഇടയ്ക്കിടയ്ക്ക് ഓർക്കും. അത്തം മുതൽ നാട്ടിൽപുറത്തൊക്കെ പുലികൾ ഇറങ്ങുന്ന സമയമാണ്. എൻറെ നാട്ടിലൊക്കെ പുലി മാത്രമല്ല കരടിയും ഇറങ്ങാറുണ്ട്. ശരീരം മുഴുവൻ വലിയ വാഴയില കൊണ്ട് കെട്ടി കരടിയുടെ മുഖംമൂടി വെച്ച് കൊട്ടും പാട്ടുമായി സന്ധ്യകഴിയുമ്പോൾ എല്ലാം വീടുകളിലും കയറിയിറങ്ങും. ആഘോഷങ്ങളുടെ...അതിരില്ലാത്ത സന്തോഷങ്ങളുടെ ഓണനിലാവ് നിറഞ്ഞ രാത്രികളായിരുന്നു അതൊക്കെ. ഇന്നാണെങ്കിൽ പട്ടണത്തിലെ ഓണാഘോഷങ്ങളിൽ പലനിറത്തിലുള്ള പുലികളെ നമുക്ക് കാണാം. ഇങ്ങനെയും പുലികൾ ഉണ്ടോ എന്ന് പറഞ്ഞു നമ്മൾ കളിയാക്കുമെങ്കിലും സത്യം പറഞ്ഞാൽ അതൊരു രസമുള്ള കാഴ്ചയാണ്.
ഓണത്തിൻറെ ഉണർത്തുപാട്ടായി എത്തുന്ന ഓണപ്പാട്ടുകൾ, എപ്പോൾ കേട്ടാലും നമ്മളിൽ ഓണത്തിൻറെ ആർപ്പുവിളികൾ നിറയുന്നു, ഒരുപാട് സ്വപ്നങ്ങൾ നിറയ്ക്കുന്ന, തിരിച്ചുകിട്ടാത്ത ചില മധുരമുള്ള ഓർമ്മകൾ നിറയുന്ന എത്രയെത്ര ഓണപ്പാട്ടുകളാണ് ഉള്ളത്. മറ്റൊന്നിനും സ്ഥാനം കൊടുക്കാത്ത വിധം നമ്മുടെ ഉള്ളിൽ ചേർന്നിരിക്കുന്ന ഓണവില്ലു മീട്ടുന്ന പാട്ടുകൾ. ആചാരങ്ങളും, കഥകളും. മിത്തുകളും, ഐതിഹ്യങ്ങളും എല്ലാം നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങളാണ്. ഓരോന്നിനും നമ്മൾ പാലിക്കേണ്ട പഠിക്കേണ്ട ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഓരോ ആഘോഷത്തിന് പിന്നിലുമുള്ള കഥകൾ നമ്മുളെ പഠിപ്പിക്കുന്നത് നല്ലൊരു മനുഷ്യൻ ആകാനാണ്. ഈശ്വരൻ അനുഗ്രഹിച്ചുതന്ന ഈ മനുഷ്യ ജീവിതത്തിൽ ഈ ഭൂമിയിൽ നമ്മുടെ ജന്മം എത്ര മഹനീയമാക്കാമോ, എത്ര നിർമ്മലമാക്കാൻ കഴിയുമോ അത്രയും നമ്മൾ തെളിഞ്ഞു കത്താൻ ഓരോ സംസ്ക്കാരവും നമ്മളെ പഠിപ്പിക്കുന്നുണ്ട്. പലതിലേക്കും ബന്ധിക്കപ്പെട്ട വാതിലുകൾ മലർക്കേ തുറന്നിട്ട് ഒരു പച്ചമനുഷ്യനായി എല്ലാം ഇടങ്ങളിലേയ്ക്കും നമ്മൾ എത്തിച്ചേരുമ്പോൾ ആണ് ഭൂമിയിലും ഒരു സ്വർഗ്ഗംമുണ്ടെന്ന് തിരിച്ചറിയുന്നത്. പുതിയ തലമുറയ്ക്ക് ആഘോഷത്തിൻറെ പൂത്തിരികൾ കത്തിച്ചു കൊടുക്കുമ്പോൾ അതിനു പിന്നിലെ കഥയും ജീവിതവും അവർക്ക് കാട്ടി കൊടുക്കണം. ആഘോഷങ്ങൾ നമ്മളെ കവർന്നെടുക്കുന്നത് ആകരുത്, ഓരോ ആഘോഷവും നമ്മുടെ കൈയിൽ തന്നെ ആയിരിക്കണം. നമ്മൾ പാനം ചെയ്യുന്നതെല്ലാം തിരിച്ചറിവിൻറെ വീഞ്ഞുകളാകുമ്പോൾ നമ്മൾ എപ്പോഴും അതിർത്തികളില്ലാത്ത ഒരു വിശുദ്ധ നഗരിപോലെയാകും. ഓണം വാതിലിനു തൊട്ടു പുറത്തു വന്നു നിൽക്കുമ്പോഴും ഓണം ആഘോഷിക്കാൻ പറ്റാത്ത കുറേ പേരുണ്ട്. ഗ്രാമങ്ങളിലും തെരുവോരങ്ങളിലുമൊക്കെ, അവർക്കു മുന്നിലേയ്ക്കും ഓണസദ്യയുടെ ഒരു തൂശനില നിവർത്താം, ഓണക്കോടിയുടെ പുത്തൻ മണത്തിൻറെ പൊതി തുറക്കാം.
നമ്മൾ നാട് വിട്ട് കുറേക്കാലം വിദേശത്ത് ആകുമ്പോളാണ് നമ്മുടെ നാടും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഒക്കെ തിരിച്ചു കിട്ടാനുള്ള വ്യാകുലത കൂടുന്നത് അല്ലെ. പണ്ടൊക്കെ ആയിരുന്നു പ്രവാസികൾക്ക് ഓണം ഒരു നോവുള്ള ഓർമ്മയായി മാറിയിരുന്നത്. ഇന്നിപ്പോൾ എത്ര ദൂരെ ആയാലും ഓണം വന്നാൽ നിമിഷ നേരം കൊണ്ട് പറന്നെത്താവുന്ന സൗകര്യത്തിൽ ആണ് ഓരോരുത്തരും. നാട്ടിൽ പോകാൻ പറ്റിയില്ലെങ്കിലും വിദേശത്തിരുന്ന് ഭംഗിയായി ഓണം ആഘോഷിക്കുന്നുണ്ട് എല്ലാവരും ഇപ്പോൾ. സ്വന്തം നാടിനെ മറക്കാതെ കേരളത്തനിമയെ അതുപോലെ പകർത്തിയെഴുതാൻ ശ്രമിക്കുന്ന മലയാളികൾ എല്ലാം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് ഇവിടെ. ഇവിടുത്തെ കാലാവസ്ഥ കാരണം ഓണവെയിലും ഓണനിലാവും ഇവിടെ തെളിയില്ലായെങ്കിലും, മാന്തോപ്പിൽ ഊഞ്ഞാല് കെട്ടിയാടാൻ പറ്റില്ലായെങ്കിലും മലയാളിക്ക് ഓണം മറന്ന് ജീവിക്കാൻ പറ്റില്ല. കേരളത്തിൽ മാത്രമല്ല മലയാളി ഉള്ളിടത്തെല്ലാം മാവേലി എത്തുന്നു എന്നുള്ള സങ്കൽപ്പമാണ്. ഓണം വരുമ്പോൾ ഒക്കെ നമ്മൾ കഴിഞ്ഞു പോയ ഓണക്കാലങ്ങളിലേക്കാണ് ആദ്യം സഞ്ചരിക്കുന്നത്. മുത്തശ്ശിയുടെ മടിയിൽ കിടന്നു മിന്നുന്ന നക്ഷത്രങ്ങളെ നോക്കി ഓണക്കഥകൾ കേട്ട് കിടന്നതും, അതിരാവിലെ എഴുന്നേറ്റ് പൂ പറിക്കാൻ പോകുന്നത് സ്വപ്നം കണ്ട് ഉറങ്ങിയതുമൊക്കെ. എത്രയോ തവണ ഊഞ്ഞാല് പൊട്ടി നമ്മൾ വീണിട്ടുണ്ടാകും, പൂവിറുക്കാൻ പോകുമ്പോഴൊക്കെ എത്ര പ്രാവശ്യം കാളപ്പൂവിൻറെയും കാട്ടുവള്ളിയുടെയും മുള്ളുകൾ നീളത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടാകും. ശരീരത്തിലെ ആ പാടുകളൊക്കെ മാഞ്ഞുപോയിട്ടുണ്ടെങ്കിലും ഓർമ്മയിലെ സുഖമുള്ള നീറ്റലാണ് അവയൊക്കെ. ഓരോ ഓണവും കടന്നു പോകുന്നത് ഓർമ്മകളുടെ കലവറ നിറച്ചാണ്. ആഘോഷങ്ങൾ അവസാനിക്കുമ്പോൾ നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ പുതിയ ദിവസങ്ങളിലേയ്ക്ക് നമ്മൾ നടക്കും.