1990 കാലഘട്ടത്തിലെ രാപ്പകലുകളിലൂടെ , ഋതുഭേദങ്ങളുംതാണ്ടി നാളേക്കാലങ്ങളിലേയ്ക്ക് കെതച്ചും , കുതിക്കുന്ന മാനവജീവിതങ്ങളിലൂടെ ഈയാത്ര തുടരുന്നു.
അലക്കുകല്ലിന്റെ അടക്കിപ്പിടിച്ച സഹനശബ്ദം ഇടയ്ക്കിടെ ബ്ധും ബ്ധും ന്ന് കേൾക്കുന്നുണ്ട്. വീടിന്റെ
പര്യമ്പറത്തുനിന്നും ദാക്ഷായണിയാണ്.
അപ്പാക്കുട്ടിയപ്പന്റെ ഒരേയൊരു മകൾ.
അവൾ അഴുക്കുതുണികളെ കുളിപ്പിച്ചൊരുക്കുവാനുള്ള തത്രപ്പാടിലാണ്.
സന്ധ്യയുടെ കൈവരികളിൽ തൂങ്ങിക്കേറാൻ നിൽക്കുന്ന രാവുകൾക്കിടയിലൂടെ
കാവിലെ ചീർമ്പക്കാവിലമ്മയെ പ്രാർത്ഥിച്ചു വലം വയ്ക്കണം. അതിന്
വേഗത്തിലോടുന്ന മാത്രയ്ക്കൊപ്പമെത്താൻതുടിക്കുന്ന മനസ്സിന്റെ വെപ്രാളമാണവൾക്കപ്പോൾ.
നാളും ചേർച്ചയും പത്തിൽ പത്തു പൊരുത്തവും നോക്കി വീട്ടുകാർ നടത്തിയ മംഗല്യശേഷം ജീവിത വേലിയ്ക്കുള്ളിൽ തുടുത്തിരുന്ന അവൾ
ജീവിതത്തിന്റെ ഓരങ്ങളിൽ ഉയരത്തിൽ വളർന്നുപടർന്നിരുന്ന നൊമ്പരവള്ളികളിൽക്കുടുങ്ങി ,കുഴഞ്ഞു വീണതാണൊരിക്കൽ.
ചൂഴ്ന്നുനോക്കാൻ കഴിയില്ലല്ലോ. മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ പതിയിരിക്കുന്നതെന്തെന്ന് തിരിച്ചറിയുമ്പോൾ ബന്ധങ്ങൾ ബന്ധനങ്ങളായിമാറപ്പെടുകയും വിരിഞ്ഞു പറക്കേണ്ട ചിറകുകൾ നശിച്ചുപോകുകയും ചെയ്യുന്ന ദുഃഖരൂപങ്ങളുടെ ദുരിതജീവിതം മടുത്തൂതുടങ്ങിയിട്ടുണ്ടാകും. അങ്ങനെയൊരു ദുർവ്വിധീപാത്രമായി മാറിയിരുന്നു ദാക്ഷായണിയും.
തകർന്നഹൃദയംചിന്തിയ ചുവന്ന കണ്ണുനീർച്ചിന്തുകൾ തണുത്തു കറുക്കുമെന്ന് തോന്നിയതിനാലാകാം , തിരികെയെത്തിയ മകളെ ചോദ്യങ്ങളുടെ ചുവപ്പുനാടകൾക്കൊണ്ട് വരിഞ്ഞുമുറുക്കാതെ വെറും മൗനത്തിന്റെ മായക്കണ്ണാടിയിലൂടെ മിഴിച്ചു നോക്കിക്കൊണ്ട് തന്റെ വീടിനുള്ളിലേയ്ക്ക് കയറാൻ അപ്പാക്കുട്ടിയപ്പൻ സമ്മതം മൂളിയത്.
അപ്പാക്കുട്ടിയപ്പനെപ്പറ്റിപ്പറയുകയാണെങ്കിൽ , അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ എന്നാണ് അവിടെയുള്ളവരൊക്കെയും സ്വന്തം ഭാര്യപോലും പറയുക. കഠിനഹൃദയമാണത്രേ അയാൾക്ക്. ഇഷ്ടപ്പെട്ടവരെക്കണ്ടാലും ഇഷ്ടമില്ലാത്തവരെ ക്കണ്ടാലും സഭ്യമല്ലാത്ത ഭാഷയിലൂടെയാണ് സംഭാഷണം. അതുകൊണ്ടുതന്നെ , അയാളോട് സംസാരിക്കുന്ന സന്ദർഭങ്ങളിൽ ആ ഭാഷ അവിടെയുള്ളവർ അംഗീകരിച്ചതുപോലെയാണ്.
പനകയറ്റമാണ് പണി. വെള്ളാരങ്കല്ലിന്റെ പൊടി വീതറിയ കനമുള്ള മരമുട്ടിയിൽ ഉരച്ചുമൂർച്ചകൂട്ടിയ കൊടുവാൾ കാക്കിട്രൗസറിന്റെ പിന്നിൽ തൂക്കിയിട്ടിട്ടുണ്ടാകും. പനകയറ്റത്തിനുള്ള തളയും രണ്ടു വലിയ മുട്ടിപ്പാനിയും സൗകര്യം പോലെ കൈകളിലുണ്ടാകും. വെറ്റിലചുവപ്പിച്ച നീളൻ ചുണ്ടും പറ്റെവെട്ടിയ മുടിയും ഉരുക്കുശരീരവും അയാളുടെ പ്രത്യേകതയാണ്. അയാളും അയൽ വീട്ടുകാരും തമ്മിൽ അതിർത്തിത്തർക്കം പതിവാണ്. ന്യായമില്ലാത്ത വാദഗതികൾക്കൊപ്പം അസഭ്യവർഷം ചൊരിഞ്ഞൊടുവിൽ ഉത്തരംമുട്ടുന്ന സമയത്ത് ഉടുത്തമുണ്ട് പൊക്കിക്കാണിക്കുന്നതാണ് അയാളുടെരീതി. ഇടയ്ക്കിടയ്ക്ക് ഈ പ്രതിഭാസം നടന്നുകൊണ്ടിരിക്കും.
പാവം ദാക്ഷായണി അവിടെ നിന്നും രക്ഷപ്പെടാൻ കഴിക്കാത്ത വഴിപാടുകളില്ല. കൃഷിപ്പണിയ്ക്കു പോയിക്കിട്ടുന്നതു മുഴുവനും അയാൾ വാങ്ങിച്ചെടുക്കും നിന്റെ അണ്ണാക്കിലിടാൻ അരിവാങ്ങാനാണെന്നാണ് സൗമ്യതയോടെയുള്ള ഏക സംസാരം.
ഈ വിശേഷങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.
ഇവരുടെ വീടിന്റെ അടുത്തൊരു കിട്ടാപ്പനുണ്ട്. മെലിഞ്ഞു നീണ്ടൊരു വയസ്സായ മനുഷ്യൻ. അയാളും അയാളുടെ അടുത്ത വീട്ടുകാരും തമ്മിലെന്നും അടിയാണ്. വേറൊന്നിനുമല്ല , നഷ്ടങ്ങൾ ഒന്നിനുപിറകെ ഒന്ന് എന്നകണക്കിൽ തന്റെ കുടുംബത്തെ തളർത്തിയപ്പോൾ നാട്ടിലെ പ്രസിദ്ധനായ പണിക്കരെക്കണ്ടു പ്രശ്നം വച്ചു നോക്കിയതിൽ തെളിഞ്ഞത് അടുത്ത വീട്ടുകാരുടെ ആഭിചാരപ്രവർത്തിയുടെ ഫലമാണെന്ന് . മതിയല്ലോ വേറെന്തുവേണം. മുഖാമുഖം കണ്ടാൽ രണ്ടുകൂട്ടരും കാർക്കിച്ചു തുപ്പും എന്ന അവസ്ഥയിലാണ്. ചിലപ്പോഴൊക്കെ അതിൽനിന്നുതുടങ്ങി വലിയ വഴക്കിലെത്തിയൊടുവിൽ ആരെങ്കിലുമൊക്കെ പിടിച്ചു മാറ്റേണ്ട അവസ്ഥയിലെത്തി നിൽക്കാറാണ് പതിവ്.
ഇത് കാണുമ്പോഴൊക്കെയും ദാക്ഷായണിയ്ക്ക് തന്റേതായ കുറേ അഭിപ്രായങ്ങളുണ്ടാകാറുണ്ട്. ചിലതൊക്കെ ചിതറിത്തെറിച്ചുവീഴുന്നത് കിട്ടാപ്പന്റെ കാതിലേക്കായിരിക്കും. പോരെ പൂരം.
കുടിയപ്പാടുംകളഞ്ഞു വീട്ടിലിരിക്കുന്നതുംപോരാ പെണ്ണിന്റെനാവിനു ഏഴു മീറ്റർ നീളമാണല്ലോ. ഇങ്ങനെ തുടങ്ങും പിന്നെ അതിന്റെ പര്യവസാനം ഭീകരമായിരിക്കും.
പാവം ദാക്ഷായണി അന്നത്തെ ദിവസം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കാവിലെത്തും. അതുകാണാൻ വേണ്ടിമാത്രം ചില പെണ്ണുങ്ങൾ ആ സമയം നോക്കി വെളിക്കിറങ്ങാൻ വരാറുണ്ടത്രേ. അന്ന് എല്ലാ വീടുകളിലൊന്നും കക്കൂസോ കുളിമുറിയോ ഇല്ല. പാടത്തും പറമ്പിലുമൊക്കെയാണ് കാര്യം സാധിക്കുന്നത്. കുളിക്കലും നനയ്ക്കലുമൊക്കെ കുളങ്ങളിലും ചാലുകളിലുമൊക്കെയായിരിക്കും. ചിലരൊക്കെ
പനമ്പട്ടകൊണ്ടുമറച്ച കുഞ്ഞുപുരയ്ക്കുള്ളിലെ
വെള്ളം കോരിനിറച്ചിട്ട പരീത്താളിയിലെ വെള്ളമെടുത്തു കുളിയ്ക്കാറുണ്ട്.
വെളിക്കിരിയ്ക്കാൻ വന്നവർ ദാക്ഷായണിയുടെ കരഞ്ഞുവീർത്ത മുഖം കണ്ട സംതൃപ്തിയോടെ കാര്യം സാധിച്ചു മടങ്ങാറുണ്ടത്രേ.
കിട്ടാപ്പന്റെ പിൻഭാഗത്തുള്ള പറമ്പിലൊരു ചെറിയ ഓടിട്ട വീടുണ്ട്. അവിടെ താമസിക്കുന്ന വിറകുവെട്ടുകാരൻ ചൊകുട്ടിയുടെ മകളും , അയാൾ വിറകുവെട്ടാൻ പോകുന്ന വീട്ടിലെ പയ്യനും തമ്മിൽ കടുത്ത പ്രണയമാണ്. അതുകൊണ്ട് തന്നെ അവരുടെ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നതെപ്പൊഴും കാവിലായിരുന്നുവത്രെ. ചിലപ്പോഴൊക്കെ ദാക്ഷായണിച്ചേച്ചിയ്ക്കു മുന്നിൽ പെടാതിരിക്കാൻ അവർ തങ്ങളുടെ ഇഷ്ടനിമിഷങ്ങളെ മാറ്റിവച്ചുകൊണ്ട് സങ്കടത്തോടെ വീട്ടിലേയ്ക്ക് മടങ്ങാറുണ്ടത്രേ. എന്തായാലും ആ നാട്ടിലാരുമറിയാത്ത പ്രണയജോഡികളായി അവരും
വിശ്വാസം തന്നെ രക്ഷിക്കുമെന്ന ആശ്വാസത്തിലൂടെ ദാക്ഷായണിയും , അന്ധവിശ്വാസത്തിന്റെ ചരടുകെട്ടി ചാവുമാറ്റുമെന്ന പ്രതീക്ഷയിൽ മന്ത്രതന്ത്രങ്ങളിലൂടെ കിട്ടാപ്പനും , വിശ്വാസവും അന്ധവിശ്വാസവുമില്ലാത്തവരും തങ്ങളുടെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. കാലം തന്റെ യാത്രയ്ക്കും മാറ്റമുണ്ടാക്കിയില്ല. ഋതുക്കൾ മാറിമറിഞ്ഞു. ദാക്ഷായണി രണ്ടാമതും വിവാഹിതയായി അവളുടെ വിശ്വാസം അവളെ തുണച്ചു. കിട്ടാപ്പൻ മരണത്തിന്റെ കൈകളിൽ മലർന്നു വീണു. അപ്പോഴും കിട്ടാപ്പന്റെ തള്ള കരഞ്ഞത് അടുത്ത വീട്ടുകാരുടെ കൂടോത്രക്കഥ പുലമ്പിക്കൊണ്ടായിരുന്നു. അപ്പാക്കുട്ടിയപ്പൻ പനകയറ്റം നിർത്തി വടികുത്തിനടപ്പായി. ചുണ്ടിലെ വെറ്റിലച്ചുവപ്പില്ലാതായി കാക്കി ട്രൗസറിനു പകരം മണ്ണു ചുവപ്പിച്ച വെളുത്ത മുണ്ടായി. ഉരുക്കു ശരീരം വാഴപ്പിണ്ടിപോലെ നീരുവച്ചു വീർത്തിരുന്നു.
വിറകുവെട്ടുകാരന്റെയും വെട്ടാൻ പോകുന്നിടത്തേയും മക്കൾ തമ്മിലുള്ള പ്രണയം നാട്ടിൽ പാട്ടായി. മുതിർന്നവരിടപ്പെട്ട് അത് അവസാനിപ്പിച്ചുവത്രെ. കാമുകൻ ഉന്നത പഠനത്തിനായി നാട്ടിൽനിന്നും പോയി. കാമുകിയെ അടുത്തുതന്നെയുള്ള ഒരു പെട്ടിക്കടക്കാരന് കെട്ടിച്ചുവിട്ടു.
പിന്നെയും കാലം നാളെയെത്തിരഞ്ഞുകൊണ്ടോടി. അപ്പാക്കുട്ടിയപ്പൻ ഓർമ്മയായി എന്ന് പറയുമ്പോഴും ചിലതൊക്കെ പറയാതിരിക്കാൻ കഴിയില്ലല്ലോ. ഉത്തരം മുട്ടുമ്പോൾ പൊക്കിക്കാണിച്ച ഇടങ്ങളൊക്കെ വൃണമായിദുർഗന്ധം വമിച്ചിരുന്നുവത്രെ. അതിർത്തിത്തർക്കം നടത്തിയ അയൽപക്കത്തെ കുട്ടി ഡോക്ടറായതുകൊണ്ട് അവളാണ് അവസാനകാലത്ത് അയാൾക്ക് എല്ലാവിധ വൈദ്യസഹായവും നൽകിയതത്രേ. മരണ സമയത്ത് അവളെ നോക്കി കൈകൂപ്പിയെന്നാണ് ആ നാട്ടിലുള്ളവർ പറയുന്നത്. പിന്നെയും കാലം തന്റെ യാത്ര തുടർന്നു. മഴകുറഞ്ഞു വെയിലുകൂടി മഞ്ഞില്ലാതായി. മരങ്ങൾനിന്നിടത്തൊക്കെ വഴികളും വീടുകളുമായി. കുളങ്ങളും ചാലുകളും മണ്ണിട്ടുമൂടി. ഇഷ്ട സൗദങ്ങൾ കെട്ടിപ്പൊക്കി. കിതപ്പോടെയെങ്കിലും ,
കാലം പിന്നെയും തന്റെ യാത്ര തുടരുകയായിരുന്നു.
ദുരിതമുഖത്തുള്ള ജീവിതങ്ങളിൽ വിശ്വാസികളുണ്ട് അന്ധവിശ്വാസികളുണ്ട്. നിരീശ്വരവാദികളുണ്ട് അങ്ങനെ നിരവധി വിഭാഗങ്ങളായി മനുഷ്യർ മാറിയിട്ടുണ്ട്. 2024 ൽ എത്തിനിൽക്കുമ്പോൾ പാവം ദാക്ഷായണിമാരെ കാണാറില്ല. കിട്ടാപ്പൻമാരും അപ്പാക്കുട്ടിയപ്പന്മാരും ഇല്ല. അതിരുകൾക്ക് അടികൂടേണ്ടല്ലോ മതിലുകൾ നിരന്നു നിൽക്കുകയല്ലേ , അത് വളയുകയോ നീങ്ങുകയോ ചെയ്യുന്നില്ലല്ലോ.
പകരം ,
മനസ്സുകൾ മരവിച്ച മനുഷ്യരെക്കാണാം ബാല്യം നശിക്കുന്ന പിഞ്ചുമക്കളെക്കാണാം. ഗർഭപാത്രങ്ങളുടഞ്ഞ മാതൃവിലാപം കേൾക്കാം . മക്കളെ തിരിച്ചറിയാത്ത അച്ഛനെയും പെറ്റപിഞ്ചിനെ കഴുത്തുഞെരിച്ചു ചാലിലെറിയുന്ന അമ്മമാരെയും കാണാം. ദിവ്യപ്പ്രണയത്തിന്റെ ദൈവീകതയിൽ നിത്യ നായകരാകുന്ന പ്രണയജോഡികൾക്കു പകരം വധശ്രമത്തിന് വിധികാത്തുനിൽക്കുന്ന യുവതകളെക്കാണാം. മതാ ,പിതാ ,ഗുരു ,ദൈവം ഇങ്ങനെ വരിതെറ്റാതെ വന്ദിക്കേണ്ടവരെ ഓർത്തെടുക്കാൻ കഴിയാതെ നഷ്ടസംസ്കാരത്തിന്റെ നടുത്തെരുവിൽ , തീനനഞ്ഞു കുളിരുതേടുന്ന ജീവജനതയെ കാണാം.
ഇത് ,കാലമാറ്റത്തിലൂടെ ജനതയ്ക്കു സംഭവിച്ച ദുരന്തമെങ്കിൽ ,
ഈ ദുരന്തങ്ങളിലൂടെ പ്രകൃതി പ്രതികരിച്ചതിങ്ങനെയാണ് , മനുഷ്യൻ പഠിച്ചെടുത്തെന്ന അഹങ്കാരം നുള്ളിക്കളഞ്ഞുകൊണ്ട് , പ്രളയമായും വരൾച്ചയായും ഉരുൾപൊട്ടലായുമൊക്കെ മാനവജീവിതങ്ങൾക്ക് സമാനതകളില്ലാത്ത ദുരന്തം സമ്മാനിച്ചുകൊണ്ടിരിക്കുന്നു.
മതിലുകൾകൊണ്ടു മറയ്ക്കാതെയും , സിമന്റു പാളികൾക്കൊണ്ടു മൂടാതെയും മരങ്ങൾ വെട്ടാതെയും കുളങ്ങളും പുഴകളും വറ്റിക്കാതെയും മാലിന്യം കൂമ്പാരമാക്കാതെയുമൊക്കെ മാറ്റങ്ങൾ വരുത്താമെന്ന് മനുഷ്യൻ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇങ്ങനെ പറയുമ്പോഴും കാലം തന്റെ മാറ്റത്തിനായുള്ള യാത്രയിലാണ്. ഒപ്പം . തന്റെ ശ്വാസത്തിന് തടസ്സം വരുമ്പോൾ മാത്രം വായുതപ്പുന്ന മനോഭാവവുമായി മനുഷ്യനും. പ്രകൃതിയോ , നിരീക്ഷണത്തിലാണ്. തന്റെവികൃതി എപ്പോൾ തുടങ്ങണം എന്ന് തിരിച്ചറിയുവാനുള്ള നിരീക്ഷണത്തിൽ.