Image

മുത്തച്ഛന്റെ കാൽപ്പാടുകളിലൂടെ ആലപ്പുഴയിൽ നാഗേന്ദ്ര പ്രഭുവിനു ദിഗ്വിജയം (കുര്യൻ പാമ്പാടി)

Published on 21 September, 2024
മുത്തച്ഛന്റെ കാൽപ്പാടുകളിലൂടെ ആലപ്പുഴയിൽ നാഗേന്ദ്ര പ്രഭുവിനു  ദിഗ്വിജയം  (കുര്യൻ പാമ്പാടി)

മുത്തച്ഛന്റെ തലയെടുപ്പ് മൂന്നാംതലമുറയിൽ പ്രതിഫലിക്കുമെന്നാണ് ജനിതക പ്രമാണം. കെ. നാഗേന്ദ്രപ്രഭു അതിമാനുഷനായിരുന്നു-ആലപ്പുഴയിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചു. അതേ പേരുള്ള കൊച്ചുമകൻ, ബയോടെക്‌നോളജി ഡോക് ട്രേറ്റുമായി അമേരിക്കയിലും ജർമ്മനിയിലും വിശ്രുതസ്ഥാപനങ്ങളിൽ ഗവേഷണപഠനം  നടത്തി, മലേഷ്യയിൽ നാലു വർഷം അധ്യാപകനായി. അടിസ്ഥാന ഗവേഷണത്തിനായി സ്വന്തം കോളേജിൽ രാജ്യാന്തര കേന്ദ്രം  സ്ഥാപിച്ച്‌ നേട്ടങ്ങൾ കൊയ്തു.  

ആലപ്പുഴ ടി. ഡി. മെഡിക്കൽ കോളജ് സ്ഥാപിച്ച കെ. നാഗേന്ദ്ര പ്രഭു

കേരളത്തെയും ലോകത്തെ തന്നെയും മഥിക്കുന്ന കുളവാഴ (വാട്ടർ ഹയാസിന്ത്) എങ്ങനെ  സംസ്‌ കരിച്ചെടുക്കാം എന്നതായിരുന്നു ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ ചിരകാല  സ്വപ്നം. അതിന്റെ സാക്ഷാൽക്കാരത്തിനായി  എസ് ഡി  കോളജിൽ സ്ഥാപിച്ച സെന്റർ ഫോർ റിസർച് ഓൺ അക്വാട്ടിക് റിസോഴ്‌സസിനു ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് എൻജിനീയേഴ്‌സ് വക ഗ്ലോബൽ ചലഞ്ചസ്  റിസർച് ഫണ്ടിന്റെ ഗ്രാന്റ് ലഭിച്ചു.

ആഗോളകാർഷികപൈതൃക ഭൂമിയായ  കുട്ടനാട്ടിലും മറ്റു  മേഖലകളിലും  ഗവേഷണ പഠനത്തിനായിരുന്നു ഗ്രാന്റ്. സ്കോട് ലണ്ടിലെ  യൂണിവേഴ്സിറ്റി ഓഫ് സ്റ്റെർലിങ്,  യൂണിവേഴ്സിറ്റി ഓഫ് സ്ടാത് ക്‌ളൈഡ്, ഹൈദരബാദിലെ ഇക്രിസാറ്റ്, അവിടെത്തന്നെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത് മാനേജ്‌മെന്റ്, ചണ്ഡിഗറിലെ സെൻട്രൽ സയന്റിഫിക് ഇൻസ്ട്രമെന്റസ് ഓർഗനൈസേഷൻ, ആലപ്പുഴ എസ്.ഡി.കോളജ് എന്നീ  സ്ഥാപനങ്ങൾ  പ്രൊജക്ടിൽ ഭാഗഭാക്കായി.

ആകാശത്തോളം വളർന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ഇന്ന്

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്റിനൽ 1  ഉപഗ്രഹം വഴിയുള്ള  സിന്തെറ്റിക് അപ്പർച്ചർ റഡാർ ഉപയോഗിച്ചുള്ള പഠനം തണ്ണീർമുക്കം കായലിലും ഇടത്തോടുകളിലുമുള്ള  കുളവാഴയുടെ വ്യാപനത്തെപ്പറ്റി ആഴത്തിൽ പഠനം നടത്തി. കുളവാഴ നിർമ്മാർജ്ജനത്തിനും അവ ഉപയോഗിച്ചുള്ള വിവിധോദ്ദേശ്യ ഉൽപ്പന്ന നിർമാണത്തിനും ഇത് സഹായകമാകും. ഗവേഷണപ്രബന്ധങ്ങൾ  റിമോട്ട് സെൻസിംഗ്, ഫ്രന്റിയേഴ്ഗ്‌സ് ഓഫ് എക്കോളജി എന്നീ എന്ന അന്താരാഷ് ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകാനായി 2017ൽ കോളജിൽ ഒരു കേന്ദ്രം പ്രവർത്തിച്ചു വരുന്നു. വിപണത്തിനായി രണ്ടു സ്റ്റുഡന്റസ് സ്ടാട്ടപ്പുകൾ തുടങ്ങാനും നേതൃത്വം നൽകി.

കുളവാഴയെ സമ്പത്താക്കാൻ ഭഗീരഥപ്രയത്‌നം-പ്രൊഫ. ജി നാഗേന്ദ്ര പ്രഭു

1890-1965 കാലഘട്ടത്തിൽ ആലപ്പുഴയിൽ ജീവിച്ചു  ഇതിഹാസ നേട്ടങ്ങൾ കൈവരിച്ച സീനിയർ നാഗേന്ദ്രപ്രഭു വടക്കേ ഇന്ത്യയിലെ സരസ്വതി നദീതടത്തിൽ നിന്ന് ഗോവയിലെത്തി, കൊങ്കൺ തീരം വഴി കേരളത്തിൽ എത്തിയ സാരസ്വത  ബ്രാഹ്മണരിൽപ്പെട്ട  ആളായിരുന്നു. അഞ്ഞൂറു വർഷം  മുമ്പ് പോർട്ടുഗീസ്‌കാർ ഗോവ പിടിച്ചെടുത്തതിനെ തുടർന്ന്   മംഗലാപുരം, കോഴിക്കോട്, കൊടുങ്ങല്ലൂർ, കൊച്ചി വഴി പുറക്കാട് എത്തിച്ചേർന്നവരുടെ പിൻതുടച്ചക്കാരൻ.

ആലപ്പുഴ പഴയ തിരുമലയിൽ കൃഷ്ണപ്രഭുവിന്റെയും സുഭദ്രാഭായിയുടെയും ഒമ്പതുമക്കളിൽ  മൂത്തയാൾ. സനാതന വിദ്യാലയറ്ത്തിൽ ഒമ്പതു വരെ പഠിച്ച അദ്ദേഹം 22 ആം വയസിൽ ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം ഭരണസമിതിയിൽ അംഗമായി. 1923ൽ അധ്യക്ഷ സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു.  1965ൽ അന്തരിക്കും വരെ അദ്ദേഹമായിരുന്നു പ്രസിഡന്റ്.

സ്. ഡി. കോളേജും അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘവും  

കെ. നാഗേന്ദ്ര പ്രഭുവിന്റെ കാലത്ത് ആലപ്പുഴയിലെ സരസ്വത ബ്രാഹ്മണർ കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ തുടങ്ങിയവ രൂപമെടുത്തു. 1946 ൽ എസ്.ഡി എന്ന സനാതന ധർമ്മ  കോളജ് സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1963ൽ  കേരളത്തിൽ സ്വകാര്യ മേഖലയിൽ ആദ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനം --ടി. ഡി. (തിരുമല ദേവസ്വം) മെഡിക്കൽ കോളേജ് തുടങ്ങി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.  

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അനുഭവ സമ്പത്തുള്ള  ടി.എം. എ. പൈ, പദ്‌മശ്രീ ഡോ. കെ എൻ പൈ തുടങ്ങിയവരുടെ സഹായം അദ്ദേഹം ഉറപ്പാക്കി. മുഖ്യമന്ത്രി ആർ ശങ്കറാണ് കോളേജിന് തറക്കല്ലിട്ടത്. സ്ഥലം, കെട്ടിടങ്ങൾ, ലാബ്, സ്റ്റാഫ് തുടങ്ങിയവയ്ക്കു കോടികൾ വേണ്ട സംരംഭമാണല്ലോ മെഡിക്കൽ കോളേജ്. എന്നിട്ടും ആദ്യ രണ്ടു വർഷങ്ങളിൽ പദ്ധതിഊർജസ്വലമായി മുന്നോട്ടു പോയി.

മന്ത്രി ഗുലാം നബി ആസാദ്  സീനിയർ പ്രഭുവിന്റെചിത്രം അനാവരണം ചെയ്യുന്നു

1965ൽ നാഗേന്ദ്ര പ്രഭു  അന്തരിക്കുന്നതു വരെ കാര്യങ്ങൾ ശോഭനമായിരുന്നു. പിന്നീട് പ്രശ്നങ്ങൾ ഉരുണ്ടു കൂടി. 1972ൽ  ഗവർമെന്റ് കോളജ് ഏറ്റെടുത്തു, ഒരു രൂപപോലും നഷ്ടപരിഹാരം നൽകാതെ. കുറേക്കാലം  കൂടി ജീവിച്ചിരുന്നുവെകിൽ ആലപ്പുഴയുടെ ചരിത്രത്തിലെ നാഴികക്കല്ലായി ടി.ഡി. മെഡിക്കൽ കോളേജ് വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നു കൊച്ചുമകൻ ഡോ. നാഗേന്ദ്ര പ്രഭുവിന് ഉറപ്പാണ്.  

ജീവിതത്തിന്റെ സമസ്തമേഖകളിലും ശ്രദ്ധയൂന്നിയ  വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം സ്ഥാപിച്ച വിദ്യാവർദ്ധിനി ഫണ്ട് ആലപ്പുഴ, കായംകുളം, അമ്പലപ്പുഴ, ചേർത്തല, രാമങ്കരി, പള്ളിത്തോട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ സഹായം നൽകി. സമുദായാംഗങ്ങൾക്കു വിവാഹം, ഉപനയനം തുടങ്ങിയവയ്ക്കു സഹായം എത്തിച്ചു. വീടു  പണിയാനും കുടിവെള്ളം ലഭ്യമാക്കാനും സഹായഹസ്തം നീട്ടി. ശ്മശാനങ്ങൾ നിർമ്മിച്ചു.  

ശാസ്ത്രരംഗത്തെ പിന്നിട്ട പടവുകൾ ഡോ. പ്രഭു വിവരിക്കുന്നു

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു സമീപം നരസിംഹവിലാസം അതിഥിമന്ദിരം നിർമ്മിച്ചതു അദ്ദേഹത്തിന്റെ കാലത്താണ്. തിരുപ്പതിയിലും  തീർത്ഥാടകർക്ക് തത്തുല്യമായ സൗകര്യം ഏർപ്പെടുത്തി. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തു ആലിശ്ശേരിയിൽ വഞ്ചി പൂവർ ഹോം സ്ഥാപിച്ചു. മഹാരാജാവ് ഏർപ്പെടുത്തിയ ആലപ്പുഴ നഗര വികസന കൗൺസിലിൽ അംഗവുമായി.  1920ൽ നഗരസഭ നിലവിൽ വന്നപ്പോൾ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാരൂപീകണത്തിനായുള്ള പ്രക്ഷോഭണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.

ബാങ്കിങ്, പ്ലാന്റേഷൻ തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ ശ്രദ്ധ വ്യാപരിച്ചു. തിരുവിതാംകൂർ ബാങ്ക്, ആലപ്പി ബാങ്ക് എന്നിവയുടെ ഡയറക്ടർ ബോർഡുകളിൽ സേവനം ചെയ്തു. ഇവ പിന്നീട്  ബാങ്ക് ഓഫ് മധുരയിലും ഫെഡറൽ ബാങ്കിലും ലയിക്കുകയുണ്ടായി. തോട്ടംമേഖലയിൽ മലബാർ റബർ കോർപറേഷൻ തുടങ്ങി.  എവി തോമസ് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു.  

 ജർമനിയിൽ ബ്രൗൺഷ്വീഗ് വാഴ്‌സിറ്റിയിൽ; മലേഷ്യയിലെ പെനാങിൽ

രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജിയാണ്   2013ൽ മെഡിക്കൽ കോളജിന്റെ  സുവർണ ജൂബിലിക്കു   മുഖ്യാതിഥിയായി എത്തിയത്. പിറ്റേ വർഷം കോളജ് സ്ഥാപകൻ  എന്ന നിലയിൽ സീനിയർ പ്രഭുവിന്റെ ചിത്രം കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ്കോളജിൽ  അനാച്ഛാദനം ചെയ്‌തു.

കെ, നാഗേന്ദ്രപ്രഭുവിന്റെ മകൻ  എൻ. ഗോപിനാഥപ്രഭുവിന്റെയും വാസന്തിയുടെയും മകനാണ് ഡോ.ജി. നാഗേന്ദ്രപ്രഭു ജൂനിയർ. മൂന്നു ആണ്മക്കളിൽ നടുക്കത്തെയാൾ. ജി. ബാലകൃഷ്‌ണ പ്രഭു, ജി. രാമകൃഷ്‌ണ പ്രഭു എന്നിവർ സഹോദരങ്ങൾ. നാട്ടുകാർ അവരെ 'അമർ അക്ബർ ആന്റണി' എന്ന് വിളിക്കുമായിരുന്നു. ആ പേരിലുള്ള സിനിമയിലെ മൂന്ന് സഹോദരൻമാരെപ്പോലെ. ആന്റണിയുടെ  റോൾ കൈകാര്യം ചെയ്‌ത അമിതാഭ് ബച്ചനാണ് താനെന്നു ജൂനിയർ പ്രഭു അഭിമാനിച്ചിരുന്നു.

'അമർ അക്ബർ ആന്റണി' പോലെ സഹോദരന്മാർ-ബാലകൃഷ്ണൻ, നാഗേന്ദ്രൻ, രാമകൃഷ്ണൻ

എസ്.ഡി. കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും ബിദാനന്തര ബിരുദവും കുസാറ്റിൽ നിന്ന് ബയോടോക്‌നോളജിയിൽ  പിഎച്ച്‌ഡിയും നേടിയ അദ്ദേഹം 1995ൽ മാതൃ സ്ഥാപനത്തിൽ അധ്യാപകനായി. 2018ൽ പ്രൊഫസറായി. 2023ൽ വകുപ്പ് മേധാവിയും.  

യുവ ശാസ്ത്രജ്ഞർക്കു കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ ബോയ് സ്‌കാസ്റ് ഫെല്ലോഷിപ്പോടെയായിരുന്നു ആദ്യത്തെ പോസ്റ്ഡോക്ടറൽ ഗവേഷണം. പൾപ്പും പേപ്പറും ബ്ലീച് ചെയ്യാൻ കെമിക്കൽസിനു പകരം ജൈവവസ്തുവായ എൻസൈമുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് അമേരിക്കയിൽ ജോർജിയയിലെ ആതൻസിൽ  പോസ്റ്റ് ഡോക്ടറൽ ചെയ്‌തത്‌.

മകൾ നന്ദിതയുമൊത്ത് നളന്ദാ സർവകലാശാലയിൽ

2011ൽ  ജലവിഭവങ്ങളെപ്പറ്റി ഗവേഷണം നടത്താനായുള്ള സെന്റർ (സിആർഎആർ) സ്ഥാപിച്ച ഡോ.പ്രഭു  ജർമനിയിലെ ഹാനോവറിനടുത്തുള്ള ബ്രൗൺഷ്വീഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു  പോയി. മലേഷ്യയിൽ ബെഡോങിലെ ഏഷ്യൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ, സയൻസ്  ആൻഡ് ബയോ ടെക്‌നോളജിയിൽ നാലുവർഷം അദ്ധ്യാപകനായി. വകുപ്പ് മേധാവിയും.

മുത്തച്ഛന്റെ പേരിലുള്ള കെ. നാഗേശ്വര പ്രഭു ഫൗണ്ടേഷന്റെ സെക്രട്ടറി കൂടിയാണ് കൊച്ചുമകൻ.  മുത്തച്ഛൻ അന്തരിച്ച വിവരമറിഞ്ഞു 1965 ജൂൺ 5നു ആന്ധ്രാ ഗവർണർ പട്ടം താണുപിള്ള  അയച്ച അനുശോചന കമ്പി സന്ദേശം  സൂക്ഷിച്ചിട്ടുണ്ട്. ഒരുപക്ഷെ ടെലഗ്രാഫ് യുഗത്തിലെ ഓർമ്മവയ്ക്കാനുള്ള അവശേഷിപ്പുകളിൽ ഒന്ന്.  മുത്തച്ഛൻ സ്ഥാപിച്ച തുറവൂർ സ്‌കൂളിൽ പഠിച്ച ആളായിരുന്നു മന്ത്രി കെ ആർ ഗൗരിഅമ്മ.

കുടുംബ ചിത്രം-നന്ദിത, നാഗേന്ദ്ര, നിവേദിത, ലത     

ജാംഷെഡ് പൂർ റീജനൽ എൻജിനീയറിങ് കോളേജിൽ നിന്നു  ബിരുദം നേടിയ അനുജൻ ജി. രാമകൃഷ്‌ണ പ്രഭു ലണ്ടനിൽ സിറ്റി ബാങ്കിലും റോയൽ ബാങ്ക് ഓഫ് സ്കോട് ലൻഡിലും സേവനം ചെയ്തു. ഇപ്പോൾ നാറ്റ് വെസ്റ്റ് ഫൈനാൻസിൽ. ബയോടെക്‌നോളജിയിൽ പിഎച്ച്ഡിയുള്ള  ഭാര്യ സിന്ധുവും മകൻ നചികേതുമൊത്ത് കേംബ്രിഡ്‌ജിൽ. ജ്യേഷ്ഠൻ ജി. ബാലകൃഷ്ണ പ്രഭുവും ഭാര്യ മായയും  ഫൗണ്ടേഷന്റെപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. ചാർട്ടേഡ് അക്കൗണ്ടൻസി ചെയ്യുന്ന പ്രതിഭയും പ്രതീക്ഷയും മക്കൾ.

പാലക്കാടു സ്വദേശി ലതയാണ് ഡോ. പ്രഭുവിന്റെ ഭാര്യ. രണ്ടു പെണ്മക്കൾ. എംടെക് നേടിയ നിവേദിത ഭർത്താവ് കൈലാസുമൊത്തു ദോഹയിൽ. അച്ഛനെപ്പോലെ സുവോളജിയിൽ ബിരുദം നേടിയ നന്ദിത ബിഹാറിലെ നളന്ദ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് എക്കോളജി ആൻഡ് എൻവിറോൺമെന്റൽ സ്റ്റഡീസിൽ മാസ്റ്റേഴ്‌സ് ചെയ്യുന്നു.  താൻ പിന്നിട്ട വഴിയിൽ  കൂടുതൽ ദൂരത്തേക്ക് മകൾ  പോകുന്നതിൽ അച്ഛന് അതിരറ്റ സന്തോഷം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക