Image

വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട് - പാപ്പുവ ന്യൂ ഗിനിയുടെ വിശുദ്ധ പൂർണിമ (സിൽജി ജെ ടോം)

Published on 21 September, 2024
വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട് - പാപ്പുവ ന്യൂ ഗിനിയുടെ വിശുദ്ധ പൂർണിമ (സിൽജി ജെ ടോം)

 

വാഴ്ത്തപ്പെട്ട പീറ്റർ തൊ റോട്ട്- Peter To Rot)-  ഓഷ്യാന ഭൂഖണ്ഡത്തിലെ പാപ്പുവ ന്യൂ ഗിനി  ദ്വീപ സമൂഹങ്ങളിൽ  ക്രിസ്തുവിന്റെ സ്നേഹദൂത് പകർന്ന് കടന്നുപോയ  വിശ്വാസപ്രഘോഷകൻ. ആദിവാസി സമൂഹത്തിൽ പിറന്ന് ക്രിസ്തീയ വിവാഹജീവിതത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനായി  33-ാം വയസിൽ ജീവിതം ഹോമിക്കേണ്ടിവന്ന ഈ  അത്മായ രക്തസാക്ഷി  ഇന്ന് വിശുദ്ധപദവിയിലേക്കുള്ള വഴികളിലേക്ക് ഏറെ ചേർന്ന് നിൽക്കുകയാണ് .

ഭൂമിശാസ്ത്രപരമായി മഴക്കാടുകളാലും അഗ്നിപർവ്വതങ്ങളാലും ദ്വീപസമൂഹങ്ങളാലും ഒറ്റപ്പെട്ട, പറുദീസാപറവകളുടെ നാടെന്ന് പേര് കേട്ട പാപ്പുവ ന്യൂ ഗിനിയെന്ന  കൊച്ചു ദ്വീപ പ്രദേശത്ത് നിന്നും ഇന്ന്  ലോകമറിയുന്നത് വിശുദ്ധവഴികളിലെ അപൂർവ്വവ്യക്തിത്വമായ ആദിവാസി  വിശ്വാസപ്രഘോഷകനെ.  

തന്റെ ജനം സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം ജനതയാണെന്ന് ഈ ആദിവാസി ജനതയെ സ്നേഹത്തോടെ   ചേർത്ത് നിർത്തുന്ന പാപ്പുവ ന്യൂ ഗിനി അയിത്തപ്പെ രൂപതയുടെ ശ്രേഷ്ഠ ഇടയൻ  അഭിവന്ദ്യ  മാർ സിബി മാത്യു പീടികയിൽ  പറയുന്നു.  ഇന്നിവിടെ കത്തോലിക്കാസഭയുടെ നാല്  അതിരൂപതകളിലായി 19 രൂപതകൾ പ്രവർത്തിക്കുന്നു. ഒരുകോടി ആറ് ലക്ഷം വരുന്ന ജനസംഖ്യയുടെ 27% ആളുകൾ കത്തോലിക്കാ സഭയിൽ പെട്ടവരാണ്.


ഇന്നത്തെ പാപ്പുവ ന്യൂ ഗിനിയിലെ റകുണൈ ഗ്രാമത്തിലായിരുന്നു   വാഴ്ത്തപ്പെട്ട  പീറ്റർ തൊ റോട്ടിന്റെ  ജീവിതകാലം .  പീറ്ററിൻ്റെ പിതാവ് ആഞ്ചലോ ടു പുയ, റകുണൈയുടെ  ഗ്രാമ തലവനായിരുന്നു, അമ്മ - മരിയ ലാ തുമുൽ . ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട  ആഞ്ചലോ ടു പുയയും  മരിയ ലാ തുമുലും പ്രദേശത്തെ ആദ്യത്തെ കത്തോലിക്കരിൽ പെടുന്നു.

ഗ്രാമതലവനായിരുന്ന ആഞ്ചലോ ടു പുയയും ഭാര്യയും ക്രിസ്തീയ വിശ്വാസത്തിൽ ഏറെ അഭിമാനിച്ചിരുന്നു . 
പീറ്റർ തൊ റോട്ടിന്റെ ജനനം 1912-ലായിരുന്നു. കാത്തലിക് മിഷനറി സ്കൂളുകളിൽ നിന്ന്   വിദ്യാഭ്യാസം നേടിയ പീറ്റർ 18 വയസിൽ  കാറ്റെക്കിസ്റ്റ് സ്കൂളിൽ ചേർന്നു . സ്കൂളിൽ  മാതൃകാ  വിദ്യാർത്ഥിയായിരുന്ന പീറ്ററിന്റെ  സ്വഭാവത്തെ കുറിച്ച് ഒരു വിവരണം പറയുന്നതിങ്ങനെ : ''അവൻ എളിമയുള്ളവനായിരുന്നു,  ഗ്രാമത്തലവന്റെ മകനെന്ന നിലയിൽ താൻ കടന്നുവന്ന മികച്ച ജീവിത പശ്ചാത്തലത്തെകുറിച്ചോ  തന്റെ കഴിവിനെകുറിച്ചോ  ഒരിക്കലും  അഹങ്കരിക്കാതിരുന്ന വിദ്യാർത്ഥി . മതബോധന അധ്യാപകരിൽ നിന്ന്  പഠിച്ച പീറ്റർ  അവരുടെ വാക്കുകളെ  അംഗീകരിച്ചു .  പ്രായത്തിൽ ചെറുപ്പമായിരുന്നെങ്കിലും പീറ്റർ ക്രമേണ  അവരെയെല്ലാം മറികടക്കുകയും  എല്ലാവരുടെയും നേതാവായി മാറുകയും ചെയ്തു ."

കാറ്റെക്കിസ്റ്റ്  സ്കൂളിലെ പഠനം കഴിഞ്ഞ്  21 വയസിൽ സ്വന്തം ഗ്രാമമായ റകുണൈയിൽ തിരിച്ചെത്തിയ പീറ്റർ കുട്ടികളെ കാറ്റെക്കിസം പഠിപ്പിച്ചു,  രോഗികളെ സന്ദർശിച്ചു, മുതിർന്നവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി. 22 വയസിൽ പൗള  ലാ വർപ്പിതുമായി പീറ്ററിന്റെ വിവാഹം നടന്നു . മൂന്ന് മക്കളാണ്  ഈ ദമ്പതികൾക്ക് , പീറ്ററിന്റെ മരണത്തിന് പിന്നാലെയാണ് ഇളയ കുട്ടി ജനിച്ചത് .  പീറ്ററിന്റെ  ദാമ്പത്യം, സന്തോഷകരവും മാതൃകാപരവും ആയിരുന്നു -  ദിവസവും രാവിലെയും വൈകുന്നേരവും ദമ്പതികൾ ഒരുമിച്ച് പ്രാർത്ഥിച്ചു. ബൈബിളും കൈയിലേന്തി നാടെങ്ങും വചനം പങ്കു വെക്കാൻ ഇഷ്ടപ്പെട്ട പീറ്റർ പ്രദേശവാസികൾക്കും പ്രിയങ്കരനായിരുന്നു.


ജപ്പാന്റെ അധിനിവേശകാലം - വിശ്വാസ വഴികളിൽ  പ്രതിസന്ധി


 

എന്നാൽ രണ്ടാം ലോകമഹായുദ്ധകാലത്ത് കാര്യങ്ങൾ മാറിമറിഞ്ഞു.1942-ൽ ജപ്പാൻ പാപ്പുവ ന്യൂ ഗിനിയെ  ആക്രമിച്ച്  പ്രദേശത്തെ പുരോഹിതരെ  ജയിലിലടച്ചു . മിഷനറിമാർക്ക് തങ്ങളുടെ വിശ്വാസ സമൂഹത്തിനൊപ്പം  ഗ്രാമങ്ങളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ  പ്രദേശത്തെ ആളുകൾ  കൂദാശകൾ ലഭിക്കാതെ മരിക്കുന്നത് പതിവായി . ആർച്ച് ബിഷപ്പ് ലിയോ ഷാർമാച്ച്, MSc  എഴുതുന്നു , “ജപ്പാൻകാർ റകുണൈയുടെ  ചുമതലയുള്ള പുരോഹിതനായ ഫാ.ലോഫറിനെ   വുനപോപ്പെയിലെ   ജയിൽ ക്യാമ്പിലേക്ക് അയച്ചു . റകുണൈയുടെ വിശ്വാസജീവിതത്തെ ഇത് ബാധിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രദേശത്തെ  കത്തോലിക്കാ സമൂഹം ഒരുമയോടെ നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഫാ. ലോഫർ റകുണൈയുടെ ആത്മീയ പരിചരണം പീറ്റർ തൊ റോട്ടിനെ ഏൽപ്പിച്ചു.  ഇടവകയുടെ ഉത്തരവാദിത്തങ്ങൾ  ഏറ്റെടുത്ത പീറ്റർ തൊ റോട്ട് പ്രദേശത്തിന്റെ ആത്മീയ നേതാവായി വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും രോഗികളെ സന്ദർശിക്കുകയും മരണാസന്നരെ   ഒരുക്കുകയും ശവസംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു.  വൈദികരുടെ അഭാവത്തിൽ ഒറ്റപ്പെട്ടുപോയ ജനതയ്ക്ക്  ആത്മീയ ശക്തി നൽകാൻ കുമ്പസാരവും വിശുദ്ധ കുർബാന സ്വീകരണവും ഇല്ലായിരുന്നു. എങ്കിലും  ചെറിയ പ്രാർത്ഥനാ  ഗ്രൂപ്പുകൾ രൂപീകരിച്ച് തൊ റോട്ട് ആളുകളെ ദൈവത്തിങ്കലേക്ക് ചേർത്തുനിർത്തി.  രജിസ്റ്ററിൽ ഇടവക പ്രവർത്തനങ്ങൾ രേഖപ്പെടുത്തി.  ഇടവക വികാരിയായിരുന്ന  ഫാ. കാൾ ലോഫർ, MSC,  പീറ്ററിന്റെ ഈ പ്രവർത്തനങ്ങൾ  സ്ഥിരീകരിച്ചിട്ടുണ്ട് .

 

 

 ബഹു ഭാര്യാത്വ വിവാദം

 


1944 ജൂണിൽ, യുദ്ധത്തിൻ്റെ വിധി ഏതാണ്ട് നിർണയിക്കപ്പെട്ടു, തോൽവി അനിവാര്യമെന്ന് ജാപ്പനീസ് ജനത തിരിച്ചറിഞ്ഞു. അധിനിവേശത്തിന്റെ തുടക്കത്തിൽ  കത്തോലിക്കാ ആചാരങ്ങൾക്ക് വിലക്ക് കല്പിച്ചിരുന്നില്ലെങ്കിലും പിന്നീട് ജപ്പാൻകാർ എടുത്ത തീരുമാനങ്ങൾ പലതും വിവാദമായി. യുദ്ധത്തിൽ തോൽക്കാൻ തുടങ്ങിയപ്പോൾ ഈ ജനങ്ങളുടെ ദൈവം തങ്ങൾക്കെതിരാണെന്ന് ജപ്പാൻ  ഭയന്നു. അതുകൊണ്ട്  "നിങ്ങൾ നിങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കരുത്' എന്നൊക്കെ അവർ വിലക്കിത്തുടങ്ങി.   റകുണൈ ജനതയെ തങ്ങൾക്കനുകൂലമായി നിലനിർത്തുന്നതിന്   ജപ്പാൻ, റകുണൈ  ഗ്രാമത്തലവന്മാരുടെ പ്രത്യേക യോഗം വിളിച്ചു. ജപ്പാനോട് കൂറ് പ്രകടിപ്പിക്കുന്ന ഗ്രാമത്തലവന്മാർക്കുള്ള ആനുകൂല്യമെന്ന നിലയിൽ,   മുൻ സർക്കാരുകളും ക്രിസ്ത്യൻ സഭകളും  നിരോധിച്ച തൊളായ്  ബഹുഭാര്യാത്വം പാപുവ ന്യൂ ഗിനിയിൽ നിയമവിധേയമാക്കാൻ അനുവദിച്ചു.  എന്നാൽ ബഹുഭാര്യാത്വത്തെ  പീറ്റർ തൊ റോട്ട് എതിർത്തത് ജപ്പാൻകാരെ  ചൊടിപ്പിച്ചു.  പീറ്ററിൻ്റെ പ്രവർത്തനങ്ങളും ശുശ്രൂഷയും ജാപ്പനീസ് പോലീസും സൈന്യവും ശ്രദ്ധിച്ചു. പലതവണ, പോലീസ്  അദ്ദേഹത്തെ വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ പീറ്റർ സുഹൃത്തുക്കളോട് പറഞ്ഞു, ''പ്രാർത്ഥനയിൽ നിന്ന് നമ്മെ അകറ്റാനാണ്  അവർ ലക്ഷ്യമിടുന്നത്, എന്നാൽ ഞാൻ നിങ്ങളുടെ മതബോധകനാണ്, ജീവൻ നഷ്ടമായാലും ഞാൻ എൻ്റെ ദൗത്യം തുടരും.' രഹസ്യമായി, രാത്രിയുടെ മറവിലും, പ്രത്യേകമായി തയ്യാറാക്കിയ  ഗുഹകളിലും, തൊ റോട്ട് പ്രാർത്ഥനകൾ നയിച്ചു, ചെറിയ ഗ്രൂപ്പുകൾക്ക്  മതപരമായ നിർദ്ദേശങ്ങൾ നൽകി, നവജാത ശിശുക്കളെ സ്നാനപ്പെടുത്തി.  ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്ത് തൻ്റെ സമൂഹത്തെ പ്രചോദിപ്പിച്ചു.  

 

പീറ്ററിന്റെ രക്ത സാക്ഷിത്വവും  വാഴ്ത്തപ്പെടൽ നടപടികളും

 

 ബഹുഭാര്യത്വം നിയമവിധേയമാക്കുന്നതിലെ  എതിർപ്പിനെതുടർന്ന്  പീറ്ററിനെ  ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. അദ്ദേഹം പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തിയിരുന്ന ഗുഹകളിൽ ജപ്പാൻ സൈന്യം തിരച്ചിൽ നടത്തി, അദ്ദേഹത്തിൻ്റെ വീട്  പരിശോധിച്ച് പുസ്തകങ്ങൾ കണ്ടുകെട്ടി. വിശ്വാസത്തിനുവേണ്ടിയും തന്റെ പ്രിയപ്പെട്ട  ജനങ്ങൾക്ക്  വേണ്ടിയും  മരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ ജനങ്ങളോട് പറഞ്ഞു. കഷ്ടപ്പാടുകളുടെയും മരണത്തിൻ്റെയും ഭയം പീറ്ററിനെ പിന്തിരിപ്പിച്ചില്ല.

റോട്ടിൻ്റെ ഭാര്യ പൗള ഈ നാളുകളെക്കുറിച്ച് പറയുന്നു, ''എൻ്റെ ഭയം കാരണം ,  മതബോധനവാദിയുടെ ജീവിതരീതി ഉപേക്ഷിച്ച്  സ്വസ്ഥമായൊരു  ജീവിതശൈലി സ്വീകരിക്കാൻ ഞാൻ പീറ്ററിനോട് അപേക്ഷിച്ചു . എന്നാൽ ആ നിർദേശം  അദ്ദേഹം  സ്വീകരിച്ചില്ല. 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്റെ ജനത്തിനും വേണ്ടി മരിക്കേണ്ടത് എൻ്റെ കടമയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  ജയിലിലെത്തി  സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഒരു കുരിശടയാളം ഉണ്ടാക്കി. ഭയത്തിന്റെയോ ദുഖത്തിന്റെയോ   ഒരു ലക്ഷണവും അദ്ദേഹം കാണിച്ചില്ല. ഞങ്ങൾ വളരെ നേരം ഒരുമിച്ചിരുന്നു. പിന്നീട്  റോട്ട് എന്നോട് കുട്ടികളുമായി വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു''. പൗള  പറഞ്ഞു. അത് അദ്ദേഹത്തിന്റെ അവസാനദിനമായിരുന്നു. 
രക്തസാക്ഷിത്വത്തിൻ്റെ ആ രാത്രിയിൽ അദ്ദേഹം പറഞ്ഞു , "തങ്ങളുടെ വിവാഹ പ്രതിജ്ഞ ലംഘിക്കുന്നവരും   ദൈവത്തിൻ്റെ പ്രവൃത്തി കാണാൻ ആഗ്രഹിക്കാത്തവരും കാരണമാണ് ഞാൻ ഇവിടെ ആയിരിക്കുന്നത്, ഞാൻ മരിക്കും."രാത്രിയിൽ മറ്റു തടവുകാരെ മുഴുവനും  മാറ്റിയശേഷം  ഒരു സൈനിക ഡോക്ടറുടെ സഹായത്തോടെ ജാപ്പനീസ് മിലിട്ടറി പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ  പീറ്ററിന് ഒരു കുത്തിവയ്‌പ്പ് നൽകി. അതിൽ എന്തോ ചതി ഉണ്ടായിരുന്നു. ആ രാത്രി പാപ്പുവ ന്യൂ ഗിനിയ്ക്ക് തങ്ങളുടെ  ഏറ്റവും മികച്ച മതബോധന പണ്ഡിതനെ നഷ്ടപ്പെട്ടു. എന്നാൽ കുടുംബങ്ങൾക്കും  വിവാഹകൂദാശയ്ക്കുമായി  ആഗോള തലത്തിൽ സഭയ്‌ക്കൊരു സംരക്ഷകനെ കിട്ടി . പിറ്റേദിവസം മറ്റ് തടവുകാർ വന്നപ്പോൾ പീറ്റർ രോഗത്താൽ മരിച്ചു എന്ന് അവർ പറഞ്ഞു. എന്നാൽ മൃതശരീരത്തിൽ മർദ്ദനത്തിന്റെയും കുത്തിവെച്ചതിന്റെയും പാടുകൾ കണ്ടിരുന്നു. മരിക്കുമ്പോൾ  പീറ്ററിന്‌  33 വയസായിരുന്നു .അദ്ദേഹം ശുശ്രൂഷിച്ച പള്ളിയുടെ സമീപത്തെ  സെമിത്തേരിയിൽ ജനം പീറ്ററിനെ സംസ്കരിച്ചു . ജാപ്പനീസ് പോലീസിൻ്റെ സാന്നിധ്യം വകവയ്ക്കാതെ പീറ്ററിൻ്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത വലിയ ജനക്കൂട്ടം പീറ്ററിനെ രക്തസാക്ഷിയായി അന്ന് തന്നെ കണക്കാക്കിയിരുന്നു.  

 

പീറ്ററിൻ്റെ  രക്തസാക്ഷിത്വത്തിൻ്റെ  പ്രശസ്തി നാടെങ്ങും പരന്നു.  അദ്ദേഹത്തിന്റെ മരണ  ശേഷം, വിശ്വാസികൾക്കിടയിൽ  വിശാസവും ഭക്തിയും മുമ്പത്തേതിലും വർധിച്ചുവന്നത് പൊതുവെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്  തിരിച്ചറിഞ്ഞ് 1952-ൽ,  റബൗളിലെ അപ്പസ്‌തോലിക് വികാരിയായ ബിഷപ്പ് ലിയോ ഷാർമച്ച് MSc, പീറ്ററിന്റെ  ജീവിതത്തെയും മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെയും കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ഒരു  വൈദിക കമ്മീഷൻ രൂപീകരിച്ചു. മോൺസിഞ്ഞോർ ഷാർമച്ചിൻ്റെ   ഉത്സാഹവും പ്രതിബദ്ധതയും ഉണ്ടായിരുന്നിട്ടും ദൈവദാസൻ്റെ നാമകരണത്തെ  സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിൽ മുന്നോട്ടു പോയില്ല. 1985-ൽ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് അഭ്യർത്ഥിക്കുന്നതുവരെ, തുടർന്നുള്ള മുപ്പത് വർഷത്തേക്ക് കാര്യങ്ങൾ  എങ്ങുമെത്താതെകിടന്നു . പീറ്ററിൻ്റെ കുടുംബാംഗങ്ങളിൽ ചിലർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച്   വിവാദങ്ങൾ സൃഷ്ടിച്ചതായിരുന്നു ഈ താമസത്തിന്  കാരണമായത്. പിന്നീട് 1987-ൽ വാഴ്ത്തപ്പെടൽ നടപടികൾക്കായി  ഫാദർ ലൂസിയോ ഡി സ്റ്റെഫാനോ, MSC, പോസ്റ്റുലേറ്ററായി റിലേറ്ററെ നിയമിച്ചു.  ഫാദർ ജോൺ ഡെംപ്‌സി (MSC) റിലേറ്ററിൻ്റെ റോളിൽ എല്ലാവിധ പിന്തുണയും  നൽകി.  1990 ഡിസംബർ 3ന് വാദങ്ങൾ പൂർത്തിയായി. പീറ്റർ തൊ റോട്ടിന്റെ രക്തസാക്ഷിത്വത്തിന് അനുകൂലമായ വാദങ്ങളും അനുബന്ധ രേഖകളും "Positio Super Martyrio" എന്ന വലിയ വോളിയമായി  അധികാരികൾക്ക് സമർപ്പിച്ചു.

1993 ഏപ്രിൽ 2-ന്, ജോൺ പോൾ രണ്ടാമൻ മാർപാപ്പ 'ഇൻ ഒഡിയം ഫിഡെ' എന്ന പേരിൽ കൊല്ലപ്പെട്ട തൊ റോട്ടിൻ്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 1995 ജനുവരി 17-ന് രക്തസാക്ഷിത്വത്തിന്റെ 50 -മത് വർഷത്തിൽ പാപുവ ന്യൂ ഗിനിയുടെ തലസ്ഥാനമായ  പോർട്ട് മോഴ്സ്ബിയിൽ വെച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പീറ്ററിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് അൾത്താര വണക്കത്തിനു അനുവദിച്ചു. നഗരത്തിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിലായിരുന്നു പ്രഖ്യാപനം . പാപ്പുവ ന്യൂ ഗിനിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ    രണ്ടാമത്തെ സന്ദർശനവേളയും നാടിന് മറ്റൊരു പുണ്യമായി .

 


റബൌൾ അതിരുപതയിൽ പെട്ട റകുണൈയിൽ  പീറ്ററിന്റെ പേരിലുള്ള ദേവാലയം  ഇന്ന് വലിയ തീർത്ഥടന കേന്ദ്രമാണ് . ജൂലൈ 7 നാണ് വാഴ്ത്തപ്പെട്ട പീറ്റർ തൊറോട്ടിന്റെ തിരുന്നാൾ. പാപ്പുവ ന്യു ഗിനിയിലും ഓസ്ട്രേലിയയിലും വാഴ്ത്തപ്പെട്ട പീറ്റർ തൊറോട്ടിന്റെ നാമത്തിലുള്ള ദേവാലയങ്ങളുണ്ട്.

 

 സ്ത്രീകളെ വിലമതിച്ച വ്യക്തിത്വം


തൊളായ് സൊസൈറ്റിയിൽ ബഹുഭാര്യത്വം പുനരാരംഭിക്കുന്നതിനെ  പരസ്യമായി അപലപിച്ച് തൊ റോട്ട് സ്ത്രീകളുടെ അന്തസ്  സംരക്ഷിക്കാൻ ശ്രമിച്ചു. റകുണൈയിലെ, ഒരു പുരുഷന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഭാര്യമാരുടെ എണ്ണം അവൻ്റെ സമ്പത്തിൻ്റെയും സാമൂഹികസ്ഥാനത്തിൻ്റെയും അളവ് കോലായിരുന്നു. എന്നാൽ  തൊ റോട്ട്  സ്ത്രീകളെ സമ്പത്തിന്റെ അടയാളമായല്ല, ദൈവത്തിൻ്റെ സൃഷ്ടിയായാണ്  കണ്ടത് .  ഭൂമിയിലെ ഒരു പുരുഷനും സ്ത്രീകളെ ഒരു "വസ്തു" അല്ലെങ്കിൽ "സാമൂഹിക സ്ഥാന" ത്തിന്റെ അടയാളമായി കണക്കാക്കാൻ കഴിയില്ലന്ന ബോധ്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്.  

 

എന്നാൽ  പരമ്പരാഗത ബഹുഭാര്യാത്വത്തിലേക്കുള്ള തിരിച്ചുവരവ് റകുണൈ ഗ്രാമത്തലവന്മാരെ സംബന്ധിച്ചിടത്തോളം അവർ വളരെക്കാലമായി ആഗ്രഹിച്ച  സമ്പ്രദായത്തിലേക്കുള്ള   മടക്കമായിരുന്നു . അതുകൊണ്ട് തന്നെ ജനത്തെ വഴിതെറ്റിക്കുന്ന  ഈ വലിയ സാമൂഹിക അപകടത്തിന് മുന്നിൽ  മിണ്ടാതിരിക്കാൻ പീറ്ററിന്  കഴിഞ്ഞില്ല. സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ്, സെൻ്റ് ജോൺ ഫിഷർ, സെൻ്റ് തോമസ് മൂർ തുടങ്ങി 'വൈവാഹിക ജീവിതം നയിച്ച രക്തസാക്ഷിക'ളുടെ   വിധി നേരിടുമെന്നതിൽ  അദ്ദേഹം ഭയപ്പെട്ടില്ല.   വിശുദ്ധ സ്നാപക യോഹന്നാൻ  ശക്തനായ ഹേറോദേസ്  രാജാവിനെ അഭിമുഖീകരിച്ചപ്പോൾ ഭയപ്പെട്ടില്ല. സെൻ്റ് ജോൺ ഫിഷറും സെൻ്റ് തോമസ് മൂറും ഹെൻറി എട്ടാമൻ രാജാവ്   ഭാര്യയെ ഉപേക്ഷിച്ച് പുതിയൊരുവളെ വിവാഹം കഴിക്കുന്നത് അനുവദനീയമല്ലെന്ന് പറയാൻ  ഭയപ്പെട്ടില്ല. തൊ റോട്ട് ആവട്ടെ, തൻ്റെ കുടുംബത്തിലുൾപ്പെടെ സ്ത്രീകളുടെ അന്തസിനെ സംരക്ഷിക്കാൻ മുന്നിൽ നിന്നു  എന്നതാണ് എടുത്തുപറയേണ്ട കാര്യം. സ്വന്തം സഹോദരൻ  ജോസഫ് തത്താമൈ, രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാൻ ആഗ്രഹിച്ചതിനെ  തൊ റോട്ട് ചോദ്യം ചെയ്തു.  എന്നാൽ എതിർപ്പ് വകവെക്കാതെ  തത്താമൈ രഹസ്യമായി  ഇയാ ടിയ എന്ന വേശ്യയെ സ്വീകരിച്ചു . തത്താമൈ തന്റെ ജ്യേഷ്ഠ സഹോദരനായിരുന്നിട്ടും തൊ റോട്ട്  ഈ തെറ്റിന് അദ്ദേഹത്തെ എതിർത്തു. ഇയാ ടിയയെ  രണ്ടാം ഭാര്യയാക്കി  കുടുംബത്തിലേക്ക് കൊണ്ടുവരാൻ  റോട്ട്  അനുവദിച്ചില്ല. തത്താമൈ നിർബന്ധം തുടർന്നതോടെ  ഇരുവരെയും റോട്ട് ദൂരെ ഏതോ നാട്ടിലേക്ക്  പറഞ്ഞുവിട്ടു .  

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ  പീറ്ററിന്റെ  വാഴ്ത്തപ്പെടൽ  പ്രഖ്യാപന വേളയിൽ സ്ത്രീകൾക്കും വിവാഹത്തിനും വേണ്ടി നടത്തിയ  ശക്തമായ പ്രതിരോധമാണ് തൊ റോട്ടിൻ്റെ രക്തസാക്ഷിത്വത്തിന് കാരണമെന്ന് അംഗീകരിക്കുന്നതായി പറഞ്ഞു.  

 

  പെൺകുട്ടികൾക്ക് സംരക്ഷണം

 

 

നിർഭാഗ്യവശാൽ അക്കാലത്ത് ധാരാളം ചെറുപ്പക്കാരായ തോളായ് പെൺകുട്ടികൾ ജാപ്പനീസ് താല്പര്യങ്ങൾക്കനുസരിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിതരായി.  ആർച്ച് ബിഷപ്പ് ഷാർമച്ച്
എഴുതുന്നു , "ജപ്പാൻകാർ  നാട്ടുപ്രമാണികളെ വിളിച്ചുകൂട്ടി ക്രിസ്ത്യൻ തത്ത്വങ്ങൾ പിന്തുടരേണ്ടതില്ലെന്ന്   പ്രഖ്യാപിച്ചു. ബഹുഭാര്യത്വവും വേശ്യാലയങ്ങളും സ്ഥാപിച്ചു. നിരവധി തോളായ് പെൺകുട്ടികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി വേശ്യാലയങ്ങളിലേക്ക് റിക്രൂട്ട് ചെയ്തു.


എന്നിരുന്നാലും  ജാപ്പനീസ് ജനത  വിവാഹിതരായ പെൺകുട്ടികളെ ബഹുമാനിച്ചിരുന്നുവെന്ന് പീറ്റർ മനസിലാക്കി  , വിവാഹിതരെ അവർ  വേശ്യാവൃത്തിക്ക്  നിർബന്ധിച്ചില്ല. ഇതറിഞ്ഞ പീറ്റർ തൊ റോട്ട് താൻ  കൂട്ടിവച്ചുണ്ടാക്കിയ പണം  നിരവധി യുവതികൾക്ക്  "സ്ത്രീധനമാ''യി  നൽകി. ജപ്പാൻകാർക്ക് ഈ പെൺകുട്ടികളെ 'വിവാഹിതരായി' തോന്നിപ്പിക്കാനും അവരെ വേശ്യാലയങ്ങളിലേക്ക്  റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് തടയാനും ഈ നടപടി സഹായിച്ചു. അതുവഴി അധാർമ്മിക ആവശ്യങ്ങൾക്കായുള്ള  റിക്രൂട്ട്‌മെൻ്റ് തടയുകയായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം. "ഭൂമിയുടെ ഉപ്പ്" ആയി പ്രവർത്തിച്ചുകൊണ്ട് പീറ്റർ  തൊ റോട്ട് പാപത്തിലേക്ക് വീഴുന്നതിൽ നിന്ന് അനേകം പെൺകുട്ടികളെ സംരക്ഷിച്ചു.

 

ജീവകാരുണ്യപ്രവർത്തികളും സഹജീവി സ്നേഹവും

 

പീറ്റർ തൊ റോട്ടിൻ്റെ ജീവകാരുണ്യപ്രവൃത്തികളെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ  ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു:-  ഒരുപക്ഷേ  അദ്ദേഹത്തെ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി അദ്ദേഹത്തിന്റെ ഭാര്യ പൗള  ലാ വാർപിത്  തന്നെയാണ് .1936 മുതൽ 1945ൽ അദ്ദേഹത്തിന്റെ മരണം വരെ പൗള തൊ റോട്ടിനൊപ്പം ജീവിച്ചു.
പൗളയുടെ വാക്കുകൾ:-
“റോട്ടിൻ്റെ ശക്തമായ ക്രിസ്തീയ വ്യക്തിത്വത്തെ  ഞാൻ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം  മുഴുവൻ സമയവും മറ്റുള്ളവരെ സഹായിക്കുന്നതിനായി ചെലവഴിച്ചു. അദ്ദേഹം സവിശേഷമായ നന്മയുള്ള വ്യക്തിയായിരുന്നു.   ഒരിക്കലും അദ്ദേഹത്തെ കോപിക്കുന്നവനായി കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തെ  എതിർത്ത  ഒരേയൊരു സന്ദർഭം ജോലിയുമായി ബന്ധപ്പെട്ട്  അദ്ദേഹം സ്വീകരിച്ച കർശന നിലപാടുകളിലെ അപകടസാധ്യതകൾ കണക്കിലെടുത്തായിരുന്നു .
പീറ്റർ തൊ റോട്ടിന് ശക്തമായ വിശ്വാസമുണ്ടായിരുന്നു. പലപ്പോഴും പ്രാദേശിക സമൂഹത്തോടൊപ്പം അദ്ദേഹം പ്രാർത്ഥിച്ചു. കുരിശിൻ്റെ വഴിയുടെ 14 സ്ഥലങ്ങളിലൂടെ ധ്യാനാത്മകമായി കടന്നുപോയി. പാപ പരിഹാരാർത്ഥം മറ്റുള്ളവരെയും കുരിശിന്റെ വഴി ചൊല്ലാൻ പ്രേരിപ്പിച്ചു. ജപമാല ഭക്തിയിലും അദ്ദേഹം മുന്നിലായിരുന്നു.  ദൈവികമായ  പദ്ധതികളും  പരിപാലനവും  സംബന്ധിച്ച് അവൻ്റെ പ്രത്യാശ  അവനു ആത്മവിശ്വാസം നൽകി, വിശേഷിച്ചും യുദ്ധകാലത്ത് ഇത് പ്രകടമായി. അദ്ദേഹം  മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണെന്ന് എനിക്കറിയാമായിരുന്നു, അങ്ങനെയുള്ള ഒരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ എത്ര ഭാഗ്യവതിയാണെന്ന് എനിക്കറിയാം'' ("Positio Super Martyrio", 7).

തൊ റോട്ടിൻ്റെ ദരിദ്രരോടുള്ള സ്‌നേഹത്തെ കുറിച്ചുള്ള മറ്റൊരു സാക്ഷ്യം മാർഗരറ്റ ഇയ കയാൻ  സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ. 'എന്റെ അമ്മ മരിക്കുമ്പോൾ ഞാൻ  ഒരു കൊച്ചു പെൺകുട്ടിയായിരുന്നു, തന്നെയും  തന്റെ മൂന്ന് സഹോദരിമാരെയും റോട്ടിൻ്റെ മാതാപിതാക്കൾ  പരിപാലിച്ചു. ഞങ്ങൾ  റോട്ടിനൊപ്പം ജീവിച്ചു. അദ്ദേഹത്തിൻ്റെ മരണം വരെയും'. അവൾ പറയുന്നു.
'എന്നെപ്പോലുള്ള അനാഥ കുട്ടികളോട്  അദ്ദേഹത്തിനുണ്ടായിരുന്ന കരുണയും ദയയും സംബന്ധിച്ച് എനിക്ക് നല്ല ബോധ്യമുണ്ട് . അക്കാലത്ത്  ഫാ. ലോഫർ ആയിരുന്നു  ഇടവക വികാരി. ഇടവകയിൽ  പീറ്റർ തൊ റോട്ടിനെ എല്ലാവരും ബഹുമാനിച്ചിരുന്നു .  
വിശാസത്തിൽ നിന്ന് വിട്ടുപോയവരെ  തിരികെ കൊണ്ടുവരുന്നതിൽ പീറ്റർ തൊ റോട്ടിൻ്റെ സൗമ്യവും ദയയോടുകൂടിയുള്ളതുമായ  പെരുമാറ്റം ഏറെ സഹായകമായി . അദ്ദേഹത്തിന്റെ വീട്ടിൽ  അനാഥരും അവഗണിക്കപ്പെട്ടവരും അഭയം തേടിയിരുന്നു, അവരെ പരിപാലിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. ഓരോരുത്തരും അവരവരുടെ താൽപ്പര്യങ്ങളിൽ മാത്രം ശ്രദ്ധാലുവായിരുന്നപ്പോൾ,  അദ്ദേഹത്തിന്റെ ഈ കാരുണ്യ മനോഭാവം  പ്രത്യേകിച്ചും ശ്രദ്ധേയമായി.' മാർഗരറ്റ പറയുന്നു.
 ("Positio Super Martyrio", 20).

 


ക്രിസ്തീയ വിവാഹത്തെയും അതിന്റെ ധാർമികതയെയും  പ്രതിരോധിക്കാൻ പ്രയത്നിച്ച്  മരിച്ച ഈ രക്തസാക്ഷിയുടെ ജീവിതം ഇന്ന് പാപ്പുവാ ന്യൂ ഗിനിയിൽ മാത്രമല്ല ലോകമെങ്ങും ആയിരങ്ങൾക്ക് മാതൃകയാണ്, അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ആയിരങ്ങൾ ക്രിസ്തുവിനെ അറിയുന്നു. പ്രത്യേകിച്ച് യുവജനത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക