Image

ഭിന്നതകളുണ്ടെങ്കിലും ഈ വള്ളം മുക്കാനില്ല...രാഷ്ട്രീയ - ജീവിത ചിന്തകൾ പങ്കു വച്ച് ബിനോയ് വിശ്വം

ഫോട്ടോ: ഷാജി എണ്ണശേരിൽ Published on 22 September, 2024
ഭിന്നതകളുണ്ടെങ്കിലും ഈ വള്ളം മുക്കാനില്ല...രാഷ്ട്രീയ - ജീവിത ചിന്തകൾ പങ്കു വച്ച് ബിനോയ് വിശ്വം

ന്യൂയോർക്ക്: ന്യൂയോർക്കിലെ കേരള സെന്ററിൽ അമേരിക്കൻ മലയാളികൾ  മുൻ മന്ത്രിയും മുൻ എം.പിയും   സിപിഐ സംസ്ഥാന സെക്രട്ടറിയുമായ  ബിനോയ് വിശ്വത്തിനു   ഊഷ്മളമായ വരവേൽപ്പ് നൽകി.  'അല'യുടെയും കേരള സെന്ററിന്റെയും  നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച സ്വീകരണം.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പര്യടനം വെട്ടിക്കുറച്ച് അദ്ദേഹം ഇന്ന് നാട്ടിലേക്കു മടങ്ങും.

മനുഷ്യസ്‌നേഹത്തിൽ ഊന്നിയ തത്വചിന്ത പിൻപറ്റുന്ന സാധാരണമനുഷ്യനാണ് താനെന്നാണ് അദ്ദേഹം സുദീർഘമായ പ്രസംഗത്തിൽ വ്യക്തമാക്കിയത്. മതങ്ങളിൽ വിശ്വാസമില്ലെങ്കിലും മതം പഠിപ്പിക്കുന്ന നന്മകൾ പിൻപറ്റുന്ന അവിശ്വാസി...

അതുപോലെ ഇപ്പോഴത്തെ രാഷ്ട്രീയ രംഗത്ത്  അപ്രിയമായ  പലതും നടക്കുന്നുണ്ട്.  എങ്കിലും  ഈ വളളം മുക്കാനാവില്ലെന്നദേഹം  പറയുന്നു. കാരണം  ഇത് അവസാസ ചാൻസാണ്...

കേരള സമൂഹത്തിന്റെ നവോത്ഥാനം എന്നു പറയുന്നത് ശ്രീനാരായണ ഗുരു, അയ്യങ്കാളി, വക്കം മൗലവി തുടങ്ങി അനേകർ ഒരുപാട് കാലത്ത് നടത്തിയ പരിശ്രമത്തിന്റെ ബാക്കിപത്രമാണെന്ന്  ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

"സമൂഹത്തിലെ ഇരുട്ടുമാറ്റി വെളിച്ചം വിതറാൻ ഒരുപാട് പേർ ത്യാഗം ചെയ്തിട്ടുണ്ട്. മതം മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. മതത്തെ എവിടെവച്ചാണ് മതഭ്രാന്ത് വിഴുങ്ങിയത് എന്ന ചോദ്യം എല്ലാവരും സ്വയം ചോദിക്കേണ്ടതുണ്ട്. " അദ്ദേഹം പറഞ്ഞു.

താൻ ഒരു മതവിശ്വാസി അല്ലെന്നതിനർത്ഥം മനുഷ്യനെ അംഗീകരിക്കാത്ത ധിക്കാരിയാണെന്നല്ല. യഥാർത്ഥത്തിൽ മതങ്ങൾ മനുഷ്യനന്മയ്ക്കുവേണ്ടി പാലിക്കണം എന്നു നിഷ്കർഷിക്കുന്ന ഗുണങ്ങളുള്ള അവിശ്വാസിയാണ് താൻ..

ഏറെ മുസ്ലിം സാന്നിധ്യമുള്ള നാദാപുരത്തെ എംഎൽഎ ആയി 10 കൊല്ലം പ്രവർത്തിച്ചതിന്റെ ഭാഗമായി പള്ളികളിലും സാംസ്കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോഴും അവിശ്വാസിയാണെന്ന് തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്. പക്ഷേ,കാഫിർ അല്ലെന്നും കൂട്ടിച്ചേർത്തിരുന്നു. ആ പദംകൊണ്ട് ഇസ്‌ലാം അർത്ഥമാക്കുന്നത് അഴിഞ്ഞാട്ടം, കൈക്കൂലി, വ്യഭിചാരം തുടങ്ങി എല്ലാ തിന്മകളും ചെയ്യുന്നവൻ എന്നാകാം. തനിക്ക് സ്വന്തമായ ധർമ്മബോധവും സദാചാരനിഷ്ഠകളുമുണ്ട്.

രാഷ്ട്രീയക്കാർ എല്ലാം കള്ളന്മാർ ആണെന്ന വാദം ശരിയല്ല. മറ്റു മേഖലകളിൽ ഉള്ളതുപോലെ  രാഷ്ട്രീയത്തിലും കള്ളന്മാരുണ്ട്. ഞാനൊരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയപ്രവർത്തകനാണ്. രാഷ്ട്രീയക്കാരൻ എന്നുപറയുമ്പോൾ എന്തും ചെയ്യാൻ മടിക്കാത്തവനാണ്. അവർ ഒന്ന് പറയും, മറ്റൊന്ന് ചെയ്യും.

എന്നാൽ ഏത് പാർട്ടിയിലെയും രാഷ്ട്രീയപ്രവർത്തകൻ വഴിതെറ്റിപോകാത്തവനും പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവനുമാണ്. ജനങ്ങളെ എല്ലാ സ്ഥാനമാനങ്ങളോടുംകൂടി വലിയവനായി കാണുകയും സ്വയം അവർക്ക് താഴെയാണ് സ്ഥാനം എന്ന് തിരിച്ചറിയുകയും ചെയ്യണം .

ലോകത്തുള്ള മുഴുവൻ സമ്പത്തും കാൽകീഴിൽ വച്ചുതരാമെന്ന് വാഗ്ദാനം ഉണ്ടായാലും തെറ്റിന് കൂട്ടുനിൽക്കാത്ത യഥാർത്ഥ മാർക്സിസ്റ്റായി നിലകൊള്ളാനാകുമെന്ന ഉത്തമ വിശ്വാസവും തന്റേടവുമുണ്ട്. മതങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഉള്ളതുപോലെ എന്റെ ഐഡിയോളജി അതാണ്.

എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാനാണ്. സ്നേഹത്തെപ്പറ്റി പറയാത്ത മതങ്ങളില്ല. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ് ക്രിസ്തു പറഞ്ഞത്. കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് എന്റെ അനുയായി എന്നാണ് നബി പറഞ്ഞത്. ഹിന്ദുമതവും സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്. എല്ലാ മതങ്ങളും സ്നേഹത്തെക്കുറിച്ച് പറയുമ്പോൾ, ഇത്രയധികം മതവിശ്വാസികളുള്ള സമൂഹത്തിൽ എങ്ങനെയാണ് തിന്മ വാഴുകയും നന്മ അടിതെറ്റി വീഴുകയും ചെയ്യുന്നത്? മതങ്ങൾ പറയുന്നത് പിൻപറ്റിയിരുന്നെങ്കിൽ ലോകത്ത് നന്മയെ ജയിക്കുമായിരുന്നുള്ളു.

ലോകത്തിലെ മുഴുവൻ ആളുകളുടെയും പട്ടിണി മാറ്റാനും ദാരിദ്ര്യം തുടച്ചുനീക്കാനും  ആവശ്യമായ തുകയാണ് യുദ്ധത്തിന് വേണ്ടി ചിലവഴിക്കുന്നത്.   ആയുധങ്ങൾക്ക് ഭീമമായി ചിലവഴിക്കാൻ രാജ്യങ്ങൾ തയ്യാറാകുന്നു. മതത്തിന്റെ പേരിലെ മൗലികവാദമാണ് ബോംബുകൾ വർഷിപ്പിക്കുന്നത്.   ഭ്രാന്തുപിടിച്ച മതബോധമാണ് ലോകം നേരിടുന്ന വെല്ലുവിളി.

സമൂഹം ഭിന്നിച്ചാലേ മുന്നോട്ടുപോകാൻ പറ്റൂ എന്നുകരുതുന്ന ശക്തികളാണ് തീവ്രവാദത്തിലൂടെ  ലാഭത്തിനും ചൂഷണത്തിനും കരുനീക്കുന്നത്. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുമതത്തിലെ തീവ്രവാദത്തിന്റെ മുഖമായി ആർഎസ്എസ് നിൽക്കുന്നതുപോലെ ഏകദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാം മതത്തിൽ ഐഎസ് ഭീകരർ നിൽക്കുന്നു. മതത്തിന്റെ ഉള്ളിൽ കടന്ന് മതം പറയാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങൾക്കാണ് തീവ്രവാദികൾ തിരികൊളുത്തുന്നത്. മതവിരുദ്ധമായ ആശയങ്ങളാണ് അവർ പഠിപ്പിക്കുന്നത്. ആശയങ്ങൾ തമ്മിലുള്ള സംഘർഷം ഭിന്നിപ്പിലേക്ക് വഴിവയ്ക്കുന്നു. ദൈവം പറഞ്ഞ വഴിയല്ല അത്. ആ ഭിന്നതയിലൂടെയാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്.

ഏറ്റവുമധികം ലാഭം ഉണ്ടാക്കാൻ കഴിയുന്ന വ്യവസായമാണ് യുദ്ധം. ആയുധങ്ങളുടെ കമ്പോളത്തിൽ ഒന്നും നിഷിദ്ധമല്ല, ലാഭം മാത്രം മതി. ഇതാണ് വാസ്തവത്തിൽ എല്ലാ മതങ്ങളെയും രാഷ്ട്രീയത്തെയും മലീമസമാക്കിയത്. ലാഭത്തിനുവേണ്ടി ഭ്രാന്ത് പിടിച്ച് യാത്ര ചെയ്യുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്.

എല്ലാ പ്രവർത്തികളുടെയും ലക്‌ഷ്യം ലാഭം മാത്രമാണെന്ന് വന്നാൽ മതങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഒക്കെയും വെറുതെയാകും എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എവിടെയാണ് ബന്ധങ്ങൾക്ക് മൂല്യമുണ്ടാവുക? എല്ലാത്തിനേക്കാളും വലുതായി പണം വരുമ്പോൾ ഭാര്യാഭർത്തൃബന്ധവും അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും ശിഥിലമാവുകയാണ്. മൂല്യത്തിന് ലാഭം എന്നൊരർത്ഥമേ പുതുലോകം കല്പിക്കുന്നുള്ളു. വിട്ടുവീഴ്ച, സഹനം തുടങ്ങിയ അർത്ഥങ്ങൾ മൂല്യത്തിന് ഉണ്ടാകുമ്പോഴേ ബന്ധങ്ങൾ നിലനിൽക്കൂ.

കമ്പോളം ആധിപത്യം സ്ഥാപിച്ചാൽ മൂല്യങ്ങൾ അസ്തമിക്കുമെന്ന് മാർക്സ് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യിൽ പറഞ്ഞിട്ടുണ്ട്. ബൂർഷ്വ ബുദ്ധി എല്ലാവരെയും അതിന്റെ കൂലിവേലക്കാരാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഭിഷഗ്വരർ, ന്യായാധിപർ, ശാസ്ത്രജ്ഞർ, പുരോഹിതർ, എഴുത്തുകാർ തുടങ്ങി നാനാതുറയിൽപെട്ടവരെയും ചേർത്താണ് ഇത് പറഞ്ഞിരിക്കുന്നത്. അനുദിനം വികസനം എന്നുള്ള കമ്പോള വ്യവസ്ഥയ്ക്ക് പിന്നാലെ ബൂർഷ്വ ബുദ്ധിയുള്ളവർ പരക്കം പായും. ലാഭത്തിനുവേണ്ടിയുള്ള ആർത്തിപിടിച്ച പരക്കംപാച്ചിൽ മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളിലേക്ക് ആളുകളെ നീക്കും."  

'ഇന്ത്യൻ മോഡൽ ഓഫ് സോഷ്യലിസ'ത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. "1956 നവംബർ 1 ന് കേരളം രൂപീകൃതമായ ശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ മാനിഫെസ്റ്റോയ്ക്ക് നൽകിയ തലക്കെട്ട് 'ഐശ്വര്യപൂർണ്ണമായ കേരളം'എന്നായിരുന്നു. കേരളത്തിന്റെ സമഗ്രമായ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളായിരുന്നു  അതിന് ആധാരം. ഇന്ന് നോക്കുമ്പോൾ പല മേഖലകളിലും മുന്നേറിയെങ്കിലും ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ കേരളം പിന്നിലാണ്. ഉത്പാദനരംഗത്ത് കരുത്താർജ്ജിച്ചാൽ,കേരളത്തിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാം."അദ്ദേഹം കൂട്ടിച്ചേർത്തു.

അല   സെക്രട്ടറി രാജേഷ് ശ്രീനിവാസ്  അധ്യക്ഷത വഹിച്ചു. കേരളം സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ സ്വാഗതം ആശംസിച്ചു. കേരള സെന്റർ സ്ഥാപകൻ ഇ.എം. സ്റ്റീഫൻ, യു.എ നസീർ, കോശി തോമസ്, വർക്കി എബ്രഹാം, രാജു തോമസ് തുടങ്ങിയവർ  സംസാരിച്ചു.

കോശി തോമസ് പൊന്നാട അണിയിച്ചു 

ഭിന്നതകളുണ്ടെങ്കിലും ഈ വള്ളം മുക്കാനില്ല...രാഷ്ട്രീയ - ജീവിത ചിന്തകൾ പങ്കു വച്ച് ബിനോയ് വിശ്വം
Join WhatsApp News
Raju Mylapra 2024-09-22 11:39:11
വള്ളം മുക്കിയാൽ മൂക്കുന്നവൻ മുങ്ങും.... ക്യാപ്റ്റൻ കേടു കൂടാതെ കരയ്ക്കടുക്കും.
ഷാജി വർഗീസ് 2024-09-22 13:09:34
കേരളത്തിലെ ഇടത് പക്ഷാ നിലപാടുകൾക്കും, തുടങ്ങി വച്ച വികസന പ്രവർത്തനങ്ങളും കണ്ടു് വിറളി പൂണ്ട വലത് പക്ഷ ചതിയിൽ വീഴാൻ ഇത് പഴയ കാലം അല്ല. ശ്രീലങ്കയിൽ പോലും ഇതിൻ്റെ അല ഒളികൾ കണ്ടു് തുടങ്ങി..
Nireekshakan 2024-09-22 17:51:17
കേരള രാഷ്ട്രീയത്തിൽ അന്യം നിന്നു പോയ വർഗ്ഗത്തിന്റെ അവസാന കണ്ണികളിൽ ഒന്നാണ് വൈക്കം വിശ്വൻ. അഴിമതിയുടെയും സ്വജന പക്ഷപാദത്തിന്റെയും ധൂർത്തിന്റെയും കെടുകാര്യസ്ഥതയുടെയും വക്താക്കളായ രാഷ്ട്രീയത്തിൽ വൈക്കം വിശ്വനെ പോലെയോ പന്ന്യൻ രവീന്ദ്രനെ പോലെയോ ഒന്നോ രണ്ടോ പേർ മാത്രം യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയ വെള്ളിനക്ഷത്രങ്ങൾ ശേഷിക്കുന്നുള്ളൂ. അഭിവാദ്യങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക