ഒരു ഞെട്ടിൽ വിരിയും
പൂക്കളായ്, മിഴിയിണ
സാഹോദര്യത്തിൻ
മൂർത്തിമദ്ഭാവങ്ങൾ!
ശോകരംഗങ്ങളിലൊ-
പ്പത്തിനൊപ്പമായ്,
കണ്ണുനീർത്തുള്ളിയാൽ
ചാലുകൾ തീർക്കുന്നു!
സൗന്ദര്യക്കൂട്ടുകൾ
ചാലിച്ചു ചേർത്തതാം,
മോഹന നയനങ്ങൾ
വശ്യമായ് ചിരിക്കുന്നു!
ലോലവികാരങ്ങൾ
മൗനത്തിലൊളിപ്പിച്ചു,
മാടിവിളിക്കുന്നനു-
രാഗചിത്തരായ്!
തുള്ളിക്കളിക്കുന്നൊ-
രുപിടിഭാവങ്ങ-
ളഹമാകും പർവത്തിൽ
ചായാതെ ലേശവും!
വലതാകുമൊന്നിനെ
പിണക്കിയകറ്റുവാൻ,
ഇടതിൻമനം തെല്ലും
തുടിക്കില്ലൊരിക്കലും!
രാഗപീയൂഷ, സഞ്ജീവനീ-
പുടങ്ങളായന്യോന്യം
കണ്ടിടാ,നൊരു മാത്ര
കൊതിച്ചവർ!
അവർണ്യ,വൈഭവ
ശ്രേഷ്ഠതാരങ്ങളായ്
നവരസമലരുകൾ
വിരിയിച്ചിടുന്നവർ!
വായിച്ചെടുത്തിടാ-
മനവധി ചിന്തുകൾ,
ഒരേകതാളത്തിലെയ്യും
ശരങ്ങളിൽ!
ക്രോധാഗ്നിക്കനലാ-
യെരിയും നിമിഷങ്ങൾ,
താണ്ഡവമാടുന്നു
പ്രതികാരജ്വാലയിൽ!
സഹതാപതരംഗമാം
കനിവിന്നുറവുകൾ,
കരിനീലക്കൺകളിൻ
ശാന്തിതീരങ്ങളായ്!
ഒരുദർപണപാളി-
പോലൊന്നായി നിന്നവർ,
നേർക്കാഴ്ച ചിത്രങ്ങ-
ളൊപ്പിയെടുക്കുന്നു!
ശലഭമായ് പ്രകൃതിയിൽ
പാറിപ്പറന്നവർ,
കുളിർക്കാറ്റിലലിയുന്ന
നിർവൃതിസുമങ്ങളായ്!
തിമിരദുരിതങ്ങളി-
ലടിയാതിരിക്കുവാൻ,
നന്മയും തിന്മയുമുൾ-
ക്കണ്ണിൽ തെളിയട്ടെ..!