എല്ലാവരും അവരവരുടെ ഇരിപ്പിടം വിട്ടെഴുനേള്‍ക്കുമ്പോള്‍ തൊട്ടടുത്തിരുന്ന തെരേസയിലായിരുന്നു റീനയുടെ കണ്ണുകള്‍. എന്തിന്...? വെറുതെ... അവള്‍ റോബിനെ ഓര്‍ക്കുന്നുണ്ടോ എന്നറിയാനുള്ള കൗതുകം...അല്ലെങ്കില്‍ എല്ലാവരും അവനെ ഓര്‍ക്കണം എന്ന സ്വാര്‍ത്ഥത... എന്തിന്...?റീനയുടെ ഉള്ളില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തില്‍ തേങ്ങലിന്റെ നനവുണ്ടായിരുന്നു. ജീവിതം തേങ്ങലുകളുടെ ഇടവേളകള്‍ക്കിടയിലെ അല്പ സമയം മാത്രമോ...? ഒരടിമ ഒരിക്കലും തങ്ങളുടെ കണ്ണുനീരില്‍ ജീവിക്കുന്നില്ല. അവന്‍ കരയാന്‍ പഠിച്ചിട്ടില്ല. അവന്റെ മുന്നില്‍ എന്നും ജീവിതം പൊരുതി നേടാനുള്ളതാണ്. ഒന്നിലും തളര്‍ന്നിരിക്കാന്‍ അവനു സമയം അനുവദിച്ചിട്ടില്ല. വേദന അവന്റെ കൂടെപ്പിറപ്പാണ്. ഇന്നലകളിലെ അവന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ അതാണ്.അടിമക്ക് വേദനിക്കാന്‍ മനസ്സെന്നൊന്ന് അനുവദുച്ചു കൊടുത്തിട്ടില്ലായിരുന്നു. യജമാനന്‍ അനുവദിച്ചു കൊടുക്കുന്ന എല്ലാ ക്രൂരതകളുടെയും സഹനഭൂമിയായിരുന്നു അടിമയുടെ ശരീരവും മനസ്സും. നിസംഗതയുടെ മരുഭൂമി ആയതെങ്ങനെ എന്ന് ഇന്നത്തെ തലമുറയ്ക്കു പറഞ്ഞാല്‍ മനസ്സിലാകുമോ...? അവര്‍ ആ അനുഭവങ്ങളിലൂടെ കടന്നുപോയവരല്ലല്ലോ...പക്ഷേ തന്റെ തലമുറയും ജിംക്രോയുടെ ഇരകള്‍ ആയിരുന്നില്ലെ. വെളുത്തവന്റെ ഇംഗിതത്തിന്റെ ഇര... അവനെങ്ങനേയും വേട്ടയാടാനുള്ള വേട്ടമൃഗം. തെരേസക്ക് അതു മനസ്സിലാകും. അവളുടെ ഇടതു കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ കുതിരാലത്തിലെ ലാടമടിക്കാരന്റെ പഴുത്ത ഇരുമ്പിന്റെ ചൂടാണന്നവള്‍ പറഞ്ഞിട്ടുണ്ട്.
എട്ടുവയസുള്ള തെരേസയെ ഒരു രാത്രിയില്‍ കുതിരാലയക്കാരന്‍ അയാളുടെ ഇളയമകളുടെ കിടക്കച്ചുവട്ടിലെ കാവല്‍ പായില്‍ നിന്നും കോരിയെടുത്തുകൊണ്ട് കുതിരാലയത്തിലേക്കു പോയി. അവിടെ അപ്പോഴും തണുത്താറിയിട്ടില്ലാത്ത ചൂളയുടെ ചൂടുണ്ടായിരുന്നു. അയാള്‍ തെരേസയോട് അന്യായം ചെയ്യുന്നു എന്ന തിരിച്ചറിവൊന്നും അവള്‍ക്കില്ലായിരുന്നു. ഒരടിമയായവള്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്ന ബോദ്ധ്യം അവളുടെ ഇളം മനസ്സ് അംഗീകരിക്കാന്‍ തയ്യാറില്ലായിരുന്നു. കാരണം അവള്‍ അപ്പോള്‍ അടിമവംശം ആണെങ്കിലും അടിമയല്ലായിരുന്നു. അനാഥയെ പരിപാലിക്കാന്‍ സ്വയം മുന്നോട്ടുവരുന്നവരുടെ പലരുടെയും മനസ്സ് ആ കുതിരാലയക്കാരനൊപ്പമെന്ന് പിന്നീട് പലകഥകളില്‍ നിന്നും കേട്ടറിഞ്ഞ തെരേസ അന്നു കുതിരാലയക്കാരനെ ഉലയില്‍ നിന്നും തണുക്കാത്ത ഒരിരിമ്പിന്‍ ദണ്ഡുകൊണ്ട് മുഖത്തടിച്ച് രക്ഷപെട്ടു. ഉലയില്‍ നിന്നും ഇരുമ്പു വലിച്ചെടുത്തപ്പോള്‍ ചിതറിയ കനല്‍ മുഖത്തുവീണ് കണ്‍പോളെയെ പൊള്ളിച്ച കഥ ഒരു ചെറുചിരിയൊട്, താന്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ട കഥ കേട്ടപ്പോള്‍ ഉപകഥയായി പറഞ്ഞു. ആ രാത്രി അടുത്തുള്ള കാട്ടില്‍ ഒളിച്ച് നേരം വെളുത്തപ്പോള്‍, ആരും ഇല്ലെന്നുറപ്പുവരുത്തി ഒളിച്ചോടിയ കഥയും പലപ്പോഴായി പറയുമ്പോള്‍ ആവളില്‍ ഒരു ദാര്‍ശനിക ഭാവമായിരുന്നു എന്ന് റീന ഓര്‍ക്കുന്നു.
ബ്ലെയറെ കണ്ടതിനുശേഷമുള്ള കാലം ഒരു സ്വപ്നം പോലെയെന്ന് തെരേസ പറയുമ്പോള്‍, അവള്‍ നെയ്തുകൂട്ടിയ പെണ്‍സ്വപ്നങ്ങളില്‍ വീടും കുട്ടികളും ഒക്കെ കാണാതിരിക്കുമോ...? പക്ഷേ അവള്‍ക്കു കിട്ടിയതോ...?ആരെയാണു കുറ്റപ്പെടുത്തേണ്ടത്... ഒരു കീഴാള സ്വപ്നത്തിന്‍ അത്രയൊന്നും പാടില്ലായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും ഒരു കീഴാളന്റെ ജീവിതത്തില്‍ എന്തെങ്കിലും നേരെചൊവ്വേ നടന്നിട്ടുണ്ടോ. കുടുംബം എന്ന രൂപക്കൂട്ടില്‍ ഒതുങ്ങുന്ന രൂപകല്പന ഒരു അടിമവംശജന്റെ രക്തത്തില്‍ നിന്നും ഒലിച്ചുപോയിട്ട് നാലഞ്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞില്ലെ. സ്ഥിരമായി ഒന്നില്‍ ഒതുങ്ങുമ്പോള്‍ അനുഭവിക്കുന്ന വിമ്മിഷ്ടം എല്ലാവരും തിരിച്ചറിയുന്നുണ്ട്. അത് ആണിലും പെണ്ണിലും പ്രകടമായതിനാലാണോ പലപൂങ്കാവനങ്ങളില്‍ പാറിനടക്കാന്‍ അവര്‍ കൊതിക്കുന്നത്. ഒരോരുത്തരും സ്വയം പൂര്‍ണ്ണരായി പരസ്പരം ആശ്രയിക്കാതെ തുല്ല്യാവകാശമുള്ളവരായി മാറുന്നു. അവനവന്റെ തീരുമാനങ്ങളുടെ ഗുണദോഷങ്ങളുടെ പുറമ്പോക്കിലാണവര്‍. ഹാര്‍ലത്തിലെ ഒന്നിച്ചുള്ള താമസം മടുത്തവനെപ്പോലെ ബ്ലെയര്‍ മുക്കാനും മൂളാനും തുടങ്ങിയിരുന്നു. നീണ്ട ഉറക്കത്തില്‍ നിന്നും ഉണരുന്നത് ബാറിലെ ബൗണസര്‍ എന്ന ജോലിക്കു പോകാന്‍ കാലമാകുമ്പോഴാണ്. ബാറിലെ ജോലി ഇഷ്ടമായിരുന്നോ എന്തോ...? ബാറില്‍ കുടിക്കാന്‍ വരുന്നവര്‍ പ്രശ്‌നം ഉണ്ടാക്കിയാല്‍ അവരെ പിടിച്ച് പുറത്താക്കുക. ബാറടയ്ക്കുമ്പോള്‍ അകത്താരും കുടിച്ച് ബോധമില്ലാതെ കിടപ്പില്ലെന്ന് ഉറപ്പുവരുത്തുക. അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ എടുത്ത് തെരുവില്‍ കിടത്തി ബാറടയ്ക്കാന്‍ സഹായിക്കുക. പണിയെളുപ്പമാണെന്നു തോന്നാമെങ്കിലും പലപ്പോഴും ശാരീരക പീഡനങ്ങള്‍ ഏള്‍ക്കേണ്ടിവരും.
ആദ്യമൊക്കെ അവന്‍ ആ തൊഴില്‍ വെറുത്തുവെങ്കിലും പിന്നിട് പെട്ടന്നാതൊഴില്‍ ഇഷ്ടപ്പെടാനുള്ള കാരണം യഥേഷ്ടം കിട്ടുമായിരുന്ന മയക്കുമരുന്നായിരുന്നു എന്ന് പിന്നീടെ അറിഞ്ഞുള്ളു. സിവില്‍ റൈറ്റ് മൂവ്‌മെന്റിലും മറ്റും സജീവമായിരുന്നവന്‍ ഡ്രെഗിനടിമയാകുമെന്നു കരുതിയില്ല. ബാറിന്റെ മുന്നിലെ നാല്‍വര്‍ സംഘം അവന്റെ ചെങ്ങാതിമാരായി. മെല്ല ജോലി ഉപേക്ഷിച്ച് കൂടുതല്‍ പണമുണ്ടാക്കാവുന്ന മയക്കുമരുന്നു കച്ചൊടക്കാരനായി. മയക്കുമരുന്ന് ഒളിച്ചുവെയ്ക്കാനുള്ള കഴിവും, അല്പം ധൈര്യവുമേ ഈ കച്ചോടത്തിനാവശ്യമുള്ളു. മുതല്‍മുടക്കുന്ന വന്‍കിടക്കാര്‍ ചരക്ക് എത്തിച്ചുകൊടുക്കും. വൈകിട്ട് ലാഭവിഹിതം ഒഴിച്ചുള്ള തുക തിരിച്ചു കൊടുത്താല്‍ മതി. അവര്‍ അഞ്ചുപേരും ഒന്നിച്ച് തെരുവുമൂലകളില്‍ നടത്തിയ കച്ചോടം പിന്നീട് അഞ്ചിടങ്ങളും അതിര്‍വരമ്പുകളുമായി വളര്‍ന്നപ്പോള്‍ സഹായികളും ഉണ്ടായി. അവരറിയാതെ തന്നെ അവരുടെ ഇടയില്‍ തര്‍ക്കങ്ങള്‍ ജനിക്കുകയും അതു തീര്‍ക്കാന്‍ വയ്യാത്ത പകയായി വളര്‍ന്നുകൊണ്ടിരുന്നു. ബ്ലെയര്‍ വല്ലപ്പോഴുമേ തെരേസയുടെ അപ്പാര്‍ട്ടുമെന്റില്‍ വരാറുള്ളായിരുന്നെങ്കിലും, മാറിതാമസിക്കുന്നതാ നല്ലതെന്ന് തെരേസതന്നെ പറഞ്ഞു. മറ്റൊരപ്പാര്‍ട്ടുമെന്റിലേക്കു മാറിയ ബ്ലെയറിന് പെണ്‍കൂട്ടിന് കുറവൊന്നുമില്ലായിരുന്നു. ഇടയ്ക്കിടക്കുണ്ടാകുന്ന അടിപിടിയിലും, കത്തിക്കുത്തിലും പരുക്കുമായി കഴിയുമ്പോള്‍ തെരേസക്ക് അവനോടുള്ള സഹാതാപത്താല്‍ കാണാന്‍ പോകാറുണ്ടായിരുന്നെങ്കിലും പിന്നിട് അതു വേണ്ടന്നു തോന്നിയത്, ക്രെമേണ അവന്‍ മനസ്സില്‍ നിന്നും ഒഴിഞ്ഞു തുടങ്ങിയിരുന്നതിനാലാണ്. തെരേസ അവനെ കാണുന്നതൊഴിവാക്കാനെന്നവണ്ണം ഈസ്റ്റ് ന്യൂയോര്‍ക്കിലേക്ക് താമസം മാറി ഇവിടെ ജോലി കണ്ടെത്തി.
തെരേസ മറ്റാരേയും ആശ്രയിക്കാതെ ജീവിക്കാന്‍ കഴിവുള്ളവളായിരുന്നു. ജോലിയിലെ വൃത്തിയും, നിഷ്ടയും അവളെ മറ്റുള്ളവര്‍ക്ക് പ്രിയങ്കരിയാക്കിയെങ്കിലും അവളുടെ ഉള്ളില്‍ തിരിച്ചറിയാന്‍ കഴിയത്ത ഒരു നീറ്റല്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്കായി എന്ന വേദന ആയിരിക്കില്ലത്. ഒരു അടിമയും അങ്ങനെ കരഞ്ഞിട്ടുണ്ടാവില്ല.കറുത്തവന് കുടുംബം എന്ന വ്യവസ്ഥിതിയെ ബഹുമാനമില്ല. അവനതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. അവര്‍ ചഞ്ചാട്ടക്കാരാണ്. അതായിരിക്കാം ബ്ലെയറുമായി തെരേസ വഴിപിരിയാന്‍ തീരുമാനിച്ചത്. ശരിക്കും പറഞ്ഞാല്‍ മയക്കുമരുന്നിനടിമയായ, കറുത്തവന്റെ അവകാശ സമരങ്ങളില്‍ നിന്നും മാറിനടന്നവനോടുള്ള നിന്ദയായിരുന്നത്. എന്നാലും ബ്ലെയര്‍ വെടിയേറ്റു കിടക്കുമ്പോള്‍ അവള്‍ ശിശ്രൂഷിച്ചു. അതാണു തെരേസയുടെ വലിയ മനസ്സ്. വെടിയേറ്റ ബ്ലെയര്‍ തെരേസയുടെ അപ്പാര്‍ട്ടുമെന്റിലേക്ക് തള്ളിക്കയറുകയായിരുന്നു. ചോരയില്‍ കുളിച്ച അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. തന്നില്‍ നിന്നും ഇറങ്ങിപ്പോയവന്‍ പിന്നെ പല സ്ത്രീകള്‍ക്കൊപ്പമെന്നു കേട്ടിരുന്നു. പണം അയാളുടെ കയ്യില്‍ ഏറെയുണ്ടായിരുന്നു. മുന്തിയ ഇനം കാര്‍ സ്വന്തമായി വാങ്ങി എന്നും, ഒടുങ്ങാത്ത തൃഷ്ണകളുമായി മന്മദലീലകളിലാണെന്നും കേട്ടിരുന്നു. എന്നാല്‍ എല്ലാം പെട്ടെന്നു കഴിഞ്ഞു. ഗ്വാങ്ങ്‌വാറില്‍ അവന്റെ കാമുകിമാര്‍തന്നെ അവനെ ഒറ്റി.
മാര്‍ക്കസ് ഗാര്‍വിയില്‍ വെച്ചാണവനു വെടിയേറ്റത്. അവന്‍ കച്ചോട പരുധി വലുതാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശത്തേക്ക് വന്നിട്ടധികം ആയിരുന്നില്ല. മാര്‍ക്കസ് ഗാര്‍വിയും ന്യൂയോര്‍ക്കവന്യുവും ചേരുന്ന മുലയിലെ അപ്പാര്‍ട്ടുമെന്റിന്റെ താഴത്തെ നിലയില്‍ അവന്‍ പുതുതായി ബന്ധം വെച്ച കാമുകിയുടെ പാര്‍പ്പിടമായിരുന്നത്. റോഡിലേക്ക് തുറക്കുന്ന ജനാലയില്‍ ഒരു കൈ മാത്രം ഉള്ളിലേക്കിടാവുന്ന ഒരു വിടവുണ്ടാക്കി ആവശ്യക്കാരുടെ നീണ്ടുവരുന്ന കൈകളിലേക്ക് ചെറുപൊതികള്‍ എത്തിക്കുന്നത് കാമുകിയായിരുന്നെങ്കില്‍, ഒന്നും അറിയാത്തവനെപ്പോലെ റോഡരുകില്‍ നിന്ന് കച്ചോടം നിയന്ത്രിച്ചിരുന്നത് അവനായിരുന്നു. പുതിയവന്റെ കച്ചോട രഹസ്യങ്ങള്‍ പഴയ കൂട്ടുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ടിരുന്നത് അവന്റെ കാമുകിതന്നെയായിരുന്നു. അവള്‍ പൊതുകാമുകിയും പണത്തെക്കുറിച്ച് നല്ല ആര്‍ത്തിയുള്ളവളും ആയിരുന്നു. ചതിതിരിച്ചറിഞ്ഞവന്‍ രണ്ടു കെട്ടിടങ്ങള്‍ക്കിപ്പുറമുള്ള തന്റെ അപ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് തെരെസ പറയുമ്പോള്‍ അവളില്‍ നഷ്ടബോധം ഉണ്ടായിരുന്നു. വിധിപ്രകാരം പോലീസിനെ അറീച്ച്, ആംബുലന്‍സില്‍ ഫാര്‍റോക്കവെ ആശുപത്രില്‍ എത്തിക്കുമ്പോഴേക്കും കഴുത്തിനേറ്റ മുറിവില്‍ നിന്നും ഒത്തിരി രക്തം പോയിരുന്നു. ബുള്ളറ്റ് കഴുത്തിലൂടെ തുളച്ചുകയറി തല കഴുത്തില്‍ ഉറപ്പിച്ചിരിക്കുന്ന ആണിതകര്‍ത്തിരിക്കുന്നതിനാല്‍ ഓപ്പറേഷനിലൂടെ രക്ഷപെടുത്താന്‍ കഴിയില്ലെന്നവര്‍ തീരുമാനിച്ചു. അവര്‍ക്ക് ഒരു കറുത്തവന്റെ ജീവനത്രേ വിലയുള്ളായിരുന്നു. മൂന്നു ദിവസം കിടന്നവനെ ഒപ്പം നിന്നു കരുതിയവള്‍ തേങ്ങി....തെരേസ കേസില്‍ ആദ്യം പ്രതിയും, പിന്നെ സാക്ഷിയുമായി ഏറെനാള്‍ അതിനു പിന്നാലെ കുടുങ്ങി. ഇവിടെ പോലീസ് അങ്ങനെയാണ്. സ്ലേവ് ഉടമകള്‍ ഏര്‍പ്പെടുത്തിയ ലിഞ്ചിങ്ങ് ഏജന്റ്ന്മാരുടെ പിന്തുടര്‍ച്ചക്കാരെപ്പോലെയാണ്. വെളുത്തവര്‍ അല്ലാത്തവരൊക്കെ കുറ്റവാളികളാണ്! കോടതിയോ...? ഒരേകുറ്റത്തിന് വെളുത്തവനും, കറുത്തവനും രണ്ടുതരം ശിക്ഷവിധിക്കുന്ന കോടതികള്‍.
അതങ്ങനെ ആകാതിരിക്കാന്‍ തരമില്ലല്ലോ.... വെളുത്തവന്റെ രാഷ്ട്രിയ നിയമനങ്ങളാണ് നീതിപീഡങ്ങള്‍. അമേരിയ്ക്കയുടെ ഇരുനൂറ്റമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ രണ്ട് കറുത്തവര്‍ മാത്രമേ ചീഫ് ജെസ്റ്റിസുമാരായി വന്നിട്ടുള്ളു എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ കിടപ്പു മനസ്സിലാകില്ലെ... റീന അല്പം ഉറക്കെ ചിന്തിക്കുകയായിരുന്നു. ഇവിടെ ജനാധിപത്യ രാജ്യം എന്നു പറയുന്നെങ്കിലും പണാധിപത്യവും, വര്‍ണ്ണാധിപത്യവുമാണി നാടിന്റെ മുഖമുദ്ര. ആന്‍ഡ്രു ഒരിക്കല്‍ പറഞ്ഞതാണ്. അന്നതിന്റെ പൊരുള്‍ മനസ്സിലായില്ല. സുപ്രീം കോര്‍ട്ട് ജഡ്ജിമാരുടെ നിയമനം ആജീവനാന്തമാണ്. അവര്‍ക്ക് വിരമിക്കല്‍ പ്രായമില്ല. രാജാക്കന്മാരുടെ പാരമ്പര്യ അധികാരങ്ങളാണവരെ നിയന്ത്രിക്കുന്നതെന്നു തോന്നുന്നു. ഭൂരിപക്ഷ രാഷ്ടിയ പാര്‍ട്ടിക്കാരാണു ജഡ്ജിയെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതും. കോടികള്‍ മുടക്കുന്ന ശതകോടീശ്വരന്മാരും, വലിയ കോര്‍പ്പറേറ്റുകളുമാണ് അവരെ നിയന്ത്രിക്കുന്നതെന്ന സത്യം എന്തിനു മറയ്ക്കുന്നു. അവര്‍ക്കു കിട്ടുന്നതോ, അവര്‍ക്കനുകൂലമായ വിധികള്‍... ഇതുടനെയൊന്നും മാറില്ല.
സതേണ്‍ സ്റ്റേറ്റുകള്‍ ഇന്നും ജനാധിപത്യത്തില്‍ താല്പ്യമുള്ളവരല്ല....അടിമകളെ മോചിപ്പിച്ചതില്‍ ഇന്നും അവര്‍ കലിപൂണ്ടവരും പകയുള്ളവരുമാണ്. അവരുടെ രാഷ്ട്രിയം വെളുത്തവരുടെ ക്രിസ്തീയതയാണ്. നിറമുള്ളവരെ അവര്‍ അയല്‍ക്കാരായി സ്വീകരിക്കുന്നില്ല. അതു തുറന്നുപറയാന്‍ മടിയില്ലാത്ത വര്‍ഗ്ഗീയതയുടെ രാഷ്ട്രിയം വളര്‍ന്നു വരുന്നതിനെ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. അതുകൊണ്ടുതന്നെ വെളുത്തവന്‍ അതിര്‍വരമ്പുകള്‍ പണിത സംസ്ഥാനങ്ങളിലേക്ക് പുതിയ കുടിയേറ്റക്കാരിലെ നിറമുള്ളവര്‍ പോകുന്നില്ല...എന്നാല്‍ യൂറോപ്യന്‍ കുടിയേറ്റക്കാരെ അവര്‍ സ്വന്തമെന്നു കാണുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശക്തമായ അമേരിയ്ക്കന്‍ ജനാധിപത്യത്തെ അടുത്തറിയുമ്പോള്‍ ആശങ്കയുണ്ട്...ഇത് ആന്‍ഡ്രുവിന്റെ വിലാപങ്ങളായി കാണാന്‍ കഴിയില്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ആശങ്കയാണ്. പോരാട്ടങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. റിന തന്റെ ജോലിയില്‍ ഒന്നു നിവര്‍ന്നിരുന്ന് എല്ലാവരേയും നോക്കി. തിരക്കില്‍ ഓടുന്ന മിഷനൊപ്പം എത്താന്‍ തത്രപ്പെടുന്നവരാണെല്ലാം. റീന ആന്‍ഡ്രുവിന്റെ ഡെസ്‌കിനരുകിലാണ്. വിലാസം വായിക്കാന്‍ വയ്യാതെ യന്ത്രം തള്ളുന്ന തപാല്‍ ഉരുപ്പടികളുടെ ആദ്യപരിശോദനക്കാരിയെന്ന പദവി ആന്‍ഡ്രുവിന്റെ ഔദാര്യമാണ്. അങ്ങനെ ഒരു പോസ്റ്റില്ല. ആന്‍ഡ്രുവിന്റെ സഹായി എന്ന നിലയില്‍ വായിക്കാനും എഴുതാനും അറിയുന്ന ഒരാളെ എടുത്തതില്‍ പരാതിയുള്ളവര്‍ ഉണ്ടെങ്കിലും, യൂണിയന്‍ നേതാവെന്ന നിലയില്‍ എല്ലാവരും കണ്ണടച്ചതാകാം.
ഔദാര്യത്തിന്റെ കണ്ണിയില്‍ റീനയുടെ മനസ്സുടക്കി, മറ്റൊന്നിലും ശ്രദ്ധിക്കാതെജോലിയില്‍ മുഴികിയ തെരേസയില്‍ എത്തി ഒരു നെടുവീര്‍പ്പായി, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളുടെ അപ്പാര്‍ട്ടുമെന്റിലെ അഥിതിയായി എത്തീയ കഥ ഏക്കമിട്ടു.. തന്റെ ഉള്ളില്‍ വളരുന്ന ഭ്രൂണത്തിന്റെ കഥകേട്ടവള്‍ ഒന്നു നെടുവീര്‍പ്പിട്ടതെയുള്ളു. ചിലപ്പോള്‍ അവളും സ്വന്തം അനുഭവങ്ങളിലൂടെ കടന്നുപോയതായിരിക്കാം. എട്ടാം വയസില്‍ കുരിരാലയക്കാരന്‍ കിടക്കയില്‍ നിന്നും എടുത്തോണ്ടുപോയി എന്തൊക്കയോ ചെയ്ത ഒര്‍മ്മകള്‍ ഒരു ബലാല്ക്കാരം എന്നവള്‍ കരുതുന്നു. ഒരടിമപ്പെണ്ണിന്റെ ശരീരത്തിന്മേലുള്ള ആണ്‍വേട്ട ആറാംവയസിലെ തുടങ്ങുമെന്നിരിക്കെ എട്ടാംവയസിലെ ആ മ്ലേച്ഛത നടപ്പുരോഗത്തിന്റെ ഭാഗമായിരുന്നു എന്നാണവള്‍ കരുതുന്നത്. എന്നാല്‍ റീന, അയാള്‍ നിന്നോടിതു ചെയ്യാന്‍ പാടില്ലായിരുന്നു. നീ അയാളെ പിതാവിനെപ്പോലെ കരുതി അടുപ്പം കാണിച്ചതൊരു തെറ്റായി ഞാന്‍ കാണില്ല. (ചിലപ്പോള്‍ അയാള്‍ തന്നെയായിരിക്കും നിന്റെ പിതാവ്) താന്‍ പറയാന്‍ ആഗ്രഹിച്ചതൊക്കെ തെരേസ പറയുകയാണ്. അവള്‍ക്ക്താന്‍ മകളോ, അനുജത്തിയോആയപോലെയുള്ള അവകാശ ഭാവം ചുണ്ടുകളില്‍ കാണുമ്പോള്‍ പ്രിയമുള്ളവളെ എന്നു വിളിക്കാന്‍ തോന്നും. അവള്‍ റോബിനെ വളര്‍ത്തി അവളുടെ മാതൃദാഹത്തെ ശമിപ്പിച്ചു. റോബിനു രണ്ടുവയസുള്ളപ്പോഴാണ് അടുത്തു തന്നെയുള്ള മറ്റൊരപ്പാര്‍ട്ടുമെന്റ് അവള്‍ കണ്ടെത്തിയത്. റെന്റു കട്രോള്‍ ഉള്ള കെട്ടിടമായിരുന്നതിനാല്‍ ഒരു ചെറിയ തുകയെ വാടക കൊടുക്കേണ്ടിയിരുന്നുള്ളു. മാത്രമല്ല സിംഗിള്‍ മദറിനുള്ള ആനുകൂല്ല്യങ്ങളും, ഫുഡ്സ്റ്റാമ്പും കിട്ടാനുള്ള വഴികള്‍ പറഞ്ഞു തന്നതും അവളായിരുന്നു. ഒരമ്മയോടുള്ള, ഒരു സഹോദരിയോടുള്ള സ്‌നേഹവും കടപ്പാടും ഓര്‍ത്താണ് തനിക്ക് സഹോദരനായ ലെമാര്‍ ജൂനിയറിനെ അവള്‍ക്ക് തുണയാകാന്‍ പ്രേരിപ്പിച്ചത്. ലെമാര്‍ ജൂനിയര്‍ ഒരിക്കലും അവള്‍ക്ക് അനുയോജ്യനല്ലെന്ന് പെട്ടെന്നു തിരിച്ചറിഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മെക്‌സിക്കോയിലോ, ഫിലിപ്പിയന്‍സിലോ പോകുന്നവന്‍ എന്തിനു പോകുന്നു എന്നു ചോദിച്ചാല്‍ ചിരിക്കാറെയുള്ളു. അവിടെ ഏതുപ്രായത്തിലും, ഏതഭിരുചിക്കും വഴങ്ങുന്ന പെണ്‍കുട്ടികള്‍ സുലഭമത്രെ... ടൂറിസത്തിന്റെ പുത്തന്‍ പാഠങ്ങള്‍. തെരേസ ഒന്നും അറിയാത്തവളെപ്പോലെ ചിരിക്കും. ലെമാറിനോട് വെറുപ്പുള്ളതായി പറയില്ല. ബ്രോയില്‍ഡ് ചിക്കനും, ബെയിക്കിഡ് പൊട്ടെറ്റോയും വിളമ്പി അവനെ സന്തോഷിപ്പിക്കുമെങ്കിലും, കിടപ്പറയുടെ വാതില്‍ തുറക്കാറില്ല. തെരേസ ആര്‍ക്കും പിടികിട്ടാത്ത ഒരു കഥാപാത്രമായി ചിരിക്കും. റീനയുടെ ചിന്തകള്‍ പലവഴിക്ക് മുന്നേറവേ 18ാം നമ്പര്‍ മെഷീനുമുന്നില്‍ ഒരു ബഹളം. റീന പെട്ടെന്ന് അങ്ങോട്ടു നടന്നു.
മെഷീന്‍ ഓപ്പറേറ്റര്‍ റോബര്‍ട്ടും കേണല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സൂപ്പര്‍വൈസര്‍ എറിക്കും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടയില്‍ എറിക്ക് റോബര്‍ട്ടിനെ‘നിഗര്‍’ എന്നു വിളിച്ചു എന്നതാണു പുതിയ പ്രശ്‌നം . എറിക്ക് അങ്ങനെ വിളിച്ചിട്ടുണ്ടെങ്കില്‍ കാര്യം ഗൗരവമുള്ളതുതന്നെ എന്നു റീന ഓര്‍ത്തു. പൊതുവില്‍ ഒരാളെ ജാതിപ്പേരുവിളിച്ച് അതിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരിക്കെ എറിക്കിനെ വെറുതെ വിടാന്‍ പറ്റില്ല. തെളിവ്... റോബര്‍ട്ട് പറയുന്നതു മാത്രം മുഖവിലക്കെടുക്കാന്‍ പറ്റില്ല എന്ന പൊതുനിലപാടില്‍ കാര്യങ്ങള്‍ തീരുമോ...? റീന സന്ദേഹിച്ചു. എറിക്ക് ഒരു വര്‍ഗ്ഗീയവാദിയോ...? യഹൂദാവംശജനായ അയാള്‍ അധികമാരോടും ഇടപെടുന്ന കൂട്ടത്തിലല്ല. സ്വന്തം ജോലിയില്‍ ശ്രദ്ധിച്ചുകഴിയുന്ന ഒരു ചെറുപ്പക്കാരന്‍ എന്നേ തോന്നിയിട്ടുള്ളു. സൂപ്പര്‍വൈസര്‍ തസ്ഥികയിലേക്ക് കയറ്റം കിട്ടിയിട്ട് അധികനാള്‍ ആയിട്ടില്ലാത്തതിനാല്‍ നയപരമായ ഇടപെടല്‍ ഇനിയും പഠിച്ചുവരേണ്ടിയിരിക്കുന്നു. റോബര്‍ട്ടും അയാളുമായുള്ള കലഹം ഒന്നാം നാള്‍ മുതല്‍ തുടങ്ങിയതെന്നു പറയുന്നതാണേറെ ശരി. ചില ആളുകള്‍ അങ്ങനെയാണ്. പരസ്പരം പൊരുത്തപ്പെടാന്‍ അവരുടെ അഹംബോധം സമ്മതിക്കില്ല. റോബര്‍ട്ട് ശരിക്കും സൗത്ത് കരോളീനയില്‍ നിന്നു വന്ന അടിമവംശജന്‍ എന്ന നിലയില്‍ നാളിതുവരെ സഹിച്ചതിനൊക്കെ പകരം ചോദിക്കണമെന്നും, മാല്‍ക്കം പറഞ്ഞപോലെ ബ്ലാക്ക് നേഷന്‍ സ്ഥാപിക്കണമെന്നും വാദിക്കുന്ന തീവ്രവാദി ആയിരിക്കുമ്പോള്‍ തന്നെ ജോലിയില്‍ ക്രിത്യതയില്ലാത്തവനും, തരം കിട്ടുമ്പോഴൊക്കെ അവധിയെടുത്ത് അപഥസഞ്ചാരങ്ങളില്‍ മുഴുകുന്നവനെന്നും ഉള്ള പരാതി ശരിവെയ്ക്കുന്ന തരത്തില്‍ ശബളദിവസം പലസ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി ജീവനാംശം വാങ്ങാന്‍ വരും. എല്ലാവര്‍ക്കും വിഹിതം കൊടുത്താല്‍ പിന്നെ അവന്റെ കയ്യില്‍ ഒന്നും കാണില്ല. പിന്നെ എല്ലാവരേയും പുലഭ്യം പറയും ലോകം മുഴുവന്‍ അയാള്‍ക്കെതിരാണെന്നു ചിന്തിച്ചുറയ്ക്കും.
റോബര്‍ട്ടിനെക്കുറിച്ച് പറയാനുള്ള ഒരു നല്ല കാര്യം അയാളുടെ അമ്മയോടുള്ള കരുതലും അടുപ്പവുമാണ്. കല്ല്യാണം കഴിക്കാതെ അമ്മയുടെ കൂടെയാണു താമസം. വെളുത്തവന്റെ അടുക്കളപ്പണി ചെയ്താണ് എന്റെ അമ്മ എന്നെ വളര്‍ത്തിയത്. ഇനി അമ്മയെ ഞാന്‍ നോക്കും. അമ്മയെക്കുറിച്ചു പറയുമ്പോഴൊക്കെ വളരെ വികാരഭരിതനായി അയാള്‍ പറയും. അതുകേള്‍ക്കുമ്പോള്‍ അയാള്‍ക്കുനേരെയുള്ള എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറക്കും. എറിക്കിനെക്കുറിച്ച് അത്രയൊന്നും അറിയില്ലെങ്കിലും ജോലിയിലുള്ള അയാളുടെ ശ്രദ്ധ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്വവര്‍ഗ്ഗാനുരാഗി എന്ന് അയാളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതയാളുടെ വ്യക്തിപരമായ കാര്യം എന്നേ കരുതേണ്ടതുള്ളു. എറിക്കിന്റെ യൂണിയന്‍ നേതാവ് ആന്‍ഡ്രു ആയിരിക്കെ അയാളെക്കുടി വിളിച്ച് പ്രശ്‌നം വഷളാക്കാതെ തീര്‍ക്കാന്‍ പറ്റുമോ എന്നു റീന ചിന്തിച്ച് ആന്‍ഡ്രുവിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും, നീഗര്‍ എന്ന് എറിക്ക് വിളിച്ചിട്ടുണ്ടെങ്കില്‍ കാര്യം കോടതിയിലെത്തിയാല്‍ എറിക്കിന്റെ ജോലിതന്നെ ഇല്ലാതാകും എന്ന സത്യം അയാളെ ബോദ്ധ്യപ്പെടുത്തണം എന്നും പറഞ്ഞുറപ്പിക്കുകയും ചെയ്തു. എറിക്ക് പരിഭ്രാന്തനായി അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സ്വയം ന്യായികരിക്കാന്‍ ശ്രമിക്കെ റോബര്‍ട്ട് തനിക്കു നേരെ ഇന്നും യജമാനച്ചാട്ട ആരും എടുക്കേണ്ട എന്ന നിലപാട് ഉറക്കെപ്പറഞ്ഞ് കൂടുതല്‍ ശ്രദ്ധനേടാനുള്ള ശ്രമത്തിലായിരുന്നു.
റീനയും ആന്‍ഡ്രുവും രണ്ടുപേരേയും മാറ്റിനിര്‍ത്തി ആദ്യം ഒറ്റയ്ക്കും, പിന്നെ ഒന്നിച്ചും സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്തി. റോബര്‍ട്ട് പരാതി പിന്‍വലിക്കാമെന്നും, ഇനി എറിക്ക്, റോബര്‍ട്ടുമായുള്ള എല്ലാ സംസര്‍ഗ്ഗവും യൂണിയന്‍ മുഖേനെ മാത്രമേ പാടുള്ളു എന്നും സമ്മതിക്കുന്നതിനിടയില്‍ ആന്‍ഡ്രു ആര്‍ക്കൊക്കയോ ഒന്നു രണ്ടു ഫോണ്‍കോളുകള്‍ ചെയ്തിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എറിക്കിന് മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റമായി. റീനയും ആന്‍ഡ്രുവും ഒന്നു ദീര്‍ഘമായി നിശ്വസിച്ച് ചിരിച്ചു. എന്തുകൊണ്ട് റീന എറിക്കിനെ സഹായിച്ചു എന്ന ഒരു പൊതു ചോദ്യം കറുത്ത തൊഴിലാളികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു. റീന ഉത്തരം ഒന്നും പറയാതെ തന്നെ ആത്മഗതം ചെയ്ത് തന്നത്താന്‍ നീതീകരിക്കാന്‍ ശ്രമിച്ചു. മനുഷ്യന്‍ എന്നും നിര്‍വചനങ്ങള്‍ക്ക് അപ്പുറത്താണല്ലോ... എറിക്കില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ടാകും. അയാളുടെ സാഹചര്യങ്ങളും അനുഭവങ്ങളുമായിരിക്കാം അയാളിലെ മനുഷ്യനെ രൂപപ്പെടുത്തിയത്. എറിക്കിന്റെ വല്ല്യമ്മ ജര്‍മ്മനിയിലെ കോണ്‍സ്ന്‍ട്രേഷന്‍ ക്യാമ്പിലെ കൊടിയ യാതനകളില്‍ നിന്നും ബലാല്‍ക്കാരങ്ങളില്‍ നിന്നും രക്ഷപെടുമ്പോള്‍ നാസിഭടന്റെ ഗര്‍ഭം വഹിക്കുന്നുണ്ടായിരുന്നു. ആള്‍ ആരെന്നു തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്തവണ്ണം കൂട്ടബലാല്‍ക്കാരത്തിനു വിധേയ ആയവളെ, ഒരു ഭടന്റെ ബുദ്ധിയില്‍; അല്ലെങ്കില്‍ ദയയില്‍ ക്യാമ്പിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരവനിതയാക്കി, ഗ്യാസ്‌ചേമ്പറില്‍ നിന്നും രക്ഷിച്ചു എന്നാണു കഥ. രക്ഷപെട്ട് അമേരിയ്ക്കയില്‍ എത്തിയെങ്കിലും ആ അപമാനവും മാനസ്സിക അസ്വസ്ഥതകളും തലമുറയിലേക്ക് പകര്‍ന്നിട്ടുണ്ടാകും. പിന്നെ അയാളുടെ ജോലി പോയാല്‍ പിന്നെ അയാള്‍ക്കൊരിക്കലും ഒരു ഫെഡരല്‍ ഗവന്മന്റ് ജോലികിട്ടില്ല. ബര്‍ഗ്ഗര്‍കിംഗിലെ കഷ്ടിച്ചുള്ള ശബള നിലവാരത്തില്‍ നിന്നും ഉയര്‍ന്ന വേതനത്തിലേക്കും, ജോലിസ്ഥിരതയിലേക്കും ഉയര്‍ന്നപ്പോള്‍, താനും തെരേസയും ഒക്കെ എവിടെയൊക്കയോ എത്തിയപോലെ. രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയായി എന്ന അഭിമാനബോധം.ആരുടേയും സ്വപ്നങ്ങള്‍ നമ്മളായി കെടുത്തരുത്.തെരേസയും അതു ശരിവെച്ചപ്പോള്‍ ഉള്ളിലെ കുറ്റബോധം അകന്നതുപോലെ. പക്ഷേ തെരേസക്കെന്നപോലെ തനിക്കും അനന്തര തലമുറ പാരമ്പ്യരങ്ങളുടെ പതാക ഏറ്റുവാങ്ങാന്‍ ഇല്ലല്ലോ എന്ന തേങ്ങല്‍ ഇടയ്ക്കിടെ ഉണ്ടാകുമ്പോള്‍ നല്ലപോലെ മദ്യപിക്കും...സാമിന്റെ കൈകളില്‍ പൊട്ടിക്കരയും...നേരം വെളുക്കുമ്പോള്‍ എല്ലാം മറന്ന് പുതിയ ദിവസത്തിലേക്കിറങ്ങും... തെരേസയുടെ ഓര്‍മ്മകളില്‍ തുടങ്ങിയ റീന സ്വന്തം സങ്കടങ്ങളിലേക്ക് വഴിമാറി അങ്ങു ദൂരെ നില്‍ക്കുന്ന സാമിനെ നോക്കി.
Read More: https://emalayalee.com/writer/119