എഴുതിയത് - ദീപ്തി മേരി പോൾ
പ്രസാധകർ - കറന്റ് ബുക്സ് തൃശൂർ
വില - Rs.900
ഒറ്റപ്പെടലിന്റെ അനാഥത്വം പേറുന്ന ജീവിതങ്ങൾ! ഒറ്റവാക്കിൽ പറഞ്ഞാൽ നോവലിന്റെ ഇതിവൃത്തം അതാണ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ... എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തൊരു പ്രഹേളികയാണത്. കുടുംബബന്ധങ്ങളുടെയും സുഹൃദ്ബന്ധങ്ങളുടെയും ശക്തമായ ഇഴയടുപ്പവും അകൽച്ചയും ഒരേ പോലെ ജീവിതങ്ങളെ പന്താടുന്നത് നോവലിന്റെ ഗതിയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
എഴുന്നൂറിലധികം പേജുകളുള്ള ദീപ്തി മേരി പോളിന്റെ 'വിളിക്കാതെ വരുന്നവർ' വായനയ്ക്കായി കൈയിലെടുക്കുമ്പോൾ ഇതെങ്ങനെ വായിച്ചു തീർക്കുമെന്ന സന്ദേഹമായിരുന്നു ആദ്യം. എന്നാൽ, വായന തുടങ്ങിക്കഴിഞ്ഞപ്പോൾ ആകാംക്ഷയായി. അക്ഷരാർത്ഥത്തിൽ ഊണിലും ഉറക്കത്തിലും ഇതിലെ കഥാപാത്രങ്ങൾ വേട്ടയാടിക്കൊണ്ടിരുന്നു. മൂന്നു ദിവസം കൊണ്ട് വായിച്ചു തീരുമ്പോൾ അവരോടൊപ്പം ഞാനും ജീവിക്കുകയായിരുന്നു... അവരുടെ വേദനകളിൽ, സങ്കടങ്ങളിൽ... ഞാനും ഭാഗഭാക്കാവുകയായിരുന്നു...
ഇതുപോലെ, ഇത്രയേറെ കഥാപാത്രങ്ങളിലേക്കു ലയിച്ചു ചേർന്ന് ഒരു നോവൽ ഈയിടെയൊന്നും വായിച്ചിട്ടില്ല.
ഇതിലെ കേന്ദ്രകഥാപാത്രമായ ഉണ്ണി, വിദ്യാസമ്പന്നനും സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ജനിച്ചവനുമാണ്. പക്ഷേ, മാതാപിതാക്കൾക്കു വേണ്ടാത്ത ഒരു കുഞ്ഞായിപ്പോയി അവൻ! അവന്റെ അന്ത:സംഘർഷങ്ങളുടെ, അവന്റെ ജീവിതത്തിലെ സ്നേഹരാഹിത്യങ്ങളുടെ, ഏകാന്തതയുടെ നോവുകൾ, വായനക്കാരന്റെ ഹൃദയത്തെയും കീറിമുറിക്കുന്നു. ഉണ്ണിയെ ചുറ്റിപ്പറ്റി കഥ വികസിക്കുമ്പോൾ കടന്നു വരുന്ന കഥാപാത്രങ്ങളോട് വായനക്കാരനു മനുഷ്യസഹജമായ സ്നേഹവും വിദ്വേഷവും അനുകമ്പയും ഒക്കെ നിറയും.
ഈ നോവലിന്റെ മറ്റൊരു പ്രത്യേകത, സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നതെന്നാണ്. അവതാരികയിൽ ജയചന്ദ്രൻ മൊകേരി പറയുന്നതു പോലെ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ശബ്ദങ്ങൾ' പോലെയാണ് ഈ നോവലും സംഭാഷണങ്ങളിലൂടെ മുന്നേറുന്നത്.
ദീപ്തിയുടെ ആദ്യനോവലാണിതെന്നത് വായനക്കാരനെ വിസ്മയിപ്പിക്കും. അത്രയേറെ കൈയ്യടക്കത്തോടെയാണ് ഓരോ കഥാപാത്രങ്ങളുടെയും സൃഷ്ടി. ഒന്നും അധികമായില്ല. ഒന്നും കൂട്ടിച്ചേർക്കാനുമില്ല. ദീപ്തിയിൽ നിന്നും കൂടുതൽ സൃഷ്ടികൾ മലയാളസാഹിത്യത്തിനു ലഭിക്കട്ടെ!